പൂണെയിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റിയോറോളജിക്കു (IITM) കീഴിലുള്ള ക്ളൈമറ്റ് ചേഞ്ച് റിസർച്ച് സെൻ്ററിലെ ശാസ്ത്രജ്ഞനാണ് റോക്സി മാത്യു കോൾ. കോട്ടയം ജില്ലയിലെ  ഭരണങ്ങാനം സ്വദേശിയാണ്. കാലാവസ്ഥാവ്യതിയാനം സമുദ്രങ്ങളെ, പ്രത്യേകിച്ചും ഇന്ത്യൻ മഹാസമുദ്രത്തെ, എങ്ങനെ  ബാധിക്കുന്നു  എന്ന വിഷയത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഭൗമമന്ത്രാലയവും  ക്ളൈമറ്റ് ചേഞ്ച് റിസർച്ച് സെൻ്ററും ചേർന്നു പുറത്തിറക്കിയ  ഇന്ത്യയുടെ പ്രഥമ കാലാവസ്ഥാ വ്യതിയാന വിലയിരുത്തൽ റിപ്പോർട്ടു തയ്യാറാക്കിയവരിൽ   റോക്സി നേതൃത്വം  നൽകിയ സംഘവും ഉണ്ടായിരുന്നു. 

റോക്സി മാത്യു കോളുമായി സ്വതന്ത്രമാധ്യമപ്രവർത്തക എം. സുചിത്ര നടത്തിയ അഭിമുഖം.

ഈയിടെ അറബിക്കടലിൽ രൂപപ്പെട്ട  തോതെ എന്ന അതിതീവ്രചുഴലിക്കാറ്റിനു തൊട്ടുപിറകെ ബംഗാൾ ഉൾക്കടലിൽ തീവ്രത കൂടിയ മറ്റൊരു ചുഴലിക്കാറ്റ്, യാസ് ഉണ്ടായി. നമ്മുടെ കടലുകളിൽ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും കൂടുന്നുണ്ടോ? 

roxy mathew koll
റോക്സി മാത്യു കോൾ

തീർച്ചയായും. ബംഗാൾ ഉൾക്കടലിൽ മുമ്പും ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും താരതമ്യേന കൂടുതലായിരുന്നു. ഇപ്പോൾ അറബിക്കടലിലാണ് വലിയ മാറ്റങ്ങൾ ഉണ്ടാവുന്നത്.  1981  നും 2020 നുമിടയിൽ അറബിക്കടലില്‍ ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റുകളുടെ എണ്ണവും ശക്തിയും ദൈര്‍ഘ്യവും രണ്ടു-മൂന്ന് മടങ്ങായി വർധിച്ചിട്ടുണ്ട്. ഗുജറാത്തിൻ്റെ  കരയിൽ ചെന്നടിച്ചതിനു ശേഷവും തോതെയുടെ തീവ്രത ഒരു ദിവസത്തോളം കുറയാതെ നിന്നത് ശ്രദ്ധിച്ചില്ലേ ?  അതുപോലെ 2018 ൽ ബംഗാൾഉൾക്കടലിൽ രൂപംകൊണ്ട ഗജ തമിഴ് നാടിൻ്റെ തീരത്ത്  വന്നടിച്ചതിനുശേഷവും തീവ്രത കുറയാതെ കരയിലൂടെ സഞ്ചരിച്ച്  പശ്ചിമഘട്ടം താണ്ടി കേരളത്തിലെ കൊല്ലം ജില്ലയിലൂടെ  അറബിക്കടലിലേക്കു നീങ്ങുകയാണ് ചെയ്തത്. 

ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കുന്നുവെന്ന  വസ്തുതയ്ക്കു  പുറമെ  നമ്മൾ വളരെ ഗൗരവമായി എടുക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.  വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിൻ്റെ  തീവ്രത കൂടുന്നുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞവർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ആംഫൻ  24 മണിക്കൂറിനുള്ളിലാണ് കാറ്റഗറി  ഒന്നിൽ നിന്ന് (കാറ്റിന്റെ വേഗം മണിക്കൂറിൽ 100 കിലോമീറ്റർ) കാറ്റഗറി അഞ്ചായി (മണിക്കൂറിൽ 200-250 കിലോമീറ്റർ) മാറിയത്. നമ്മളൊന്ന് ഉറങ്ങിയെണീക്കുമ്പോഴേയ്ക്കും സ്ഥിഗതികൾ ആകെ മാറിയിട്ടുണ്ടാകും. ചുഴലിക്കാറ്റുകളുടെ റാപിഡ് ഇൻ്റൻസിഫിക്കേഷൻ ബംഗാൾ ഉൾക്കടലിലും അറബിക്ക ടലിലും സംഭവിക്കുന്നുണ്ട്. നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ എത്രയോ വലുതായിരിക്കും അതിൻ്റെ   പ്രത്യാഘാതങ്ങൾ. 

ഈ മാറ്റങ്ങൾക്കു കാരണമെന്താണ്? 

ആഗോളതാപനം തന്നെയാണ് പ്രധാന കാരണം. വ്യാവസായിക വിപ്ലവം മുതലിങ്ങോട്ട്  മനുഷ്യരുടെ പലതരം പ്രവൃത്തികൾ കാരണം ഉണ്ടായിട്ടുള്ള  ആഗോളതാപനം കൊണ്ട്  കരയുടെ ഉപരിതലത്തിൻ്റെ  ചൂടു  കൂടുന്നതു പോലെ സമുദ്രത്തിൻ്റെ  ഉപരിതലവും ചൂടു  പിടിക്കുന്നുണ്ട് . ഉപരിതലം മാത്രമല്ല, രണ്ടോ മൂന്നോ കിലോമീറ്റർ ആഴത്തിൽ ഉൾഭാഗത്തും ചൂടുകൂടുന്നുണ്ട്. 
ആഗോളതാപനം കൊണ്ട് അധികമായി ഉണ്ടാവുന്ന ചൂടിൻ്റെ  93 ശതമാനം ആഗിരണം ചെയ്യുന്നത് ഭൂമിയുടെ മൂന്നിൽ രണ്ടുഭാഗത്തോളം വരുന്ന സമുദ്രങ്ങളാണ്. ഇതിന്റെ നാലിലൊന്ന് ഇന്ത്യൻ മഹാസമുദ്രമാണ് ആഗിരണം ചെയ്യുന്നത്. ഈ സമുദ്രത്തിൻ്റെ  വടക്കു ഭാഗമാണല്ലോ അറബിക്കടലും ബംഗാൾ ഉൾക്കടലും.   

ഇന്ത്യൻ മഹാസമുദ്രം കൂടുതൽ ചൂടു പിടിക്കുന്നത് ഉഷ്ണമേഖലാസമുദ്രമായതു കൊണ്ടാണോ?

അത് ഒരു കാരണമാണ്. പസഫിക് സമുദ്രത്തെപ്പോലെയോ അറ്റ്ലാന്റിക് സമുദ്രത്തെപ്പോലെയോ മഞ്ഞുറഞ്ഞുകിടക്കുന്ന ഉത്തരധ്രുവമായോ ദക്ഷിണദ്രുവമായോ ഇന്ത്യൻ മഹാസമുദ്രത്തിനു നേരിട്ടു  സമ്പർക്കമൊന്നുമില്ല. ഇരുപത്തിരണ്ടു രാജ്യങ്ങൾ ഈ സമുദ്രതടത്തിനു അതിരിടുന്നുണ്ട്. പക്ഷേ, അതല്ല പ്രധാനകാരണം.  ഉഷ്ണ-ശീതജലപ്രവാഹങ്ങൾക്കിടയിലുള്ള  പലതരം ഊഞ്ഞാലാട്ടങ്ങൾ  സമുദ്രങ്ങളിലുണ്ട്. 
എൽ നിനോ , ലാ നിനാ  എന്നൊക്കെ കേട്ടിട്ടില്ലേ? പശ്ചിമ പസഫിക് സമുദ്രത്തിലാണ് ഇവ ഉണ്ടാകുന്നത്.  എൽ നിനോ ഉഷ്ണജലപ്രവാഹത്തിൻ്റെ പ്രഭാവം ഇന്ത്യൻ മഹാസമുദ്രത്തിൽ വലുതും  ലാ നിനായുടെ പ്രഭാവം കുറവുമാണ് . ആഗോളതാപനം കാരണം  എൽ നിനോകളുടെ എണ്ണവും തീവ്രതയും കൂടുന്നുണ്ട് . അവ കൂടുതൽ സമയം  നീണ്ടുനിൽക്കുന്നുമുണ്ട്.   

മറ്റൊരു കാര്യം, കരയിലെപ്പോലെത്തന്നെ  കടലിലും  ഉഷ്‌ണതരംഗങ്ങൾ (Marine Heat Waves)  ഉണ്ടാവാറുണ്ട്. ഇവ കുറച്ചു  ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ നീണ്ടുനില്ക്കും. ആഗോളതാപനം കാരണം ഇവയുടെയും   എണ്ണവും തീവ്രതയും വ്യാപ്തിയും കൂടുന്നുണ്ട്. ചുഴലിക്കാറ്റുകൾക്കു വരുന്ന മാറ്റത്തിന് ഇതും ഒരു കാരണമാണ്. ആംഫൻ രൂപപെടുന്നതിനു മുമ്പ് ബംഗാൾ ഉൾക്കടലിൽ ഹീറ്റ് വേവ് ഉണ്ടായിരുന്നുവെന്നാണ് ഞങ്ങളുടെ പഠനത്തിൽ നിന്നു വ്യക്തമായത്.   

ആഗോളതാപനം കൊണ്ട് സമുദ്രങ്ങൾ എത്രമാത്രം ചൂടു പിടിച്ചിട്ടുണ്ട്?

 വ്യാവസായികവിപ്ലവകാലത്തിനുമുമ്പുള്ളചൂടും ഇപ്പോഴത്തെ ചൂടും താരതമ്യപ്പെടുത്തുമ്പോൾ കരയുടെ ഉപരിതലത്തിൽ  ദീർഘകാലയളവിൽ ഉണ്ടായിട്ടുള്ള ശരാശരി താപവർദ്ധന  ഏകദേശം 1 °C ആണ്. സമുദ്രോപരിതത്തിൻ്റെ  കാര്യത്തിൽ  ഇത്  0.85 °C ആണ്.  അതേ  സമയം, ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ശരാശരി താപനം 1.2 °C വരെയാണ്, പ്രത്യേകിച്ച്‌  അറബിക്കടലില്‍.  

ബംഗാൾ ഉൾക്കടലിനെക്കാൾ വേഗത്തിൽ അറബിക്കടലാണോ  ചൂടുപിടിക്കുന്നത്?

അതെ. ബംഗാൾ ഉൾക്കടലിൻ്റെ  ഉപരിതലോഷ്മാവ് മുമ്പുതന്നെ ഏകാദശം 28°C ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ അറബിക്കടലിൻ്റെ  ഉപരിതലം പൊതുവെ തണുത്തതായിരുന്നു. എൽ നിനോയുടെ പ്രഭാവം ഇന്ത്യൻ മഹാസമുദ്രത്തിന്റെ പശ്ചിമഭാഗത്തെയാണ് കൂടുതൽ ബാധിക്കുന്നത്. ഇപ്പോൾ അറബിക്കടലിൻ്റെ   ഉപരിതലോഷ്മാവും ഏകദേശം 28°C ആയിട്ടുണ്ട്. ഇത്രയെങ്കിലും ചൂടുണ്ടെങ്കിലേ പൊതുവെ ഉഷ്‌ണമേഖലാസമുദ്രങ്ങളിൽ രൂപംകൊള്ളുന്ന ന്യൂനമർദങ്ങൾക്ക് തീവ്രമാകാനും  ചുഴലിക്കാറ്റുകളായി രൂപാന്തരപ്പെടാനും സമുദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനും വേണ്ട ഊർജ്ജം ലഭിക്കുകയുള്ളൂ. 

അറബിക്കടൽ അതിവേഗം ചൂടുപിടിക്കുന്നതുകൊണ്ട് നമുക്ക് കിട്ടുന്ന മഴയുടെ സ്വഭാവത്തിൽ മാറ്റം വരുന്നുണ്ടോ? 

ഉണ്ട്. നമ്മുടെ രാജ്യത്തിനു പ്രതിവർഷം കിട്ടുന്ന ആകെ  മഴയുടെ മുക്കാൽഭാഗത്തോളം ജൂൺമുതൽ സപ്തംബർ വരെ  അറബിക്കടലിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ മഴക്കാറ്റിൽ നിന്നാണ്.  1950-നും 2015-നുമിടയ്ക്ക് ഈ  മഴയിൽ 10-20 ശതമാനം  കുറവു വന്നിട്ടുണ്ട്. ഇതു വരൾച്ചയ്ക്കു  കാരണമാകും. മറുഭാഗത്ത്, പല ദിവസങ്ങളിലായി പെയ്യുന്നതിനു പകരം കുറച്ചു ദിവസങ്ങൾക്കുള്ളിൽ അതിതീവ്രമഴ (Extreme Rainfall Events) ഉണ്ടാകുന്നതും കൂടിവരുന്നുണ്ട്. പശ്ചിമഘട്ടത്തിലും  മധ്യേന്ത്യൻ സംസ്ഥാനങ്ങളിലും അതിതീവ്രമഴ മൂന്നിരട്ടിയെങ്കിലും കൂടിയിട്ടുണ്ട്. അതായത്, വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാവാനുള്ള സാധ്യത ഒരേസമയം കൂടുകയാണ്. ഇതു  നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. 

പക്ഷേ, ലോകത്തിൻ്റെ  പലഭാഗങ്ങളിലും മറിച്ചാണല്ലോ സംഭവിക്കുന്നത്?  

സമുദ്രത്തിൻ്റെ  ഉപരിതലം  കൂടുതൽ ചൂടുപിടിക്കുമ്പോൾ കൂടുതൽ നീരാവി ഉണ്ടാകുന്നതിനാൽ കരയിൽ മഴ കൂടുമെന്നാണ് നമ്മൾ സ്വാഭാവികമായി  വിചാരിക്കുക. ലോകത്തിൻ്റെ  പല ഭാഗങ്ങളിലും അങ്ങനെ സംഭവിക്കുന്നുമുണ്ട്. പക്ഷേ, ഇന്ത്യയുടെ കാര്യത്തിൽ ഇതു പൂർണമായും ശരിയല്ല. ആഗോളതാപനത്തിൻ്റെ  ലോകശരാശരി  ഏകദേശം 1°C ആണല്ലോ. എന്നാൽ, ഇന്ത്യയുടെ കരയിലുണ്ടായിട്ടുള്ള താപനം ഏകദേശം 0.7 °C ആണ്. അതേസമയം, അറബിക്കടലിൻ്റെ  ഉപരിതലോഷ്മാവ് 1.2 °C കൂടിയിട്ടുമുണ്ട്. 

അതായത്, കരയും കടലും തമ്മിൽ  മുമ്പുണ്ടായിരുന്ന  താപവ്യത്യാസം കുറഞ്ഞു.  ഇത് തെക്കുപടിഞ്ഞാറൻ മഴക്കാറ്റുകളുടെ ഗതിയിലും തീവ്രതയിലും  മാറ്റങ്ങൾ വരുത്തുന്നുണ്ട്. മഴക്കാറ്റുകൾ പൊതുവെ ദുർബലപ്പെടുന്നുണ്ട് . പശ്ചിമഘട്ടമേഖലയിലും മധ്യേന്ത്യയിലും ഉത്തരേന്ത്യയിലുമൊക്കെ മഴയിൽ കുറവു വരികയും അതോടൊപ്പം അതിതീവ്രമഴകൾ  ഉണ്ടാവുകയും ചെയ്യുന്നു. അതേ സമയം, വടക്കുകിഴക്കൻ ഇന്ത്യയിൽ മൊത്തം മഴയും കൂടുന്നുണ്ട്, അതിതീവ്രമഴകളും കൂടുന്നുണ്ട്. മഴയും മഴദിനങ്ങളുടെ എണ്ണവും കുറയുന്നതുകൊണ്ട്  വരൾച്ച കൂടുന്നു . മറുഭാഗത്ത്, ചില സമയങ്ങളിൽ കാറ്റ് ശക്തമാകുമ്പോള്‍ അന്തരീക്ഷത്തില്‍ അധികമായുള്ള നീരാവി അതിതീവ്ര മഴയായി പെയ്യുന്നു.  കടൽ ചൂടുപിടിക്കുന്നതുകൊണ്ട് മേഘങ്ങൾ രൂപപ്പെടുന്നതിലും അവയുടെ വിന്യാസത്തിലും വ്യത്യാസം വരുന്നുണ്ട്. 

ആഗോളതാപനം കാരണം സമുദ്രനിരപ്പ് ഉയരുന്നുണ്ടല്ലോ.  ഇത്യൻ മഹാസമുദ്രവിതാനം എത്രമാത്രം ഉയർന്നിട്ടുണ്ട്? 

സമുദ്രവിതാനം  ഉയരുന്നത് പതുക്കെയാണ്.  ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ വിതാനം 1901 നും 2004 നുമിടയ്ക്ക് ഓരോ വർഷവും ഒന്നു മുതൽ ഒന്നേമുക്കാൽ മില്ലിമീറ്റർ വരെ  ഉയർന്നിട്ടുണ്ട്.  2004 മുതൽ വർഷന്തോറും 3.3 മില്ലിമീറ്റർ എന്ന നിരക്കിലാണ് ഉയരുന്നത്. പശ്ചിമബംഗാളിൻ്റെ ഭാഗത്ത്, കടൽനിരപ്പ് പ്രതിവർഷം അഞ്ചു  മില്ലീമീറ്റർ വരെ ഉയരുന്നുണ്ട്. 

സമുദ്രനിരപ്പിൻ്റെ  ഉയർച്ച പ്രതിവർഷക്കണക്കായി  കേൾക്കുമ്പോൾ വലിയ പ്രശ്‌നമായി തോന്നുന്നില്ല. പക്ഷേ, സ്ഥിതി വളരെ ഭീകരമല്ലേ ഇപ്പോൾത്തന്നെ?

ശരിയാണ്. പ്രതിവർഷക്കണക്കിൽ പറയുമ്പോൾ വലിയ പ്രശ്നം തോന്നില്ല. പക്ഷേ, ഒരു  ദശകം എടുത്തുനോക്കൂ. അല്ലെങ്കിൽ ഒരു നൂറ്റാണ്ട് . എത്ര ഭീകരമാണ് സ്ഥിതി എന്നു മനസ്സിലാകും. എത്രയെത്ര  സ്ഥലങ്ങൾ മുങ്ങും, തീരമെത്ര കടലെടുത്തുപോകും. തീരദേശജനത മുഴുവനും അഭയാർത്ഥികളാകില്ലേ. അവരുടെ ജീവനും ഉപജീവനമാർഗ്ഗങ്ങളും  ആരോഗ്യവും ഒക്കെ വലിയ അപകടത്തിലാകും.  പക്ഷേ, അവരെ  മാത്രമല്ല ഇതൊക്കെ ബാധിക്കുക. കടൽനിരപ്പ് ഉയരുന്നത് കാരണം  വേലിയേറ്റസമയത്ത് കടൽവെള്ളം കൂടുതൽ ഇടങ്ങളിലേക്ക് കയറും. നദികളിൽ ഉപ്പുവെള്ളം കിലോമീറ്ററുകളോളം ഉള്ളിലേക്കു വരും . ശുദ്ധമായ  കുടിവെള്ളം ഇല്ലാതാകും. കൃഷി നശിക്കും.  

കടലിൻ്റെ  ചൂടു  കൂടുന്നതുകൊണ്ട് പകർച്ചവ്യാധികൾ വർദ്ധിക്കുമോ? 

പല ഗവേഷണങ്ങളും അങ്ങനെ സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്,  സമുദ്രനിരപ്പ് ഉയരുമ്പോൾ വെള്ളം  കരയിലേക്ക് കൂടുതൽ കേറുന്ന സാഹചര്യത്തിൽ   കോളറയ്ക്കു  കാരണമാകുന്ന വിബ്രിയോ കോളറ എന്ന ബാക്ടീരിയ പെരുകുന്നതായി  ബംഗ്ലാദേശിലൊക്കെ കാണുന്നുണ്ട്. തീരദേശവാസികളുടെ ആരോഗ്യത്തെയും കൃഷിയെയുമൊക്കെ ഇതു  ബാധിക്കുമല്ലോ. അതുപോലെ സമുദ്രത്തിൻ്റെ ചൂടു കൂടുമ്പോൾ ചില തരം  വിഷമുള്ള ആൽഗകൾ വലിയ തോതിൽ പെരുകുന്നതായി കാണുന്നുണ്ട്. Harmful Algae Blooms  എന്നാണ്  പറയുന്നത്. 

സമുദ്രങ്ങൾ  ചൂടിനു പുറമേ കാർബൺ ഡൈഓക്‌സൈഡും വലിയ തോതിൽ ആഗിരണം ചെയ്യുന്നുണ്ടല്ലോ . അതു  കൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? 

പ്രധാനമായും ജലത്തിൻ്റെ  അമ്ളാംശം കൂടുകയും , ഓക്സിജൻ ലെവൽ കുറയുകയും ചെയ്യുന്നു. സമുദ്രത്തിലെ പ്രാണവായു കുറയുന്നത് പല ജീവജാലങ്ങളുടെയും നിലനില്പ് അപകടത്തിലാക്കും. പ്രത്യുല്പാദനക്ഷമതയെയും പ്രജനനത്തെയും ബാഹ്യ-ആന്തരിക സ്വഭാവങ്ങളെയും ബാധിക്കും. 

പവിഴപ്പുറ്റുകളുടെ  നിറം മാറിത്തുടങ്ങിയത്തിനു ശേഷം ഈ മേഖലയിൽ ഒരുപാട് ഗവേഷണം നടന്നിട്ടുണ്ട്. പവിഴപ്പുറ്റ് ഇല്ലാതായെലെന്താ ഇത്ര വലിയ പ്രശ്നം എന്നു  തോന്നാം.  സമുദ്രജീവജാലങ്ങളുടെ 25 ശതമാനവും  പവിഴപ്പുറ്റുകളുടെ  ആവാസവ്യവസ്ഥകൾക്കുള്ളിലാണ്. പവിഴപ്പുറ്റുകൾ ഇല്ലാതാകുമ്പോൾ  ഈ ആവാസവ്യവസ്ഥകളും ജൈവവൈവിധ്യവും തകരും. പവിഴപ്പുറ്റുകള്‍ തീരപ്രദേശത്തിന് ഒരു നല്ല സംരക്ഷണഭിത്തി കൂടിയാണ് എന്നോര്‍ത്താല്‍ അതിനെ സംരക്ഷിക്കുന്നത് അത്യാവശ്യമാണെന്ന് മനസ്സിലാകും. ആന്‍ഡമാന്‍ ദ്വീപുകളെ സുനാമിയില്‍ നിന്നും ചുഴലിക്കാറ്റുകളില്‍ നിന്നും കുറെയൊക്കെ രക്ഷിക്കുന്നത് പവിഴപ്പുറ്റുകളാണ്. 

ചൂടു കൂടുമ്പോൾ പല സമുദ്രജീവികളും ചൂടു  കുറഞ്ഞ സ്ഥലങ്ങളിലേക്കു  കുടിയേറും. കേരളം  ഉൾപ്പെടെ ഇന്ത്യയുടെ പശ്ചിമതീരത്ത് മത്സ്യബന്ധനം ഗണ്യമായി കുറയുന്നതിൻ്റെ  ഒരു കാരണം ഇതാണ്. 

കടലിനുണ്ടാകുന്ന മാറ്റങ്ങളും അതുവഴി കരയിലുണ്ടാവുന്ന മാറ്റങ്ങളും കേരളത്തെയും ഇന്ത്യയെയും ഗുരുതരമായി  ബാധിക്കില്ലേ?

നമ്മൾ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. 7500 കിലോമീറ്റർ നീണ്ട തീരമാണ് ഇന്ത്യയുടേത്. ഇതിൽ 5400 മുഖ്യഭൂവിഭാഗത്തിലും ബാക്കി ആൻഡമാൻ -നിക്കോബാർ ദ്വീപുകളുടെയും ലക്ഷദ്വീപുകളുടെയും തീരമാണ്.  ഇന്ത്യൻതീരത്തിൻ്റെ  മുക്കാൽഭാഗവും ചുഴലിക്കാറ്റിൻ്റെയും  സുനാമിയുടെയുമൊക്കെ  പ്രത്യാഘാതങ്ങൾ ഉണ്ടാവാൻ  സാധ്യതയുള്ള സ്ഥലങ്ങളാണ്. നമ്മുടെ രാജ്യത്ത് ജനസംഖ്യയുടെ മൂന്നിലൊന്നു ജീവിക്കുന്നത് തീരപ്രദേശത്താണ്. 

കേരളത്തിൻ്റെ  കാര്യത്തിൽ ഡിസാസ്റ്റർ വൾനറബിലിറ്റി വളരെ കൂടുതലാണ്. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ വീതി കുറഞ്ഞുചെരിഞ്ഞു കിടക്കുന്ന ഭൂപ്രദേശമാണല്ലോ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 590 കിലോമീറ്റർ നീണ്ട തീരം. പതിനാലു ജില്ലകളിൽ ഒമ്പതെണ്ണത്തിനും  തീരപ്രദേശമുണ്ട്. കടലോരമേഖലയിൽ ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്നുണ്ട് .  സംസ്ഥാനം ചെറുതാണ്, ജനസാന്ദ്രത വളരെ കൂടുതലുമാണ്.  കാലാവസ്ഥാദു രന്തങ്ങൾ കേരളത്തെ വലിയ തോതിൽ   ബാധിക്കും. 

ആഗോളതാപനം കൂടുന്ന സ്ഥിതിക്ക്  ദുരന്തങ്ങളുടെ എണ്ണവും  തീവ്രതയും വ്യാപ്തിയും ഇനിയും കൂടുകയല്ലേയുള്ളൂ? 

കൂടുമെന്നു തന്നെയാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ലോകകാലാവസ്ഥാസംഘടനയുടെ (WMO) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് അടുത്ത അഞ്ചു  വര്‍ഷങ്ങളില്‍ എപ്പോഴെങ്കിലും ഭൂമിയുടെ ശരാശരി വാർഷിക താപവർധന 1.5 °C ലെത്താം. ആഗോളതാപനം ( ദീർഘകാലശരാശരി) ഇത്രയും കൂടിയാൽ  വരൾച്ച, ഉഷ്‌ണതരംഗം, അതിവർഷം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് , കടൽനിരപ്പ്  ഉയരുന്നത്, കടലാക്രമണം ഇതെല്ലാം വലിയ തോതിൽ കൂടുമെന്നു ശാസ്ത്രസമൂഹം മുമ്പേ മുന്നറിയിപ്പ് നല്കിയിട്ടുണ്ടല്ലോ. ഏതുവിധേനയും അതൊഴിവാക്കണമെന്നായിരുന്നു  പാരീസ് ഉച്ചകോടിയിൽ ലോകരാഷ്ട്രങ്ങൾ  ഉണ്ടാക്കിയ കരാർ.  പക്ഷേ , നമ്മള്‍ അതിവേഗം അവിടെ എത്തുകയാണ്. ഹരിതഗൃഹവാതകങ്ങൾ  പുറന്തള്ളുന്നതിൽ കുറവൊന്നും വന്നിട്ടില്ല എന്നു തന്നെയാണ്  അതിൻ്റെ  അര്‍ത്ഥം.  

ഇന്ത്യയുടെ പ്രഥമ കാലാവസ്ഥാവിലയിരുത്തൽ റിപ്പോർട്ടു  പ്രകാരം ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നത് ഇപ്പോഴത്തേതുപോലെത്തന്നെ തുടരുകയാണെങ്കിൽ ഈ  നൂറ്റാണ്ടിന്‍റെ അവസാനത്തോടെ  നമ്മുടെ  രാജ്യത്തിൻ്റെ ശരാശരി ഉപരിതലോഷ്മാവ് 4.4 °C വരെ ഉയരാൻ സാധ്യതയുണ്ട്. ഇനി ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നത്  കുറഞ്ഞാൽപ്പോലും  താപനം 2.4 °C വരെ ഉയർന്നേക്കും.

കാലാവസ്ഥാദുരന്തങ്ങളിൽ പലതും പലപ്പോഴും ഒന്നിച്ചാണല്ലോ  വരുന്നത്. അത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമല്ലോ?   

തീർച്ചയായും. ഉദാഹരണത്തിന്,  വരൾച്ചയുള്ള വർഷത്തിൽ എൽ നിനോ  വന്നാൽ വരൾച്ച കൂടുതൽ തീവ്രമാകും. അതോടൊപ്പം ഉഷ്‌ണതരംഗം കൂടി വന്നാലത്തെ സ്ഥിതി ആലോചിച്ചുനോക്കൂ.  2015-16 ഏറ്റവും ചൂടുകൂടിയ  വർഷമായത് അങ്ങനെയാണ്. ആയിരക്കണക്കിന് ആളുകൾ മരിച്ചു നമ്മുടെ രാജ്യത്ത് ആ വർഷം.  ഓർമ്മയില്ലേ, കേരളത്തിലും കൊടും വരൾച്ചയായിരുന്നു . ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മഴ വരാം.  വെള്ളപ്പൊക്കവും ഉരുൾപൊട്ടലും  മണ്ണിടിച്ചിലുമുണ്ടാകാം. തിരമാലകൾ ഉയരാം. കടലാക്രമണവും വേലിയേറ്റവും ഓരുവെള്ളപ്പൊക്കവും ഉണ്ടാകാം. തോതെ, യാസ് ചുഴലിക്കാറ്റുകള്‍ ഉണ്ടായപ്പോള്‍ ഇത് ദൃശ്യമായിരുന്നു. കനത്ത മഴയും നദികളിൽ വെള്ളപ്പൊക്കവും കടലിൽ വേലിയേറ്റവും ഒരുമിച്ചുണ്ടാവുന്നുവെന്നു വിചാരിക്കൂ. വെള്ളത്തിനു കടലിലേക്ക് ഒഴുകിപ്പോകാൻ കഴിയില്ല. കരപ്രദേശം ദിവസങ്ങളോളം വെള്ളത്തിനടിയിലാകും. 

 2018 ൽ കേരളത്തിലുണ്ടായതു  പോലെ?
 
അതെ. കടലിൽ നിന്ന് വെള്ളം കരയിലേക്കു  കയറുന്ന സമയമായതിനാൽ പുഴയിൽ നിന്നുള്ള വെള്ളത്തിനു  ഒഴുകി കടലിൽ ചെന്നുചേരാൻ കഴിയാതെ വന്നു. മാത്രമല്ല, മുമ്പ് വെള്ളം ഒഴുകിപ്പോയിരുന്ന വഴികളൊക്കെ നമ്മുടെ പലതരം നിർമ്മിതികൾ കാരണം അടഞ്ഞുകിടക്കുകയാണ്.   മൂന്നുനാലുദിവസം തുടർച്ചയായി കനത്ത മഴ പെയ്യുമ്പോഴേയ്ക്കും വെള്ളപ്പൊക്കം വരും. ഇത്തരത്തിൽ പലതും ഒന്നിച്ചുണ്ടാകുമ്പോൾ  പ്രത്യാഘാതം വളരെ കൂടും.

കേരളത്തിന്റെ കടലോരത്തിന്റെ വലിയൊരു ഭാഗം കടൽഭിത്തി കെട്ടിയിട്ടുണ്ട്.  ഇത് വലിയ തോതിൽ തീരശോഷണത്തിനു ഇടവരുത്തുന്നുണ്ടല്ലോ? 

കടൽഭിത്തി കെട്ടുന്നത് ചിലയിടങ്ങളിൽ സഹായിച്ചേക്കുമെങ്കിലും എല്ലായിടത്തും ശാശ്വതമായ പരിഹാരമല്ല. അതിനു  ചിലവേറും.  മാത്രമല്ല, കടലും കരയും തമ്മിലുള്ള ഡൈനാമിക്സ് മാറും. കടലോരആവാസവ്യവസ്ഥകൾ തകരും.  അതിശക്തമായ തിരകളെ തടഞ്ഞുനിർത്താനൊന്നും കടൽഭിത്തിക്കു കഴിയില്ല.  നമ്മൾ ആദ്യം ചെയ്യേണ്ടത് റിസ്‌ക്  അസസ്‌മെന്റാണ്. ഏതു രീതിയിലുള്ള പരിഹാര മാർഗമാണ് അവലംബിക്കേണ്ടത് എന്നു  തീരുമാനിക്കണമെങ്കിൽ ഓരോ സ്ഥലത്തും എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങൾ ആവശ്യമുണ്ട്. സ്വാഭാവികമായ രീതികളാണ് അഭികാമ്യം. തിരകളുടെയും കാറ്റിന്റെയും ഊർജ്ജം കുറയ്ക്കാനും തീരത്തെ സംരക്ഷിക്കാനും മണൽത്തിട്ടകൾക്കും  ജൈവവേലിക്കുമാണ്   കഴിയുക. കടലോരത്ത് മുമ്പുണ്ടായിരുന്ന ജൈവവൈവിധ്യം എന്തായിരുന്നുവെന്ന് അവിടെ ജീവിക്കുന്നവർക്കായിരിക്കും കൂടുതൽ അറിയുക. അവ തിരിച്ചുകൊണ്ടുവരാൻ  കഴിയുമോ എന്നു  നോക്കാവുന്നതാണ്. ചിലയിടങ്ങളിൽ കണ്ടൽക്കാടുകൾ അനുയോജ്യമായിരിക്കും. അവശേഷിക്കുന്ന നൈസർഗി കസസ്യാവരണവും മണൽത്തിട്ടകളും ഏതുവിധേനയും   സംരക്ഷിക്കേണ്ടത്  വളരെ പ്രധാനമാണ്. ദുരന്തസാധ്യതകൾ വളരെക്കൂടുതലുള്ള 
പ്രദേശങ്ങളില്‍ നിന്നു ചിലപ്പോൾ ആളുകളെ പുനരധിവസിപ്പിക്കേണ്ടി വരും. അത് ഏതുവിധത്തിലാകണമെന്നു അവരുമായി കൂടിയാലോചിച്ചുവേണം ചെയ്യാൻ.

പക്ഷേ, നമ്മുടെ വികസന ചർച്ചകളിലൊന്നും  കടലിനുണ്ടാകുന്ന മാറ്റങ്ങൾ കാര്യമായി  ഉയർന്നുവരുന്നില്ലല്ലോ? തീരപ്രദേശത്ത് വലിയ നിർമ്മിതികളും കടൽനികത്തലും ഖനനവുമൊക്കെ തുടരുന്നു. 

കാലാവസ്ഥാവ്യതിയാനം കടലിലും കരയിലുമുണ്ടാക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാതെ ഇനി മുന്നോട്ടു പോകാൻ കഴിയുമെന്ന് എനിക്കു  തോന്നുന്നില്ല. വികസനത്തിൻ്റെ പേരിൽ ഇനി എന്തു ചെയ്യുമ്പോഴും അത് കാലാവസ്ഥാവ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ വിലയിരുത്തിയാവണം. അതല്ലാതെ സുസ്ഥിരവികസനലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ കഴിയുകയില്ല. ദുരന്തങ്ങൾ നമ്മുടെ ജീവനെയും നിലനില്പിനെയും അപകടത്തിലാക്കില്ലേ? ശാരീരിക-മാനസികാരോഗ്യത്തെയും രോഗ പ്രതിരോധശക്തിയെയും തകർക്കില്ലേ? ഭക്ഷ്യ-ജല സുരക്ഷിതത്വം ഇല്ലാതാക്കില്ലേ? ഓരോന്നും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. നമ്മൾ കാര്യങ്ങൾ  സമഗ്രമായി മനസ്സിലാക്കാൻ ശ്രമിക്കുകയും ദുരന്തങ്ങൾ  നേരിടാൻ സജ്ജരാവുകയും വേണം. 

ഏതു തരത്തിലാണ് സജ്ജരാവേണ്ടത്? 

കാലാവസ്ഥാവ്യതിയാനത്തിൻ്റെയും ദുരന്തങ്ങളുടെയും  ആക്കം കൂട്ടുന്ന തരത്തിലുള്ള  ഇടപെടലുകൾ ഒഴിവാക്കണം.  ദുരന്തങ്ങൾ ഉണ്ടായാൽ അവയുടെ ആഘാതം പരമാവധി കുറയ്ക്കാൻ നമുക്കു കഴിയണം. ദുരിതാശ്വാസപ്രവർത്തങ്ങളല്ല ഡിസാസ്റ്റർ മാനേജ്‌മെന്റ്  എന്നു മനസ്സിലാക്കണം. ഒരു ദുരന്തം ഉണ്ടായത്തിനു ശേഷം ചെയ്യുന്നതല്ല ദുരന്തനിവാരണം. കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് പരമാവധി സജ്ജരായി ഇരിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനുള്ള ഡേറ്റയും ശാസ്ത്രവും മോഡലുകളും നമ്മുടെ കയ്യിലുണ്ട്. 

ആഗോള-ദേശീയ തലത്തിൽ ഡേറ്റ ഉണ്ടാകാം. എന്നാൽ, പ്രാദേശികതലങ്ങളിൽ വേണ്ടത്ര ഡേറ്റ ഉണ്ടെന്നു തോന്നുന്നില്ല. ഉദാഹരണത്തിന്, കേരളത്തിൻ്റെ ഓരോ പ്രദേശത്തും എത്ര മഴ പെയ്യുന്നുണ്ട് , തീരപ്രദേശങ്ങളിൽ കടൽനിരപ്പ് എത്ര ഉയർന്നിട്ടുണ്ട്, ഓരോ പ്രദേശത്തും വെള്ളപ്പൊക്ക സാധ്യത എത്രയുണ്ട് ഇങ്ങനെയുള്ള ഡേറ്റയൊന്നും നമുക്കില്ലല്ലോ? 

അതുണ്ടാക്കാനുള്ള ശ്രമങ്ങൾ എത്രയും പെട്ടെന്ന് തുടങ്ങണം. കാലാവസ്ഥാവ്യതിയാനം ഓരോ പ്രദേശത്തെയും വ്യത്യസ്തമായാണ് ബാധിക്കുക. എവിടെയൊക്കെ, എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് എന്നു മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എങ്കിലേ ശരിയായ രീതിയിലുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ്  സാധ്യമാകുകയുള്ളൂ. 

പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും അതുപോലുള്ളവരും കൂടിയാണ് ദുരന്തനിവാരണപദ്ധതികൾ ഉണ്ടാക്കുന്നത്.  പ്രാദേശികജനതയുടെ അനുഭവജ്ഞാനം കണക്കിലെടുക്കാറില്ലല്ലോ? 

കൂട്ടായ പ്രവർത്തങ്ങളാണ് ആവശ്യം. ദുരന്തനിവാരണത്തിനായി ഓരോ സ്ഥലത്തെയും ജനങ്ങൾ സജ്ജരാവേണ്ടതുണ്ട്. ആഗോളതലത്തിൽ സജീവചർച്ചകൾ ഇക്കാര്യത്തിൽ നടക്കുന്നുണ്ട്. പ്രാദേശികജനതയുടെ അനുഭവ പരിജ്ഞാനം വളരെ പ്രധാനപ്പെട്ടതാണ്. 

ഉദാഹരണത്തിന്, കടലും മത്സ്യങ്ങളും എങ്ങനെ പെരുമാറുമെന്നു മത്സ്യത്തൊഴിലാളികൾക്ക് പലപ്പോഴും അവരുടെ അനുഭങ്ങളിലൂടെ പറയാൻ കഴിയും. കാടിനു വരുന്ന മാറ്റങ്ങളെപ്പറ്റി ആദിവാസികൾക്ക് അറിയാവുന്നതു  പോലെത്തന്നെ.  ചില നാട്ടറിവുകൾ ശാസ്ത്രീയമായി പഠിച്ചു പ്രയോഗത്തിൽ വരുത്താനും  കഴിയും. ശാസ്തീയമായ മോഡലുകളും ഡാറ്റയും പ്രാദേശികജനവിഭാഗങ്ങളുടെ അനുഭവപരിജ്ഞാനവും ചേർത്ത് ഓരോ പ്രദേശത്തിനും വേണ്ട പ്ലാനുകൾ ഉണ്ടാക്കണം. വരള്‍ച്ചയെയും  വെള്ളപ്പൊക്കത്തെയും  അതിജീവിക്കുന്ന വിളകള്‍ കൃഷി ചെയ്യുന്നതു പോലുള്ള കാര്യങ്ങൾ വരെ  ഇത്തരം പ്ലാനുകളുടെ ഭാഗമാക്കണം.  കേരളത്തിൽ ഭേദപ്പെട്ട ത്രിതല പഞ്ചായത്ത് സംവിധാനമുണ്ടല്ലോ. വിഷയവിദഗ്ദരും ജനങ്ങളും തദ്ദേശസർക്കാരുകളും ചേർന്നു വേണം  പ്രാദേശിക ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാനുകൾ  ഉണ്ടാക്കേണ്ടത്. സംസ്ഥാനസർക്കാരിൻ്റെ  പരിപൂർണമായ പിന്തുണയും സഹായവും ഇക്കാര്യത്തിൽ ആവശ്യമാണ്. 

ജനകീയ കൂട്ടായ്മകൾക്ക് പല കാര്യങ്ങളും പ്രാദേശിക തലത്തിൽ ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അമ്പതിലധികം സന്നദ്ധപ്രവർത്തകർ  വാഗമൺ മുതൽ കുമരകം വരെയുള്ള സ്ഥലങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും മഴമാപിനികൾ സ്ഥാപിച്ച് 24 മണിക്കൂറും മഴയുടെ കണക്കെടുക്കുന്നുണ്ട്. 2018 ലെ വെള്ളപ്പൊക്കത്തില്‍ ഇവരുടെ നിരീക്ഷണവും സമയോചിതമായ ഇടപെടലും 170-ഓളം കുടുംബങ്ങളുടെ ജീവനാണ് രക്ഷിച്ചത്. ഇത്തരം കാര്യങ്ങൾ ജനങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. 

പക്ഷേ, മാധ്യമങ്ങൾ ഇതൊക്കെ വേണ്ടത്ര ഗൗരവമായി എടുക്കുന്നുണ്ടോ? 

മുമ്പത്തെക്കാളേറെ ഗൗരവമായി എടുക്കുന്നുണ്ട് എന്നുതന്നെയാണ് എനിക്കു  തോന്നുന്നത്. പത്തുവർഷം മുമ്പത്തെ ന്യൂസ് പേപ്പറുകൾ എടുത്തുനോക്കൂ. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട വാർത്തകൾ കാണില്ല. പക്ഷേ, ഇപ്പോഴങ്ങനെയല്ല. മാധ്യമങ്ങൾ കുറേക്കൂടി ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.  

എന്നാൽ, അതിനു തുടർച്ചയുണ്ടാവുന്നില്ല. മിക്കപ്പോഴും ദുരന്തങ്ങൾ ഉണ്ടായതിനുശേഷമായിരിക്കും വലിയ രീതിയിൽ ഇത്തരം വിഷയങ്ങൾ കവർ ചെയ്യുന്നത്. ആ സമയത്ത് അപ്പോഴുണ്ടായ ദുരന്തത്തെപ്പറ്റിയും ജീവഹാനിയെപ്പറ്റിയും നാശനഷ്ടങ്ങളെപ്പറ്റിയും ദുരിതാശ്വാസപ്രവർത്തങ്ങങ്ങളെപ്പറ്റിയുമൊക്കെയാവുമല്ലോ ഏറെയും ചർച്ച ചെയ്യുക. അതല്ല വേണ്ടത്. തുടർച്ചയായി കവർ ചെയ്യണം ഈ വിഷയങ്ങൾ. വരള്‍ച്ചയുടെ സമയത്ത് വെള്ളപ്പൊക്കത്തെപ്പറ്റിയും വെള്ളപ്പൊക്കസമയത്ത് വരാനിരിക്കുന്ന വരൾച്ചയെപ്പറ്റിയുമൊക്കെ പറയേണ്ടി വരും. പലതരം ഗവേഷങ്ങൾ നടക്കുന്നുണ്ടല്ലോ. അത്തരം കാര്യങ്ങളിൽ മാധ്യമപ്രവർത്തകർ അപ്‌ഡേറ്റഡ്  ആകേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളിൽ മാധ്യമപ്രവർത്തകർക്കും പരിശീലനം കിട്ടണം. 

കാലാവസ്ഥാവ്യതിയാനത്തിൻ്റെ  കാര്യത്തിൽ ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങളുടെ പരിമിതി എന്താണ്?

ഒരാൾ മഴയെക്കുറിച്ചും ഒരാൾ ചൂടിനെക്കുറിച്ചും മറ്റൊരാൾ കടലിനെപ്പറ്റിയും ഗവേഷണം നടത്തുന്നു. ഓരോരുത്തരും അവരവരുടെ മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംയോജിതമായ രീതിയിലല്ല കാര്യങ്ങൾ നടക്കുന്നത്. ഇന്റർ ഡിസിപ്ലിനറി റിസർച്ചാണ് കൂടുതൽ നടക്കേണ്ടത് എന്ന് എനിക്കു  തോന്നുന്നു. ഈ ഏകോപനമില്ലായ്മ സർക്കാർ ഡിപ്പാർട്ടുമെന്റുകൾക്കിടയിലും കാണാം. നയങ്ങൾ പലപ്പോഴും പരസ്പരവിരുദ്ധമാകും. പരിസ്ഥിതിവകുപ്പ് പരിസ്ഥിതിയെപ്പറ്റിയും വനംവകുപ്പ് വനത്തെപ്പറ്റി മാത്രവും വ്യവസായവകുപ്പ് വൻകിട പദ്ധതികളെപ്പറ്റിയും പറയും. ആ സ്ഥിതി മാറണം. പ്രശ്നങ്ങൾ  സമഗ്രതയിൽ മനസ്സിലാക്കാതെ എങ്ങനെയാണ് നമ്മൾ അവയ്ക്കു പരിഹാരം കാണുക? പ്രകൃതിയുടെ പ്രവർത്തനങ്ങളൊന്നും ഒറ്റപ്പെട്ടതല്ലല്ലോ. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതല്ലേ. അതേപോലെത്തന്നെയാവണം നമ്മുടെ പഠനങ്ങളും പ്രവർത്തങ്ങളും സമീപനങ്ങളും.