കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ കോടതിയില്‍ കേസുകൊടുത്ത അമേരിക്കയിലെ വിദ്യാര്‍ത്ഥികളും യുവാക്കളും ലോകശ്രദ്ധയാകര്‍ഷിക്കുന്നു.

സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് വാര്‍ത്തയ്ക്ക് നല്‍കിയത്. ആഫ്രിക്ക, യൂറോപ്പ്, തെക്കെ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളും സ്‌ക്രീനില്‍ ഏറെ സമയം ഈ പോരാട്ടത്തിന്റെ കഥകള്‍ അനാവരണം ചെയ്തു.

അന്തരീക്ഷ-വായു-ജല മലിനീകരണത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ നിരവധി കേസുകള്‍ അമേരിക്കയില്‍ കോടതിയിലെത്തിയിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും മുന്‍നിര്‍ത്തിയുള്ള കേസ് അമേരിക്കയിലും ലോകത്തിലും ആദ്യമായിട്ടാണ് കോടതി കയറുന്നത്.

ജൂലിയാന എന്ന വിദ്യാര്‍ത്ഥിനിയും മറ്റ് 20 പേരും നല്‍കിയ കേസ് അടുത്തുതന്നെ വിചാരണ ചെയ്യാന്‍ അമേരിക്കയിലെ ഫെഡറല്‍ കോടതി ഉത്തരവിട്ടതിനെ ചോദ്യം ചെയ്തുകൊണ്ട് ട്രംപ് ഭരണകൂടം നല്‍കിയ അപ്പീല്‍ ഫെഡറല്‍ കോടതി ജഡ്ജി ആര്‍ ഐറ്റ്കിന്‍ തള്ളിക്കളഞ്ഞു. ഇത് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി. 

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രധാനകാരണം മോട്ടോര്‍ വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡ് ആണ്. ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരുംതലമുറയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുക. ആഗോളതാപനത്തിന് കാരണം വനനശീകരണമാണ്. കാലാവസ്ഥകളില്‍ വ്യതിയാനങ്ങള്‍ ഉണ്ടായാല്‍ അത് നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. അങ്ങനെവന്നാല്‍ ഭരണഘടന വ്യവസ്ഥചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തെ തന്നെ അത് ലംഘിക്കും, പൊതുജനാരോഗ്യത്തെ അത് ഹാനികരമായി ബാധിക്കും തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.

വളരെ പ്രാധാന്യത്തോടെ നാം ഇതിനെ സമീപിക്കണം. ഹര്‍ജിക്കാരായ യുവാക്കളും വിദ്യാര്‍ത്ഥികളും ഈ കേസ് കൊടുത്തിരിക്കുന്നത് ഭാവി തലമുറയെക്കൂടി മുന്നില്‍ കണ്ടാണ്. അതിനാല്‍ ഗൗരവത്തോടെ ഇതിനെ വീക്ഷിച്ച് സര്‍ക്കാറിന്റെയും ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും വാദങ്ങള്‍ കേട്ട് തീരുമാനം എടുക്കണമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മാധ്യമങ്ങള്‍ അതിന് വലിയ പ്രാധാന്യം നല്‍കി.

രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രസംഗങ്ങള്‍ക്ക് യാതൊരു കുറവുമില്ല. എന്നാല്‍ ആഗോളതാപന- കാലാവസ്ഥവ്യതിയാനത്തെ എങ്ങനെ നേരിടുമെന്ന് ഫലപ്രദമായ രീതിയില്‍ ജനങ്ങളെ നേതാക്കള്‍ ബോധ്യപ്പെടുത്തിയിട്ടില്ല. അതിനാലാണ് തങ്ങള്‍ നീതിന്യായകോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

അതോടെ 'ക്ലൈമറ്റ് സ്യൂട്ട്' എന്ന പേരില്‍ കോടതി നടപടികള്‍ക്ക് ജനഹൃദയങ്ങളില്‍ പ്രാമുഖ്യം കിട്ടി. 'ജൂലിയാന v/s അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ്' എന്ന തലക്കെട്ടില്‍ കേസ് നിയമഗ്രന്ഥങ്ങളില്‍ സ്ഥാനംപിടിച്ചു. Our children's Trust എന്ന അമേരിക്കന്‍ സംഘടനയാണ് കേസിനായി വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പിന്തുണ നല്‍കിയിട്ടുള്ളത്.