പൊടിക്കാറ്റിന്റെ ഭാഗമായി പ്രതിവര്‍ഷം 22,000 ടണ്‍ ഫോസ്ഫറസ് സഹാറ മരുഭൂമിയില്‍ നിന്ന് അത്‌ലാന്റിക് കടന്ന് ആമസോണ്‍ കാടുകളിലെത്തുന്നു. അതാണ് ആമസോണിന്റെ നിലനില്‍പ്പ് ഉറപ്പാക്കുന്ന ഘടകങ്ങളിലൊന്ന് 

Saharan Dust Feeds Amazon
സഹാറയില്‍ നിന്ന് ആമസോണിലെത്തുന്ന പൊടിക്കാറ്റ്. ചിത്രം: നാസ

 

മസോണ്‍ നദീതടമാണ് ലോകത്തെ ഏറ്റവും വലിയ മഴക്കാട്. അന്തരീക്ഷത്തിലെ 20 ശതമാനത്തിലേറെ ഓക്‌സിജന്‍ ആമസോണ്‍ കാടുകളുടെ സംഭാവനയാണ്. ജീവലോകത്തെ സംബന്ധിച്ച് ഇത്ര പ്രധാനപ്പെട്ട ആമസോണിന്റെ ഭൗമചരിത്രം തേടിപ്പോയാല്‍ നമ്മളെത്തുക ഗോണ്ട്വാനയെന്ന പ്രാചീന ഭൂഖണ്ഡത്തിലാകും. 

ഗോണ്ട്വാനയില്‍ തെക്കേഅമേരിക്കയും ആഫ്രിക്കയും ചേര്‍ന്നാണ് സ്ഥിതിചെയ്തിരുന്നത്. അക്കാലത്ത് ആഫ്രിക്കയിലെ ഒരു പ്രാചീന നദീശൃംഖലയുടെ (പ്രോട്ടോ-കോംഗോ നദീശൃംഖല) ഭാഗമായി പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന ഒന്നായിരുന്നു പ്രാചീന ആമസോണ്‍ എന്ന് ഭൗമശാസ്ത്രജ്ഞര്‍ കരുതുന്നു. പത്തുകോടി വര്‍ഷംമുമ്പ്, ദിനോസറുകള്‍ ഭൂമിയില്‍ ആധിപത്യമുറപ്പിച്ചിരുന്ന ക്രിറ്റേഷ്യസ് യുഗത്തിന്റെ മധ്യേ, ആഫ്രിക്കയും തെക്കേഅമേരിക്കയും വേര്‍പിരിഞ്ഞു.

ആന്‍ഡീസ് പര്‍വ്വതനിരയുടെ പിറവി അടക്കം ഒട്ടേറെ സങ്കീര്‍ണമായ ഭൗമപ്രക്രിയകളുടെ ഭാഗമായി ആമസോണ്‍ ഒരു ഉള്‍നാടന്‍ തടാകമായും പിന്നീട് ഇന്നത്തെ നിലയ്ക്ക് കിഴക്കോട്ടൊഴുകുന്ന നദിയായും പരിണമിച്ചു. ഒഴുകുന്ന വെള്ളത്തിന്റെ കണക്കനുസരിച്ച് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ നദിയാണ് (നീളത്തില്‍ രണ്ടാമത്തേത്) ആമസോണ്‍. 1100 പോഷകനദികള്‍ ആമസോണിനുണ്ട്, അവയില്‍ 17 എണ്ണത്തിന് 1600 കിലോമീറ്ററിലധികം നീളവുമുണ്ട്. 

ഗോണ്ട്വാന പൊട്ടിപ്പിളര്‍ന്നതോടെ ആഫ്രിക്കയും ആമസോണും തമ്മിലുള്ള ബന്ധം അവസാനിച്ചില്ല എന്നതാണ് കൗതുകകരമായ വസ്തുത. ഇന്നും ആമസോണിന് ആഫ്രിക്കയുമായി അടുത്തബന്ധമുണ്ട്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നാണ് ആമസോണ്‍ കാടുകളുടെ നിലനില്‍പ്പിന് ആവശ്യമായ ചില പോഷകങ്ങള്‍ എത്തുന്നത്; പൊടിക്കാറ്റിലൂടെ! അത്‌ലാന്റിക് സമുദ്രത്തിന് അപ്പുറത്ത് 5000 കിലോമീറ്റര്‍ അകലെയുള്ള ആമസോണ്‍ കാടുകള്‍ക്ക് സഹാറയില്‍ നിന്ന് പൊടിക്കാറ്റിന്റെ രൂപത്തില്‍ സഹായമെത്തുന്നു എന്നത് അവിശ്വസനീയമായി തോന്നാം. പക്ഷേ, പ്രകൃതിയിലെ ചില ബന്ധങ്ങള്‍ അങ്ങനെയാണ്. 

സഹാറയില്‍ നിന്നുള്ള പൊടിക്കാറ്റില്‍ ഒരുഭാഗം അത്‌ലാന്റിക്കിന് മുകളിലൂടെ പറന്ന് ആമസോണില്‍ എത്തുന്ന കാര്യം ഗവേഷകര്‍ക്ക് മുമ്പേ അറിയാമായിരുന്നു. എന്നാല്‍, അതിന്റെ വ്യാപ്തിയും പ്രാധാന്യവും രണ്ടുവര്‍ഷം മുമ്പ് പുറത്തുവന്ന നാസയുടെ ഉപഗ്രഹപഠനത്തോടെയാണ് വ്യക്തമായത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെയും മേഘങ്ങളുടെയും കുത്തനെയുള്ള ഘടന പഠിക്കാന്‍ 2006ല്‍ നാസ വിക്ഷേപിച്ച 'കാലിപ്‌സോ' ( CALIPSO - Cloud-Aerosol Lidar and Infrared Pathfinder Satellite Observation ) ഉപഗ്രഹമാണ് സഹാറ-ആമസോണ്‍ ബന്ധത്തിന്റെ അഴകളവുകള്‍ തിരിച്ചറിഞ്ഞത്. 

Saharan Dust Feeds Amazon
ആമസോണ്‍ കാടുകള്‍. ചിത്രം കടപ്പാട്: മാര്‍ക് ബൗളര്‍ /naturepl.com

 

2007 മുതല്‍ 2013 വരെ കാലിപ്‌സോ ഉപഗ്രഹം സമാഹരിച്ച ഡേറ്റയും, ചാഡ്, ബാര്‍ബദോസ്, മയാമി എന്നിവിടങ്ങളിലെ റിസര്‍ച്ച് സ്‌റ്റേഷനുകളില്‍ നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്താണ്, ആമസോണിന്റെ നിലനില്‍പ്പിന് സഹാറ എങ്ങനെ തുണയാകുന്നു എന്ന് കണ്ടെത്തിയത്. മേരിലാന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ഹോങ്ബിന്‍ യുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. 

സഹാറ മരുഭൂമിയില്‍ നിന്ന് വര്‍ഷംതോറും ശരാശരി 18.2 കോടി ടണ്‍ പൊടിപടലം അന്തരീക്ഷത്തിലെത്തുന്നു. അതില്‍ ശരാശരി 288 ലക്ഷം ടണ്‍ പൊടിപടലം അത്‌ലാന്റിക് പിന്നിട്ട് ആമസോണ്‍ തടത്തിലെത്തുന്നു. ഏതാണ്ട് 689,290 ട്രക്ക് പൊടിയും മണ്ണും സഹാറയില്‍ നിന്ന് കയറ്റിക്കൊണ്ട് പോകുന്നതിനും, 104,908 ട്രക്ക് മണ്ണ് ആമസോണില്‍ വിതറുന്നതിനും തുല്യമാണിതെന്ന് നാസ പറയുന്നു. 

CALIPSO
അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെയും മേഘങ്ങളുടെയും കുത്തനെയുള്ള ഘടന പഠിക്കാന്‍ നാസ വിക്ഷേപിച്ചതാണ് 'കാലിപ്‌സോ' ഉപഗ്രഹം. കടപ്പാട്: നാസ 

 

സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം വേണ്ട പോഷകമാണ് ഫോസ്ഫറസ്. ആമസോണിലെ 90 ശതമാനം പ്രദേശത്തെ മണ്ണിലും ഫോസ്ഫറസ് ആവശ്യത്തിന് അടങ്ങിയിട്ടില്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മണ്ണില്‍ നിന്ന് മഴവെള്ളത്തിലൂടെ നദികളിലേക്കും നീരൊഴുക്കുകളിലേക്കും ഫോസ്ഫറസ് നഷ്ടപ്പെടുന്നതാണ് കാരണം. അങ്ങനെയെങ്കില്‍, ആമസോണ്‍ കാടുകളുടെ നിലനില്‍പ്പിനുള്ള ഫോസ്ഫറസ് എങ്ങനെ ലഭ്യമാകുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം സഹാറയാണ് നല്‍കുന്നത്. 

Saharan Dust Feeds Amazon
സഹാറ മരുഭൂമി. ചിത്രം കടപ്പാട്: വിക്കിപീഡിയ 

 

സഹാറയിലെ മണ്ണ് ഫോസ്ഫറസ് സമ്പന്നമാണ്. 'ലേക്ക് മെഗാ-ചാഡ്' ( Lake Mega-Chad ) എന്നൊരു പ്രാചീന തടാകം സഹാറയിലുണ്ടായിരുന്നു. ഒരുകാലത്ത് ആല്‍ഗകളും മറ്റ് സൂക്ഷ്മജീവികളും നിറഞ്ഞിരുന്ന ആ തടാകം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി 70,000 വര്‍ഷംമുമ്പ് വറ്റാന്‍ തുടങ്ങി. നല്ല വളക്കൂറുള്ള പൊടിപടലം സഹാറയില്‍ അവശേഷിക്കുന്നതിന് കാരണം ആ പ്രാചീന തടാകമാണ്. സഹാറയില്‍ നിന്ന് ആമസോണിലെത്തുന്ന പൊടിപടലത്തില്‍ നല്ലൊരളവ് ഫോസ്ഫറസ് ഉള്ളതിന്റെ രഹസ്യവും ഇതാണ്. 

'ജിയോഫിസിക്കല്‍ ലെറ്റേഴ്‌സി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍, സഹാറയില്‍ നിന്ന് ആമസോണിലെത്തുന്ന പൊടിപടലത്തില്‍ എത്രമാത്രം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ടെന്ന് യുവും കൂട്ടരും കണക്കുകൂട്ടി. ഗവേഷകര്‍ എത്തിയ നിഗമനം ഇതാണ്: ഓരോ വര്‍ഷവും സഹാറയില്‍ നിന്നുള്ള പൊടിപടലത്തിലൂടെ 22,000 ടണ്‍ ഫോസ്ഫറസ് ആമസോണിലെത്തുന്നു. ആമസോണ്‍ തടത്തില്‍ നിന്ന് മഴയിലും വെള്ളത്തിലും വര്‍ഷംതോറും നഷ്ടപ്പെടുന്നതും ഏതാണ് ഇതേ അളവ് ഫോസ്ഫറസാണ്. സഹാറയില്‍ മഴ പെയ്ത് പൊടിക്കാറ്റിന് ശമനമുണ്ടായാലോ, ആമസോണിലെത്തുന്ന ഫോസ്ഫറസിന്റെ അളവ് കുറയും. ചുരുക്കി പറഞ്ഞാല്‍, ആമസോണ്‍ കാടുകളുടെ നിലനില്‍പ്പിന് സഹാറാ മരുഭൂമിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് സാരം! 

ബ്രസീല്‍, ബൊളീവിയ, പെറു, ഇക്വഡോര്‍, കൊളംബിയ, വെനിസ്വേല, ഗയാന, സുരിനാം എന്നിങ്ങനെ എട്ട് രാജ്യങ്ങളിലും, ഫ്രാന്‍സിന്റെ അധീനതയിലുള്ള ഫ്രഞ്ച് ഗയാനയിലുമായി ഏതാണ്ട് 70 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് ആമസോണ്‍ കാടുകള്‍. അതില്‍ 55 ലക്ഷം ചതുരശ്ര കിലോമീറ്ററും മഴക്കാടുകളാണ്. 'ഭൂമിയുടെ ശ്വാസകോശങ്ങളെ'ന്ന് വിശേഷിപ്പിക്കാറുള്ള ആമസോണ്‍ കാടുകള്‍ ഭൗമകാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. 

ഇത്ര പ്രധാനപ്പെട്ട ഒരു ജൈവവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ സഹാറ മരുഭൂമി എത്ര വലിയ പങ്കുവഹിക്കുന്നു എന്നാണ് നാസയുടെ പഠനം വ്യക്തമാക്കിയത്. മരുഭൂമിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, സഹാറയോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു! (കടപ്പാട്: Saleel Elyas). 

അവലംബം - 

1. NASA Satellite Reveals How Much Saharan Dust Feeds Amazon's Plants. Nasa Website  2. Fertilizing the Amazon and equatorial Atlantic with West African dust Geophysical Research Letters, 30 July 2010 3. The fertilizing role of African dust in the Amazon rainforest: A first multiyear assessment based on data from Cloud-Aerosol Lidar and Infrared Pathfinder Satellite Observations. Geophysical Research Letters, 18 March 2015  4. The Amazon Rainforest: The World's Largest Rainforets, by Rhett Butler, mongabay.com 5. Amazon River Flowed Backwards in Ancient Times. By Ker Than | October 25, 2006  

* മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്