ഒട്ടാവ: കാനഡയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ കൊടുംചൂടില്‍ ഉഴലുകയാണ് ഇപ്പോള്‍. പൊതുവേ ശൈത്യപ്രദേശമായി കണക്കാക്കപ്പെടുന്ന കാനഡയില്‍ അസാധാരണമായ കാലാവസ്ഥ അനുഭവപ്പെടുന്നതില്‍ ആശങ്കയിലാണ് ലോകം. അന്തരീക്ഷ താപനില അപകടകരമായ നിലയില്‍ ഉയര്‍ന്ന കാനഡയില്‍ മരണങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കാനഡയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലാണ് ഉഷ്ണതരംഗം മൂലമുള്ള മരണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കനത്ത ചൂടുമൂലം ഇവിടെ മാത്രം ഒരാഴ്ചയ്ക്കിടയില്‍ 500-ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

രൂക്ഷമായ ചൂടു മൂലം കഴിഞ്ഞ ആഴ്ച മാത്രം 719 പേര്‍ മരിച്ചതായി ബ്രിട്ടീഷ് കൊളംബിയ അധികൃതര്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള കാലയളവില്‍ 233 പേര്‍ മരിച്ചു. സാധാരണഗതയില്‍ ഇക്കാലയളവില്‍ സംഭവിക്കാറുള്ള മരണത്തിന്റെ മൂന്നിരട്ടിയാണ് ഇതെന്നും അപ്രതീക്ഷിത മരണങ്ങളാണ് ഇവയില്‍ ഏറിയപങ്കുമെന്നും അധികൃതര്‍ പറയുന്നു. 

canada
ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ജലധാരയ്ക്കു കീഴില്‍ കിടക്കുന്ന ആള്‍. ആല്‍ബെര്‍ട്ടയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: എ.പി.

ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണ്‍ നഗരത്തില്‍ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അന്തരീക്ഷ താപനില ഈ ആഴ്ച രേഖപ്പെടുത്തി. 49.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. 1937-ല്‍ രേഖപ്പെടുത്തിയ 45 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതിനു മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന താപനില. താപനില ഉയരുന്നത് അന്തരീക്ഷത്തെ കൂടുതല്‍ വരണ്ടതാക്കുകയും മേഖലയിലെ കാര്‍ഷിക വിളകളെ രൂക്ഷമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

പൊതുവേ തണുപ്പേറിയ പ്രദേശമായ കാനഡയില്‍ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ജീവനെടുക്കാന്‍ തക്കവിധത്തില്‍ അസാധാരണമായി അന്തരീക്ഷ താപനില ഉയരുന്നത് ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ രൂപ്പപ്പെട്ട ഉയര്‍ന്ന മര്‍ദ്ദമാണ് അന്തരീക്ഷ താപനില വര്‍ധിക്കാനിടയാക്കുന്നതെന്നാണ് അവരുടെ നിഗമനം. ഉച്ചമര്‍ദ്ദത്തിന് ഇടയാക്കുന്നത് എന്തെന്ന് വ്യക്തല്ലെങ്കിലും മനുഷ്യ ഇടപെടല്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാര്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ചൂട് കൂടുന്നത് കാട്ടുതീ ഭീഷണിയും വർധിപ്പിച്ചിട്ടുണ്ട്. ലിട്ടണില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ 80 ചതുരശ്ര കിലോ മീറ്റര്‍ ചുറ്റളവില്‍ വലിയ നാശനഷ്ടമാണുണ്ടാക്കിയത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും കാട്ടുതീ വിഴുങ്ങി. ഇതുമൂലം ലിട്ടണ്‍ നഗരത്തില്‍നിന്ന് ബുധനാഴ്ച പതിനായിരത്തോളം പേരെ മിനിറ്റുകള്‍ക്കുള്ളില്‍ ഒഴിപ്പിക്കേണ്ടതായി വന്നു. കാട്ടുതീയില്‍ ഏതാനും പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് ബ്രിട്ടീഷ് കൊളംബിയ അധികൃതര്‍ പറഞ്ഞു. കാനഡയുടെ മറ്റു നിരവധി പ്രദേശങ്ങളിലും കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കാനഡയില്‍ ചൂട് കൂടുതലുള്ള പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുകയാണ്. ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ പരക്കംപായുന്നു. ചൂട് രൂക്ഷമായതോടെ പലയിടത്തും മുങ്ങിമരണങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൂടിനെ മറികടക്കാന്‍ ജനങ്ങള്‍ കൂടുതലായി പുഴകളിലും തടാകങ്ങളിലും സമയം ചെലവഴിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ മൂലമാണിത്.

Content Highlights: Record heatwave may have killed 500 people in western Canada