കടലില്‍നിന്ന് തിരമാലകള്‍ക്കൊപ്പം അടിച്ചുകയറിയ കട്ടിയേറിയ പത മൂലം പൊറുതിമുട്ടുകയാണ് സ്‌പെയിനിലെ ഒരു നഗരം. സ്‌പെയിനിന്റെ കിഴക്കന്‍ മേഖലയില്‍ ശക്തിയായി വീശിയ ഗ്ലോറിയ കൊടുങ്കാറ്റാണ് ടോസ്സ ഡി മാര്‍ എന്ന നഗരത്തെ മൂടുന്ന പതയുമായെത്തിയത്. നഗരത്തിലെ റോഡുകളും നടപ്പാതകളുമെല്ലാം പതമൂലം നിറഞ്ഞുകവിഞ്ഞിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കടലില്‍നിന്ന് ആഞ്ഞുവീശിയ ഗ്ലോറിയ കൊടുങ്കാറ്റ് സ്‌പെയിനില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൂടാതെ ശക്തമായ മഴയും കാറ്റും മൂലം കടലില്‍ വന്‍ തിരമാലകളും രൂപപ്പെട്ടു. തിരമാലകള്‍ കട്ടിയേറിയ പതയുമായാണ് കരയിലേയ്ക്ക് അടിച്ചുകയറിയത്. കടലോര നഗരത്തിലേയ്ക്ക് ഇരച്ചുകയറിയ തിരമാലകള്‍ ഭീമാകാരമായ പതയും നഗരത്തിന്റെ മുക്കിലും മൂലയിലുമെത്തിച്ചു.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട വീഡിയോയില്‍ നഗരത്തിലെ ഇടറോഡുകളില്‍ അടിച്ചുകയറിയ പതയുടെ തീവ്രത കാണാം. നിരവധി തെരുവുകളിലും കെട്ടിടങ്ങളിലും പത നിറഞ്ഞിരിക്കുകയാണ്. കാറ്റില്‍ ഇത് കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്നുണ്ട്. പതയുടെ ശല്യം മൂലം ജനങ്ങള്‍ക്ക് പ്രദേശം വിട്ട് പലായനം ചെയ്യേണ്ട സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
La espuma marina envuelve las calles de Tossa de Mar, cerca de #Barcelona, debido a la tormenta #Gloria 🌊 pic.twitter.com/OeSEKFYBDP
— Reuters Latam (@ReutersLatam) January 22, 2020
കടലില്‍നിന്ന് ഇങ്ങനെ പതയുയരുന്നത് അസാധാരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം കടലിലുണ്ടാക്കുന്ന സവിശേഷ സാഹചര്യം മൂലമാണ് ഇങ്ങനെ പത രൂപപ്പെടുന്നതെന്നാണ് പലരുടെയും അഭിപ്രായം.
ശക്തമായ കാറ്റും മഴയും മൂലം വൈദ്യുതി ബന്ധം ഇല്ലാതായതോടെ സ്‌പെയിനിലെ നിരവധി നഗരങ്ങള്‍ ബുദ്ധിമുട്ടുകയാണ്. കടലില്‍നിന്ന് ഉപ്പുവെള്ളം ഇരച്ചുകയറി നിരവധി കൃഷിയിടങ്ങള്‍ നശിച്ചു. നൂറില്‍ അധികം റോഡുകള്‍ അടച്ചിരിക്കുകയാണ്.
This is not normal , we all need to act now pic.twitter.com/8LBCp9GkqZ
— bomblet (@richywaspfan) January 22, 2020
Content Highlights: Sea foam eats up streets of Spanish town due to storm