ന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (കജഇഇ) 2008ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ആഗോള താപനം 2030-നും 2052-നും ഇടയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. നിലവില്‍ ഒരു ഡിഗ്രി സെല്‍ഷ്യസാണുള്ളത്. താപനം ഉയര്‍ത്തുന്നതിന് മൂലകാരണമായ മനുഷ്യ നിര്‍മിതികളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ 1.5 ഡിഗ്രി സെല്‍ഷ്യസ് എന്നതോതിലെങ്കിലും ആഗോളതാപനം പരിമിതപ്പെടുത്താനാവൂ. അങ്ങനെയല്ലെങ്കില്‍ ഇത് രണ്ടുഡിഗ്രി സെല്‍ഷ്യസും കടക്കും. 

ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ 2100 ആകുമ്പോഴേക്ക് സമുദ്രനിരപ്പ് 40 സെന്റിമീറ്റര്‍ ഉയരുമെന്നാണ് കണക്ക്. കരയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാവും. താഴ്ന്ന പ്രദേശങ്ങളും ചില രാജ്യങ്ങള്‍തന്നെയും വെള്ളത്തിനടിയിലാവും. കോടിക്കണക്കിനാളുകള്‍ ഭവനരഹിതരാവും. ചേരികള്‍ വര്‍ധിക്കും. കുടിവെള്ളക്ഷാമം രൂക്ഷമാവും. ആഗോളതാപനം കുറയ്ക്കാനുള്ള ശ്രമം ഫലം കണ്ടില്ലെങ്കില്‍ താപനം 2 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തും. സമുദ്രനിരപ്പ് 50 സെന്റിമീറ്ററിലധികം ഉയരും.

ഉരുകുന്ന മഞ്ഞുപാളികള്‍ 

അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ മുന്‍പ് കണക്കുകൂട്ടിയതിനെക്കാള്‍ ആറിരട്ടി വേഗത്തില്‍ ഉരുകുകയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 1979-നും 1990-നും ഇടയിലെ കണക്ക് പ്രകാരം അന്റാര്‍ട്ടിക്കയില്‍ ഒരു വര്‍ഷം 36 ബില്യണ്‍ ടണ്‍ ഐസാണ് ഉരുകിത്തീര്‍ന്നത്. 2009-നും 2017-നും ഇടയില്‍ ഉരുകിയ ഐസിന്റെ അളവ് പ്രതിവര്‍ഷം 228 ബില്യണ്‍ ടണ്‍ ആയി. 1979-നും 2017-നും ഇടയില്‍ സമുദ്ര ജലനിരപ്പ് 1.4 സെ.മീറ്റര്‍ ഉയര്‍ന്നതായാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഇതേസ്ഥിതി തുടര്‍ന്നാല്‍ 2100 ആകുമ്പോഴേക്ക് സമുദ്ര ജലനിരപ്പ് 1.8 മീറ്റര്‍ ഉയരും. അമേരിക്കന്‍ ബഹിരാകാശഗവേഷണഏജന്‍സിയായ നാസയുടെ കണക്കുപ്രകാരം സമുദ്ര ജലനിരപ്പ് ഓരോ വര്‍ഷവും 3.3 മില്ലി മീറ്റര്‍ ഉയരുന്നുണ്ട്. വര്‍ഷത്തില്‍ 413 ഗിഗാ ടണ്‍ ഐസ്പാളികള്‍ ഉരുകിത്തീരുന്നതായും നാസ ചൂണ്ടിക്കാണിക്കുന്നു. 

Flood

നഗരങ്ങള്‍ മുങ്ങും

വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 1995-ലെ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ 39 ശതമാനം (2.2 ബില്യണ്‍ ജനങ്ങള്‍) സമുദ്രതീരങ്ങളിലോ സമുദ്രത്തിന് 100 കിലോമീറ്ററിനുള്ളിലോ ജീവിക്കുന്നവരാണ്. നഗരജനസംഖ്യയില്‍ മുന്നിലുള്ള ഏഷ്യയില്‍ 54 ശതമാനം ആളുകളും താഴ്ന്നതീരപ്രദേശങ്ങളിലാണുള്ളത്. സമീപകാല പഠനങ്ങള്‍ പ്രകാരം 600 മില്യണ്‍ ജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരാണ്. 200 മില്യണ്‍ ജനങ്ങള്‍ വെള്ളപ്പൊക്കസാധ്യതയുള്ള തീരസമതലങ്ങളിലുള്ളവരാണ്. സമുദ്രജലനിരപ്പ് ഉയരുന്നത് ലോകത്തെ വന്‍കിട നഗരങ്ങളെയെല്ലാം പ്രതിസന്ധിയിലാക്കും. ആഗോളതാപനവര്‍ധന ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഈ നൂറ്റാണ്ട് അവസാനമാവുമ്പോഴേക്ക് സമുദ്ര ജലനിരപ്പ് ഒരു മീറ്ററിലധികം ഉയരുന്ന 25 നഗരങ്ങളുണ്ട് ലോകത്ത്. ഏഷ്യ പെസഫിക് മേഖലയിലാണ് 19 നഗരങ്ങള്‍. ഇതില്‍ ഏഴെണ്ണം ഫിലിപ്പൈന്‍സിലാണ്. 

മുങ്ങുന്ന നഗരങ്ങള്‍

ജക്കാര്‍ത്ത (ഇന്തോനീഷ്യ)

 • ലോകത്ത് ഏറ്റവും വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം. 
 • സമുദ്ര നിരപ്പില്‍നിന്നുള്ള ശരാശരി ഉയരം 8 മീറ്ററിന് മുകളില്‍
 • വര്‍ഷത്തില്‍ 25.4 സെ.മീറ്റര്‍ സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 
 • ജക്കാര്‍ത്തയിലെ 40 ശതമാനം പ്രദേശങ്ങളും സമുദ്രനിരപ്പിന് താഴെയാണ്. സമുദ്രനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഭൂഗര്‍ഭജലം, പാര്‍പ്പിടം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളെ കാര്യമായി ബാധിക്കും. 
 • സമുദ്ര ജലനിരപ്പിന്റെ ഉയര്‍ച്ച ജക്കാര്‍ത്തയിലെ 10 ദശലക്ഷംപേരെ ബാധിക്കും
 • കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ആധിക്യം, അനധികൃതമായ ഭൂഗര്‍ഭജല ചൂഷണം, കണ്ടല്‍ക്കാടുകളുടെ നശീകരണം എന്നിവയെല്ലാമാണ് ജക്കാര്‍ത്തയ്ക്ക് തിരിച്ചടിയാവുന്നത്.

jakarta flooding

മനില (ഫിലിപ്പൈന്‍സ്)

 • ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ സഹകരണത്തോടെ Potsdam Institute for Climate Impact Research 2017-ല്‍ നടത്തിയ പഠനം, മനിലയടക്കം ഫിലിപ്പൈന്‍സിലെ ഏഴ് നഗരങ്ങള്‍ സമുദ്രജലനിരപ്പുയരുന്നതുമൂലം ഭീഷണിയിലാണെന്ന് വ്യക്തമാക്കുന്നു.
 • സമുദ്രനിരപ്പില്‍നിന്ന് ശരാശരി 5 മീറ്ററിന് മുകളിലാണ് മനില നഗരമുള്ളത്.
 • വര്‍ഷത്തില്‍ 10 സെ.മീറ്റര്‍ എന്ന തോതില്‍ സമുദ്രനിരപ്പുയരുന്നു.
 • 12 ദശലക്ഷത്തോളംപേരെ സമുദ്രനിരപ്പിലെ വ്യതിയാനം ബാധിക്കും.

ബാങ്കോക്ക് (തായ്ലാന്‍ഡ്)

 • 2015-ല്‍ തായലാന്‍ഡ് സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ബാങ്കോക്ക് നഗരത്തിന്റെ 40 ശതമാനം വെള്ളത്തിനടിയിലാവും. 
 • സമുദ്രനിരപ്പില്‍നിന്ന് ശരാശരി 1.5 മീറ്ററിനുമുകളിലാണ് ബാങ്കോക്ക് സ്ഥിതിചെയ്യുന്നത്.
 • സമുദ്രജലനിരപ്പ് വര്‍ഷത്തില്‍ 1-2 സെ.മീറ്റര്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു
 • 14 ദശലക്ഷത്തോളം പേരെ ബാധിക്കും

ലണ്ടന്‍ (യു.കെ.)

 • ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2100 ആവുമ്പോഴേക്ക് ലണ്ടനില്‍ സമുദ്ര ജലനിരപ്പ് നാല് മീറ്ററോളം ഉയരും.
 • 2100 ആവുമ്പോഴേക്ക് ലണ്ടന്‍ നഗരത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാവുമെന്നാണ് പഠനങ്ങള്‍. പാര്‍ലമെന്റ് ഹൗസുകള്‍ മുഴുവനായി വെള്ളത്തിലാവും. വെസ്റ്റ് മിന്‍സ്റ്റര്‍ ബ്രിഡ്ജ് വെള്ളത്തില്‍ മുങ്ങും.
 • വെള്ളപ്പൊക്ക പ്രതിരോധത്തിനായി 1984-ല്‍ ഇവിടെ പണിത തെയിംസ് ബാരിയര്‍(ഠവമാല െആമൃൃശലൃ) വര്‍ഷത്തില്‍ ആറ്, ഏഴ് തവണ ഉപയോഗിക്കേണ്ട സ്ഥിതിയാണിപ്പോള്‍. നിര്‍മിക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്നത് ഇത് രണ്ടോ മൂന്നോ തവണ മാത്രമേ ഉപയോഗിക്കേണ്ടി വരൂ എന്നായിരുന്നു. വേലിയേറ്റത്തിന്റെ തോതുയരുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ലാഗോസ് (നൈജീരിയ)

 • ലോകത്തെ അതിവേഗം വികസിക്കുന്ന നഗരങ്ങളിലൊന്നാണ് നൈജീരിയയിലെ ലാഗോസ്. പ്രതിദിനം 3000ത്തോളം പേര്‍ ലാഗോസിലേക്ക് കുടിയേറുന്നുണ്ടെന്നാണ് കണക്ക്. 
 • സമുദ്ര നിരപ്പ് 0.5 മീറ്റര്‍ ഉയര്‍ന്നാല്‍ ലാഗോസിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുമെന്നാണ് യുനൈറ്റഡ് നാഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം(ഡചഋജ) റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2050 ആകുമ്പോഴേക്ക് നഗരത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാവുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. 
 • ലാഗോസിലെ മൊത്തം ജനസംഖ്യയില്‍ പകുതിയിലധികവും തീരപ്രദേശങ്ങളിലാണ്. 
 • സമുദ്ര നിരപ്പ് 200 മില്ലി മീറ്റര്‍ ഉയര്‍ന്നാല്‍ നൈജീരിയയിലെ 7,40,000 പേര്‍ ഭവന രഹിതരാവുമെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ലാഗോസിലുള്ളവരാവും.
 • കടല്‍ഭിത്തി കെട്ടി സമുദ്രനിരപ്പിലെ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പണിത മതില്‍ ലാഗോസിലെ വന്‍മതില്‍ എന്നറിയപ്പെടുന്നു.

flood

ഷാങ്ഹായ്  (ചൈന)

 • ചൈനയിലെ ഷാങ്ഹായ് നഗരം സമുദ്ര നിരപ്പില്‍നിന്ന് ശരാശരി 8 മീറ്ററിന് മുകളിലാണുള്ളത്.
 • വര്‍ഷത്തില്‍ 0.1-0.3 സെ.മീറ്റര്‍ വരെ സമുദ്ര ജലനിരപ്പ് ഇവിടെ ഉയരുന്നതായാണ് പഠനങ്ങള്‍.
 • ആഗോള താപനം മൂലമുള്ള ജലനിരപ്പുയരല്‍ 23.7 ദശലക്ഷം പേരെ ഷാങ്ഹായില്‍ പ്രതിസന്ധിയിലാക്കും

ഹൂസ്റ്റണ്‍ (യു.എസ്.)

 • അമേരിക്കയില്‍ സമുദ്രജലനിരപ്പ് ഉയരല്‍ ഭീഷണി നേരിടുന്ന പ്രധാന നഗരമാണ് ഹൂസ്റ്റണ്‍ 
 • സമുദ്രനിരപ്പില്‍നിന്ന് 15 മീറ്ററിന് മുകളിലാണ് ഹൂസ്റ്റണെങ്കിലും വര്‍ഷത്തില്‍ രണ്ട് സെ.മീറ്റര്‍ എന്ന തോതില്‍ ഇവിടെ സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 
 • നഗരത്തിന്റെ ഒരുഭാഗം ഇതിനകം നഷ്ടപ്പെട്ട് കഴിഞ്ഞതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 

US

ധാക്ക (ബംഗ്ലാദേശ്)

 • സമുദ്ര ജലനിരപ്പ് ഉയരുന്നത് ഇപ്പോള്‍തന്നെ വന്‍തോതില്‍ പ്രതിസന്ധി സൃഷ്ടിച്ച നഗരമാണ് ബംഗ്ലാദേശിലെ ധാക്ക.
 • സമുദ്ര നിരപ്പില്‍നിന്ന് ശരാശരി 4 മീറ്ററിന് മുകളിലായാണ് ധാക്ക സ്ഥിതിചെയ്യുന്നത്.
 • സമുദ്രജലനിരപ്പ് വര്‍ഷത്തില്‍ 1.4 സെ.മീറ്റര്‍ ഉയരുന്നതായാണ് കണക്ക്
 • തീരപ്രദേശങ്ങളിലുള്ള ഒട്ടേറെപ്പേര്‍ ഇതിനകംതന്നെ ഭവനരഹിതരായി. ചേരികളുടെ എണ്ണം വര്‍ധിക്കുകയാണ്. 

മുംബൈ (ഇന്ത്യ)

 • സമുദ്രനിരപ്പില്‍നിന്ന് ശരാശരി 14 മീറ്ററിന് മുകളില്‍ സ്ഥിതിചെയ്യുന്ന നമ്മുടെ മുംബൈയും വൈകാതെ ആഗോള താപനത്തിന്റെ അനന്തരഫലം നേരിടേണ്ടി വരുമെന്നാണ് അന്താരാഷ്ട്രപഠനങ്ങള്‍ വ്യക്തമാക്കുന്നത്. 
 • സമുദ്ര ജലനിരപ്പ് വര്‍ഷത്തില്‍ 0.25 സെ.മീറ്റര്‍ കണ്ട് ഉയരുകയാണിവിടെ.
 • ഇതേ രീതിയില്‍ സമുദ്രനിരപ്പുയര്‍ന്നാല്‍ 25 ചതുരശ്ര കിലോമീറ്റര്‍/ നഗരഭൂമിയുടെ 40 ശതമാനം വൈകാതെ നഷ്ടമാകും. 

flood

ധാക്ക (ബംഗ്ലാദേശ്)

 • സമുദ്ര ജലനിരപ്പ് ഉയരുന്നത് ഇപ്പോള്‍തന്നെ വന്‍തോതില്‍ പ്രതിസന്ധി സൃഷ്ടിച്ച നഗരമാണ് ബംഗ്ലാദേശിലെ ധാക്ക.
 • സമുദ്ര നിരപ്പില്‍നിന്ന് ശരാശരി 4 മീറ്ററിന് മുകളിലായാണ് ധാക്ക സ്ഥിതിചെയ്യുന്നത്.
 • സമുദ്രജലനിരപ്പ് വര്‍ഷത്തില്‍ 1.4 സെ.മീറ്റര്‍ ഉയരുന്നതായാണ് കണക്ക്
 • തീരപ്രദേശങ്ങളിലുള്ള ഒട്ടേറെപ്പേര്‍ ഇതിനകംതന്നെ ഭവനരഹിതരായി. ചേരികളുടെ എണ്ണം വര്‍ധിക്കുകയാണ്. 

എങ്ങനെ വീണ്ടെടുക്കാം?

ആഗോളതാപനത്തിന്റെ ഭൂരിഭാഗം സംഭാവന ചെയ്യുന്നത് മനുഷ്യന്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ആഗോള താപനം കുറയ്ക്കുന്നതിനും മനുഷ്യനേ കഴിയൂ. ആഗോളതാപനത്തിന് മുഖ്യകാരണമായ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നവയുടെ ഉപയോഗം കുറയ്ക്കുക. കോണ്‍ക്രീറ്റ്വത്കരണം പരമാവധി കുറയ്ക്കുക. ഭൂഗര്‍ഭ ജലവിതാനം വര്‍ധിപ്പിക്കുന്നതിനായി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സാഹചര്യംസൃഷ്ടിക്കുക. പ്രകൃതി സൗഹൃദ നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുക. കടല്‍ഭിത്തികള്‍ കെട്ടി വെള്ളപ്പൊക്കം തടയുക. തീരങ്ങളില്‍ വനവത്കരണം പ്രോത്സാഹിപ്പിക്കുക. ജലചൂഷണം തടയുക തുടങ്ങിയവയാണ് മാര്‍ഗ്ഗങ്ങള്‍.

(മാതൃഭൂമി ജി.കെ. ആന്റ് കറന്റ് അഫയേഴ്‌സില്‍ 2019 മേയ് മാസത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Impact of Climate Change on Cities