തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തെകള്‍ നടാന്‍ തീരുമാനിച്ചു. ഒപ്പം, ജലം കൂടുതലായി വലിച്ചെടുക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച  ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തു.

പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും. വനം വകുപ്പും കൃഷി വകുപ്പും ചേര്‍ന്നാണ് നട്ടുപിടിപ്പിക്കാനുള്ള വൃക്ഷത്തൈകള്‍ ഒരുക്കുന്നത്. പരിസ്ഥിതി വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.

വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങള്‍ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ വഴിയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും.  തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്.  

പദ്ധതിക്ക് വേണ്ടി 72 ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പും അഞ്ച് ലക്ഷം തൈകള്‍ കൃഷിവകുപ്പും തയ്യാറാക്കി. ബാക്കി 23 ലക്ഷം തൈകള്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെയാണ് തയ്യാറാക്കുക.

തൈകള്‍ നട്ടുപിടിപ്പിക്കുന്നതോടൊപ്പം അമിത ജലചൂഷണം നടത്തുന്നതും പരിസ്ഥിതിക്ക് ദോഷകരുമായ മരങ്ങല്‍ മുറിച്ചുമാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ ഇനത്തില്‍പ്പെട്ട, സര്‍ക്കാര്‍ ഭൂമിയിലുള്ള മരങ്ങള്‍ മുറിച്ച് നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂണ്‍ അഞ്ചിന് തുടക്കം കുറിക്കും.  

40 ലക്ഷം മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തുകള്‍ വഴി 25 ലക്ഷം തൈകളും വിതരണം ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കുന്ന പരിപാടി 'മരക്കൊയ്ത്ത്' എന്ന പേരിലാണ് നടപ്പാക്കുക. വീട്ടുമുറ്റത്ത് മരം വളര്‍ത്താന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ വളപ്പിലോ പൊതുസ്ഥലത്തോ മരം വളര്‍ത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും.  കുട്ടികള്‍ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും നന്നായി പരിപാലിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുകയും ചെയ്യും. 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഒരുക്കങ്ങള്‍  അവലോകനം ചെയ്തു. വനം മന്ത്രി കെ രാജു, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഹരിതകേരളം വൈസ് ചെയര്‍പെഴ്‌സണ്‍ ഡോ. ടി എന്‍ സീമ, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എം ശിവശങ്കരന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ പഥക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.