പയ്യന്നൂര്‍: രാമന്തളിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധസംഘത്തെ സര്‍ക്കാര്‍ നിയോഗിക്കുമെന്നും സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഘം ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് പരിഹാര നടപടികളിലൂടെ ഫലപ്രദമാക്കാന്‍ കഴിയും എന്നാണ് സംഘത്തിന്റെ നിര്‍ദേശമെങ്കില്‍ അതാകാം. പുതിയ മാലിന്യപ്ലാന്റ് വേണ്ടിവരുമെന്നാണ് വിദഗ്ദ്ധ സംഘം നിര്‍ദ്ദേശിക്കുന്നതെങ്കില്‍ അതിനും നാവിക അക്കാദമി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂര്‍ നഗരസഭാ ഓഫീസ് ഹാളില്‍ രാമന്തളി മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാമന്തളിയിലെ ജനങ്ങള്‍ക്ക് കിണറുകള്‍ മലിനമായ കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. അവര്‍ പ്രക്ഷോഭമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും സ്വാഭാവികം. ഇക്കാര്യത്തില്‍ നാട്ടുകാര്‍ ആശങ്കപ്പെടേണ്ടതില്ല. പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായ നടപടിയുണ്ടാകും. അതുകൊണ്ട് പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. നാവിക അക്കാദമിയോടും കേഡറ്റുകളോടും നമുക്ക് നല്ല ബന്ധമായിരിക്കണം. തെറ്റായ നടപടികള്‍ ഉണ്ടാകരുത്. പ്രശ്‌നം പരിഹരിക്കും. രാമന്തളിയില്‍ കുടിവെള്ളവിതരണമുണ്ടാകും.

രാജ്യത്തിന്റെ അഭിമാനകരമായ സ്ഥാപനമാണ് നാവിക അക്കാദമി. ദേശസ്‌നേഹികളാണ് നമ്മുടെ നാട്ടുകാര്‍. കുടിവെള്ളം കുടിക്കാന്‍ പറ്റാതായ അവസ്ഥ യാഥാര്‍ഥ്യമാണ്. എന്നാല്‍, പ്ലാന്റ് ശാസ്ത്രീയമായി തയ്യാറാക്കിയതെന്നാണ് അക്കാദമി പറയുന്നത്. അതുകൊണ്ടാണ് വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധിപ്പിച്ച് റിപ്പോര്‍ട്ടിനായി സര്‍ക്കാര്‍ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പി.കരുണാകരന്‍ എം.പി., സി.കൃഷ്ണന്‍ എം.എല്‍.എ., കളക്ടര്‍ മിര്‍ മുഹമ്മദലി, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍, പഞ്ചായത്തംഗം ടി.കെ.പ്രീത എന്നിവരും നാവിക അക്കാദമി ഒഫീഷ്യേറ്റിങ് കമാന്‍ഡന്റ് എം.ഡി.സുരേഷ്, സ്റ്റേഷന്‍ കമാന്‍ഡന്റ് കമലേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു. കൂടാതെ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ്, വാട്ടര്‍ അതോറിറ്റി, സി.ഡബ്ല്യു.ആര്‍.ഡി.എം എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.