കണ്ണൂര്‍: കൊടിയ ചൂടില്‍ തിളയ്ക്കുന്ന കടലില്‍ മീന്‍ കുറഞ്ഞതുപോലെ പക്ഷികളും കുറയുന്നു. മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹായത്തോടെ വനംവകുപ്പ് സാമൂഹിക വനവത്കരണവിഭാഗം നടത്തിയ കടല്‍പ്പക്ഷി സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

കണ്ണൂരിന്റെ കടലോരത്ത് നടത്തിയ പക്ഷിസര്‍വേയുടെ സമയം കടലില്‍ മീന്‍പിടിത്തബോട്ടുകളുടെ എണ്ണവും കുറവായിരുന്നു. ചത്ത കടലാമകളുടെ ജഡം കടലില്‍ ഒഴുകിനടക്കുന്നതും കണ്ടു. കഴിഞ്ഞ വര്‍ഷത്തെ പക്ഷി ഇനങ്ങളെ അപേക്ഷിച്ച് കടലില്‍ പക്ഷികളുടെ ഇനങ്ങളും കുറവായിരുന്നു.

പരാദമുള്‍വാലന്‍ സ്‌കുവ എന്ന പക്ഷിയെ ഒരെണ്ണത്തെ മാത്രമേ കണ്ടുള്ളൂ. ബ്രൈഡല്‍ ടേണ്‍, വിസ്‌കേര്‍ഡ് ടേണ്‍, ഗ്രേറ്റര്‍ഗള്‍, ലെസ്സര്‍ഗള്‍, കോമണ്‍ ഗള്‍, ബ്രൗണ്‍ ഹെഡഡ് ഗള്‍, ഹ്യൂഗ്ള്‍സ് ഗള്‍ എന്നിങ്ങനെ എട്ടിനങ്ങളെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ.

സര്‍വേ സാമൂഹികവനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ എ.പി. ഇംതിയാസ് ഉദ്ഘാടനം ചെയ്തു. സത്യന്‍ മേപ്പയ്യൂര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.അനില്‍കുമാര്‍, ഫോറസ്റ്റ് ഓഫീസര്‍ കെ.ഇ.ബിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പത്തോളം പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു.