തൃശ്ശൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ കയര്‍ ഭൂവസ്ത്രമണിഞ്ഞ് (കയര്‍ വലപ്പായ) ഒരുപുഴ പുനര്‍ജനിക്കുന്നു. അഞ്ച് പഞ്ചായത്തുകളിലായി 14.71 കിലോമീറ്ററുള്ള കൊടുങ്ങല്ലൂരിലെ പെരുംതോട് പുഴയ്ക്കാണ് ജീവന്‍വയ്ക്കുന്നത്. ഇരു കരകളിലുമായി ഏതാണ്ട് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കയര്‍വലപ്പായ. ആകെ 29.42 കിലോമീറ്റര്‍.

ഏപ്രില്‍ 17-ന് തുടങ്ങിയ പുഴ പുനരുദ്ധാരണത്തിന്റെ 70 ശതമാനം പൂര്‍ത്തിയാക്കി. ഒരു മാസത്തിനകം പണിപൂര്‍ത്തിയാക്കും. അഞ്ച് പഞ്ചായത്തുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനങ്ങളിലെ ജലാശയങ്ങളുടെ പുനരുദ്ധാരണത്തിന് കരിങ്കല്ല് ഉപയോഗിക്കുന്നത് കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് വന്ന ശേഷമാണ് പദ്ധതി തുടങ്ങിയത്. പെരിഞ്ഞനം പഞ്ചായത്തിലെ തോണിക്കുളത്തുനിന്നാണ് പുനരുദ്ധാരണം തുടങ്ങിയത്. അഴീക്കോട് അഴിമുഖത്ത് സമാപിക്കും. പദ്ധതിക്കായി ഒരു കല്ലുപോലും ഉപയോഗിച്ചില്ല. 15 കിലോമീറ്ററോളമുള്ള പുഴയില്‍ മണ്ണ് നീക്കമടക്കമുള്ള പണികള്‍ക്ക് ചെറുയന്ത്രം പോലും ഉപയോഗിച്ചുമില്ല.

പുനരുദ്ധരിച്ചതോടെ പെരുംതോടില്‍ ശക്തമായ ജലപ്രവാഹം തുടങ്ങി. മാലിന്യം തള്ളി മോശമാക്കിയ പെരുംതോടില്‍ നീരോഴുക്കില്ലാതെ കിടക്കുകയായിരുന്നു. മുസിരിസ് പട്ടണത്തിന്റെ പ്രതാപ കാലത്ത് ഏറ്റവും പ്രശസ്തമായ ഉള്‍നാടന്‍ ജലപാതയായിരുന്നു പെരുംതോട്. പത്തനം തിട്ടയിലെ വരട്ടാറും താമസിയാതെ കയര്‍വലപ്പായ അണിയും. അതോെട വസ്ത്രത്തിന്റെ നീളത്തില്‍ രണ്ടാമതാകും പെരുംതോട്.

കയര്‍ വലപ്പായ സ്ഥാപിക്കുന്നത്

പുഴയിലെ മണ്ണും ചെളിയും 30 ഡിഗ്രി ചെരിവില്‍ വാരിക്കൂട്ടും. ഇവയില്‍ വലപ്പായ എന്ന കയര്‍ഭൂവസ്ത്രം പുതയ്ക്കും. താഴ്ന്നു പോകാതിരിക്കാന്‍ ചെറിയ മുളംകന്പുകള്‍ പായയില്‍ അടിച്ചിറക്കും. കണ്ണികള്‍ക്കിടയില്‍ പുല്ല് പിടിപ്പിക്കും. മൂന്നരവര്‍ഷം കൊണ്ട് വലപ്പായ ദ്രവിച്ച് തീരുമ്പോള്‍ പുല്‍വേരുകള്‍ വളര്‍ന്നിറങ്ങി കിരങ്കല്ലിനേക്കാളും ശക്തമാകും ഭൂവസ്ത്രമണിഞ്ഞ പ്രതലം.

ചതുരശ്രമീറ്ററിന് 65 രൂപ

ചതുരശ്രമീറ്ററിന് 65 രൂപ നിരക്കിലാണ് കയര്‍ കോര്‍പ്പറേഷനും കയര്‍ഫെഡും വലപ്പായ നല്‍കുന്നത്. 30 ഡിഗ്രി ചെരിവുള്ള പ്രതലത്തില്‍ 740 ജി.എസ്.എം. എന്ന അളവിലുള്ള വലപ്പായയാണ് ഉപയോഗിക്കുന്നത്. വലപ്പായയുടെ കണ്ണികള്‍ക്കിടയില്‍വെച്ചു പിടിപ്പിക്കുന്നത് തെരുവപ്പുല്ലോ രാമച്ചമോ ആക്കിയാല്‍ അതുവഴിയുള്ള വരുമാനവുമുണ്ടാക്കാം.