ഭൂമിയില്‍ ഏറ്റവും തണുപ്പനുഭവപ്പെടാറുള്ള സൈബീരിയ മേഖലയിലെ താപനില വലിയതോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. സൈബീരിയയിലെ നഗരങ്ങളിലൊന്നായ വെര്‍ഖോയന്‍സ്‌കില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയാതി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ നിലയില്‍ ജൂണ്‍ മാസത്തില്‍ ഇവിടെ അനുഭവപ്പെടാറുള്ളതിനേക്കാള്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ധ്രുവമേഖലയിലെ താപനില ഉയരുന്നത് വരുംകാലത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നതായാണ് ഗവേഷകര്‍ കരുതുന്നത്. ലോകവ്യാപകമായി കോവിഡ് ലോക്ഡൗണ്‍ മൂലം മലിനീകരണ തോത് വളരെയേറെ കുറഞ്ഞിട്ടും, വരാനിരിക്കുന്ന വര്‍ഷം ലോകത്ത് ഏറ്റവും കൂടിയ ചൂടായിരിക്കും രേഖപ്പെടുത്തുക എന്നും  അവര്‍ കരുതുന്നു.

സൈബീരിയ മേഖലയിലെ ഉഷ്ണതരംഗം സംബന്ധിച്ച ഗ്രാഫിക് ചിത്രീകരണം ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ കാണുന്നതുപോലെ അക്ഷരാര്‍ഥത്തില്‍ തീതന്നെയാണ് ധ്രുവമേഖലയിലുള്ളതെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ വേഗത്തിലാണ് താപനില വര്‍ധിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന മിഷിഗന്‍ സര്‍വകലാശാലയിലെ പരിസ്ഥിതി വിഭാഗം തലവനായ ജോനാഥന്‍ ഓവര്‍പെക്ക് പറയുന്നു. 

Siberia heat wave
Photo: AP

കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മറ്റ് ഹരിതഗൃഹ വാതകങ്ങള്‍ എന്നിവയുടെ നില ഉയരുന്നതാണ് മേഖലയില്‍ ഉഷ്ണതരംഗത്തിന് ഇടയാക്കുന്നത്. ഈ സാഹചര്യം ധ്രുവമേഖലയില്‍ കടുത്ത മഞ്ഞുരുകലിനും മറ്റിടങ്ങളില്‍ വര്‍ധിച്ചതോതില്‍ കാട്ടുതീയ്ക്കും ഇത് ഇടയാക്കുമെന്നും ജോനാതന്‍ ഓവര്‍പെക്ക് പറയുന്നു.

സാധാരണയില്‍നിന്ന് 10 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ മാസം മേഖലയില്‍ അനുഭവപ്പെട്ടതെന്ന് കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് (സിസിസിഎസ്) ചൂണ്ടിക്കാട്ടുന്നു. ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനില സൈബീരിയയിലെ അന്തരീക്ഷവായുവില്‍ ഈ വര്‍ഷം ജനുവരിമുതല്‍തന്നെ രേഖപ്പെടുത്തിയിരുന്നതായും സിസിസിഎസ് പറയുന്നു.

ജലത്തിന്റെ ഖരാങ്കത്തില്‍ താഴെയുള്ള ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്ന മണ്ണാണ് (പെര്‍മാഫ്രോസ്റ്റ്) സൈബീരിയന്‍ മേഖലയില്‍ പലയിടത്തുമുള്ളത്. ചൂട് വര്‍ധിക്കുന്നത് ഇത് ഉരുകുന്നതിനിടയാക്കും. ഇതിലുള്ള ആശങ്ക 2019 ഡിസംബറില്‍ത്തന്നെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രകടിപ്പിച്ചിരുന്നു. വടക്കന്‍ റഷ്യയിലെ പല നഗരങ്ങളും നിലനില്‍ക്കുന്നത് ഇത്തരം മേഖലയിലാണെന്നതാണ് ആശങ്കയ്ക്കിടയാക്കിയത്.

Content Highlights: The Arctic is on fire: Siberian heat wave alarms scientists