സ്റ്റോക്‌ഹോം: ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന ആളല്ല ഞാന്‍, ഗ്രേറ്റ തുന്‍ബേ പറയുന്നു. എന്നാല്‍ 17ലേയ്ക്ക് കടന്ന തുന്‍ബേ തന്റെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത് വ്യത്യസ്തമായ വിധത്തിലായിരുന്നു. സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ ഏഴ് മണിക്കൂര്‍ ഉപവാസം അനുഷ്ഠിച്ചുകൊണ്ടായിരുന്നു ഗ്രേറ്റ തുന്‍ബേയുടെ പിറന്നാളാഘോഷം.

'രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ പതിവുപോലെ പാര്‍ലമെന്റിനുമുന്നില്‍ സമരം. പറന്നാള്‍ ദിനത്തിലെ ഉപവാസത്തിനു ശേഷം വീട്ടിലെത്തിയാണ് ഭക്ഷണം കഴിക്കുക. പിറന്നാള്‍ കേക്ക് മുറിക്കുന്ന പതിവൊന്നും ഇല്ല', ഗ്രേറ്റ പറഞ്ഞു. 

എല്ലാ വെള്ളിയാഴ്ചയുടെ സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ ഗ്രേറ്റയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി സംഘം ഉപവാസ സമരം സംഘടിപ്പിക്കുന്നത് പതിവാണ്. 15 വയസ്സുള്ളപ്പോള്‍ ക്ലാസ്‌ ഉപേക്ഷിച്ച് വെള്ളിയാഴ്ചകളില്‍ സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ സമരം ചെയ്തുകൊണ്ടായിരുന്നു ഗ്രേറ്റയുടെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ തുടക്കം.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് നടപടികള്‍ ആവശ്യപ്പെട്ട് നടക്കുന്ന പ്രതിരോധ സമരങ്ങളുടെ ആഗോള മുഖമായ ഗ്രേറ്റയ്ക്ക് ആയിരുന്നു 2019ലെ ടൈംസ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ആഗോളതാപനത്തിനെതിരെ ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ഗ്രേറ്റ തുന്‍ബേയ്ക്ക് സാധിച്ചിട്ടുണ്ട്.

Content Highlights: Greta Thunberg Turns 17, Marks Birthday With 7-Hour Climate Protest