കാലം എന്നര്‍ത്ഥമുള്ള അറബി വാക്കായ മൗസിം (Mousim)-ല്‍ നിന്നാണ് മണ്‍സൂണ്‍ എന്ന വാക്ക് ഉത്ഭവിച്ചത്. കാലം മാറുമ്പോള്‍ വിപരീത ദിശയില്‍ കാറ്റ് വീശുന്നതാണ് മണ്‍സൂണിന്റെ സ്വഭാവം. മണ്‍സൂണ്‍ കാറ്റുകള്‍ വേനല്‍ക്കാലത്ത് കടലില്‍ നിന്ന് കരയിലേക്കും തണുപ്പുകാലത്ത് കരയില്‍ നിന്ന് കടലിലേക്കും വീശുന്നു. അക്ഷാംശം 35 ഡിഗ്രി വടക്ക് മുതല്‍ 25 ഡിഗ്രി തെക്ക് വരെയും രേഖാംശം 30 ഡിഗ്രി പടിഞ്ഞാറ് മുതല്‍ 173 ഡിഗ്രി കിഴക്ക് വരെയുമാണ് മണ്‍സൂണ്‍ ബാധിത പ്രദേശങ്ങള്‍. മണ്‍സൂണിന്റെ ഉത്ഭവത്തെപ്പറ്റി നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. അവയില്‍ ചിലതാണ് താഴെ കൊടുക്കുന്നത്-

ക്ലാസിക്കല്‍ സിദ്ധാന്തം

1686-ല്‍  എട്മണ്ട് ഹാലിയാണ് ഈ സിദ്ധാന്തം മുന്നോട്ടു വച്ചത്. ഈ സിദ്ധാന്ത പ്രകാരം, കരയും കടലും കാലാകാലങ്ങളില്‍ വ്യത്യസതമായി ചൂടാകുന്നത് മൂലം ഉണ്ടാകുന്ന വലിയ കരക്കാറ്റും കടല്‍ക്കാറ്റുമാണ് മണ്‍സൂണുകള്‍. വേനല്‍ക്കാലത്ത് ഭൂമിയുടെ വടക്കേ അര്‍ദ്ധഗോളത്തിലുള്ള ട്രോപിക് ഓഫ് കാന്‍സറില്‍ (Tropic of Cancer) സൂര്യ രശ്മികള്‍ ലംബമായി പതിക്കുന്നു. തല്‍ഫലമായി ഇന്ത്യയുടെ കരപ്രദേശങ്ങള്‍ കടലിനെ അപേക്ഷിച്ച് വലിയ തോതില്‍ ചൂടാകുന്നു. ഇതിന്റെ ഫലമായി ഇന്ത്യയുടെ കരപ്രദേശങ്ങളില്‍ ന്യൂനമര്‍ദം സൃഷ്ടിക്കപ്പെടുന്നു. ഇത് കടലില്‍ നിന്ന് കരയിലേക്ക് തെക്ക്-പടിഞ്ഞാറന്‍ കാറ്റ് വീശുന്നതിനു കാരണമാകുന്നു. ഈ കാറ്റിനെയാണ് തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം (South West Monsoon) എന്ന് വിളിക്കുന്നത്.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യയുടെ കര പ്രദേശങ്ങളില്‍ ധാരാളമായി മഴ പെയ്യിക്കുന്നു. എന്നാല്‍ തണുപ്പുകാലത്ത് കടലിനെ അപേക്ഷിച്ച്  കരപ്രദേശങ്ങള്‍ വളരെ വേഗത്തില്‍ തണുക്കുന്നു. തല്‍ഫലമായി കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു. ഇത് മൂലം കരയില്‍ നിന്നും കടലിലേക്ക് വടക്ക്-കിഴക്കന്‍ കാറ്റ് വീശാന്‍ തുടങ്ങുന്നു. ഈ കാറ്റിനെയാണ്  വടക്ക്-കിഴക്ക് കാലവര്‍ഷം (Northeast Monsoon) എന്ന് വിളിക്കുന്നത്. ഈ കാറ്റുകള്‍ ഈര്‍പ്പം വഹിക്കാത്തതിനാല്‍ ഇവ വലിയ തോതില്‍ മഴ പെയ്യിക്കുന്നില്ല.

ചലനാത്മകമായ മണ്‍സൂണിന്റെ ക്രമരഹിത സ്വഭാവം വിശദീകരിക്കുന്നതില്‍ ഹാലിയുടെ ക്ലാസിക്കല്‍ സിദ്ധാന്തം പരാജയപ്പെടുന്നു.

ചലനാത്മകത എന്ന ആശയം 

1951-ല്‍ എച്ച്. ഫ്‌ളോണ്‍ (H. Flohn) ആണ് ഈ ആശയം അവതരിപ്പിച്ചത്. സൂര്യന്‍ തലയ്ക്കു മുകളിലായിരിക്കുന്നത് മൂലം മാര്‍ച്ച്-സെപ്തംബര്‍ മാസങ്ങളില്‍ ഭൂമധ്യരേഖയില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു. തന്മൂലം വടക്കേ അര്‍ദ്ധഗോളത്തിലെ വടക്ക്-കിഴക്കേ വാണിജ്യ വാതവും തെക്കേ അര്‍ദ്ധഗോളത്തിലെ തെക്ക്-കിഴക്കേ വാണിജ്യ വാതവും ഈ ന്യൂനമര്‍ദ മേഖലയില്‍ കേന്ദ്രീകരിക്കുന്നു. ആയതിനാല്‍ ഈ മേഖല ഇന്റര്‍ ട്രോപ്പിക്കല്‍ കണ്‍വര്‍ജന്‍സ് സോണ്‍ (Inter Tropical Convergence Zone- ITCZ) എന്നറിയപ്പെടുന്നു.

വേനല്‍ക്കാലത്ത് ട്രോപിക് ഓഫ് കാന്‍സറില്‍ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതിനാല്‍  ITCZ വടക്ക് ദിശയിലേക്ക് മാറ്റപ്പെട്ട് നോര്‍ത്ത് ഇന്റര്‍ ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണ്‍ (Northern Inter Tropical Convergence Zone-NITCZ) ആയി മാറുന്നു. NITCZ-ന്റെ വിപുലീകരണമാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍. തണുപ്പ് കാലത്ത് ITCZ തെക്ക് ദിശയിലേക്കു മാറ്റപ്പെടുന്നു. ഇതാണ് വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ കാറ്റുകള്‍.

എച്ച്. ഫ്‌ളോണിന്റെ ഈ ആശയവും മണ്‍സൂണിന്റെ സങ്കീര്‍ണതകള്‍ വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടു.

അടുത്ത കാലത്തുണ്ടായ ആശയങ്ങള്‍

ജെറ്റ് സ്ട്രീമിനെയും (Jet stream) ഇഎന്‍എസ്ഒയേയും (El Nino and Southern Oscillation) കേന്ദ്രീകരിച്ചാണ് അടുത്ത കാലത്ത് ആശയങ്ങള്‍ രൂപപ്പെട്ടത്. 

ജെറ്റ് സ്ട്രീം- അന്തരീക്ഷത്തിന്റെ ഉന്നത മേഖലകളില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന വായു പ്രവാഹത്തെയാണ് ജെറ്റ് സ്ട്രീമുകള്‍ എന്ന് വിളിക്കുന്നത്. തണുപ്പ് കാലത്ത് വടക്കേ ഇന്ത്യയുടെ മുകളില്‍ സൗത്ത് ട്രോപ്പിക്കല്‍ വെസ്റ്റേര്‍ലി ജെറ്റ് സ്ട്രീം (Sub tropical westerly jet stream) പ്രവേശിക്കുന്നു. ഈ ജെറ്റ് സ്ട്രീമിനെ ഹിമാലയവും ടിബറ്റന്‍ പീഠ ഭൂമിയും ചേര്‍ന്ന് രണ്ടായി വിഭജിക്കുന്നു. ഇതിന്റെ വടക്കന്‍ ശാഖ ടിബറ്റന്‍ പീഠഭൂമിയുടെ വടക്ക് ഭാഗത്തേക്ക് പ്രവേശിക്കുന്നു. തെക്കന്‍ ശാഖ ഹിമാലയത്തിന്റെ തെക്ക് ഭാഗത്തേക്കും പ്രവേശിക്കുന്നു. തെക്കന്‍ ജെറ്റ് സ്ട്രീമിന്റെ തെക്ക് ഭാഗത്തായി, അഫ്ഗാനിസ്ഥാന്റെയും വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാന്റെയും മുകളിലായി ട്രോപ്പോസ്ഫിയറിന്റെ (troposphere) ഉന്നത മേഖലകളില്‍ ഉയര്‍ന്ന മര്‍ദം സൃഷ്ടിക്കപ്പെടുന്നു. തല്‍ഫലമായി ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് കാറ്റ് വീശാന്‍ തുടങ്ങുന്നു. ഈ കാറ്റ് വടക്ക്-കിഴക്ക് മണ്‍സൂണ്‍ കാറ്റുകളുമായി ഒത്തുചേരുന്നു. 

വേനല്‍ക്കാലത്ത് സൂര്യന്റെ തലയ്ക്കു മുകളിലുള്ള സ്ഥാനം മാറുന്നതിനാല്‍ വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയിലും പാക്കിസ്ഥാനിലെ പെഷവാറിലും ന്യൂനമര്‍ദം രൂപപ്പെടുന്നു.  ഇതിന്റെ ഫലമായി ഈ ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു. വേനല്‍ക്കാലത്ത് ടിബറ്റന്‍ പീഠഭൂമി ചൂടാവുന്നത് മൂലം ട്രോപ്പിക്കല്‍ ഈസ്റ്റേര്‍ലി ജെറ്റ് സ്ട്രീം (tropical easterly jet stream) സൃഷ്ടിക്കപ്പെടുന്നു. ഇത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ ഉത്തേജിപ്പിക്കുന്നു

എല്‍ നിനോയും സൗത്തേണ്‍ ഓസിലേഷനും- ചില വര്‍ഷങ്ങളിലെ ഡിസംബര്‍ മാസങ്ങളില്‍, പെറുവിന്റെ തീരപ്രദേശത്തിനകലെ പ്രത്യക്ഷമാകുന്ന താല്‍ക്കാലിക ഉഷ്ണ പ്രവാഹമാണ് എല്‍ നിനോ (El Nino). സ്പാനിഷ് ഭാഷയില്‍ എല്‍ നിനോ എന്ന് പറഞ്ഞാല്‍ ഉണ്ണിയേശു എന്നാണ് അര്‍ഥം. ഭൂമധ്യരേഖയില്‍ തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ഉയര്‍ന്ന മര്‍ദം അനുഭവപ്പെടുമ്പോള്‍ ഭൂമധ്യരേഖയിലെ തെക്കന്‍ ശാന്ത സമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദം അനുഭവപ്പെടുന്നതായും ഈ ബന്ധം തിരിച്ചും നിലനില്‍ക്കുന്നെന്നും സര്‍ ഗില്‍ബെര്‍ട്ട് വാക്കര്‍ (Sir Gilbert Walker) 1920-ല്‍ കണ്ടുപിടിച്ചു.

മര്‍ദത്തിലുണ്ടാകുന്ന ഈ വ്യതിയാനത്തെ സൗത്തേണ്‍ ഓസിലേഷന്‍ ഇന്‍ഡക്‌സ് (Southern Oscillation Index-SOI) എന്ന് വിളിക്കുന്നു. തെക്കന്‍ ശാന്ത സമുദ്രത്തെ പ്രതിനിധീകരിക്കുന്ന ഫ്രഞ്ച് പോളിനേഷ്യയിലെ തഹിതിയില്‍ അനുഭവപ്പെടുന്ന മര്‍ദത്തിന്റെയും ഇന്ത്യന്‍ മഹാ സമുദ്രത്തെ പ്രാതിനിധീകരിക്കുന്ന വടക്കന്‍ ആസ്‌ട്രേലിയയിലെ പോര്‍ട്ട് ഡാര്‍വിനില്‍ അനുഭവപ്പെടുന്ന മര്‍ദത്തിന്റെയും വ്യത്യാസമാണ് എസ്.ഒ.ഐ. എല്‍ നിനോ ഉണ്ടാകുന്ന വര്‍ഷങ്ങളില്‍ എസ്.ഒ.ഐ നെഗറ്റീവ് ആയിരിക്കും. ഈ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്ന് ലഭിക്കുന്ന മഴ കുറവായിരിക്കും. എന്നാല്‍ ഈ ബന്ധം എപ്പോഴും ശരിയാകണമെന്നില്ല.

References:
(1) Saroha J (2017). Indian monsoon origin and mechanism. International Journal of Research and Analytical Review. V4, N2, pp 230-239
(2) Gadgil S (2006). Indian monsoon, variations in space and time. Resonance