കാലാവസ്ഥാ ഉച്ചകോടി പാരീസില്‍ (2015) നിന്ന് ഗ്ലാസ്ഗോയിലെത്തുന്നതിനിടയിലുള്ള ആറുവര്‍ഷം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പരമ്പരകളായിരുന്നു ലോകത്ത് നടമാടിക്കൊണ്ടിരുന്നത്. പാരീസ് ഉച്ചകോടിയില്‍ വെച്ച് പൊതുസമ്മതിയില്‍ എത്താന്‍ സാധിക്കാതിരുന്ന പല വിഷയങ്ങളിന്മേലും പ്രത്യേകിച്ചും കാലാവസ്ഥാ ദുരന്തങ്ങള്‍ കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നടക്കുന്ന, ഗ്ലാസ്ഗോ സമ്മേളനത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാലാവസ്ഥാ ദുരന്തങ്ങള്‍ക്കിരയാക്കപ്പെടുന്ന, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ മാത്രം നടത്തുന്ന, രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രാഷ്ട്രങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന 'പാരീസ് റൂള്‍ബുക്ക്' അംഗീകരിക്കല്‍ തുടങ്ങിയ ഇവയില്‍ പ്രധാനപ്പെട്ടതായിരുന്നു.

ഒരേസമയം പ്രതീക്ഷകളും നിരാശകളും സമ്മാനിക്കുന്നതാണ് ഗ്ലാസ്ഗോ ഉച്ചകോടിയിലെ സംഭവവികാസങ്ങള്‍. കാലാവസ്ഥാ മാറ്റങ്ങളുടെ ഇരകളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നുകേട്ട നാളുകളായിരുന്നു ഈ പതിമ്മൂന്ന് ദിനങ്ങള്‍. വികസിതരാഷ്ട്രങ്ങളെ അവരുടെ ചരിത്രപരമായ കാര്‍ബണ്‍ പുറന്തള്ളലിന് ഉത്തരവാദികളാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ഗ്ലാസ്ഗോയിലെ ബ്ലൂ സോണിലും (യു.എന്നിന്റെ ആതിഥേയത്വത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്ന സ്ഥലം), ഗ്രീന്‍ സോണിലും (ബ്രിട്ടന്റെ ആതിഥേയത്വത്തില്‍ ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍, അക്കാദമിക്കുകള്‍, ക്ലൈമറ്റ് ആക്ടിവിസ്റ്റുകള്‍, എന്‍.ജി.ഒ.കള്‍ എന്നിവര്‍ ഒത്തുചേരുന്ന സ്ഥലം) ശക്തമായി മുഴങ്ങിക്കേള്‍ക്കുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനമെന്ന വിഷയത്തെ മുന്‍നിര്‍ത്തിക്കൊണ്ടല്ലാതെ ഇനിയങ്ങോട്ട് ഏതുവിധത്തിലുമുള്ള ആസൂത്രണവും സാധ്യമല്ലെന്ന സന്ദേശം കൂടുതല്‍ വ്യക്തതയോടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഗ്ലാസ്ഗോ ഉച്ചകോടിക്ക് സാധിച്ചെന്നത് യാഥാര്‍ഥ്യമാണ്.

പ്രതിജ്ഞകള്‍, പ്രതിബദ്ധതകള്‍

കാര്‍ബണ്‍ പുറന്തള്ളലില്‍ 'നെറ്റ് സീറോ' ലക്ഷ്യത്തിലെത്താനുള്ള സമയപരിധിയായി 2050 നിശ്ചയിക്കുന്നതിലേക്ക് കൂടുതല്‍ രാജ്യങ്ങളെ പ്രതിബദ്ധരാക്കാന്‍ സാധിച്ചെന്നത് ഗ്ലാസ്ഗോ ഉച്ചകോടിയുടെ വിജയമായി കരുതാവുന്നതാണ്. ഇതിനുപുറമേ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ഇരുപതോളം രാഷ്ട്രങ്ങള്‍ 2022-ഓടെ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് സാമ്പത്തികസഹായം നിര്‍ത്തിവെക്കുന്ന കാര്യത്തില്‍ പൊതുതീരുമാനത്തിലെത്തി.

ഇന്‍ഡൊനീഷ്യ, വിയറ്റ്നാം, പോളണ്ട്, യുക്രൈന്‍ എന്നിങ്ങനെ 23 രാജ്യങ്ങള്‍ പദ്ധതികളുടെ വലുപ്പമനുസരിച്ച് 2030 അല്ലെങ്കില്‍ 2040 കാലയളവിനുള്ളില്‍ കല്‍ക്കരിയെ അടിസ്ഥാനമാക്കിയുള്ള ഊര്‍ജപദ്ധതികളില്‍നിന്ന് പിന്‍വാങ്ങും. ലോകത്തിലെ 85 ശതമാനം വനങ്ങളും സ്ഥിതിചെയ്യുന്ന 110-ഓളം രാജ്യങ്ങള്‍ 2030-ഓടെ വനനശീകരണം അവസാനിപ്പിക്കുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. വിനാശകാരിയായ ഹരിതഗൃഹവാതകങ്ങളില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന മീഥെയ്നിന്റെ പുറന്തള്ളലില്‍ 2030-ഓടെ 30 ശതമാനം വെട്ടിക്കുറവ് വരുത്തുമെന്ന പ്രതിജ്ഞയില്‍ ഒട്ടേറെ രാജ്യങ്ങള്‍ ഒപ്പുവെച്ചു. കാലാവസ്ഥാ ഫണ്ടിലേക്ക് അടുത്ത അഞ്ച് വര്‍ഷം പത്തു ബില്യണ്‍ ഡോളര്‍ അധികമായി നല്‍കുമെന്ന് ജാപ്പാന്‍ വാഗ്ദാനം ചെയ്തു. മലിനീകാരികളല്ലാത്ത സാങ്കേതികവിദ്യകളുടെ ആവിഷ്‌കാരത്തിനും വികസനത്തിനുംവേണ്ടി 2030-ഓടെ സാമ്പത്തിക സഹായം നല്‍കാന്‍ നാല്പതോളം രാഷ്ട്രങ്ങള്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കുമെന്ന് ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടായി.

ഗ്ലാസ്ഗോയിലെ അസാന്നിധ്യങ്ങള്‍

സാന്നിധ്യത്തെക്കാള്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധനേടിയ രാഷ്ട്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചൈനയാണ്. നിലവില്‍ ആഗോള ഹരിതഗൃഹവാതക പുറന്തള്ളലിന്റെ 27 ശതമാനത്തിന് ഉത്തരവാദിയായ, ഒരു വളരുന്ന സാമ്പത്തിക ശക്തിയായ ചൈന ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പങ്കെടുക്കുകയുണ്ടായില്ല. എങ്കില്‍ക്കൂടിയും 2060-ല്‍ തങ്ങള്‍ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പുനല്‍കിയതോടൊപ്പം വിദേശ കല്‍ക്കരി പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെക്കുമെന്നും ചൈന പ്രഖ്യാപിച്ചു. അതുപോലെത്തന്നെ ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പങ്കെടുക്കാതെ മാറിനിന്ന രണ്ട് സുപ്രധാന പെട്രോ രാഷ്ട്രങ്ങളായ റഷ്യയും സൗദി അറേബ്യയും 2060-ഓടെ തങ്ങള്‍ നെറ്റ് സീറോയിലെത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസ്താവിച്ചു. കല്‍ക്കരി ഖനനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓസ്ട്രേലിയയും ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു.

ഇന്ത്യന്‍ നിലപാട്

ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് തൊട്ടുമുന്നെവരെ ഇന്ത്യയുടെ ഔദ്യോഗിക നിലപാടുകള്‍ സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. ഉച്ചകോടിയിലെ പൊതുവികാരത്തിന് വിരുദ്ധമായി 2070-ഓടെ ഇന്ത്യയെ നെറ്റ് സീറോ ലക്ഷ്യത്തിലെത്തിക്കുമെന്നായിരുന്നു പ്രധാനമന്ത്രി സൂചിപ്പിച്ചത്. ഇതിനു പുറമേ 2030-ഓടെ ഇന്ത്യയുടെ ഫോസിലിതര ഊര്‍ജോത്പാദനത്തില്‍ 50 ശതമാനം വര്‍ധന സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പുതുക്കാവുന്ന ഊര്‍ജ സ്രോതസ്സുകളില്‍നിന്ന് അടുത്ത ഒമ്പത് വര്‍ഷത്തിനുള്ളില്‍ 500 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ കാതല്‍.

ആശങ്കകള്‍

പ്രതിജ്ഞകളും പ്രഖ്യാപനങ്ങളുംകൊണ്ട് ആവേശഭരിതമായ അന്തരീക്ഷത്തിലാണ് ഗ്ലാസ്ഗോ ഉച്ചകോടി നടന്നതെങ്കിലും പ്രഖ്യാപനങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച് ഒട്ടേറെ ആശങ്കകളാണ് ഉയര്‍ന്നിട്ടുള്ളത്. രാഷ്ട്ര നേതാക്കള്‍ ഉച്ചകോടിയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാവശ്യമായ നിയമനിര്‍മാണങ്ങള്‍ രൂപവത്കരിക്കാന്‍ അവരവരുടെ രാജ്യങ്ങളില്‍ തടസ്സങ്ങള്‍ ഏറെയുണ്ടായിരിക്കും എന്നതാണ് ഒരുകാര്യം. അമേരിക്കന്‍ സെനറ്റില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ജോ ബൈഡന് കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്തുക ശ്രമകരമായിരിക്കും. നേരത്തേതന്നെ ആണവോര്‍ജ പദ്ധതികളിന്മേല്‍ പിന്‍വലിയല്‍ പ്രഖ്യാപിച്ച ജര്‍മനിക്ക് 2038-ഓടെ കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള പിന്മാറ്റം എളുപ്പമായിരിക്കില്ല.

2070-ല്‍ നെറ്റ് സീറോ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാട് പ്രായോഗികമെന്ന നിലയില്‍ വാഴ്ത്തപ്പെടുകയുണ്ടായെങ്കിലും ഫോസിലിതര വൈദ്യുതോത്പാദനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 2022-ഓടെ പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍ നിന്ന് 175 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യക്ക് 100 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂവെന്നത് വസ്തുതയാണ്.

സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് നാഷണല്‍ വര്‍ക്കിങ് കമ്മിറ്റിയംഗമാണ് ലേഖകന്‍

Content Highlights: pledge, responsibilities and doubts in glasgow climate summit 2021