കോവിഡ് 19 എന്ന മഹാമാരി ലോകത്തുണ്ടാക്കിയിട്ടുള്ള അനിശ്ചിതാവസ്ഥകള്‍ കാലാവസ്ഥാ പ്രവചനത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. രോഗവ്യാപനം ഭയന്ന് നിരവധി രാജ്യങ്ങള്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വിമാനങ്ങള്‍ക്ക് വലിയപങ്കുണ്ട്. വിമാന സര്‍വീസുകള്‍ കുറഞ്ഞതോടെ ഈ ഡാറ്റ ലഭ്യമല്ലാതായതാണ് കാലാവസ്ഥാ നിരീക്ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്.

വിവിധ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കാലാവസ്ഥാ നിരീക്ഷണത്തിന് വിവിവരങ്ങള്‍ ശേഖരിക്കുന്നത്. അതില്‍ വിമാനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. മറ്റു പല കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ വഴി ഓരോ പ്രദേശത്തെയും വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയാണ് കാലാവസ്ഥാ പ്രവചനം സാധ്യമാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാനങ്ങളില്‍നിന്ന് ലഭിക്കുന്ന ഡാറ്റയില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നാം ലോകമഹായുദ്ധ കാലം മുതല്‍ കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിമാനങ്ങളെ ഉപയോഗിച്ചിരുന്നു. 13,500 അടി ഉയരത്തില്‍ പറന്ന് കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അമേരിക്ക പൈലറ്റുമാര്‍ക്ക് പ്രത്യേക പ്രതിഫലവും നല്‍കിയിരുന്നു. 1998മുതല്‍ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിമാനങ്ങളുപയോഗിച്ചുള്ള വിവരശേഖരണത്തിന് പ്രത്യേക സംവിധാനം രൂപപ്പെടുത്തി. ഇതുപയോഗിച്ച് വാണിജ്യ, സ്വകാര്യ, സൈനിക വിമാനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.

വിമാനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ കൂടാതെ ഉപഗ്രഹങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍, ആകാശത്തേയ്ക്ക് പറത്തിവിടുന്ന ബലൂണുകള്‍ ഉപയോഗിച്ച് ലഭ്യമാക്കുന്ന വിവരങ്ങള്‍, ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്തുവെച്ചാണ് കാലാവസ്ഥാ പ്രവചനം സാധിക്കുന്നത്. 

ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള വിമാനസര്‍വീസുകളില്‍ 17 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. അമേരിക്കയുടെ വിമാനസര്‍വീസുകളില്‍ 34 ശതമാനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകത്തിലെ സുപ്രധാന കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിന് ലഭിച്ചുകൊണ്ടിരുന്ന ഡാറ്റയില്‍ 45 ശതമാനം കുറവ് ഉണ്ടായി. കോവിഡ് 19 മായി ബന്ധപ്പെട്ട് വിമാനനിയന്ത്രണങ്ങള്‍ ഇനിയും തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. വിമാനങ്ങളില്‍നിന്നുള്ള ഡാറ്റയിലുണ്ടായിട്ടുള്ള കുറവ് പ്രവചനങ്ങളുടെ കൃത്യതയെ ബാധിക്കുമെന്നാണ് ആശങ്ക. 

മുന്‍പും കാലാവസ്ഥാ ഗവേഷകര്‍ക്ക് സമാനമായ സാഹചര്യത്തെ നേരിടേണ്ടിവന്നിട്ടുണ്ട്. അമേരിക്കയിലെ സെപ്തംബര്‍ 11 ഭീകരാക്രമണത്തെ തുടര്‍ന്ന് വിമാനസര്‍വീസുകളില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു അത്.

കടപ്പാട്: ബ്ലൂംബര്‍ഗ്

Content Highlights: The Pandemic Has Started Weakening the World’s Weather Forecasts