വീണ്ടും ഒരു പ്രളയ കാലത്തെ കേരളം അഭിമുഖീകരിക്കുന്നു. 2018-ലെ മഹാപ്രളയ കെടുതികളില്‍ നിന്ന് പതുക്കെ മുക്തമാവുന്ന സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്രളയസാഹചര്യം കടുത്ത പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാലവര്‍ഷം പെയ്യാന്‍ മടിച്ചുനിന്നിരുന്ന സാഹചര്യങ്ങളില്‍നിന്ന് തികച്ചും അപ്രതീക്ഷിതമായിട്ടാണ് പ്രളയാന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്. എന്താവാം ഇതിലേയ്ക്കു നയിക്കുന്ന പാരിസ്ഥിതിക കാരണങ്ങള്‍?  

2018-ല്‍ പ്രളയത്തിന്  മുന്നോടിയായി കനത്ത മഴ ആരംഭിച്ചത് ആഗസ്റ്റ് എട്ട്, ഒമ്പത് തിയ്യതികളിലായിയുന്നു. 2018 ഓഗസ്റ്റ് 14 മുതല്‍ 17 തിയ്യതികളില്‍ പെയ്ത അതിതീവ്ര മഴയാണ് സംസ്ഥാനത്തെ പ്രളയത്തിലേക്ക് നയിച്ചത്.  ഈ വര്‍ഷവും ഓഗസ്റ്റ് ഏഴിനുതന്നെ കനത്ത മഴ പെയ്ത് തുടങ്ങിയെങ്കിലും പ്രളയത്തിലേക്ക് നീങ്ങുമെന്ന തരത്തിലുള്ള മുന്നറിയിപ്പുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഓഗസ്റ്റ് അഞ്ച്, ആറ് തിയ്യതികളിലും സാമാന്യം നല്ല മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നു. ഏഴാം തിയ്യതിയോടെ സംസ്ഥാനത്തെ പ്രവര്‍ത്തന സജ്ജമായ 73  വര്‍ഷമാപിനി സ്റ്റേഷനുകളില്‍ 35 എണ്ണത്തിലും ശക്തമോ അതിശക്തമോ ആയ മഴ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എട്ടാം തിയ്യതി മുതല്‍ പതിനൊന്നാം തിയ്യതി വരെ  പൊതുവെ 'അതിതീവ്ര' വിഭാഗത്തില്‍ പെട്ട മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.  

ഈ കാലാവര്‍ഷക്കാലത്ത് ജൂലൈ 31 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മഴക്കമ്മി 32 ശതമാനമായിരുന്നു. എന്നാല്‍, ഓഗസ്റ്റ് പതിമൂന്നാം തിയ്യതിയോടെ സംസ്ഥാനത്തെ മഴക്കമ്മി കേവലം മൂന്ന് ശതമാനമായി കുറഞ്ഞു.  കാലവര്‍ഷക്കാലത്തെ സംബന്ധിച്ചിടത്തോളം കേരളം തല്‍ക്കാലം 'മഴക്കമ്മി'യെ അതിജീവിച്ചുവെന്ന്  പറയാം.  എന്നാല്‍, 'മഴക്കമ്മി' നികത്തപ്പെട്ടാല്‍ 'ജലക്കമ്മി' ഇല്ലാതാകുമോ? ഇല്ലാതാകില്ലെന്ന്  2018 ലെ പെരുമഴക്കാലം നമ്മെ പഠിപ്പിച്ചു. ആന്ന്  കാലാവര്‍ഷക്കാലത്ത് സാധാരണ ഗതിയില്‍ ലഭിക്കേണ്ടതിനേക്കാള്‍ 23  ശതമാനം  അധിക മഴയാണ് ലഭിച്ചത്. എന്നിട്ടും 2018 ഓഗസ്റ്റ് അവസാനത്തോടെ കേരളം വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യമാണുണ്ടായത്. കേരളത്തിലെ മഴക്കാലങ്ങളുടെ പ്രകൃതമാറ്റം മൂലം, സാങ്കേതികാര്‍ത്ഥത്തില്‍ മഴക്കമ്മി ഇല്ലെങ്കില്‍ പോലും സംസ്ഥാനം ജലശോഷണം നേരിടേണ്ടി വരുന്നു.  

Heavy Rain

സംസ്ഥാനത്തിന്റെ പ്രധാന മഴക്കാലമായ കാലവര്‍ഷത്തിന്റെ ആരംഭം, വ്യാപനം, പ്രകൃതം, ലഭിക്കുന്ന മഴയുടെ തീവ്രത എന്നിവയിലും തുലാവര്‍ഷമഴ, വേനല്‍ മഴ ഇവയുടെ ലഭ്യതയിലും ക്രമത്തിലും  അനുഭവപ്പെടുന്ന വ്യതിയാനം സംസ്ഥാനത്തിന്റെ വിവിധ ഭൂപ്രദേശങ്ങളുടെ  ജലസംഭരണ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു എന്നുവേണം കരുതാന്‍. ജൂണ്‍ ആദ്യം ആരംഭിച്ച്  സെപ്റ്റംബര്‍  അവസാനം വരെ നീളുന്ന കാലവര്‍ഷക്കാലം, ഒക്ടോബര്‍-നവംബര്‍  മാസങ്ങളിലെ തുലാവര്‍ഷക്കാലം, ഡിസംബര്‍-ജനുവരി  മാസങ്ങളിലെ പൊതുവെ  ചൂട് കുറഞ്ഞ  കാലാവസ്ഥ, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ലഭിക്കുന്ന വേനല്‍മഴ എന്നിങ്ങനെയാണ് കേരളത്തിലെ  കാലാവസ്ഥ  വിന്യാസം. സമതുലിതമായ ലഭ്യത, ചൂട് കുറഞ്ഞ കാലാവസ്ഥ എന്നിവ മൂലം  സംസ്ഥാനത്തിന് ജലക്കമ്മി നേരിടേണ്ടിവരുന്ന അവസ്ഥ താരതമ്യേന വിരളമായിരുന്നുവെന്ന് തന്നെ പറയാം. 

മഴയുടെ രൂപഭാവങ്ങള്‍ മാറുന്നതെന്തുകൊണ്ട്?

ഇപ്പോള്‍  കാലാവസ്ഥാ സാഹചര്യങ്ങള്‍ മാറി. അനുബന്ധമായി കേരളത്തിലെ മഴക്കാലത്തിലും പ്രകൃത മാറ്റങ്ങള്‍ ദൃശ്യമാകുന്നു.  മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മഴപ്പെയ്ത്തിന്റെ പ്രകൃതം മാറി.  ഒരു ഋതുവില്‍ കിട്ടേണ്ട മഴ ചിലപ്പോള്‍ ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നു.  ഒരു മാസം കൊണ്ട് കിട്ടേണ്ട മഴ ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കുന്നു; ഒരാഴ്ച കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ ദിവസം കൊണ്ട് പെയ്യുന്നു..  മറ്റുചിലപ്പോഴാകട്ടെ, ഒരു മണിക്കൂറുകൊണ്ട് ഒരു ദിവസത്തെ മഴ പെയ്തിറങ്ങുന്നു. പൊതുവെ പറഞ്ഞാല്‍, കാലാവര്‍ഷക്കാലത്ത്  മൊത്തം ലഭിക്കേണ്ട  മഴ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായി പെയ്‌തൊഴിയുന്ന പ്രവണത വര്‍ധിക്കുന്നു.   

കാലവര്‍ഷത്തിന്റെ ആദ്യ പകുതിയായ ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞ്  വരള്‍ച്ചയുടെ സ്വഭാവം പ്രകടമായിരുന്നാല്‍ പോലും, രണ്ടാം പകുതിയില്‍ ചുരുക്കം ചില  ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുക വഴി മഴക്കമ്മി സാങ്കേതികമായി നികത്തപ്പെടുന്നു. 2018 ലും 2019 ലും ഇതേ സാഹചര്യമാണ്  മഴക്കാലത്തുണ്ടായത്. മഴ ഒന്നിച്ച് ലഭിച്ചപ്പോള്‍ സ്വാഭാവികമായും പ്രളയ സാഹചര്യം ഉണ്ടാവുകയും ചെയ്തു.  മുന്‍കാലങ്ങളില്‍ ഒറ്റ ദിവസത്തിനുള്ളില്‍ 100 മില്ലി മീറ്ററിലധികം മഴ ലഭിക്കുന്ന അവസരങ്ങള്‍  വിരളമായിരുന്നു. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് 200 മി. മീ  മുതല്‍ 400 മി.മീ  വരെ മഴ ലഭിക്കുന്ന സാഹചര്യങ്ങള്‍ വാര്‍ത്തയല്ലാതാകുന്നു. തന്നെയുമല്ല, ഇതേ സാഹചര്യം മൂന്നോ നാലോ  ചിലപ്പോള്‍ അതിലേറെയോ ദിവസങ്ങളോളം തുടരുകയും ചെയ്യുന്നു. 2018 ഓഗസ്റ്റില്‍  ഒറ്റ ദിവസംകൊണ്ട് 400 മി. മീ അതിതീവ്ര മഴ ലഭിച്ച നിലമ്പൂരും 2019 ഓഗസ്റ്റില്‍ ഒറ്റ ദിവസത്തിനുള്ളില്‍ അത്ര തന്നെ അതിതീവ്ര മഴ ലഭിച്ച ആലത്തൂരും ഉദാഹരണം. 

kerala flood 2019 pathanamthitta

ഇത്തരം അതിതീവ്ര മഴവേളകളെ 'മേഘവിസ്‌ഫോടനം' എന്ന നിര്‍വചനത്തില്‍ ഒതുക്കുവാന്‍ സാങ്കേതി കാര്‍ത്ഥത്തില്‍  കഴിയില്ല. എന്നാല്‍, സംസ്ഥാനത്ത്  പലയിടങ്ങളിലും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ, മേഘവിസ്ഫോടനം  വഴി ലഭിക്കുന്ന മഴയുടെ അതേ പ്രകൃതം പ്രകടിപ്പിക്കുന്നവയാണ്. ഒരു ചെറിയ ഭൂപ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ (ഒരു മണിക്കൂറിനുള്ളില്‍) 'കൂമ്പാര മഴമേഘങ്ങള്‍' എന്ന വിഭാഗത്തില്‍പ്പെട്ട മേഘങ്ങളില്‍ നിന്ന് ലഭിക്കുന്ന അതിശക്തമായ മഴയാണ് 'മേഘവിസ്ഫോടനം' എന്ന നിര്‍വചനത്തിന് കീഴില്‍ വരിക. എന്നാല്‍, മേഘവിസ്‌ഫോടനത്തിന് കാരണമാകുന്ന കൂമ്പാരമഴമേഘങ്ങള്‍ (cumulonimbus) സാധാരണ ഗതിയില്‍ കാലവര്‍ഷകാലത്ത് രൂപം കൊള്ളാറില്ല.  

ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷത്തില്‍ സംവഹന  പ്രക്രിയയിലൂടെയാണ് 'കൂമ്പാരമേഘങ്ങള്‍' (cumulus) ഉണ്ടാകുന്നത്. തുടര്‍ന്നും അനുകൂല സാഹചര്യങ്ങള്‍ ലഭ്യമാവുകയാണെങ്കില്‍ ഈ മേഘങ്ങള്‍ മുകളിലേക്ക് വികാസം പ്രാപിച്ച് ജലബാഷ്പ സമ്പന്നമായ കൂമ്പാരമഴ മേഘങ്ങളായി തീരുന്നു. ഇത്തരം മേഘങ്ങളില്‍ നിന്നാണ് ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്.  മേഘവിസ്‌ഫോടനത്തിന്  ഉറവിടമാകുന്നതും ഈ വിഭാഗത്തില്‍ പെട്ട മേഘങ്ങളാണ്. വേനല്‍ പിന്നിട്ട് മണ്‍സൂണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍  ഇത്തരം മേഘരൂപീകരണ സാധ്യത  ഇല്ലെന്ന് തന്നെ പറയാം.  എന്നാല്‍, ഓഗസ്റ്റ് മാസത്തിലും മഴയോടൊപ്പം ശക്തമായ ഇടിമുഴക്കം കേള്‍ക്കുന്നു എന്നതില്‍ നിന്ന് ഇത്തരം മേഘങ്ങളുടെ സാന്നിധ്യം കാലവര്‍ഷ മധ്യത്തിലും സംസ്ഥാനത്ത് നിലനില്‍ക്കുന്നുവോ എന്ന കാര്യം പരിശോധിക്കപ്പെടണം.  

അമിതമഴയ്ക്കു കാരണം കാലാവസ്ഥാവ്യതിയാനമോ?

കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളുടെ പ്രകട ലക്ഷണം അന്തരീക്ഷ താപവര്‍ദ്ധനവാണ്. ചൂടേറുമ്പോള്‍ വായുവിന്റെ ഈര്‍പ്പഗ്രാഹക ശേഷി  വര്‍ധിക്കുന്നു.  അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഓരോ ഡിഗ്രി സെന്റിഗ്രേഡ് വര്‍ധനവിനും വായുവിന്റെ ഈര്‍പ്പ ഗ്രാഹക ശേഷി ഏഴ് ശതമാനം കണ്ട്  വര്‍ധിപ്പിക്കുവാനാകും.  ഈര്‍പ്പ സമ്പന്നമായ  വായുവില്‍ നിന്ന് രൂപം കൊള്ളുന്ന മേഘങ്ങള്‍ സ്വാഭാവികമായും  ജലാംശം കൂടുതല്‍ ഉള്ളവയായിരിക്കും.  അതായത്, ആഗോളതാപന സാഹചര്യങ്ങളില്‍ കൂടുതല്‍ അളവില്‍ ജലാംശമുള്ള മേഘങ്ങള്‍ രൂപീകരിക്കപ്പെടാനുള്ള സാധ്യത പ്രബലമാണ്.  

kerala flood 2019 kasargod

ഒരു പക്ഷെ, സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ മേഘങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവയാകാനും  മതി.  അധിക ജലസാന്നിധ്യം മൂലം 'കനമേറിയ'  ഇത്തരം മഴ മേഘങ്ങളില്‍ നിന്നാവാം ഇപ്പോള്‍ ലഭിക്കുന്ന തരത്തിലുള്ള അതിതീവ്രമഴ ലഭിക്കുന്നതും.  ഈ നിരീക്ഷണപ്രകാരം വരുംകാലങ്ങളിലും കാലാവര്‍ഷക്കാലത്ത് അതി തീവ്രമഴ ഏറുന്നതിനുള്ള സാദ്ധ്യതകള്‍ ശക്തമാകുന്നു.  

കാലാവര്‍ഷ മഴ അതിതീവ്രമാകാനുള്ള മറ്റൊരു നിര്‍ണ്ണായക ഘടകമാണ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാന്നിധ്യം.  ന്യൂനമര്‍ദ്ദവ്യൂഹങ്ങള്‍ മണ്‍സൂണിന്റെ അവിഭാജ്യ ഘടകമാണ്;  മണ്‍സൂണിനെ പുഷ്ടിപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകം. കാലാവര്‍ഷക്കാലത്ത് സാധാരണ ഗതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആറോളം ന്യൂനമര്‍ദവ്യൂഹങ്ങള്‍ രൂപം പ്രാപിക്കാറുണ്ട്.  ഇവ കേരളത്തില്‍ ലഭിക്കുന്ന കാലാവര്‍ഷമഴയെ ശക്തിപ്പെടുത്തുന്നു.  ചില വര്‍ഷങ്ങളില്‍ ഇപ്രകാരം ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെ എണ്ണം പത്തില്‍ കൂടുതല്‍ ആകാറുണ്ട്.  ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലവര്‍ഷം സാധാരണ ഗതിയില്‍ ലഭിച്ചിരുന്നപ്പോഴും  ന്യൂനമര്‍ദ്ദ സാന്നിധ്യം വഴി കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമായിരുന്നു.  എന്നാല്‍, കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളില്‍ അതിതീവ്ര സ്വഭാവമുള്ള മഴപ്പെയ്ത്തിന്  സാധ്യതയേറുമ്പോള്‍ ഇത്തരം ന്യൂനമര്‍ദ്ദങ്ങളുടെ സാന്നിധ്യം മൂലം മഴ നീണ്ടുനിന്ന് പെയ്യുകയും അത്  ഇപ്പോള്‍ സംഭവിക്കുന്നതുപോലെ പ്രളയ സാഹചര്യങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യാം.  

മനുഷ്യ ഇടപെടലുകളുടെ പങ്ക്

അതിതീവ്രമഴയാണ് കേരളം അഭിമുഖീകരിയ്ക്കുന്ന പ്രളയത്തിന് ഒന്നാമത്തെ കാരണമെങ്കില്‍ രണ്ടാമത്തെ കാരണം  മാറിയ ഭൂവിനിയോഗ ക്രമമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഭൂവിനിയോഗത്തില്‍ ഉണ്ടായ വ്യതിയാനം മൂലം, ജലസംഭരണം, ജലനിര്‍ഗ്ഗമനം എന്നിവക്കുള്ള ഉപാധികള്‍ വലിയൊരളവില്‍ ഇല്ലാതാക്കിയിരിക്കുന്നു. മുന്‍  കാലങ്ങളില്‍ സംസ്ഥാനത്തുടനീളം ഉണ്ടായിരുന്ന തോടുകള്‍, കുളങ്ങള്‍, നെല്‍വയലുകളുടെ   വിസ്തൃതിയില്‍ വന്‍ കുറവ് ഉണ്ടാവുകയും ചെയ്തിരിക്കുന്നു. 1950കളില്‍ എട്ട് ലക്ഷത്തോളം ഹെക്ടറിനടുത്ത് ഉണ്ടായിരുന്ന  നെല്‍വയലുകളുടെ വിസ്തീര്‍ണ്ണം നിലവില്‍ ഏതാണ്ട്  രണ്ട് ലക്ഷം ഹെക്ടറോളമായി ചുരുങ്ങിയിരിക്കുന്നു. മഴവെള്ളത്തെ വന്‍ തോതില്‍ സംഭരിച്ച്  ഭൂഗര്‍ഭജലശേഖരത്തെ പരിപോഷിപ്പിച്ചിരുന്ന നെല്‍വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളും വരള്‍ച്ചാ വേളകളില്‍ ജലസ്രോതസ്സുകള്‍  കൂടിയായിരുന്നു.  

 

Kerala Flood 2019
വയനാട് പുത്തിമലയില്‍ ഉരുള്‍പൊട്ടിയുണ്ടായ ചാലിനുകുറുകേ വടംകെട്ടി രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ 
ഫോട്ടോ: പി.ജയേഷ് 

മഴക്കാലത്തെ അധികപ്പെയ്ത്ത് ജലം ഉള്‍ക്കൊള്ളാന്‍ ശേഷി യുണ്ടായിരുന്ന ഈ ജലസംഭരണികള്‍ വെള്ളക്കെട്ടിനെയും പ്രളയ സാധ്യതകളെയും വലിയൊരളവുവരെ നിയന്ത്രിച്ചിരുന്നു.  ഇവയിലൂടെ സംഭരിക്കപ്പെട്ടിരുന്ന ജലശേഖരം ഭൂമിയില്‍ ഉണ്ടായിരുന്നത് കൊണ്ടാവാം അക്കാലങ്ങളില്‍ വരള്‍ച്ചാവേളകളെ കേരളത്തിന് അതിജീവിക്കാനായതും. എന്നാല്‍, ഇപ്പോള്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കാര്‍ഷികേതര ആവശ്യങ്ങക്കു വേണ്ടിയോ നഗരവല്‍കരണത്തിന് വേണ്ടിയോ നികത്തപ്പെട്ട സാഹചര്യത്തില്‍ അധിക ജലത്തെ ഉള്‍ക്കൊള്ളുവാനുള്ള സ്വാഭാവിക സംഭരണികള്‍ ഇല്ലാതാവുകയും അതിശക്തിയായി മഴ ലഭിക്കുന്ന സഹചര്യങ്ങളില്‍ ആദ്യ പടിയായി വെള്ളക്കെട്ടിലേക്കും പിന്നീട്  ജലനിരപ്പ് ദ്രുതഗതിയില്‍ ഉയര്‍ന്ന് പ്രളയസമാന സാഹചര്യങ്ങളിലേക്കും നീങ്ങുന്നു.  

ജലനിര്‍ഗ്ഗമനമാര്‍ഗ്ഗങ്ങളുടെ അഭാവമാണ് വെള്ളക്കെട്ടിലേക്ക് വഴി തെളിയിക്കുന്ന മറ്റൊരു പ്രധാന കാരണം. തോടുകള്‍, ചാലുകള്‍, കനാലുകള്‍ എന്നിവ കേരളത്തിന്റെ നാട്ടിന്‍ പുറങ്ങളില്‍ പ്രകൃത്യാ ഉണ്ടായിരുന്ന ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളായിരുന്നു. പരസ്പര ബന്ധിതമായ തോടുകള്‍, കനാലുകള്‍ എന്നിവയിലൂടെ പെയ്ത്ത് വെള്ളം ഏറെക്കുറെ സുഗമമായി ഒഴുകി പുഴകളിലേക്കും കായലുകളിലേക്കും അവിടെ നിന്ന് കടലിലേക്കും എത്തിച്ചേരുമായിരുന്നു.  കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്കും വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിന് സുപ്രധാന പങ്കുണ്ട്.  എന്നാല്‍, തോടുകള്‍, കനാലുകള്‍ തുടങ്ങിയ  സ്വാഭാവിക ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞു. 

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ നിര്‍മ്മിച്ച കൃത്രിമ ജലനിര്‍ഗ്ഗമാണ മാര്‍ഗ്ഗങ്ങള്‍, പ്രധാനറോഡുകളുടെ  പാര്‍ശ്വങ്ങളിലുള്ള നിര്‍മ്മിതചാലുകള്‍ എന്നിവ കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ചുരുങ്ങിയ പക്ഷം കനത്ത മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ടെങ്കിലും ഒഴിവാക്കാമായിരുന്നു. എന്നാല്‍, ഇത്തരം ചാലുകളില്‍ പ്ലാസ്റ്റിക്, തുണി, മണ്ണ്, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ അടിഞ്ഞു കൂടി ജലം സുഗമമായി ഒഴുകുവാനനുവദിക്കുന്നില്ല. വ്യാപകമാകുന്ന നഗരവല്‍ക്കരണം വെള്ളക്കെട്ട് രൂക്ഷമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.  നഗരങ്ങളിലെ  ടാറിട്ട റോഡുകള്‍, കോണ്‍ക്രീറ്റ് നടപ്പാതകള്‍, വീടുകള്‍ക്ക് മുന്നിലുള്ള ടൈലുപാകിയ മുറ്റങ്ങള്‍ എന്നിവ ജലം ഭൂമിയിലേക്കിറങ്ങാന്‍  അനുവദിക്കുന്നവയല്ല.  മാത്രമല്ല, നഗരങ്ങളിലെ ജല/ മലിനജല നിര്‍ഗ്ഗമന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും  ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു.

kerala flood 2019 kuttanad

അതിതീവ്രമഴ ലഭിക്കുവാനുള്ള പ്രവണത കാലാവസ്ഥാ വ്യതിയാന സാഹചര്യത്തില്‍ ഏറിവരുന്നുവെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ് എന്നിരിക്കെ അണക്കെട്ടുകളുടെ പരിപാലനവും വലിയ  ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്.  കാരണം, വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്താല്‍  അണക്കെട്ടുകളുടെ സംഭരണ ശേഷി കഴിഞ്ഞുള്ള ജലം തീര്‍ച്ചയായും ഒഴുക്കിവിടേണ്ടിവരും.  അണക്കെട്ടുകളുടെ താഴെ പുഴയോരങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷയെ  ലക്ഷ്യമാക്കി അത്തരം സാഹചര്യങ്ങളില്‍ ഉപയുക്തമായേക്കാവുന്ന കൃത്യമായ 'ഫ്‌ളഡ് മാപ്പിംഗ്'  ഉണ്ടാക്കേണ്ടതും പ്രദേശ നിവാസികളെ വിവരങ്ങള്‍ മുന്‍കൂട്ടി ധരിപ്പിക്കേണ്ടതും വളരെ ആവശ്യമാണ്. കാലവര്‍ഷമഴയുടെ പ്രകൃതം മാറിയ സാഹചര്യത്തില്‍ ഇക്കാര്യം സ്യുപ്രധാന പരിഗണനയര്‍ഹിക്കുന്നു.

ഉരുള്‍പൊട്ടലിനു കാരണം പാറമടകള്‍?
  
അതിതീവ്ര മഴ മൂലം ഉണ്ടാകുന്ന പ്രളയത്തെപ്പോലെയോ ഒരു പക്ഷെ അതിനേക്കാള്‍ ഏറെയോ വിനാശകാരിയാണ് കനത്ത മഴക്കാലത്ത് ഉണ്ടാകുന്ന ഉരുള്‍ പൊട്ടല്‍,  മലകളിലെ പാറക്കെട്ടുകളിലോ മണ്ണിടുക്കുകളിലോ വന്‍തോതില്‍ ജലം ശേഖരിക്കപ്പെടുകയും ഇപ്രകാരം സംഭരിക്കപ്പെട്ട ജലത്തിന്റെ സമ്മര്‍ദ്ദം മൂലം മലയുടെ വലിയൊരു ഭാഗം ഒന്നാകെ ഇടിഞ്ഞ്, മണ്ണും ജലവും വന്‍ പാറകളും മരങ്ങളുമടക്കം  കുത്തിയൊലിച്ചുവന്ന്  അതിന്റെ മാര്‍ഗ്ഗത്തിലുള്ള സര്‍വ്വതിനേയും നശിപ്പിക്കുന്ന പ്രക്രിയയാണ് ഇത്. 

kerala Flood 2019
വയനാട് മേപ്പാടിയിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് കാണാതായവര്‍ക്കായി നടന്ന തിരച്ചില്‍ ഫോട്ടോ: പി.കൃഷ്ണപ്രദീപ്

മലകളിലെ മരക്കുറ്റികള്‍ ദ്രവിച്ച്  സൃഷ്ട്ടിക്കപ്പെടുന്ന അളകള്‍  എന്നിവയിലൂടെയൊക്കെ മഴവെള്ളം ഇപ്രകാരം ആഴ്ന്നിറങ്ങാം. ഇപ്രകാരം ആഴ്ന്നിറങ്ങുന്ന വെള്ളം ഭൂമിയുടെ അന്തര്‍ഭാഗത്തുകൂടി ചാല്‍ രൂപത്തില്‍ ഒഴുകുന്നു.  മണ്ണും മണ്ണിലടങ്ങിയിരിക്കുന്ന ജൈവാവശിഷ്ടങ്ങളും ഇത്തരം ഭൗമാന്തര്‍ഭാഗങ്ങളിലൂടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വഹിക്കപ്പെടാം. 'സോയില്‍ പൈപ്പിംഗ് 'എന്നറിയപ്പെടുന്ന ഈ പ്രക്രിയ വഴി മണ്ണിനടിയില്‍ ഗര്‍ത്തങ്ങള്‍ രൂപീകരിക്കപ്പെടുന്നു.  ഈ പ്രക്രിയയാണ് ഉരുള്‍ പൊട്ടല്‍/മണ്ണിടിച്ചില്‍ എന്നിവയുടെ ആദ്യപടി.  

മലകളിലെ കുത്തനെയോ അകത്തോട്ടോ ചരിവുകലുള്ള ഭാഗങ്ങളാണ് പെട്ടെന്ന് ഉരുള്‍ പൊട്ടലിന് വിധേയമാകുന്നത്.  കേരളത്തിലെ മലനിരകളില്‍ സജീവമായ  പാറമടകളുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ മലയിടിച്ചിലിന് കാരണമാകുന്നു.  പാറമട പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ച് തകര്‍ത്ത്  കരിങ്കല്ലെടുക്കുമ്പോള്‍ സ്വാഭാവികമായും പാറക്കെട്ടുകളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു. ഈ വിള്ളലുകളിലൂടെ മഴ വെള്ളം ഇറങ്ങി പാറകള്‍ക്കിടയില്‍ സംഭരിക്കപ്പെടുന്നു.  ഇപ്രകാരം പാറകള്‍ക്കിടയില്‍ സംഭരിക്കപ്പെടുന്ന ജലത്തിന്റെ  സമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ അത് ഉരുള്‍പൊട്ടലിന് വഴി തെളിയിക്കുന്നു.  കൂടാതെ, പാറപൊട്ടിച്ചുണ്ടാകുന്ന വന്‍ ഗര്‍ത്തങ്ങളില്‍ മഴ വെള്ളം സംഭരിക്കപ്പെട്ടും സമാനമായപ്രക്രിയ ആവര്‍ത്തിക്കപ്പെടാവുന്നതാണ്. മലയുടെ മുകളിലും മലഞ്ചെരുവുകളിലും ഭൂമി ഉഴുതുമറിച്ച് കൃഷി നടത്തുന്നതും ഉരുള്‍ പൊട്ടലിന് വഴി തെളിക്കും.
  
വനമേഖലയുടെ വിസ്തൃതി, സാന്ദ്രത  എന്നിവയിലുണ്ടായ കുറവ് മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ എന്നിവയുടെ ആവൃത്തിയും തീവ്രതയും വര്‍ധിപ്പിച്ചിട്ടുണ്ട്.  സാന്ദ്രവനപ്രദേശങ്ങളില്‍ നിലത്ത് അടിഞ്ഞു കൂടുന്ന മരങ്ങളുടെ ഇലകളും മറ്റ്  ജൈവവസ്തുക്കളും  ഒരു സ്‌പോഞ്ച്  പോലെ വര്‍ത്തിച്ചു  വെള്ളത്തെ ഭൂമിയിലേക്ക് ആഗിരണം ചെയ്യാനിടയാക്കുന്നു.  മാത്രമല്ല, ഇടതൂര്‍ന്ന വനങ്ങളിലെ വൃക്ഷങ്ങളില്‍ തടഞ്ഞ് താഴേക്ക് ഒഴുകുന്ന പെയ്ത്ത് വെള്ളത്തിന്റെ പ്രവാഹ ശക്തിയും കുറയുന്നു.  ഇതുവഴി മണ്ണിടിച്ചിലിനുള്ള  സാധ്യത കുറയുന്നു. 

kerala flood 2019 ranni

19-ആം  നൂറ്റാണ്ടിന്റെ മധ്യത്തില്‍ വനവിസ്തൃതി കേരളത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ 70 ശതമാനത്തോളമായിരുന്നു. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലിത് 50 ശതമാനമായി.  നിലവില്‍ സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 24 ശതമാനം മാത്രമായി വനമേഖല കുറഞ്ഞിരിക്കുന്നു.  വനനശീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ നടക്കുന്ന ഇടങ്ങളില്‍ ഉരുള്‍ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രത കൂടുതലാണെന്ന് കാണാവുന്നതാണ്. 
 
കാലാവസ്ഥയിലെ വ്യതിയാനം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.  മാറിയ കാലാവസ്ഥ സാഹചര്യങ്ങളില്‍ കടുത്ത വരള്‍ച്ചാ വേളകള്‍, അതി തീവ്രമഴ ലഭിക്കുന്ന മഴദിവസങ്ങള്‍ എന്നിവ ഇനിയും ആവര്‍ത്തിച്ചുണ്ടാവും.  ഇവയെ ഒഴിവാക്കുവാന്‍ നമുക്കാവില്ല,  എന്നാല്‍, ഇവയുടെ ദുരന്ത പ്രത്യാഘാതങ്ങള്‍ നമുക്ക് ലഘൂകരിക്കാം; നമ്മുടെ പ്രവര്‍ത്തന ശൈലികളില്‍, വീക്ഷണങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതി. നഷ്ടപ്പെടുത്തിയ തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും പുനഃസൃഷ്ടിക്കുക പ്രായേണ അസാധ്യമാണ്. എന്നാല്‍, ഉള്ളവയെ സംരക്ഷിക്കുവാന്‍ നിയമങ്ങള്‍ ഉണ്ടാക്കുകയും അവയില്‍ വെള്ളം ചേര്‍ക്കാതെ  കൃത്യമായി നടപ്പാക്കുകയും ചെയ്താല്‍ മാത്രംമതി.  കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും  നിര്‍ദ്ദേശങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉള്‍ക്കൊള്ളുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.  

(കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമിയില്‍ സയന്റിഫിക്  ഓഫീസറാണ് ലേഖകന്‍)

Content Highlights: kerala flood 2019 and climate change, Heavy rain 2019, environment exploitation, Global warming