റെയ്ക്യവിക്: ഓർമയിലേക്കു മറയുന്ന മഞ്ഞുപാളിക്ക് സ്മാരകഫലകമൊരുക്കി ഐസ്‌ലൻഡിന്റെ അന്ത്യാഞ്ജലി. 2014-ൽ ‘മരിച്ച’തായി പ്രഖ്യാപിച്ച ഐസ്‌ലൻഡിലെ ഒക്യോകുൽ മഞ്ഞുപാളിക്കാണ് സ്മാരകഫലകം സ്ഥാപിച്ചത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ‘രക്തസാക്ഷി’യായ മഞ്ഞുപാളിക്ക് ലോകത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു സ്മാരകം പണിയുന്നത്. പടിഞ്ഞാറൻ ഐസ്‌ലൻഡിൽ ഞായറാഴ്ചനടന്ന ചടങ്ങിലാണ് വെങ്കലത്തിൽ തീർത്ത സ്മാരകഫലകം അനാച്ഛാദനം ചെയ്തത്.

‘ഭാവിക്കൊരു കത്ത്’ എന്ന ശീർഷകത്തിൽ ഫലകത്തിലെഴുതിയ കുറിപ്പിൽ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ‘അടുത്ത 200 വർഷത്തിനുള്ളിൽ ലോകമെങ്ങുമുള്ള മഞ്ഞുപാളികളെ കാത്തിരിക്കുന്നത് ഇതേവഴിയാണ്. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കാനും എന്താണ് നാം ചെയ്യേണ്ടതെന്ന് ഓർമപ്പെടുത്താനുമാണ് ഈ സ്മാരകം. ഇതുനമ്മൾ ചെയ്തെങ്കിൽമാത്രമേ നാളെ നിങ്ങൾക്കതറിയാനാകൂ’ എന്നാണ് കുറിപ്പ്. 415 പി.പി.എം. കാർബൺ ഡയോക്ലൈഡ് എന്നു ഫലകത്തിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ രേഖപ്പെടുത്തിയ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ റെക്കോഡ് അളവാണിത്.

ഐസ്‌ലൻഡ് പ്രധാനമന്ത്രിയും അറിയപ്പെടുന്ന പരിസ്ഥിതിപ്രവർത്തകയുമായ കാട്രിൻ ജകോബ്സ്ഡോട്ടിർ, പരിസ്ഥിതിമന്ത്രി ഗുഡ്മുൻഡുർ ഇൻഗി ഗർഡ്ബ്രാൻഡ്സൺ, യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മിഷണർ മേരി റോബിൻസൺ, യു.എസിലെ റൈസ് യൂണിവേഴ്സിറ്റിയിലെയും ഐസ്‌ലൻഡിലെയും ഗവേഷകർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

1100 കോടി ടൺ മഞ്ഞാണ് ഓരോവർഷവും ഐസ്‌ലൻഡിൽമാത്രം ഉരുകിത്തീരുന്നത്. 2200-ഓടെ രാജ്യത്തെ നാനൂറോളം മഞ്ഞുപാളികൾ ഇല്ലാതാവുമെന്നും ശാസ്ത്രലോകം ഭയക്കുന്നുണ്ട്.

ഐസ്‌ലൻഡിൽ ആദ്യമായി മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട മഞ്ഞുപാളിയാണ് ഒക്യോകുൽ. 1890-ൽ 16 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടന്നിരുന്ന ഈ മഞ്ഞുപാളി 2012-ഓടെ 0.7 ചതുരശ്രകിലോമീറ്ററായാണ് ചുരുങ്ങിയത്. തുടർന്ന് 2014-ൽ മഞ്ഞുപാളിയുടെ പട്ടികയിൽനിന്ന് ഒക്യോകുലിനെ നീക്കംചെയ്തു.

Content Highlights: Iceland's  glacier commemorated with plaque