'ഗ്ലോബല്‍ വാമിങ്' എന്ന പ്രയോഗം ശാസ്ത്രപദാവലിക്ക് സംഭാവന നല്‍കിയ ഗവേഷകനാണ് ഈയിടെ അന്തരിച്ച വാലസ് ബ്രോക്കര്‍. മനുഷ്യപ്രവര്‍ത്തനം വഴി ഭൂമി അപകടകരമായി ചൂടുപിടിക്കുന്ന കാര്യം തെളിവുകള്‍ നിരത്തി ആദ്യം ചൂണ്ടിക്കാട്ടിയവരില്‍ ഒരാള്‍

Wallace Broecker, Global Warming
വാലസ് ബ്രോക്കര്‍. Pic Credit: Gregorio Borgia / AP file

ഗോളതാപനം, അതുവഴിയുള്ള കാലാവസ്ഥാമാറ്റവും കെടുതികളും-ഇവയെക്കുറിച്ച് കേരളത്തില്‍ പറയാന്‍ ഇപ്പോള്‍ ഒരു ആമുഖത്തിന്റെ ആവശ്യമില്ല. 2017-ല്‍ 'ഓഖി ചുഴലിക്കൊടുങ്കാറ്റ്', 2018-ല്‍ മഹാപ്രളയം, 2019-ല്‍ ഉഷ്ണതരംഗം! കാലാവസ്ഥാമാറ്റത്തിന്റെ കെടുതികള്‍ നേരിട്ട് അനുഭവിക്കുന്ന ഇടമായി കേരളം പെട്ടന്ന് മാറിയിരിക്കുന്നു!

കേരളത്തില്‍ മാത്രമല്ല, ലോകത്ത് പലയിടത്തും ഇത്തരം പ്രശ്‌നങ്ങള്‍ പറയുന്നവര്‍ പരിഹസിക്കപ്പെട്ട കാലമുണ്ടായിരുന്നു. വളരെ പണ്ടൊന്നുമല്ല, അടുത്ത സമയത്ത് തന്നെ. 'മനപ്പൂര്‍വ്വം ഭീതിവിതയ്ക്കുന്നവര്‍' (fearmongers) എന്ന ആരോപണവും പലര്‍ക്കും നേരിടേണ്ടിവന്നു. ഈ പശ്ചാത്തലത്തില്‍ വേണം, കളിയാക്കലുകളെ അവഗണിച്ച് കാലാവസ്ഥാമാറ്റത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ആദ്യകാല വിദഗ്ധരുടെ പ്രസക്തി വിലയിരുത്താന്‍. അടുത്തയിടെ അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ വാലസ് ബ്രോക്കര്‍ അതില്‍ പ്രധാനി ആയിരുന്നു.

കാലാവസ്ഥാമാറ്റം സംബന്ധിച്ച പഠനങ്ങളുടെ കാര്യത്തില്‍, ശരിക്കു പറഞ്ഞാല്‍ മുമ്പേ നടന്ന വ്യക്തിയാണ് ബ്രോക്കര്‍. 'ഗ്ലോബല്‍ വാമിങ്' (global warming) എന്ന പ്രയോഗം ശാസ്ത്രപദാവലിക്ക് സംഭാവന നല്‍കിയ അദ്ദേഹം കഴിഞ്ഞ ഫെബ്രുവരി 18-ന് ന്യൂയോര്‍ക്കിലാണ് അന്തരിച്ചത്. മനുഷ്യപ്രവര്‍ത്തനം മൂലം പുറന്തള്ളുന്ന കാര്‍ബണ്‍ഡൈയോക്‌സയിഡ്, ഭൂമിയെ അപകടകരമാം വിധം ചൂടുപിടിപ്പിക്കുമെന്ന് തെളിവുകള്‍ നിരത്തി മുന്നറിയിപ്പ് നല്‍കിയ ആദ്യഗവേഷകരിലൊരാളും ബ്രോക്കര്‍ ആയിരുന്നു. 

കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങളുടെ പങ്ക് പഠിക്കാനാണ് ബ്രോക്കര്‍ ശ്രമിച്ചത്. ഭൗമചരിത്രത്തിലുടനീളം കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ അദ്ദേഹം പഠിച്ചു. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് വലയ തോതില്‍ ചൂടിനെ വഹിക്കുക വഴി, സമുദ്രജല പ്രവാഹങ്ങള്‍ എങ്ങനെ കാലാവസ്ഥാ സംവിധാനത്തെ ക്രമപ്പെടുത്തുന്നു എന്നദ്ദേഹം സമഗ്രമായി പഠിച്ചു. സഹസ്രാബ്ധങ്ങള്‍ കൊണ്ടല്ല, പതിറ്റാണ്ടുകള്‍ കൊണ്ടുതന്നെ കാലാവസ്ഥയില്‍ നാടകീയമാറ്റങ്ങള്‍ സംഭവിക്കാന്‍ ഇടനല്‍കുന്ന സമുദ്രജലപ്രവാഹങ്ങളുടെ 'കണ്‍വേയര്‍ ബെല്‍റ്റ്' (conveyor belt) എന്ന ആശയം മുന്നോട്ടുവെച്ചത് അദ്ദേഹമാണ്. 

conveyor belt
സമുദ്രജല പ്രവാഹത്തിലൂടെ ചൂടിന്റെ വിതരണം നടത്തുന്ന 'കണ്‍വേയര്‍ ബെല്‍റ്റ്'. Pic Credit: Lamont-Doherty Earth Observatory

കാലാവസ്ഥാമാറ്റം സംബന്ധിച്ച പഠനങ്ങളുടെ കാര്യത്തില്‍ വേണമെങ്കില്‍ ഒരു 'പ്രവാചകന്‍' എന്ന് ബ്രോക്കറെ വിശേഷിപ്പിക്കാം. ഈ വിഷയത്തില്‍ ഒട്ടേറെ പില്‍ക്കാല പഠനങ്ങള്‍ക്ക് അടിത്തറയായി മാറി അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍.

1931 നവംബര്‍ 21-ന് യു.എസിലെ ഇല്ലിനോയ്‌സില്‍ ഷിക്കാഗോയിലെ ഓക്ക് പാര്‍ക്കിലാണ് വാലസ് ബ്രോക്കര്‍ ജനിച്ചത്. ഗ്യാസ് സ്‌റ്റേഷന്‍ നടത്തിയിരുന്ന വാലസിന്റെയും എഡിത് സ്മിത്തിന്റെയും അഞ്ചു മക്കളില്‍ രണ്ടാമനായിരുന്നു ബ്രോക്കര്‍. പഠനവൈകല്യമായ 'ഡിസ്‌ലെക്‌സിയ' (Dyslexia) ബാധിച്ച കുട്ടി. ലോകമറിയുന്ന ശാസ്ത്രജ്ഞനായിട്ടും ടൈപ്പ് ചെയ്യാനോ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നോട്ട്പാഡില്‍ ബ്രോക്കര്‍ പെന്‍സില്‍ കൊണ്ട് കുറിച്ചിടുന്ന കാര്യങ്ങള്‍ സഹായികള്‍ വായിച്ച് ടൈപ്പ് ചെയ്‌തെടുക്കുകയായിരുന്നു പതിവ്.

വിചിത്രമെന്ന് പറയട്ടെ, പ്രശസ്ത ഭൗമശാസ്ത്രജ്ഞനായി ഭാവിയില്‍ മാറിയ ബ്രോക്കറിന്റെ മാതാപിതാക്കളും കുടുംബവും, ആധുനിക ഭൗമശാസ്ത്രത്തെ തിരസ്‌ക്കരിക്കുന്ന ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ വിഭാഗക്കാരായിരുന്നു. ഭൂമി കോടിക്കണക്കിന് വര്‍ഷം പഴക്കമുള്ളതാണെന്ന് ആ മതവിഭാഗത്തിലുള്ളവര്‍ വിശ്വസിക്കുന്നില്ല. ബൈബിള്‍ പ്രകാരം ഏതാനും ആയിരം വര്‍ഷത്തെ പഴക്കമേ ഭൂമിക്കുള്ളൂ എന്നവര്‍ വിശ്വസിച്ചു! കുടിയും നൃത്തവും സിനിമയുമെല്ലാം വിലക്കപ്പെട്ടവ ആയിരുന്നു അവര്‍ക്ക്!

ഇല്ലിനോയ്‌സില്‍ ആ മതവിഭാഗം നടത്തിയിരുന്ന ക്രിസ്ത്യന്‍ വീറ്റണ്‍ കോളേജിലാണ് ബ്രോക്കര്‍ ചേര്‍ന്നത്. ദിവസവും രാവിലെ പള്ളിയില്‍ പോകുക അവിടെ നിര്‍ബന്ധമായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ, ഗ്രേസ് കാര്‍ഡറെ വിവാഹം ചെയ്തു. വീറ്റണ്‍ കോളേജില്‍ വെച്ച് ഒരു ദിവസം ബ്രോക്കര്‍ ആ നിര്‍ണായക തീരുമാനമെടുത്തു, ക്രിസ്തുമതം തനിക്ക് വേണ്ട! 

ന്യൂയോര്‍ക്കില്‍ പാലിസേഡ്‌സിലെ 'ലാമൊന്റ് ജിയോളജിക്കല്‍ ഒബ്‌സര്‍വേറ്ററിയി'ല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ 1952-ല്‍ അവസരം ലഭിച്ചതാണ് ബ്രോക്കറുടെ ജീവിതത്തില്‍ വഴിത്തിരിവായത്. റേഡിയോകാര്‍ബണ്‍ കാലഗണനാവിദ്യയില്‍ മുന്നേറ്റം നടത്തിയ ജിയോകെമിസ്റ്റ് ജെ. ലോറന്‍സ് കുള്‍പ്പിന് കീഴിലായിരുന്നു ഇന്റേണ്‍ഷിപ്പ്. പിന്നീട് ബ്രോക്കറുടെ പഠനം കൊളംബിയയിലേക്ക് മാറി. 1958-ല്‍ ഭൗമശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ ആ ഗവേഷകന്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ തന്നെ തുടര്‍ന്നു.

ഭൂമിയില്‍ സമുദ്രങ്ങളിലെ ജലം, ആഴംകുറഞ്ഞ ഭാഗത്തുനിന്ന് ആഴമേറിയ ഇടങ്ങളിലേക്ക് എത്തി, പ്രവാഹചക്രങ്ങള്‍ പൂര്‍ത്തിയാകാന്‍ ആയിരക്കണക്കിന് വര്‍ഷം വേണം എന്നായിരുന്നു ഭൗമശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ഈ ആശയം തെറ്റാണെന്നു സ്ഥാപിക്കുന്നതായിരുന്നു ബ്രോക്കറുടെ ആദ്യകാല പഠനങ്ങള്‍. വെറും നൂറ്റാണ്ടുകള്‍ മതി സമുദ്രജല പ്രാവഹങ്ങള്‍ പൂര്‍ത്തിയാകാനെന്ന് അദ്ദേഹം കണ്ടെത്തി. ലാമോന്റ് ഒബ്‌സര്‍വേറ്ററിയുടെ കപ്പലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലെ റേഡിയോ കാര്‍ബണ്‍ ഐസോടോപ്പുകള്‍ വിശകലനം ചെയ്താണ് ബ്രോക്കര്‍ തന്റെ നിഗമനത്തിലെത്തിയത്. കാലാവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സമുദ്രങ്ങള്‍ക്ക് കഴിയുമെന്ന് ആ പഠനങ്ങള്‍ വ്യക്തമാക്കി.

1960 മുതല്‍ ആ ഗവേഷകന്‍ ലോകമെങ്ങും കപ്പലില്‍ സഞ്ചരിച്ച് സമുദ്രജലസാമ്പിളുകളും സമുദ്രതടത്തിലെ എക്കല്‍ സാമ്പിളുകളും ശേഖരിക്കാന്‍ തുടങ്ങി. കാലാവസ്ഥയില്‍ സമുദ്രങ്ങള്‍ വഹിക്കുന്ന പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു ആ പഠനങ്ങള്‍. 

Wallace Broecker
1973-ല്‍ മെല്‍വില്‍ കപ്പലില്‍ ശാന്തസമുദ്രത്തിലെ പര്യടനത്തിനിടെ ബ്രോക്കര്‍. Pic Credit: Lamont-Doherty Earth Observatory

സമുദ്രങ്ങള്‍ വായുവിലെ കാര്‍ബണ്‍ഡൈയോക്‌സയിഡ് ആഗിരണം ചെയ്യുന്നത് എങ്ങനെ എന്ന കാര്യത്തില്‍ ബ്രോക്കര്‍ക്ക് താത്പര്യമുണര്‍ന്നത് ഇത്തരം പഠനങ്ങളിലൂടെയാണ്. കാലാവസ്ഥാമാറ്റത്തിന്റെ ചരിത്രം പഠിച്ച ബ്രോക്കര്‍ പ്രധാനപ്പെട്ട ഒരു തിരിച്ചറിവിലേക്കെത്തി, വ്യവസായിക വിപ്ലവത്തിന്റെ ഭാഗമായുള്ള മനുഷ്യപ്രവര്‍ത്തനം മൂലം പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വ്യാപനം ഏറിയിരിക്കുന്നു. അത് ഭൂമിയെ അപകടകരമായി ചൂടുപിടിപ്പിക്കും! 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം സ്വാന്റെ അറീനിയസ് (Svante Arrhenius) എന്ന ഗവേഷകന്‍, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈയോക്‌സയിഡ് കൂടുതല്‍ വ്യാപിക്കുന്നതിന്റെ അപകടത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും, അക്കാര്യം ശാസ്ത്രീയമായി പഠിക്കാന്‍ അധികമാരും ശ്രമിച്ചില്ല. ബ്രോക്കര്‍ നടത്തിയ സമുദ്രപഠനങ്ങളാണ് ഇക്കാര്യത്തില്‍ തെളിവ് നല്‍കിയത്.

ആഗോളതാപനം സംബന്ധിച്ച് താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഒരു ശാസ്ത്രപ്രബന്ധമായി 'സയന്‍സ്' ജേര്‍ണലില്‍ 1975 ഓഗസ്റ്റില്‍ ബ്രോക്കര്‍ പ്രസിദ്ധീകരിച്ചു. 'Climate Change: Are We on the Brink of a Pronounced Global Warming?' എന്ന ആ പ്രബന്ധം വഴിയാണ് 'ഗ്ലോബല്‍ വാമിങ്' (ആഗോളതാപനം) എന്ന പ്രയോഗം ശാസ്ത്രപദാവലിയില്‍ ഇടംപിടിക്കുന്നത്. അമിത കാര്‍ബണ്‍വ്യാപനം വഴി മനുഷ്യന്‍ കാലാവസ്ഥയില്‍ മാറ്റം വരുത്തുകയാണെന്ന് ആ പ്രബന്ധത്തില്‍ ബ്രോക്കര്‍ ചൂണ്ടിക്കാട്ടി. 

40 വര്‍ഷം നീളുന്ന ശീതീകരണ ചക്രത്തിന്റെ (cooling cycle) സ്വാധീനത്തില്‍ ആയതിനാല്‍ ഇപ്പോള്‍ (1975-ല്‍) ഭൂമി ചൂടുപിടിക്കുന്നത് അറിയുന്നില്ല. എന്നാല്‍, താമസിയാതെ ശീതചക്രം അവസാനിച്ച് കാര്യങ്ങള്‍ തിരിച്ചാകുമെന്ന് അദ്ദേഹം പ്രവചിച്ചു. ബ്രോക്കറിന്റെ പ്രവചനം യാഥാര്‍ഥ്യമായി. 1976 മുതല്‍ ഭൂമിയുടെ ശരാശരി താപനില ഉയരാന്‍ തുടങ്ങി. അദ്ദേഹം പ്രവചിച്ച നിലയില്‍ തന്നെ അത് പിന്നീട് കൂടുതല്‍ ഉയര്‍ന്നു! 

'ഗ്ലോബല്‍ വാമിങ്' എന്ന പ്രയോഗം ശാസ്ത്രലോകം പെട്ടന്ന് സ്വീകരിച്ചു. യു.എസ്.നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, ഈ വിഷയത്തില്‍ 1979-ല്‍ പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട റിപ്പോര്‍ട്ടിലും ആ പ്രയോഗം ഇടംനേടി. തനിക്കുമുമ്പ് അങ്ങനെ ആരെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഒരിക്കല്‍ ബ്രോക്കര്‍ 200 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചു. 1958-ല്‍ 'ഹാമോന്‍ഡ് ടൈംസ് ഓഫ് ഇന്ത്യാന' പത്രം അതിന്റെ എഡിറ്റോറിയലില്‍ ആ പ്രയോഗം നടത്തിയ കാര്യം ഒരു വിദ്യാര്‍ഥി കണ്ടെത്തി. പക്ഷേ, ബ്രോക്കര്‍ പ്രയോഗിച്ചതോടെയാണ് 'ഗ്ലോബല്‍ വാമങ്' ലോകശ്രദ്ധ നേടിയത്.

Wallace Broecker
1996-ല്‍ യു.എസ്. നാഷണല്‍ സയന്‍സ് മെഡല്‍, പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പക്കല്‍ നിന്നും ബ്രോക്കര്‍ ഏറ്റുവാങ്ങിയപ്പോള്‍. Pic Credit: Lamont-Doherty Earth Observatory

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ 1970-കളില്‍ തന്നെ അദ്ദേഹം രാഷ്ട്രീയനേതൃത്വത്തോട് ആവശ്യപ്പെട്ടു. ഭൗമതാപനില ഏതാനും ഡിഗ്രി വര്‍ധിച്ചാല്‍ തന്നെ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'വെറിപിടിച്ച ഒരു വന്യമൃഗത്തെപ്പോലെയാണ് കാലാവസ്ഥാ സംവിധാനം. നമ്മളതിനെ കമ്പിട്ടു കുത്തി പ്രകോപിപ്പിക്കുന്നു'-'ടൈംസി'ന് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

ഗവേഷണ ജീവിതത്തിനിടെ അഞ്ഞൂറോളം ഗവേഷണ പ്രബന്ധങ്ങളും 17 ഗ്രന്ഥങ്ങളും ബ്രോക്കര്‍ രചിച്ചു. യു.എസ്.നാഷണല്‍ സയന്‍സ് മെഡല്‍ ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും ആ ഗവേഷകനെ തേടിയെത്തി. നിലവിലത്തെ ശ്രമങ്ങള്‍ കൊണ്ട് അന്തരീക്ഷത്തിലെ കാര്‍ബണ്‍ വ്യാപനം ചെറുക്കാനാകില്ലെന്നും, അതിന് നൂതനമായ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കാന്‍ മടിക്കരുതെന്നും, മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് അദ്ദേഹം ശാസ്ത്രസമൂഹത്തെ ഓര്‍മിപ്പിച്ചു. 

അവലംബം -

* Wallace Broecker, Prophet of Climate Change: A World Explorer of Oceans and Atmosphere. 1931-2019. Earth Institute, Columbia University, Press Release, Feb 19, 2019.
* Wallace Smith Broecker, the 'grandfather' of climate science, leaves a final warning for Earth. By James Rainey. NBC News, March 3, 2019.  
* Climatic Change: Are We on the Brink of a Pronounced Global Warming? By Wallace S. Broecker. Science, Aug 08, 1975. 

*മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Wallace Broecker, Global Warming, Climate Change, conveyor belt, Greenhouse Effect, Geochemistry, Grandfather of Climate Science