ആഗോളതാപനം ഹിമാലയന്‍ പരിസ്ഥിതി വ്യൂഹത്തിന് വരുത്തുന്ന മാറ്റങ്ങളുടെ നേര്‍ക്കാഴ്ചയാണ് ശലഭങ്ങളുടെ 'മലകയറ്റം' എന്ന് ഗവേഷകര്‍

യനാട്ടില്‍ കുയിലുകള്‍ എത്തിയ കാര്യം തൊണ്ണൂറുകളുടെ അവസാനം ചില ഗവേഷകര്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. അതെന്താ, കുയിലുകള്‍ക്ക് വയനാട്ടില്‍ വല്ല വിലക്കുമുണ്ടോ എന്ന് ചിലര്‍ കളിയാക്കിയെങ്കിലും, അതത്ര പരിഹസിക്കാന്‍ പോന്ന വാര്‍ത്തയായിരുന്നില്ല. കാരണം, അതൊരു സൂചനയായിരുന്നു, വയനാട്ടിലും ചൂടു കൂടുന്നു എന്നതിന്റെ അപായസൂചന!

ഹൈറേഞ്ചിലെ മലനിരകളില്‍ നീലക്കുറിഞ്ഞി 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നു. നീലക്കുറിഞ്ഞിച്ചെടികളുടെ (Strobilanthes kunthianus) ആയുസ്സ് 12 വര്‍ഷമാണ്. അത്രയും നാള്‍ നിലനില്‍ക്കുന്ന ചെടികള്‍ പൂക്കുന്നതോടെ അവയുടെ ജീവിതചക്രം പൂര്‍ത്തിയാകുന്നു. പൂക്കള്‍ വിത്തുകള്‍ക്ക് വഴിമാറും. ചെടിക്കൊപ്പം വിത്തും മണ്ണില്‍ ചേരും, അടുത്ത തലമുറ ചെടികള്‍ മുളയ്ക്കും. പുതിയ ചെടികള്‍ 12 വര്‍ഷം വളരും. കഥ ഇങ്ങനെ ആവര്‍ത്തിക്കുന്നു. 

വലിയ പ്രദേശത്ത് കുറിഞ്ഞിപ്പൂക്കള്‍ ഒരുമിച്ച് കാണാന്‍ കഴിയുന്ന പ്രദേശങ്ങളിലൊന്ന് മൂന്നാറിലെ രാജമലയാണ്. വരയാടുകളെ സംരക്ഷിക്കാന്‍ രൂപംനല്‍കിയ ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ഭാഗം.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഒടുവിലത്തെ പൂക്കാലം 1994-ലായിരുന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആദ്യത്തേത് 2006-ലും. ആ രണ്ടു തവണയും രാജമലയില്‍ എത്തിയ ചിലരെങ്കിലും ഒരുകാര്യം ശ്രദ്ധിച്ചിരിക്കണം. രാജമലയില്‍ നായ്‌ക്കൊല്ലിമലയുടെ ചുവട്ടില്‍, തേയിലത്തോട്ടങ്ങള്‍ എത്തുന്ന അതിര്‍ത്തി മുതല്‍ 1994-ല്‍ കുറിഞ്ഞിച്ചെടികള്‍ നിരന്നു പൂത്തിരുന്നു. ചോല പുല്‍മേടും അവിടം മുതല്‍ ദൃശ്യമായിരുന്നു. 

എന്നാല്‍, 2006 ആയപ്പോഴേക്കും ആ താഴ്ന്ന പ്രദേശത്ത് പുല്‍മേടും കുറിഞ്ഞിക്കാടും പൊന്തകള്‍ക്കും കുറ്റിക്കാടിനും വഴിമാറി. തേയില തോട്ടത്തിന് സമീപം അവശേഷിച്ചിരുന്ന ഏതാനും കുറിഞ്ഞിച്ചെടികള്‍ പൊന്തക്കാട്ടില്‍ ഞെരുങ്ങി പോയിരുന്നു. നീലക്കുറിഞ്ഞികള്‍ നിരന്നു പൂത്തത് കാണാന്‍ കുറെ മുകളില്‍ എത്തണമായിരുന്നു. എന്നുവെച്ചാല്‍, പുല്‍മേടും കുറിഞ്ഞിക്കാടും ഒരു വ്യാഴവട്ടക്കാലത്തിനിടെ മുകളിലേക്ക് ശോഷിച്ചുപോയിരിക്കുന്നു! 

Strobilanthes kunthianus, Neelakurinji
മൂന്നാറിലെ രാജമലയില്‍ മുമ്പ് കുറിഞ്ഞിക്കാടായിരുന്ന സ്ഥലം പൊന്തക്കാടായി മാറിയിരിക്കുന്നു, 2006-ലെ ദൃശ്യം. Pic Credit: Joseph Antony

കേരളത്തിലും ചൂടുകൂടുകയാണ് എന്നറിയാവുന്നവര്‍ക്ക് കുറിഞ്ഞിച്ചെടികളുടെ ആ 'മലകയറ്റം' മനസിലാക്കാന്‍ എളുപ്പമായിരുന്നു. 

ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഹിമാലയത്തിലെ ശലഭങ്ങള്‍ 'മലകയറുന്നതി'നെപ്പറ്റിയുള്ള പഠനറിപ്പോര്‍ട്ട് വായിച്ചതാണ്. കൊല്‍ക്കത്തയില്‍ അടുത്തയിടെ നടന്ന ഒരു സിംപോസിയത്തില്‍ (6th Asian Lepidoptera Conservation Symposium) ആണ് റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. 

ഉത്തരാഖണ്ഡ്, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളില്‍ 1300 മുതല്‍ 2400 മീറ്റര്‍ വരെ ഉയരമുള്ള വിതാനങ്ങളില്‍ കാണപ്പെട്ടിരുന്ന ചിത്രശലഭമാണ് 'ഹിമാലയന്‍ ടെയ്ല്‍ലെസ്സ് ബുഷ്ബ്ലൂ' (Arhopala ganesa ganesa). അവ 3577 മീറ്റര്‍ ഉയരത്തിലേക്ക് താമസം മാറ്റിയതായി ഗവേഷകര്‍ കണ്ടു. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 1500 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ കണ്ടിരുന്ന 'ബ്ലൂ ബാരോണ്‍' (Euthalia telchinia) ചിത്രശലഭം 2100 മീറ്റര്‍ ഉയരമുള്ള വിതാനത്തിലേക്ക് മാറിയിരിക്കുന്നു!

ചിത്രശലഭങ്ങള്‍ മാത്രമല്ല, നിശാശലഭങ്ങളും (moth) ഈ വിധം ഉയര്‍ന്ന വിതാനങ്ങളിലേക്ക് ആവാസമേഖല മാറ്റിയ കാര്യം സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ' (ZSI) പ്രസിദ്ധീകരിച്ച ആ റിപ്പോര്‍ട്ടിലുണ്ട്. ശ്രീലങ്കയില്‍ വെറും 300 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കണ്ടിരുന്ന 'ട്രെച്ചിയ ഔരിപ്ലീന' (Trachea auriplena) എന്ന നിശാശലഭത്തെ, ഇപ്പോള്‍ ഉത്തരഖണ്ഡിലെ 3100 മീറ്റര്‍ ഉയരമുള്ള ഇടങ്ങളില്‍ നിരീക്ഷിച്ചത് ഗവേഷകരെ അമ്പരപ്പിച്ചു. 'ഡിഫ്‌തെറോകം ഫേസിയാറ്റ' (Diphtherocome fasciata) നിശാശലഭം, ഹിമാലയത്തില്‍ 2200 മീറ്റര്‍ വിതാനത്തില്‍ നിന്ന് 3300 മീറ്റര്‍ ഉയരത്തിലേക്ക് നീങ്ങിയിരിക്കുന്നു. 

ആഗോളതാപനം ഹിമാലയന്‍ പരിസ്ഥിതിവ്യൂഹത്തിന് വരുത്തുന്ന മാറ്റങ്ങളുടെ നേര്‍ക്കാഴ്ചയാണ് ശലഭങ്ങളുടെ 'മലകയറ്റ'മെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

ഹിമാലയവും ധ്രുവപ്രദേശങ്ങളും ഉള്‍പ്പടെ മഞ്ഞുപാളികളും ഹിമമണ്ണും (permafrost) ഉള്ള പ്രദേശങ്ങളെ 'ക്രയോസ്ഫിയര്‍' (cryosphere) എന്നാണ് വിളിക്കുന്നത്. ആഗോളതാപനം ക്രയോസ്ഫിയറിനും സമുദ്രങ്ങള്‍ക്കും വരുത്തുന്ന ആശങ്കയുളവാക്കുന്ന മാറ്റങ്ങളെക്കുറിച്ച്, യു.എന്നിന് കീഴിലെ 'ഇന്റര്‍ഗവര്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്' (IPCC) ഒരു സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത് സെപ്റ്റംബര്‍ 25-നാണ്. 

Okhi Cyclone
കേരളത്തില്‍ 2017 അവസാനം നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ ഉപഗ്രഹദൃശ്യം. Pic Credit: NOAA/Wikimedia Commons

'മലകയറുന്ന ശലഭങ്ങളെ'പ്പോലെ, മനുഷ്യവര്‍ഗ്ഗവും ആഗോളതാപനം നേരിടാന്‍ വലിയ ക്രമപ്പെടുത്തലുകളും ഒരുക്കങ്ങളും നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്,  36 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഏറ്റവും പുതിയ ഏഴായിരത്തോളം പഠനങ്ങള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വ്യവസായിക യുഗത്തിന്റെ തുടക്കത്തിലേതിനെ അപേക്ഷിച്ച് ഭൗമതാപനില ഇതിനകം ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു കഴിഞ്ഞു. അത് രണ്ടു ഡിഗ്രിയില്‍ പിടിച്ചുനിര്‍ത്തണമെന്നാണ് 'പാരീസ് ഉടമ്പടി' വ്യവസ്ഥചെയ്യുന്നത്. പാരീസ് ഉടമ്പടി നടപ്പിലാക്കിയാല്‍ എന്തു സംഭവിക്കും, നടപ്പിലാക്കിയില്ലെങ്കില്‍ എന്താകും ഫലം-ഈ രണ്ടു സാഹചര്യങ്ങളാണ് ഐ.പി.സി.സി. സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. ഉടമ്പടി നടപ്പാക്കിയാല്‍  പോലും ലോകം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അപ്പോള്‍, ഉടമ്പടി നടപ്പിലാക്കാന്‍ കഴിയില്ലെങ്കിലോ? സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധമാകും അനന്തരഫലങ്ങള്‍! 

ആഗോളതാപനം രണ്ടു ഡിഗ്രിക്ക് മുകളിലേക്കെത്താതെ വാതകവ്യാപനം പരിമിതപ്പെടുത്തിയാല്‍ പോലും, ഇന്നത്തെ നിലയ്ക്ക് 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് 30 മുതല്‍ 60 സെന്റിമീറ്റര്‍ വരെ ഉയരാം. അതേസമയം, നിലവിലെ തോതില്‍ വാതകവ്യാപനം വര്‍ധിക്കുകയാണ് എങ്കില്‍ സമുദ്രവിതാനം 60 മുതല്‍ 110 സെന്റിമീറ്റര്‍ വരെ ഉയരും-റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

ചുഴലിക്കൊടുങ്കാറ്റ്, അതിവര്‍ഷം, തീവ്രമഴ, കഠിനവരള്‍ച്ച എന്നിങ്ങനെ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ തോത് കഠിനമായി വര്‍ധിക്കാന്‍ സമുദ്രവിതാനം ഉയരുന്നത് കാരണമാകും. 2017-ല്‍ ഓഖി ചുഴലിക്കൊടുങ്കാറ്റും, 2018-ലും 2019-ലും വന്‍പ്രളയവും നേരിട്ട കേരളീയര്‍ക്ക് ഇതിനി പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ല. 

Greta Thunberg
ഗ്രേറ്റ തുന്‍ബെര്‍ഗ് സമരമുഖത്ത്. Pic Credit: AFP

താപനം ഇപ്പോഴത്തെ മാതിരി തുടര്‍ന്നാല്‍, നിലവിലെ സൂചനകള്‍ പ്രകാരം, ഇത്രകാലവും നൂറ്റാണ്ടിലൊരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഇത്തരം ഭീഷണികള്‍ 21-ാം നൂറ്റാണ്ട് പകുതി പിന്നിടുമ്പോഴേക്കും വര്‍ഷംതോറും നേരിടേണ്ടി വരുന്ന അവസ്ഥയിലാകും പല പ്രദേശങ്ങളും. തീരദേശ നഗരങ്ങളും ചെറുദ്വീപുരാഷ്ട്രങ്ങളുമാണ് ഇത്തരം മാറ്റങ്ങളുടെ പ്രഹരം കൂടുതലും ഏറ്റുവാങ്ങേണ്ടി വരിക. 

'ഇല്ലാത്ത ഭാവിക്കു വേണ്ടി നമ്മളെന്തിന് പഠിക്കണം' എന്ന പൊള്ളിക്കുന്ന ചോദ്യവുമായി, സ്വീഡനിലെ ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന പതിനാറുകാരി ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം ലോകമനസാക്ഷിക്കു മേല്‍ കനല്‍വാരിയിടുന്ന സമയമാണിത്. ഒരര്‍ഥത്തില്‍ ഗ്രേറ്റയുടെ ചോദ്യത്തിനുള്ള വിശദീകരണമാണ്, ഐ.പി.സി.സി.യുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്! 

അവലംബം -

* Special Report on the Ocean and Cryosphere in a Changing Climate. IPCC, Sept 25, 2019
* The Weather Makers - The History and Future Impact of Climate Change (2006). By Tim Flannery. Allen Lane, London. 
* Unusual movement of moths and butterflies causing a flutter. By Shiv Sahay Singh. The Hindu, Oct 2, 2019. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Climate Change, Global Warming, Unusual movement of moths and butterflies, IPCC Report, Greta Thunberg, Cryosphere, Environment