കങ്കാരുക്കളുടെയും കൊവാളകളുടെയും നാടായ ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നുവെന്ന വാര്‍ത്തകളാണ് മാസങ്ങളായി നമ്മള്‍ കാണുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കത്താന്‍ തുടങ്ങിയ തീ അണയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല


വേനല്‍ക്കാലത്ത് സാധാരണയായി എല്ലാ വര്‍ഷവും ഓസ്‌ട്രേലിയയില്‍ കാട്ടുതീയുണ്ടാകാറുണ്ട്. എന്നാല്‍, ഇത്തവണ അത് നിയന്ത്രിക്കാനാകാത്തവിധം മാരകമായി പടര്‍ന്നു. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ എന്നിവിടങ്ങളെയാണ് പ്രധാനമായും തീ വിഴുങ്ങിയത്.

ബുഷ് ഫയര്‍

കുറ്റിക്കാടുകള്‍ക്ക് തീപിടിക്കുന്ന ബുഷ് ഫയര്‍ ആണ് ഓസ്‌ട്രേലിയയില്‍ നാശം വിതയ്ക്കുന്നത്. കുറ്റിക്കാടുകളില്‍ പടര്‍ന്ന തീ വലിയ മരങ്ങളെയടക്കം ചാമ്പലാക്കി മുന്നേറുന്നു. മിന്നലേറ്റോ അല്ലെങ്കില്‍ മറ്റൈന്തങ്കിലും കാരണങ്ങളാലോ ഉണ്ടാകുന്ന തീപ്പൊരിയില്‍നിന്നാണ് തീ വ്യാപിക്കുന്നത്. എന്നാല്‍, മനഃപൂര്‍വം കാടിന് തീകൊളുത്തുന്ന സമൂഹവിരുദ്ധരുടെ പ്രവൃത്തിയും കാട്ടുതീയുണ്ടാക്കുന്നു.

ദുരന്തത്തിന്റെ വ്യാപ്തി

• ഇതുവരെ കത്തിച്ചാമ്പലായത് 63 ലക്ഷം ഹെക്ടര്‍ പ്രദേശം(അതായത് 1.56 കോടി ഏക്കര്‍). നമ്മുടെ കേരളത്തിന്റെ ഒന്നരയിരട്ടി വരുമിത്. 38 ലക്ഷം ഹെക്ടറാണ് കേരളത്തിന്റെ ആകെ ഭൂവിസ്തൃതി.

• കഴിഞ്ഞവര്‍ഷം ബ്രസീലിലെ ആമസോണ്‍ കാടുകളിലും 2018-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലുമുണ്ടായ കാട്ടുതീയെക്കാള്‍ ഏഴിരട്ടി വ്യാപ്തിയുള്ളതാണ് ഓസ്‌ട്രേലിയയിലെ തീ. ആമസോണില്‍ ഒമ്പതുലക്ഷവും കാലിഫോര്‍ണിയയില്‍ എട്ടുലക്ഷവും ഹെക്ടര്‍ ഭൂമിയാണ് കത്തിയത്.

fire

തീതുപ്പും മേഘവ്യാളി

കാട്ടുതീയെത്തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ കാലാവസ്ഥയില്‍ത്തന്നെ വന്‍മാറ്റമാണുണ്ടായത്. തീയില്‍നിന്നുണ്ടായ കറുത്ത പുക മേഘപടലങ്ങളായി മാറി പ്രദേശത്ത് പ്രത്യേക കാലാവസ്ഥ സൃഷ്ടിച്ചു. അപകടകരമായ പൈറോക്യുമുലോനിംബസ് മേഘങ്ങളാണ് ഇത്തരത്തില്‍ രൂപപ്പെട്ടത്. 'തീതുപ്പുന്ന മേഘവ്യാളി' എന്നാണ് നാസ പൈറോക്യുമുലോനിംബസ് മേഘങ്ങളെ വിളിച്ചത്. പൈറോക്യുമുലോനിംബസ് മേഘക്കൂട്ടം ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റുമുണ്ടാക്കും. ഇത് കാട്ടുതീ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കാനിടയാക്കും.

കാലാവസ്ഥാമാറ്റവും കാട്ടുതീയും

ഇന്ത്യന്‍ ഓഷന്‍ ഡൈപോളെന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഓസ്‌ട്രേലിയയില്‍ ഇത്തവണ കാട്ടുതീ ഇത്രയേറെ മാരകമാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍ മേഖലയില്‍ അന്തരീക്ഷതാപനില വര്‍ധിപ്പിക്കുന്നതിനും വരണ്ടതാക്കുന്നതിനും കാരണമായി.

എന്നാല്‍, കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോതുയര്‍ന്നത് ഭൂമിയിലെ മുഴുവന്‍ പ്രദേശങ്ങളിലും താപനിലയുയര്‍ത്തിയിട്ടുണ്ട്. ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍

സമുദ്രോപരിതലത്തിലെ ഊഷ്മാവില്‍ അസാധാരണമാംവിധത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതിന്റെ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പശ്ചിമമേഖലയിലുള്ള പ്രദേശങ്ങളില്‍ ചൂടുകൂടുകയും കിഴക്കന്‍ ഭാഗങ്ങളില്‍ ചൂടുകുറയുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍ അഥവാ ഇന്ത്യന്‍ നിനോ.

വന്യജീവികളെ ചുട്ടെരിച്ച്


കാട്ടുതീ ഓസ്‌ട്രേലിയയിലെ അപൂര്‍വവും വംശനാശം നേരിടുന്നതുമായ ജന്തുജാലങ്ങള്‍ക്ക് വന്‍നാശമുണ്ടാക്കി. വന്യജീവിവൈവിധ്യത്താല്‍ സമ്പന്നമാണ് ഓസ്‌ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങള്‍. പേരുകേട്ട കങ്കാരു ദ്വീപിന്റെ മൂന്നിലൊരു ഭാഗവും കൊവാളകളുടെയും അപൂര്‍വയിനം പക്ഷികളുടെയും കേന്ദ്രമായ ഫ്‌ലിന്‍ഡേഴ്‌സ് ചേയ്‌സ് ദേശീയോദ്യാനവും കാട്ടുതീയില്‍ ചാമ്പലായി.

കൊവാള

25,000 കൊവാളകള്‍ വെന്തുമരിച്ചുവെന്നാണ് കണക്ക്. ഇതിനിയും ഉയരും. കങ്കാരു ദ്വീപില്‍ മാത്രം ഉണ്ടായിരുന്നത് അമ്പതിനായിരത്തോളം കൊവാളകളാണ്. വളരെപ്പതുക്കെ സഞ്ചരിക്കുന്നതിനാലും അപകടസാഹചര്യങ്ങളില്‍ വൃക്ഷങ്ങള്‍ക്ക് മുകളില്‍ പന്തുപോലെ ചുരുണ്ടിരുന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന സ്വഭാവമുള്ളതിനാലും കാട്ടുതീയില്‍പ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ജീവിയാണ് കൊവാളകള്‍.

കങ്കാരു ദ്വീപ് ഡുന്നാര്‍ട്ട്

നിലവില്‍ത്തന്നെ വംശനാശഭീഷണി നേരിടുന്ന ജീവിയാണ് കങ്കാരു ദ്വീപ് ഡുന്നാര്‍ട്ട്. എലിയെപ്പോലെ തോന്നിക്കുന്ന ചെറു സഞ്ചിമൃഗമായ ഇവയ്ക്ക് അടുത്ത ദശാബ്ദത്തോടെ പൂര്‍ണമായും വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പുണ്ട്. കാട്ടുതീയോടെ, അവശേഷിച്ച ഡുന്നാര്‍ട്ടുകളും നശിച്ചുവെന്ന ഭയത്തിലാണ് അധികൃതര്‍.

കൊക്കാട്ടൂ തത്തകള്‍

ഓസ്‌ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന പക്ഷിയാണ് ഗ്ലോസി ബ്ലാക്ക് കൊക്കാട്ടൂ തത്തകള്‍. വംശനാശത്തിന്റെ വക്കിലാണ് ഇവയും.

ലിഗുറിയാന്‍ തേനീച്ച

ലോകത്തെ ഏറ്റവും ശുദ്ധമായ തേനാണ് ലിഗുറിയാന്‍ തേനീച്ചകളുടേതെന്നു കരുതുന്നു.

Content Highlights: Millions of animals are dying from the Australian fires