മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തേടി അലയുന്ന ധ്രുവക്കരടികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയില്‍നിന്നുള്ള ഈ ചിത്രങ്ങള്‍ കാലാവസ്ഥാ വ്യതിയാനം മൂലം ധ്രുവപ്രദേശങ്ങളിലെ ജീവജാലങ്ങള്‍ അനുഭവിക്കുന്ന സങ്കീര്‍ണമായ അവസ്ഥ വിളിച്ചുപറയുന്നുണ്ട്.

അടുത്തിടെ റഷ്യയിലെ ബല്യൂഷ്യ ഗൂബ എന്ന ഗ്രാമത്തില്‍ കൂട്ടമായെത്തിയത് അമ്പതോളം ഹിമക്കരടികളാണ്. അവയില്‍ പലതും ഭക്ഷണം തേടി തെരുവുകളില്‍ അലഞ്ഞു നടന്നു. ചിലത് വീടുകളിലും ഷോപ്പിങ് മാളുകളിലും അതിക്രമിച്ചു കടന്നു. ഹിമക്കരടികളുടെ സംഘം ജനങ്ങളുടെ ജീവന് ഭീഷണിയായതോടെ പ്രാദേശിക ഭരണകൂടം മേഖലയില്‍ ഒരാഴ്ചത്തേയ്ക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര ഭരണകൂടത്തിന്റെ സഹായവും തേടിയിരിക്കുകയാണിപ്പോള്‍.

പ്രദേശത്ത് വന്‍ തോതില്‍ മാലിന്യം അടിഞ്ഞുകൂടിയതാണ് ഹിമക്കരടികള്‍ അതിക്രമിച്ചു കടക്കാന്‍ ഇടയാക്കിയതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും വസ്തുത മറ്റൊന്നായിരുന്നു. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ ഭക്ഷണ പ്രതിസന്ധിയാണ് ധ്രുവക്കരടികളെ മനുഷ്യവാസമുള്ള മേഖലകളിലേയ്ക്ക് കടന്നുകയറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

polar bears
Photo: AFP

തണുപ്പിന്റെ കുറവ് മൂലം സമുദ്രജലം ഉറഞ്ഞ് മഞ്ഞാവാത്തതുമൂലം ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന വ്യതിയാനമാണ് ഹിമക്കരടികള്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നം. അതുമൂലം സീലുകള്‍ അടക്കമുള്ള സമുദ്രജീവികളെ വേട്ടയാടാന്‍ സാധിക്കാതതാണ് ഭക്ഷണം തേടി ഹിമക്കരടികള്‍ക്ക് നാട്ടിലിറങ്ങേണ്ട സ്ഥിതിയുണ്ടാക്കുന്നത്. കൂടാതെ ധ്രുവ മേഖലയിലേയ്ക്ക് മനുഷ്യന്റെ കടന്നുകയറ്റവും ആവാസ വ്യസ്ഥയെ തകര്‍ക്കുന്നതിന് ഇടയാക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

മഞ്ഞു പ്രദേശങ്ങള്‍ അമിതമായി ഉരുകുകയും സമുദ്രനിരപ്പില്‍ അസ്വാഭാവികമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നതോടെ ധ്രുവപ്രദേശങ്ങളിലെ ജീവികള്‍ക്ക് അവയുടെ സ്വഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നാതായി ഗവേഷകര്‍ പറയുന്നു. ഭക്ഷണം ലഭിക്കാതെ കടുത്ത പട്ടിണി മൂലം കരടികള്‍ ചാവുന്നതും പതിവാണ്. 

ലോകത്തിലെ 19 വ്യത്യസ്ത മേഖലകളിലുള്ള 25,000 ഓളം വരുന്ന ധ്രുവക്കരടികള്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ ഇവയുടെ എണ്ണം മൂന്നിലൊന്നായി കുറയുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. കഴിഞ്ഞ വര്‍ഷവും ധ്രുവപ്രദേശങ്ങളില്‍ ഭക്ഷണം ലഭിക്കാതെ പട്ടിണിക്കോലമായ ധ്രുവക്കരടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Content Highlights: Polar Bears Feast On Food Waste, Russia's Arctic, global warming, climate change