ന്യൂഡല്‍ഹി: മണ്‍സൂണ്‍ കാലത്ത് ഈ വര്‍ഷവും ഇന്ത്യയില്‍ സാധാരണ പോലെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. വരള്‍ച്ചാ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആശ്വാസമായി മണ്‍സൂണ്‍കാലത്ത് മഴയില്‍ കുറവുണ്ടാവില്ലെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഇത്തവണ രാജ്യമെങ്ങും നല്ല രീതിയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ കെ.ജെ രമേഷ് പറഞ്ഞു. 96 ശതമാനം മഴയാണ് വരുന്ന മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയുടെ കാര്‍ഷിക മേഖലയെ നിലനിര്‍ത്തുന്നത് മണ്‍സൂണ്‍ മഴയാണ്. സാധാരണയായി, മണ്‍സൂണ്‍ ജൂണ്‍ ഒന്നോടെ കേരള തീരത്തുനിന്ന് ആരംഭിച്ച് സെപ്തംബര്‍ മാസത്തോടെ രാജസ്ഥാനിലെത്തും. ഇന്ത്യയില്‍ ആകെ ലഭിക്കുന്ന വാര്‍ഷിക മഴയുടെ 70 ശതമാനവും മണ്‍സൂണ്‍ കാലത്താണ് ലഭിക്കുന്നത്.