പോയ പതിറ്റാണ്ടുകളില്‍ പൊതുജനാരോഗ്യരംഗത്ത് രാജ്യം കൈവരിച്ച മികവുകളെ പിന്നോട്ടടിക്കും വിധമാണ് കാര്യങ്ങളുടെ പോക്കെന്ന് 'ലാന്‍സെറ്റി'ന്റെ പഠനറിപ്പോര്‍ട്ട് 

Nipah virus in Kozhikode
2018 ല്‍ നിപ്പ ബാധയുടെ സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ദൃശ്യം. Pic Credit: PTI

കാലാവസ്ഥാ മാറ്റത്തെ പറ്റിയോ അതിന്റെ ദുരന്തഫലങ്ങളെ കുറിച്ചോ നമ്മള്‍ കേരളീയരോട് ഇനി പറഞ്ഞു തരേണ്ടതില്ല. 2017 ല്‍ ഓഖി ചുഴലിക്കാറ്റ്, 2019 ല്‍ മഹാ ചുഴലിക്കൊടുങ്കാറ്റ്, തുടര്‍ച്ചയായി രണ്ടുവര്‍ഷത്തെ പ്രളയം! ആഗോളതാപനത്തിന്റെ പ്രത്യാഘാതം തീവ്രമായി നേരിടേണ്ട ജനതയായി നമ്മള്‍ പൊടുന്നനെ മാറിയിരിക്കുന്നു. ഇത്തരം സംഗതികള്‍ ലോകത്ത് മറ്റെവിടെയോ സംഭവിക്കുന്നതായി കരുതിയവരുടെ 'നിഷ്‌ക്കളങ്കത'യ്ക്ക് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് അറുതിയായി! 

ഇതുവരെ ഉണ്ടാകാത്തിടത്ത് ചുഴലിക്കൊടുങ്കാറ്റുകള്‍ നാശം വിതയ്ക്കുക, പ്രതീക്ഷിക്കാത്ത സ്ഥലത്ത് പേമാരിയും പ്രളയവും ഉണ്ടാവുക, നല്ല മഴ കിട്ടുന്ന പ്രദേശം കഠിന വരള്‍ച്ചയുടെ വറുതിയില്‍ പെടുക -ഇങ്ങനെയുള്ള തീവ്രപ്രതിഭാസങ്ങള്‍ കാലാവസ്ഥാ മാറ്റത്തിന്റെ നേരിട്ടുള്ള സൂചനയാണ്. 

ഇതു മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷ സൂചനയായി കണക്കാക്കപ്പെടുന്ന മറ്റൊരു സംഗതിയാണ്, പുതിയ പകര്‍ച്ചവ്യാധികള്‍ ഒരിടത്ത് പൊട്ടിപ്പുറപ്പെടുക എന്നത്. ഏറ്റവും ഭീതിജനകമായ ഉദാഹരണം നിപ്പ വൈറസ് ബാധയാണ്. 2018 മെയ് 20 നാണ് കോഴിക്കോട്ട് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടു പതിറ്റാണ്ടു മുമ്പ് മലേഷ്യയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വൈറസ് ബാധയുടെ ചരിത്രം തേടിപ്പോയ ഗവേഷകര്‍ എത്തിയത്, 1997-1998 കാലത്ത് തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയെ വേട്ടയാടിയ കഠിന വരള്‍ച്ചയിലേക്കും കാട്ടുതീയിലേക്കുമാണ്. കാലാവസ്ഥ വില്ലനായി.

Kerala Floods
തുടര്‍ച്ചയായ രണ്ടു പ്രളയങ്ങളാണ് കേരളം നേരിട്ടത്. Pic Credit: Biju C.

കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി കേരളത്തിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടരുന്നത് ആദ്യമായല്ല. 2007 ല്‍ തെക്കന്‍ കേരളത്തില്‍ ദുരിതം വിതച്ച ചിക്കുന്‍ഗുനിയ (Chikungunya) നിയന്ത്രിക്കാന്‍ പട്ടാളത്തിന്റെ സേവനം സംസ്ഥാനത്തിന് വേണ്ടിവന്നു! ആഫ്രിക്കയില്‍ അരനൂറ്റാണ്ടു മുമ്പ് പ്രത്യക്ഷപ്പെട്ട ചിക്കുന്‍ഗുനിയ പകര്‍ത്തുന്നത് കൊതുകുകളാണ്. 'പഴയരോഗങ്ങള്‍ പുതിയ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് പരിസ്ഥിതിയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട സംഗതിയാണ്'-വിദഗ്ധര്‍ പറയുന്നു. ഡെങ്കിപ്പനി, ജപ്പാന്‍ ജ്വരം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സമീപകാലത്ത് വ്യാപകമായത് യാദൃശ്ചികമല്ല. 

എന്നാല്‍, ഇന്ത്യയെപ്പോലൊരു രാജ്യത്ത് കാലാവസ്ഥാ മാറ്റം വില്ലനാകുന്നത് പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ മാത്രമല്ലെന്ന്, പ്രശസ്ത ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ 'ലാന്‍സെറ്റ്' അടുത്തയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് (The Lancet, Nov 16, 2019) പറയുന്നു. പോയ പതിറ്റാണ്ടുകളില്‍ പൊതുജനാരോഗ്യരംഗത്ത് രാജ്യം കൈവരിച്ച മികവുകളെ പിന്നോട്ടടിക്കും വിധമാണ് കാര്യങ്ങള്‍. പേമാരി, ഉഷ്ണതരംഗങ്ങള്‍ ഒക്കെ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. 

ആഗോളതാപനത്തില്‍ മുഖ്യപ്രതി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും, അതുവഴി അന്തരീക്ഷത്തില്‍ എത്തുന്ന കാര്‍ബണ്‍ഡയോക്‌സൈഡും ആണ്. ഇന്നത്തെ മാതിരി കാര്‍ബണ്‍ വ്യാപനവും, അതിന്റെ ഫലമായുള്ള കാലാവസ്ഥ മാറ്റവും തുടരുന്നു എന്നിരിക്കട്ടെ. എങ്കില്‍, ഇന്നു ജനിക്കുന്ന ഒരു കുഞ്ഞിന് ജീവിതകാലം മുഴുവന്‍ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്‌നങ്ങളും, അനന്തരഫലങ്ങളും വിലയിരുത്തുകയാണ് ലാന്‍സെറ്റ് റിപ്പോര്‍ട്ട്. 

Heat waves and Droughts in India
ഇന്ത്യയില്‍ ഊഷ്ണതരംഗങ്ങളും കൊടുംവരള്‍ച്ചയും തുടര്‍ക്കഥകളാകുന്നു. Pic Credit: PTI

കൊതുകു പരത്തുന്ന രോഗങ്ങള്‍ വര്‍ധിക്കുന്ന കാര്യം നമ്മുടെ ആശങ്കകളില്‍ ഇടംനേടിക്കഴിഞ്ഞു. ചൂടു കൂടുമ്പോള്‍ രോഗവാഹികളായ കൊതുകിനങ്ങള്‍, ഏഡീസ് ഈജിപ്തായി (Aedes aegypti), ഏഡീസ് ആല്‍ബൊപിക്റ്റസ് (Aedes  albopictus) തുടങ്ങിയവ പെരുകും. മാത്രമല്ല, ഇവയുടെ വൈറൈസ് പകരല്‍ ശേഷി ഇന്ത്യയില്‍ യഥാക്രമം 2.3 ശതമാനം, 4.6 ശതമാനം എന്നിങ്ങനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഹിമാലയന്‍ മേഖലയിലെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, നാഗലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ 2013 ന് ശേഷം ഡെങ്കിപ്പനി ബാധക്കുന്നവരുടെ സംഖ്യയില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

വൈറസുകള്‍ക്ക് മാത്രമല്ല, മറ്റു രോഗാണുക്കള്‍ക്കും കാലാവസ്ഥാ മാറ്റം അനുകൂല സാഹചര്യമൊരുക്കുന്നു. കോളറയ്ക്ക് കാരണമായ 'വിബ്രിയോ ബാക്ടീരിയ' (Vibrio bacteria) യുടെ കാര്യമെടുക്കാം. അവയ്ക്ക് പകരാനുള്ള അനുകൂല സാഹചര്യം ഇന്ത്യയില്‍ 1980 കള്‍ മുതല്‍ വര്‍ഷംതോറും മൂന്നു ശതമാനം വീതം വര്‍ധിച്ചതായാണ് കണക്ക്! 

വായൂ മലിനീകരണമാണ് കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട മറ്റൊരു ആരോഗ്യഭീഷണി. ഡെല്‍ഹിയിലെ ഇത്തവണത്തെ പുകമഞ്ഞ് വാര്‍ത്തകള്‍ നിലച്ചിട്ടില്ല. രാജ്യത്ത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജോത്പാദനം 2016 നും 2018 നും മധ്യേ 11 ശതമാനം വര്‍ധിച്ചു. അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന സൂക്ഷ്മധൂളികള്‍ (Out door fine particulate air pollution - PM 2.5) വഴിയുള്ള മലിനീകരണം 2016 ല്‍ മാത്രം 529,500 അകാല മരണങ്ങള്‍ക്ക് കാരണമായി. അതില്‍ 97,400 ലേറെ പേരുടെ മരണത്തിന് കാരണം കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള വായൂ മലിനീകരണമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ചൂട് കൂടുമ്പോള്‍ കാര്‍ഷികവൃത്തി കഠിനമാകും, വിളവ് കുറയും, ഭക്ഷ്യവില വര്‍ധിക്കും. ദരിദ്രവിഭാഗങ്ങളിലെ കുട്ടികളെയാകും ഇത് കൂടുതലായി ബാധിക്കുക. കുട്ടികളുടെ പോഷകാഹാര ലഭ്യതയിലാണ് ഇത് പ്രതിഫലിക്കുക.

Dengue, Malaria, Chikungunya
ന്യൂ ഡെല്‍ഹിയില്‍ രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഡെങ്കിപ്പനി ബാധിതതര്‍. Pic Credit: AP 

ലോകാരോഗ്യ സംഘടനയും ലോകബാങ്കും ഉള്‍പ്പടെ ലോകത്തെ 35 സ്ഥാപനങ്ങള്‍ കൈകോര്‍ത്തതിന്റെ ഫലമാണ് ലാന്‍സെറ്റ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 120 വിദഗ്ധര്‍ സഹകരിച്ചു. 41 ഘടകങ്ങള്‍ വാര്‍ഷികാനുപാതത്തില്‍ സമഗ്രമായി പരിഗണിച്ചുള്ളതായിരുന്നു പഠനം.

വലിയ ജനസംഖ്യ, ഉയര്‍ന്ന അസമത്വം, പട്ടിണി, പോഷകാഹാരക്കുറവ് - ഇതൊക്കെ ചേരുമ്പോള്‍ ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ കാലാവസ്ഥാ മാറ്റം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കും. കുട്ടികളുടെ മരണത്തിന് പ്രധാന കാരണങ്ങളിലൊന്നായ വയറിളക്ക രോഗങ്ങള്‍ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കും-പഠനറിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ ഡോ.പൂര്‍ണിമ പ്രഭാകരന്‍ പറയുന്നു. 'പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ' (PHFI) യിലെ ഗവേഷകയാണ് അവര്‍. 

ഇന്ത്യയില്‍ 2050 ഓടെ കാര്‍ബണ്‍ വ്യാപനം മൂലം സിങ്ക് പോരായ്മ അനുഭവിക്കുന്ന അഞ്ചുകോടി പേരും, പ്രോട്ടീന്‍ അപര്യാപ്തതയുള്ള 3.8 കോടി പേരും ഉണ്ടാകും. 40 കോടി സ്ത്രീകളും 10 കോടി കുട്ടികളും ഇരുമ്പിന്റെ കുറവു മൂലം കഷ്ടപ്പെടും. രാജ്യത്ത് കാര്‍ഷികമേഖലയില്‍ ഉത്പാദനക്ഷമത 49 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

പകര്‍ച്ചവ്യാധികള്‍ക്കെതിരെ, പ്രത്യേകിച്ചും കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ പുതിയ ജാഗ്രതാസംവിധാനം സൃഷ്ടിക്കുക, കാര്‍ഷിക മേഖലയില്‍ വിളവൈവിധ്യം പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ പാകത്തില്‍ കാര്‍ഷികവൃത്തി പരിഷ്‌ക്കരിക്കുക, വൈദ്യുതിക്ക് പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ കൂടുതലായി ഉപയോഗിക്കുക, അതുവഴി കാര്‍ബണ്‍ വ്യാപനം കുറയ്ക്കുക-ഇത്തരത്തില്‍ മുന്‍കൂട്ടി പ്ലാന്‍ചെയ്തു നീങ്ങിയാലെ ഭാവിയില്‍ കാര്യങ്ങള്‍ പിടിയില്‍ നില്‍ക്കൂ എന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.  

അവലംബം -

* The 2019 report of The Lancet Countdown on health and climate change: ensuring that the health of a child born today is not defined by a changing climate. By Nick Watts, MA et al. The Lancet, Nov 16, 2019.
* Temperature increase reduces global yields of major crops in four independent estimates. By Chuang Zhao et.al. PNAS, Aug 29, 2017.
* Climate change will add to health burden in India: Study. By Dinesh C Sharma. India Science Wire, Nov 14, 2019.
* New Lancet health report lists how bad climate change can hit India. By Banjot Kaur. Down To Earth, Nov 15, 2019.  

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Health and Climate Change, Global Warming, Public Health in India, Extreme Weather Events, Dengue, Malaria, Chikungunya, Aedes aegypti, Aedes  albopictus