ലണ്ടന്‍: മുറിക്കുള്ളിലെ ചൂട് നിലനിര്‍ത്താന്‍ ഭിത്തികളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങള്‍. യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമത്ത് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പഠനത്തിനായി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഒരു പഴയ കെട്ടിടം ഗവേഷക സംഘം തിരഞ്ഞെടുത്തു. 1970 കളുടെ തുടക്കത്തില്‍ ക്യാമ്പസില്‍ പണി കഴിപ്പിച്ച സസ്റ്റെയിനബിലിറ്റി ഹബ്ബായിരുന്നു തിരഞ്ഞെടുക്കപ്പെട്ട കെട്ടിടം. പടിഞ്ഞാറ് അഭിമുഖമായിട്ടുള്ള കെട്ടിടത്തിലൊരു ഭാഗത്ത് ഭിത്തിയില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. ഒരു ഭിത്തിയില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചപ്പോള്‍ മറ്റൊരു ഭിത്തി ഇവയില്ലാതെ തന്നെ നിലനിര്‍ത്തി. പോക്കറ്റ് രൂപത്തിലുള്ള ഫാബ്രിക്ക് ഷീറ്റുകളിലാണ് ചെടികള്‍ നട്ടുപിടിപ്പിച്ചത്.

അഞ്ചാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം അതാത് മുറികളിലെ താപനില ഗവേഷക സംഘം പഠനവിധേയമാക്കി. ചെടികള്‍ നട്ടുപിടിപ്പിക്കാത്ത ഭിത്തിയെ അപേക്ഷിച്ച് ചെടികള്‍ നട്ടുപിടിപ്പിച്ച ഭിത്തി  ചൂട് കൂടുതല്‍ നിലനിര്‍ത്തുന്നതായി കണ്ടെത്തി. ചെടികള്‍ നട്ടുപിടിപ്പിക്കാത്ത ഭിത്തി നഷ്ടപ്പെടുത്തിയതിനെക്കാള്‍ 31.4 ശതമാനം കുറവ് താപമാണ് ചെടികള്‍ നട്ടുപിടിപ്പിച്ച ഭിത്തി നഷ്ടമാക്കിയത്. ഇത്തരം ഭിത്തികളില്‍ ദൈനംദിന താപനില ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകുന്നില്ലെന്നും ഗവേഷണത്തില്‍ കണ്ടെത്തി. കെട്ടിടങ്ങളില്‍ താപനില നിലനിര്‍ത്താന്‍ ചെടികള്‍ എത്രത്തോളം സഹായകരമാകുമെന്ന് കണ്ടെത്തുന്നതിനായി ഇത്തരത്തില്‍ നടത്തുന്ന ആദ്യം പഠനമാണിത്. യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമത്തിലെ സസ്റ്റെയനബിള്‍ എര്‍ത്ത് ഇന്‍സ്റ്റിട്ട്യൂട്ടുമായി സഹകരിച്ചായിരുന്നു പഠനം. 

ജൈവവൈവിധ്യം പോലെയുള്ള നിരവധി നേട്ടങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകുന്നുവെന്ന് ബില്‍ഡിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന ജേണലില്‍ പറയുന്നു. യു.കെയിലെ ഹരിത ഗൃഹ ബഹിര്‍ഗമനത്തിന്റെ 17 ശതമാനവും സംഭാവന ചെയ്യുന്നത് കെട്ടിടങ്ങളാണെന്നിരിക്കെ പരിസ്ഥിതി സൗഹാര്‍ദമായ അന്തരീക്ഷത്തിലേക്കുള്ള ചുവടുവെയ്പ്പായി ഈ പഠനങ്ങള്‍ മാറുമെന്ന് കരുതപ്പെടുന്നു. 

'ഇംഗ്ലണ്ടിലുള്ള 57 ശതമാനം കെട്ടിടങ്ങളും 1964 ന് മുമ്പ് പണികഴിപ്പിച്ചവയാണ്. പുതിയ കെട്ടിടങ്ങളുടെ താപപ്രകടനം (thermal performance ) മെച്ചപ്പെടുത്തുന്നതിന് നിയന്ത്രണങ്ങള്‍ ഒരുപാട് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന നിലവിലുള്ള കെട്ടിടങ്ങള്‍ക്കാണ് താപത്തിനാവശ്യമായ ഊര്‍ജം അനിവാര്യമായിട്ടുള്ളത്. അതിനാല്‍ നിലവിലുള്ള കെട്ടിടങ്ങളുടെ താപപ്രകടനം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. നെറ്റ് സീറോ കാര്‍ബണ്‍ എമ്മിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് 2050 ഓടെ യു.കെയ്ക്ക് എത്താന്‍ സാധിച്ചാല്‍ ഇന്ധനലഭ്യത കുറവ് പരഹരിക്കുവാന്‍ ഒരുപരിധി വരെ സഹായിക്കും', സസ്റ്റെയനബിള്‍ ആര്‍ക്കിടെക്ചറിന്റെ ഗവേഷകനും പഠനത്തിന്റെ മുഖ്യ രചയിതാവുമായ ഡോ.മാത്യു ഫോക്‌സ് അഭിപ്രായപ്പെട്ടു.

ചെടികള്‍ നട്ടുപിടിപ്പിച്ച ഭിത്തി വായുഗുണനിലവാരം മെച്ചപ്പെടുത്താനും ശബ്ദം കുറയ്ക്കാനും (noise reduction) സഹായിക്കുമെന്ന് ലോ കാര്‍ബണ്‍ ഡേവണ്‍ പ്രൊജ്ക്ട് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഫെല്ലൊ ഡോ.തോമസ് മര്‍ഫി പറഞ്ഞു. നിലവിലുള്ള കെട്ടിടങ്ങളുടെ കാര്‍ബണ്‍ ഫുട്ട്പ്രിന്റ് കുറയ്ക്കാനും ഇത്തരം ലിവിംഗ് വോളുകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് സഹായകരമാവുകയും കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കാനും സഹായിക്കുന്ന പഠനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് യൂറോപ്യന്‍ റീജിയണല്‍ ഡെവല്‍പ്പ്‌മെന്റ് ഫണ്ട് ( ഇ.ആര്‍.ഡി.എഫ്) ആണ്. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനങ്ങള്‍ക്ക് 2.6 മില്ല്യണ്‍ പൗണ്ടാണ് ഇ.ആര്‍.ഡി.എഫ് സാമ്പത്തിക സഹായം നല്‍കിയത്. 

Content Highlights: living walls can reduce heat loss upto 30 percentage