കൊച്ചി: പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് ദുര്‍വ്യാഖ്യാനം ചെയ്തവര്‍ക്ക് മറുപടിയുമായി മാധവ് ഗാഡ്ഗില്‍. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ എം. കെ. ആര്‍ ഫൗണ്ടേഷന്റെ കര്‍മ്മ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുക. ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കോട്ടയ്ക്കല്‍ റിഡ്ജസ് ഇന്‍ ഹോട്ടലിലാണ് പരിപാടി.

മാതൃഭൂമിഡോട്കോമിന് നല്‍കിയ കുറിപ്പില്‍ ഗാഡ്ഗില്‍ ഇങ്ങനെ പറയുന്നു: 
രണ്ട് വര്‍ഷമായി കേരളത്തില്‍ നടക്കുന്ന പ്രളയം മൂലം താന്‍ അധ്യക്ഷനായ പശ്ചിമഘട്ട റിപ്പോര്‍ട്ട് ജനങ്ങള്‍ ശ്രദ്ധിച്ചിരിക്കുന്നു. ഇതൊരു ബൃഹത്തായ റിപ്പോര്‍ട്ടാണ്. അത് ജനങ്ങള്‍ക്ക് പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അത് സ്വാഭാവികം മാത്രം. റിപ്പോര്‍ട്ടിനെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചുവരുന്നുണ്ട്. ദുരുദ്ദേശത്തോടുകൂടി അതിനെ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി പറയാന്‍ വിശാലമായ കുറിപ്പുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങളാണ് കോട്ടയ്ക്കലില്‍ നടക്കുന്ന ചടങ്ങില്‍താന്‍ സംസാരിക്കുക'.

ഓഗസ്റ്റ് 25-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഗാഡ്ഗിലുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമായ രാഷ്ട്രീയ സംഘടനകള്‍ക്കും ക്വാറി മാഫിയകള്‍ക്കും എതിരെ ഗാഡ്ഗില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ഭൂമി അനധികൃതമായി കയ്യേറിയവരാണ് റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നത്. 'അത് ജനങ്ങള്‍ക്ക് എതിരല്ല. കേരളത്തിലെ മതമേലധ്യക്ഷന്മാരാണ് പശ്ചിമഘട്ടസംരക്ഷണത്തെ എതിര്‍ക്കുന്നതെന്നും   അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: madhav gadgil will speak at kottakkal on committee report