സിഡ്‌നി: ഓസ്‌ട്രേലിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 60,000-ത്തിലധികം കൊവാളകൾ ചാവുകയോ പരിക്കേൽക്കുകയോ പലായനം ചെയ്യുകയോ ചെയ്തതായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ(ഡബ്ല്യു.ഡബ്ല്യു.എഫ്.) റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ മാത്രം കണ്ടു വരുന്ന കൊവാള, വിവിധ മനുഷ്യ ഇടപെടലുകളിൽ വംശനാശഭീഷണി നേരിട്ടിരുന്നു.

തെക്കൻ ഓസ്‌ട്രേലിയയിലെ കങ്കാരു ദ്വീപിലാണ് കൊവാളകൾക്ക് കൂടുതൽ നാശം സംഭവിച്ചത്. 40,000 കൊവാളകളെ ഇവിടെ കാട്ടുതീ ബാധിച്ചു. ജൂണിൽ പാർലമെന്ററി തലത്തിൽനടന്ന അന്വേഷണത്തിൽ 2050-ഓടെ കൊവാളകൾ പൂർണമായും രാജ്യത്തുനിന്ന് അപ്രത്യക്ഷമാകുമെന്ന് കണ്ടെത്തിയിരുന്നു.

2016-ലെ റിപ്പോർട്ട് പ്രകാരം ഓസ്‌ട്രേലിയയിൽ 3,29,000 കൊവാളകളാണുണ്ടായിരുന്നത്. എന്നാൽ, പിന്നീട് എല്ലാ വർഷങ്ങളിലും ആവർത്തിച്ച കാട്ടുതീകൾ ഇവയുടെ എണ്ണം ക്രമാതീതമായി കുറയാൻ കാരണമായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന കൊവാളകളെ സംബന്ധിച്ച് വിനാശകാരമായ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നതെന്ന് ഡബ്ല്യു.ഡബ്ല്യു.എഫ്. ഓസ്‌ട്രേലിയ ചീഫ് എക്സിക്യുട്ടീവ് ഡെർമോറ്റ് ഒ ഗോർമാൻ പറഞ്ഞു. കഴിഞ്ഞ വേനൽക്കാലത്ത് രാജ്യത്തുണ്ടായ കാട്ടുതീയിൽ 2.4 കോടി ഹെക്ടർ ഭൂമി കത്തി നശിക്കുകയും 33 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പ്രദേശത്തെ 300 കോടി ജീവികൾ കാട്ടുതീയിൽപ്പെട്ടതായും ഡബ്ല്യു.ഡബ്ല്യു.എഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Content Highlights: More than 60,000 koalas killed or hurt in Australia’s bushfires