കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ഓക്‌സിജന്‍ ക്ഷാമമുള്ള (Oxygen Defecient Zone-ODZ) പ്രദേശങ്ങളുടെ തോത് വര്‍ധിച്ച് വരികയാണ്. പസഫിക് സമുദ്രത്തിന്റെ ഒരു ശതമാനം വരുന്ന പ്രദേശത്ത് മാത്രമേ ഓക്‌സിജന്‍ ക്ഷാമം ഉള്ളുവെങ്കിലും ഇത് സുപ്രധാന മാറ്റങ്ങള്‍ക്ക് കാരണമാകും. ഒരു  ശതമാനം വരുന്ന പ്രദേശം ഹരിതഗൃഹ വാതകമായ നൈട്രസ് ഓക്‌സൈഡിന്റെ ഉറവിടമാണ്.  ലോകത്താകെയുള്ള നൈട്രസ് ഓക്‌സൈഡ് ബഹിര്‍ഗമനത്തിന്റെ 25 ശതമാനവും പുറന്തള്ളുന്നത് സമുദ്രങ്ങളാണ്. 

ഇപ്പോഴിതാ ഓക്‌സിജന്‍ ക്ഷാമമുള്ള പ്രദേശങ്ങളെ പറ്റി വിശദമായി പഠിക്കാനായി ഇത്തരത്തിലുള്ള പ്രദേശങ്ങളുടെ അറ്റ്‌ലസ് തയ്യാറാക്കിയിരിക്കുകയാണ് ഗവേഷകര്‍. ത്രിമാനാകൃതിയിലാണ് അറ്റ്‌ലസ് തയ്യാറാക്കിയിരിക്കുന്നത്. റോബോട്ടുകളുടെയും മറ്റ് ക്രൂയിസുകളുടെയും സഹായത്തോടെ ശേഖരിച്ച 40 വര്‍ഷത്തെ സമുദ്ര പഠന റിപ്പോര്‍ട്ടും ഗവേഷണത്തിനായി സംഘം ഉപയോഗിച്ചു. അറ്റ്‌ലസ് തയ്യാറാക്കിയത് ഈ പ്രദേശങ്ങളിലെ മാറ്റങ്ങള്‍ വിലയിരുത്താനും മറ്റും ഉപകരിക്കും.

അന്തരീക്ഷത്തിലെ താപനില ഉയരുമ്പോള്‍ സമുദ്രങ്ങളിലെ ഓക്‌സിജന്‍ തോത് കുറയുക സ്വാഭാവികമാണ്. എന്നാല്‍ നിലവില്‍ ഓക്‌സിജന്‍ ക്ഷാമമുള്ള പ്രദേശങ്ങളില്‍ ഇതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്നും പറയപ്പെടുന്നു. എം.ഐ.ടിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എര്‍ത്ത്, അറ്റ്‌മോസ്ഫറിക് ആന്‍ഡ് പ്ലാനെറ്ററിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട്  ഗ്ലോബല്‍ ബയോജിയോകെമിക്കല്‍ സൈക്ലിസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസരത്തുള്ള ഓക്‌സിജന്‍ മുഴുവന്‍ മറൈന്‍ മൈക്രോബുകള്‍ വലിച്ചെടുക്കുന്നതിന്റെ പ്രത്യാഘാതമാണ് സമുദ്രങ്ങളിലെ ഓക്‌സിജന്റെ അസാന്നിധ്യം. 

ശരാശരി 4,000 മീറ്റര്‍ ആഴമുള്ള സമുദ്രങ്ങളുടെ 35 മുതല്‍ 1,000 മീറ്റര്‍ വരുന്ന പ്രദേശത്താണ് ഇത്തരത്തില്‍ ഓക്‌സിജന്റെ അസാന്നിധ്യം അനുഭവപ്പെടുക. സമുദ്രങ്ങളിലെ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്താനായി പല തട്ടുകളില്‍ നിന്ന്‌ ശേഖരിക്കുന്ന വെള്ളം നോക്കി സാന്നിധ്യം തിരിച്ചറിയുകയുമാണ് പതിവ്. എന്നാല്‍ ഇതിന്റെ കൃത്യതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നതിനാല്‍ ബോട്ടിലുകള്‍ക്കൊപ്പം സെന്‍സറുകള്‍ ഘടിപ്പിക്കുകയും പതിവായിരുന്നു.

Content Highlights: researchers created atlas which depicts oxgyen depleting zones