ഭോപ്പാല്‍: വേനല്‍ കടുത്തതിനെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മധ്യപ്രദേശില്‍ ജലത്തിന്റെ പേരിലുള്ള സംഘര്‍ഷം പതിവാകുന്നു. ഈ സാഹചര്യത്തില്‍ പോലീസിനോട് കൂടുതല്‍ ശ്രദ്ധചെലുത്താനും ജലസ്രോതസ്സുകള്‍ക്ക് പ്രത്യേക സുരക്ഷയേര്‍പ്പെടുത്താനും സംസ്ഥാന ആഭ്യന്തര മന്ത്രാലയം പോലീസിന് നിര്‍ദേശം നല്‍കി.

ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളത്തിന്റെ പേരിലുള്ള ഏറ്റുമുട്ടല്‍ നിരവധി ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 52 ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാര്‍ക്കും അവരുടെ അധികാര പരിധിയിലുള്ള ജല സ്രോതസ്സുകളില്‍ ആവശ്യമായ പോലീസ് സംഘത്തെ വിന്യസിക്കാനും വെള്ളത്തിന്റെ പേരിലുള്ള സംഘര്‍ഷം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ റോഡ് കയ്യടക്കി ഗതാഗതം തടസ്സപ്പെടുത്തുകയും നഗരസഭാ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പന്ന ജില്ലയിലെ പവായിയില്‍ കുടിവെള്ളത്തിനായി ബുധനാഴ്ച വലിയ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പന്ന ജില്ലയിലെതന്നെ ഛപ്പാരിനില്‍ കിണറുകളും തടാകങ്ങളും വറ്റിവരണ്ടതിനെ തുടര്‍ന്ന് ഗ്രാമീണര്‍ വീടൊഴിഞ്ഞുപോയതായും റിപ്പോര്‍ട്ടുണ്ട്. 

രണ്ടാഴ്ചകളായി കഠിനമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ നിരവധി പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും പുഴകളും അടക്കമുള്ള എല്ലാ ജലസ്രോതസ്സുകളും വറ്റിവരളുകയും ജലക്ഷാമം അതിരൂക്ഷമായിത്തീരുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ അന്തരീക്ഷ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights: Madhya Pradesh, alert over water war, hot summer, water crisis, draught