ടക്കേ അമേരിക്കയുടെ ഭാഗമായ മെക്‌സിക്കോയിലെ ജനങ്ങള്‍ക്ക് മഞ്ഞു വീഴ്ച പുത്തരിയല്ല. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മെക്‌സിക്കന്‍ നഗരമായ ഗ്വാഡലഹാരയിലുണ്ടായ ആലിപ്പഴവര്‍ഷം അപ്രതീക്ഷിതവും ജനജീവിതത്തെ സ്തംഭിപ്പിക്കുന്നതുമായിരുന്നു. നിരത്തുകളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം അഞ്ച് അടിയോളം (1.5 മീറ്റര്‍) ഘനത്തിലാണ് ആലിപ്പഴം മൂടിയത്‌. നഗരത്തിലെ അന്തരീക്ഷ താപനില 31 ഡിഗ്രി സെല്‍ഷ്യസില്‍ നില്‍ക്കുമ്പോഴാണ് ഈ മഞ്ഞു വീഴ്ച എന്നുകൂടി ഓര്‍ക്കണം.

നമ്മുടെ നാട്ടിലെ ആലിപ്പഴത്തെ ഓര്‍മിപ്പിക്കുന്നവിധത്തിലുള്ള കട്ടിയേറി മഞ്ഞു പരലുകളാണ് ശക്തിയോടെ നഗരത്തിനുമേല്‍ പതിച്ചത്. കനത്ത മഞ്ഞുവീഴ്ചയില്‍ വാഹനങ്ങള്‍ പലതും മഞ്ഞിനടിയിലായി. വലിയ വാഹനങ്ങളുടെ പകുതിയോളം മഞ്ഞില്‍ പുതഞ്ഞു. ഒരു വാഹനവും പാര്‍ക്ക് ചെയ്തിടത്തുനിന്ന് അനക്കാന്‍ സാധിക്കാതായി. വീടുകള്‍ക്കു മേലും പരിസരങ്ങളിലും കട്ടിയേറിയ മഞ്ഞ് കുമിഞ്ഞുകൂടി. 

കനത്ത മഞ്ഞുവീഴ്ചയില്‍ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും കെടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 200ല്‍ അധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായോ അപകടം സംഭവിച്ചതായോ റിപ്പോര്‍ട്ടുകളില്ല. 

mexico
@Enrique Alfaro

മഞ്ഞുവീഴ്ചയുണ്ടാകാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇതിനു മുന്‍പ് ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് നഗരവാസികള്‍ പറയുന്നത്. മഞ്ഞിന്റെ പ്രളയത്തില്‍ എന്തുചെയ്യണമെന്നറിയെ പകച്ചിരിക്കുകയാണ് അവര്‍. പാതകളില്‍നിന്ന് മഞ്ഞ് നീക്കംചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. കുമിഞ്ഞുകൂടിയിരിക്കുന്ന മഞ്ഞ് ഉരുകുന്നതോടെ നഗരത്തില്‍ വലിയ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭൂമിയില്‍നിന്ന് ഉയരുന്ന നീരാവി പെട്ടെന്ന തണുത്താണ് മഞ്ഞുപരലുകള്‍ (ആലിപ്പഴങ്ങള്‍) രൂപപ്പെടുന്നത്. ഭൂമിയില്‍നിന്ന് രണ്ടു കിലോമീറ്ററോളം ഉയരത്തില്‍ തണുത്ത വായുവുമായി നീരാവി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം വലിയ മഞ്ഞുവീഴ്ചയ്ക്കു പിന്നില്‍ ആഗോളതാപനത്തിന് വലിയ പങ്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അന്തരീക്ഷം കൂടുതല്‍ ചൂടുള്ളതാകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ഈര്‍പ്പം സമാഹരിക്കപ്പെടും. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മഴ, മഞ്ഞ്, മൂടല്‍മഞ്ഞ്, ആലിപ്പഴം തുടങ്ങിയവയുടെ രൂപത്തില്‍ കൂടുതല്‍ ജലം ഭൂമിയിലേയ്ക്ക് പതിക്കാനിടയാകും. 

വായുപ്രവാഹത്തിനനുസരിച്ച് ചൂടുള്ള കാലാവസ്ഥയില്‍ അന്തരീക്ഷത്തിലുള്ള ഉയര്‍ന്ന തോതിലുള്ള ഊര്‍പ്പം കൂടുതലായി ഊറിക്കൂടുകയും വലിയ മഞ്ഞു കണങ്ങള്‍ രൂപപ്പെടുകയും ചെയ്യും. ഇതാണ് ഗ്വാഡലഹാരയിലുണ്ടായ വലിയ മഞ്ഞുവീഴ്ചയ്ക്കിടയാക്കിയതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആഗോളതാപനമോ കാലാവസ്ഥാ വ്യതിയാനമോ മൂലമാണോ ഇത്തരം പ്രതിഭാസമുണ്ടാകുന്നതെന്ന് ഉറപ്പിച്ചു പറയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു.

Content Highlights: hailstorm Dumped 5 Feet of Ice in Mexico, climate change, Global warming