ഗോള താപനത്തിന്‍റെ രൂക്ഷമായ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണിന്ന് ലോകം.  വ്യവസായവിപ്ലവപൂര്‍വ കാലഘട്ടത്തെ അപേക്ഷിച്ച്, ആഗോള ശരാശരി താപനിലയില്‍ ഇതിനകം 1.0 ഡിഗ്രി സെന്റിഗ്രേഡിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വെറും ഒരു ഡിഗ്രി സെന്റിഗ്രേഡിന്റെ വര്‍ധനനവ്  പോലും ആഗോള/പ്രാദേശിക കാലാവസ്ഥകളില്‍ ഉണ്ടാക്കുന്ന താളപ്പിഴകള്‍ നിസ്സാരമായിരിക്കില്ല. വ്യവസായ-നഗരവത്കരണം, വ്യാപകമായ മലിനീകരണം  എന്നിവ വികസന സങ്കല്‍പ്പങ്ങളുടെ മുഖമുദ്രകളായി മാറുമ്പോള്‍ അന്തരീക്ഷ താപനിലയില്‍ വീണ്ടും വര്‍ദ്ധനവിനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുകയാണ്. 

താപനത്തിന് പരിധി നിശ്ചയിക്കുന്നതെന്തിന്?

ആഗോളതാപനം പരിധി വിട്ടുയര്‍ന്നാലുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് ആഘാത ബാധിതരായേക്കാവുന്ന രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2015 ല്‍ പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ താപവര്‍ദ്ധനാ പരിധി 2.0°C ല്‍ കവിയരുതെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സാധ്യമാകുമെങ്കില്‍ വര്‍ദ്ധനവ് 1.5°C ആയി പരിമിതപ്പെടുത്തണമെന്നും നിഷ്‌കര്‍ഷിക്കപ്പെട്ടു. താപവര്‍നാപരിധി 1.5°C ല്‍ ഒതുക്കുവാന്‍ കഴിയുമോ എന്ന സാധ്യത വിശദമായി പരിശോധിക്കുവാനുള്ള നിര്‍ദ്ദേശമാകട്ടെ അംഗ രാഷ്ട്രങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ ഘടകങ്ങള്‍, നിരീക്ഷകര്‍ എന്നിവരില്‍ നിന്ന് ലഭിച്ച 27 നിര്‍ദ്ദേശങ്ങളില്‍ ഒന്ന് മാത്രമായിരുന്നു. ഇതില്‍ നിന്ന് പരമാവധി മൂന്നു നിര്‍ദ്ദേശങ്ങള്‍ മാത്രം തിരഞ്ഞെടുക്കുവാനുള്ള അധികാരം മാത്രമാണ് ഐ പി സി സി യ്ക്കു ഉണ്ടായിരുന്നത്. കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ക്ക് ഏറ്റവും ആദ്യം അടിപ്പെടുന്നതോ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതോ ആയ രാജ്യങ്ങളാണ് ആഗോള താപന പരിധി 1.5°C ല്‍ കവിയരുതെന്ന ആവശ്യം പാരിസ് ഉച്ചകോടിയില്‍ മുന്നോട്ടു വച്ചത്. 

ഉച്ചകോടിയില്‍ പൊതുവെ അംഗീകരിക്കപ്പെട്ട വര്‍ധനാ പരിധി 2.0°C ആയിരുന്നെങ്കിലും, 0.5° ഡിഗ്രി സെന്റിഗ്രേഡിന്റെ ഇളവിനാല്‍ അനുവദിക്കപ്പെടുന്ന അധിക താപവര്‍ദ്ധനവ് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇത്തരം രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരിക്കും എന്നതായിരുന്നു ഇത്തരം ഒരു നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനം. ഈ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ പാര്‍പ്പിടങ്ങള്‍, ഉപജീവന മാര്‍ഗ്ഗങ്ങള്‍, സമാധാനപരമായ ജീവിതം എന്നിവയെ ഇല്ലാതാക്കുവാന്‍ ഒരു പക്ഷെ 0.5 ഡിഗ്രി സെന്റിഗ്രേഡ് എന്ന വിട്ടുവീഴ്ചയ്ക്കു കഴിഞ്ഞേക്കും.  

climate change

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടിപടികള്‍ ആവശ്യപ്പെട്ട് നോര്‍വേ പാര്‍ലമെന്‍റിന് മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം. ഫോട്ടോ: എ.പി.

 

സമുദ്ര നിരപ്പുയരുന്നതിന്റെ ഭീഷണി നേരിടേണ്ടി വരുന്ന, സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്നു സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രങ്ങള്‍, കടുത്ത വരള്‍ച്ചാ ദുരിതം നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയെ സംബന്ധിച്ചിടത്തോളം അന്തരീക്ഷ താപവര്‍ധന നിയന്ത്രിക്കുന്ന വിഷയത്തില്‍ അടിയന്തിര നടപടി ആവശ്യമുണ്ട്.  ഇതിന്റെ ആദ്യപടിയായി, ലോകത്ത് ഫോസില്‍ ഇന്ധന ജ്വലനത്തെ അമിതമായി ആശ്രയിക്കുന്ന സമ്പത് വ്യവസ്ഥയില്‍ മൊത്തം അഴിച്ചുപണി വേണ്ടി വരും.  ആഗോള കാര്‍ബണ്‍ ഉത്സര്‍ജനം 2019 ല്‍ പുതിയ മാനങ്ങളിലെത്തുമെന്ന് കരുതപ്പെടുന്നു.  അതോടെ, ആഗോള താപവര്‍ധനാ പരിധി 1.5°C     പോയിട്ട് 2.0°C   ല്‍ പോലും ഒതുക്കുവാനുള്ള    സാധ്യതപോലും ദുര്‍ബലമാവുകയും ചെയ്യും.  

പാരീസ് ഉടമ്പടിയില്‍ മേല്‍ വിവിധ രാഷ്ട്രങ്ങള്‍ സമര്‍പ്പിച്ച 'പ്രഖ്യാപിത ലക്ഷ്യങ്ങള്‍' പ്രകാരമാകട്ടെ താപ വര്‍ധന 3.0°C  (മൂന്ന്  ഡിഗ്രി സെന്റിഗ്രേഡ്) വരെ ഉയരാനുള്ള സാധ്യതയാണുള്ളത്. പാരീസ് ഉടമ്പടിയുടെ അന്ത:സത്ത ഇനിയും വേണ്ടത്ര ഗൗരവത്തില്‍ ലോക രാഷ്ട്രങ്ങള്‍ എടുത്തിട്ടില്ലായെന്നത് അങ്ങേയറ്റം നിരാശാജനകമാണ്. ഫോസില്‍ ഇന്ധന ഉപഭോഗം ഘട്ടം ഘട്ടമായി കുറയ്കുക, സംശുദ്ധ ഊര്‍ജ ഉപയോഗത്തിലേക്കു ചുവടുമാറുക അത് വഴി ഹരിതഗൃഹവാതക പുറന്തള്ളല്‍ കുറച്ച്, ആഗോള താപവര്‍ദ്ധനവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യങ്ങളായിരുന്നു പാരീസ് ഉടമ്പടിയില്‍ മുന്നോട്ടുവെക്കപ്പെട്ടത്.

ഉത്സര്‍ജനവിമുക്തമായ സംശുദ്ധഊര്‍ജ്ജരൂപങ്ങള്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള കാര്‍ബണ്‍ ഉത്സര്‍ജനം ഗണ്യമായി കുറയ്ക്കുവാന്‍ തക്കവിധം അത്തരം ഊര്‍ജവിനിയോഗ രീതികള്‍ക്ക് ഇനിയും പ്രചാരം ലഭിച്ചിട്ടില്ല.  എല്ലാ വിധമേഖലകളിലും ജൈവഊര്‍ജ്ജമടക്കമുള്ള സംശുദ്ധ ഊര്‍ജ ഉപയോഗം വ്യാപകമാക്കേണ്ടതുണ്ട്. കൂടാതെ, അധികരിച്ച നഗരവല്‍ക്കരണം, വനമേഖലാ ശോഷണം, അന്തരീക്ഷ മലിനീകരണത്തിന് വഴിപാകുന്ന വികസന കാര്യപരിപാടികള്‍ തുടങ്ങിയവയാണ് അന്തരീക്ഷതാപനം ഉയരുന്ന അവസ്ഥക്ക് മറ്റു പ്രധാന കാരണങ്ങള്‍.  താപനകാരികളായ ഹരിതഗൃഹവാതകങ്ങളെ അന്തരീക്ഷത്തിലേക്ക് തള്ളി വിടുന്ന തരത്തിലുള്ള നിലവിലെ വികസന പ്രവര്‍ത്തന ശൈലികള്‍ തുടരുന്ന പക്ഷം 2030 നും 2050 നും ഇടക്കുള്ള കാലഘട്ടത്തില്‍ തന്നെ അന്തരീക്ഷ താപനിലയില്‍ 1.5 ഡിഗ്രി സെന്റിഗ്രേഡ് വര്ധനവുണ്ടാകാനുള്ള സാധ്യതയാണ് നില നില്‍ക്കുന്നത്. 

ഹരിതഗൃഹവാതക ഉത്സര്‍ജനവും താപനവും
 
ഹരിതഗൃഹവാതക ഉത്സര്‍ജനത്തിനോടൊപ്പം നടക്കുന്ന ഒന്നല്ല താപനം.  ഉത്സര്‍ജനം, താപനം എന്നീ പ്രക്രിയകള്‍ക്കിടയില്‍ അല്പം നീണ്ട ഒരു ഇടവേള തന്നെയുണ്ട്.  ഇക്കാര്യം ചൂണ്ടിക്കാട്ടി, ഉത്സര്‍ജനം കുറക്കുന്നത് സംബന്ധിച്ചു് പല രാഷ്ട്രങ്ങളും സാവകാശം ആവശ്യപ്പെടുന്നു. ഹരിതഗൃഹവാതക ഉത്സര്‍ജനം നടന്നു കഴിഞ്ഞാല്‍, അതിന്റെ സ്വാധീനം മൂലം നിശ്ചിത കാലപരിധിക്കു ശേഷം മാത്രമാണ് കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത്.  മുന്‍ കാലങ്ങളിലെ ഉത്സര്‍ജനമാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന താപനത്തിനു നിദാനം.  ഇപ്പോള്‍ വന്‍തോതില്‍ നടക്കുന്ന ഉത്സര്‍ജനമായിരിക്കും ഭാവിയില്‍ ആഗോളതാപനില വര്‍ധിപ്പിക്കുക. 

Global Warming

നിലവില്‍ താപവര്‍ധനാപരിധി 1.5 ഡിഗ്രി സെന്റിഗ്രേഡ് ഭേദിക്കുവാന്‍ പര്യാപ്തമായാ ഉത്സര്‍ജനനിരക്ക് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭാവിയിലെ താപന ആധിക്യം നിയന്ത്രണാധീനമാക്കുവാന്‍ ഉത്സര്‍ജനം ഇപ്പോള്‍ത്തന്നെ പരമാവധി നിയന്ത്രിക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യുകയും അതെസ്ഥിതി തന്നെ തുടരുകയും വേണം. മാത്രമല്ല, അന്തരീക്ഷത്തില്‍ അവശേഷിക്കുന്ന ഉത്സര്‍ജിത അവശിഷ്ടങ്ങങ്ങളുടെ   സ്വാധീനം ഇല്ലാതാക്കുവാന്‍ അവ നീക്കം ചെയ്യുകയും വേണം. ഉത്സര്‍ജനം പൂര്‍ണതോതില്‍ നിര്‍ത്തുവാന്‍ എത്രകാലം എടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും താപനവ്യാപ്തി. നിലവിലെ സാഹചര്യം തുടരുന്ന പക്ഷം ഓരോ ദശകത്തിലും ആഗോള ശരാശരി താപനിലയില്‍ മനുഷ്യപ്രേരിത ഘടകങ്ങള്‍ മൂലം 0.2° സെന്റിഗ്രേഡിന്റെ വര്‍ദ്ധനവ് ഉണ്ടാകും. മുന്‍കാലങ്ങളില്‍ ഉണ്ടായതും നിലവിലുള്ളതുമായ ഉത്സര്‍ജ്ജനങ്ങളുടെ സഞ്ചിത പ്രഭാവമാണിത്.  ഈ നിരക്ക് തുടരുന്ന പക്ഷം 2030 നും 2052 നും ഇടയ്ക്കു ആഗോള ശരാശരി താപനം 1.5°Cഏറാനിടയുണ്ട്.
 
മുന്‍ കാലങ്ങളിലെ ഹരിതഗൃഹവാതക ഉത്സര്‍ജ്ജനം ആഗോള ശരാശരി താപ വര്‍ദ്ധനവ് 1.0° സെന്റിഗ്രേഡില്‍ നിന്ന് 1.5° സെന്റിഗ്രേഡില്‍ എത്തിക്കുവാന്‍ പര്യാപ്തമല്ല. അതായത്, ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ ഉത്സര്‍ജ്ജനം പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കുന്ന പക്ഷം താപവര്‍ധന 1.5°C മറികടക്കാന്‍ സാധ്യതയില്ല. എന്നാല്‍, അന്തരീക്ഷത്തിലേക്ക് ഇതിനകം പുറന്തള്ളപ്പെട്ടിട്ടുള്ള ഉത്സര്‍ജനങ്ങള്‍ നൂറ്റാണ്ടുകളോ ഒരു പക്ഷേ, ദശലക്ഷക്കണക്കിന് വര്‍ഷങ്ങളോ തന്നെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുകയും കാലാവസ്ഥാ പ്രകൃതത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വ്യതിയാനങ്ങള്‍ക്കു കാരണമാവുകയും ചെയ്യും.  
ഭാവിയില്‍ താപനത്തെ പിടിച്ചു നിര്‍ത്താന്‍ ആയാല്‍ തന്നെ ഇപ്പോഴത്തെ താപന സ്വാധീനഫലമായി നൂറ്റാണ്ടുകളോളം സമുദ്ര നിരപ്പ് ഉയരുന്നത് തുടരും.  താപനം ഉയരുന്ന സാഹചര്യത്തില്‍, ഗ്രീന്‍ലാന്‍ഡ്, അന്റാര്‍ട്ടിക്ക എന്നീ പ്രദേശങ്ങളിലെ മഞ്ഞു പാളികള്‍ വ്യാപകമായി ഉരുകിയൊലിക്കുകയും അതുവഴി മാത്രം സമുദ്രനിരപ്പില്‍ ഏതാനും മീറ്റര്‍ ഉയര്‍ച്ച ഉണ്ടാകുകയും ചെയ്യും.  

എന്തുകൊണ്ട് 1.5° സെന്റിഗ്രേഡ്?

ആഗോളതാപനം ഇപ്പോള്‍ തന്നെ ജനജീവിതത്തെയും പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും ബാധിച്ചു കഴിഞ്ഞു. താപന-പരിധിയില്‍ എത്ര കണ്ട് ഇളവനുവദിക്കുന്നുവോ, അത്രകണ്ടു വ്യാപകമായിരിക്കും ആഘാതതീവ്രതയും.  അത്തരം അവസ്ഥയിലുണ്ടായേക്കാവുന്ന ഉഷ്ണ തരംഗങ്ങള്‍, സുദീര്‍ഘമായ വരള്‍ച്ചാ വേളകള്‍, മഴ, പ്രളയങ്ങള്‍ എന്നിവ കൂടുതല്‍ കടുത്ത ആഘാത ശേഷിയുള്ളവയായിരിക്കും. താപനപരിധി ഒന്നരഡിഗ്രി സെന്റിഗ്രേഡില്‍    കവിയാതെ നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള സമുദ്ര നിരപ്പുയര്‍ച്ചയേക്കാള്‍ 10 സെന്റിമീറ്റര്‍ വരെ കൂടുതലായിരിയ്ക്കും പരിധി രണ്ട് ഡിഗ്രി സെന്റിഗ്രേഡ് ആയി ഇളവ് ചെയ്താല്‍ ഉണ്ടാകുന്നത്.  

heat

തീരദേശവാസികളും താഴ്ന്ന പ്രദേശങ്ങളില്‍ അധിവസിക്കുന്നവരുമായ 10 ദശലക്ഷത്തോളം അധികം ജനങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്കടിപ്പെടും. തീരപ്രദേശങ്ങളിലുള്ള വെള്ളക്കയറ്റം, കൃഷിയിടങ്ങളിലും കുടിവെള്ള സ്രോതസ്സുകളിലും ഓരുവെള്ള കയറ്റം എന്നിവ മൂലം സ്വന്തം നിവാസദേശങ്ങള്‍ തന്നെ ഇട്ടെറിഞ്ഞു അന്യദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന കാലാവസ്ഥാ അഭയാര്‍ഥികളുടെ എണ്ണത്തിലുണ്ടാകുന്ന പെരുപ്പം ആയിരിക്കും ഒരു പക്ഷെ, നിസ്സാരമെന്നു കരുതപ്പെടുന്ന താപനപരിധി ഇളവിന്റെ ബാക്കിപത്രം.  

താപസഹിഷ്ണുത കുറഞ്ഞ വിഭാഗത്തിലുള്ള സസ്യ-ജീവി വര്‍ഗ്ഗങ്ങള്‍ ചൂടേറുന്ന തനതു ആവാസമേഖലകള്‍ ഉപേക്ഷിച്ച് ചൂട് കുറഞ്ഞ ഇടങ്ങളിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നു. ഇതും കാലാവസ്ഥാ അഭയാര്‍ഥിത്വത്തിന്റെ മറ്റൊരു ഉദാഹരണം തന്നെ. മാത്രമല്ല, ഒന്നരഡിഗ്രി സെന്റിഗ്രേഡ് പരിധിയെ അപേക്ഷിച്, രണ്ട് ഡിഗ്രി സെന്റിഗ്രേഡ് താപനപരിധിയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലുള്ള ഹിമ-മണല്‍  മിശ്രിതത്തിലെ ഹിമാംശം കൂടുതല്‍ ഭൂപ്രദേശങ്ങളില്‍ വ്യാപകമായി ഉരുകാനിടയാകും. ഈ പ്രക്രിയയില്‍ ഹരിതഗൃഹവാതകമായ മീഥേന്‍ വാതകം വന്‍തോതില്‍ പുറന്തള്ളപ്പെടും.  ഇത് ആഗോളതാപനത്തിന് ആക്കം കൂട്ടും. സമുദ്രജലത്തിന്റെ താപനം, അമ്ലത്വവര്‍ധന എന്നിവ മൂലം പല സമുദ്ര ആവാസ വ്യവസ്ഥകളുടെയും സ്വാഭാവിക പരിസ്ഥിതി വ്യതിയാനത്തിന്  വിധേയമാകുന്നു. അത്തരം ആവാസ വ്യവസ്ഥകളുടെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാക്കുന്നു.  1.5 ഡിഗ്രി സെന്റിഗ്രേഡ് സാഹചര്യത്തില്‍ തന്നെ പവിഴപുറ്റുകളുടെ മൊത്തം വിസ്തീര്‍ണ്ണത്തില്‍ 70 മുതല്‍ 90 ശതമാനം വരെ കുറവ് വരുന്ന അവസ്ഥയുണ്ടാകും. ആഗോളതാപനവും സമുദ്രത്തിലെ അമ്‌ളാംശ വര്‍ദ്ധനവും മൂലം ആകെ പവിഴപുറ്റുകളുടെ 33 ശതമാനത്തോളം ഇതിനകം ഇല്ലാതായി.  ആഗോളതാപനത്തിലെ വര്‍ധന 2.0° സെന്റിഗ്രേഡ് ഉയരുന്നതോടെ 50 വര്‍ഷത്തിനുള്ളില്‍ തന്നെ അവശേഷിക്കുന്നവ നശിക്കാനുള്ള സാധ്യത 99 ശതമാനമാണ്. 

സാമൂഹിക-സാമ്പത്തിക-ആരോഗ്യ മേഖലകളിലും 1.5° സെന്റിഗ്രേഡ് താപന  പരിധി സ്വീകരിക്കുന്നതാണ് അഭികാമ്യം.  കാലാവസ്ഥയില്‍ ഏറുന്ന ദുരന്ത സ്വഭാവമുള്ള വ്യതിയാനങ്ങള്‍ മൂലമുള്ള സാമ്പത്തിക തകര്‍ച്ച ഏറ്റവുമധികം നേരിടേണ്ടി വരുന്നത് കൃഷി, മത്സ്യ ബന്ധനം എന്നീ    മേഖലകളാണ്.   1.5 ഡിഗ്രി സെന്റിഗ്രേഡ് താപവര്‍ധന പരിധി വിട്ട് രണ്ടു ഡിഗ്രി സെന്റിഗ്രേഡ് പരിധിയിലേക്ക് മാറുന്നപക്ഷം ഇന്ത്യയില്‍ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വര്ഷം തോറും ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കും.  രണ്ടു ഡിഗ്രി സെന്റ്റഗ്രേഡ് സാഹചര്യത്തില്‍ സൂക്ഷ്മ താപസംവേദന സ്വഭാവമുള്ള ഭക്ഷ്യ വിളകളില്‍ നിന്നുള്ള ഉല്പാദനത്തോതും പോഷണനിലവാരവും ശോഷിക്കാനുള്ള സാധ്യത ഏറുന്നു. വ്യാപകമായ ഭക്ഷ്യ ദൗര്‍ലഭ്യവും, അനുബന്ധ പ്രശ്‌നങ്ങളും   അഭിമുഖീകരിക്കേണ്ടി വരുമെന്നതാണ് അനന്തരഫലം.  

ആഗോളതാപന സാഹചര്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ഗണ്യമായി മന്ദീഭവിക്കപ്പെടും.  ഉത്സര്‍ജന തോത് വെട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടങ്ങള്‍, കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങളില്‍ നിന്നുള്ള പുനരുജ്ജീവനത്തിനു വേണ്ടിവരുന്ന  മുതല്‍ മുടക്ക്  എന്നിവ സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടും. എന്നാല്‍ ആഗോളതാപനം ഒന്നര ഡിഗ്രി സെന്റിഗ്രേഡ് പരിധിയില്‍ ഒതുക്കുന്നതു വഴി 2050 -ഓടെ കാലാവസ്ഥാ അനുബന്ധ ദുരന്തങ്ങള്‍, അതുവഴിയുള്ള സാംക്രമിക രോഗങ്ങള്‍, ദാരിദ്ര്യം, സാമ്പത്തിക തകര്‍ച്ച എന്നിവക്ക് അടിപ്പെടുന്ന ജനങ്ങളുടെ എണ്ണം ഏതാനും ദശലക്ഷങ്ങളില്‍ ഒതുക്കാനായേക്കും. വെറും 0.5 ഡിഗ്രി സെന്റിഗ്രേഡിന്റെ വ്യത്യാസമേ ഉള്ളുവെങ്കില്‍പോലും താപവര്‍ധനാ പരിധിയില്‍ അനുവദിച്ചു നല്‍കുന്ന ഈ ഇളവ് ആരോഗ്യ മേഖലക്ക് അങ്ങേയറ്റം ദോഷം ചെയ്യും. ചൂട് വര്‍ധിക്കുമ്പോള്‍ മലേറിയ, ഡെങ്കി പനി എന്നിവ പരത്തുന്ന കൊതുകുകള്‍ കൂടുതല്‍ പെരുകുന്നത് മൂലം ഇത്തരം രോഗങ്ങളുടെ നിയന്ത്രണം അസാധ്യമായേക്കാം. 

താപനത്തിന്റെ പരിണത ഫലങ്ങള്‍

മനുഷ്യരുടെ പ്രവര്‍ത്തന ശൈലികള്‍ മൂലം ഭൂമിയില്‍ ഇപ്പോള്‍ തന്നെ 1750 കളെ അപേക്ഷിച് 1.0° സെന്റിഗ്രേഡോളം ചൂടേറി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ പരിണത ഫലങ്ങള്‍ ഒന്നൊന്നായി കണ്ടു തുടങ്ങിയിട്ടുമുണ്ട്. 1880 കളെ അപേക്ഷിച്ചു സമുദ്രനിരപ്പില്‍ എട്ട് ഇഞ്ചോളം ഉയര്‍ച്ച ഉണ്ടായി. കഴിഞ്ഞ 1500 വര്‍ഷങ്ങള്‍ക്കിടയില്‍ ആര്‍ടിക് സമുദ്രത്തിലെ ഹിമശേഖരത്തില്‍ ഉണ്ടായ ഏറ്റവും ദ്രുതഗതിയിലുള്ള ശോഷണമാണ് ഇപ്പോള്‍ കണ്ടുവരുന്നത്.  കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പൊതുവെ തീക്ഷ്ണ സ്വഭാവമുള്ള കാലാവസ്ഥ പ്രഭാവങ്ങള്‍ കൂടുതല്‍ തീക്ഷ്ണതരമാകുന്നു. ഈ സാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ അര ഡിഗ്രി സെന്റിഗ്രേഡിന്റെ പോലും വര്‍ദ്ധനവുണ്ടായാല്‍    ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വ്യാപകവും, നശീകരണാത്മകവുമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.  കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ബാധിതരാകുന്ന ജനവിഭാഗങ്ങള്‍ തന്നെയായിരിക്കും മേല്‍സ്ഥിതി വിശേഷത്തിലും ഏറ്റവും കൂടുതല്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വരുന്നത്.  ചെറു ദ്വീപുകള്‍, വികസനത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ തുടങ്ങിയവയെല്ലാം ആഗോള താപന പരിധി ഒന്നര ഡിഗ്രി സെന്റിഗ്രേഡില്‍ പരിമിതപ്പെടുത്തിയാല്‍ തന്നെ ഉണ്ടാകാനിടയുള്ള ബഹുവിധ കാലാവസ്ഥ പ്രത്യാഘാതങ്ങളില്‍ നിന്ന് വിമുക്തരാവില്ല.  താപനം വീണ്ടും ഉയരുവാന്‍ അനുവദിക്കുന്ന പക്ഷം, അതായത്, വീണ്ടും ഒരു അര ഡിഗ്രി വര്‍ദ്ധനവ് കൂടി അനുവദിച്ചാല്‍ സ്ഥിതി വിശേഷങ്ങള്‍ കൂടുതല്‍ അപകടകരമാകും.

glacier

താപവര്‍ധനാ പരിധി രണ്ട് ഡിഗ്രി സെന്റിഗ്രേഡ് ആയി ഇളവ് നല്‍കിയാല്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഭൗതിക സാഹചര്യങ്ങളാണ് ഉണ്ടാകാനിടയുള്ളത്. ആഗോളതല ഗോതമ്പുല്‍പാദനം ഏഴ് ശതമാനം ഇടിയും.  അതി തീവ്ര മഴവേളകള്‍ രണ്ട് ശതമാനത്തോളം വര്‍ധിക്കും.  ആവാസ വ്യൂഹങ്ങള്‍, ഭക്ഷ്യ-ആരോഗ്യ മേഖല എന്നിവയായിരിക്കും അത്തരം ഒരു സാഹചര്യത്തോട് അനുകൂലനം പ്രാപിക്കുന്നതില്‍ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നത്.  ചില പ്രത്യേക ഭൂപ്രദേശങ്ങള്‍ മാത്രമെടുത്തു പരിശോധിച്ചാല്‍ (ഉദാ:  മെഡിറ്ററേനിയന്‍ മേഖല) 2° സെന്റിഗ്രേഡ് വര്‍ധന പരിധി അനുവദിക്കപ്പെടുന്ന സാഹചര്യത്തില്‍ 1.5° ഡിഗ്രി സെന്റിഗ്രേഡ് സാഹചര്യത്തെ അപേക്ഷിച്ച ശുദ്ധജല ദൗര്‍ലഭ്യം ഇരട്ടി തീക്ഷ്ണതയില്‍ വരെ അനുഭവപ്പെടാനിടയുണ്ട്.  ദക്ഷിണ പൂര്‍വ്വേഷ്യ പോലെയുള്ള ഏറ്റവും ജനസാന്ദ്രതയേറിയ മേഖലകളാവട്ടെ വന്‍ കൃഷിനാശത്തിലേക്കു കൂപ്പുകുത്തും. കാര്‍ബണ്‍ഡയോക്‌സൈഡ്, താപനകാരികളായ മറ്റു ഹരിതഗൃഹവാതകങ്ങള്‍ എന്നിവയില്‍ നിന്ന് ഏറെക്കുറെ വിമുക്തമായ ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും അത് വാഗ്ദാനം ചെയ്യുന്ന ആരോഗ്യകരമായ സാഹചര്യങ്ങളുമാണ് 1.5° സെന്റിഗ്രേഡ് പരിധിയുടെ വക്താക്കള്‍ എടുത്തു കാണിക്കുന്ന ശ്രദ്ധേയമായ മറ്റൊരു കാര്യം.  

താപവര്‍ധന പരിധി 1.5° സെന്റിഗ്രേഡ് ആയാലും 2.0° സെന്റിഗ്രേഡ് ആയാലും രണ്ടു സാഹചര്യത്തിലും മനുഷ്യവംശം ഉള്‍പ്പെടെയുള്ള ജൈവസമൂഹം തികച്ചും അരക്ഷിതവും അപകടകരവുമായ മേഖലയിലേക്ക് എത്തിപ്പെടുമെന്ന് നാസയിലെ മുന്‍ ശാസ്തജ്ഞനായ പ്രൊഫസര്‍ ജെയിംസ് ഹാന്‍സന്‍ (Prof. James Hansen, 1941- ) വ്യക്തമാക്കുന്നു. എങ്കില്‍ പോലും ഈ രണ്ടു താപപരിധികള്‍ സൃഷ്ടിക്കുന്ന വ്യത്യസ്ത ഭൗതിക സാഹചര്യങ്ങള്‍ തമ്മില്‍ സാരമായ അന്തരമുണ്ട്.  താപവര്‍ദ്ധനവ് 1.5 ഡിഗ്രി സെന്റിഗ്രേഡില്‍ പരിമിതപ്പെടുത്തണമെങ്കില്‍ 2010 നും 2030 നും ഇടക്കുള്ള കാലയളവില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ഉത്സര്‍ജനം 45 ശതമാനം കണ്ടെങ്കിലും കുറക്കേണ്ടതായിട്ടുണ്ട്; 2050 ഓടെ ഉത്സര്‍ജനം പൂര്‍ണമായും നിര്‍ത്തുകയും വേണം. താപനപരിധി 2.0° സെന്റിഗ്രേഡില്‍ പരിമിതപ്പെടുത്തുന്നതിന് ആവശ്യമുള്ളതിനേക്കാള്‍ ത്വരിത ഗതിയിലുള്ളതും കാഠിന്യമേറിയതുമായ നടപടിക്രമങ്ങളാണ് 1.5 ഡിഗ്രി സെന്റിഗ്രേഡ് സാഹചര്യത്തില്‍ വേണ്ടതെന്നു ചുരുക്കം. വ്യാവസായിക മാലിന്യങ്ങള്‍, മീഥേന്‍, ഫോസില്‍ ഇന്ധനങ്ങളുടെ ഭാഗികദഹനം വഴിയുണ്ടാകുന്ന ബ്ലാക്ക് കാര്‍ബണ്‍ എന്നിവ വളരെ ശക്തിയേറിയ താപാഗിരണികള്‍ ആണ്.  ഇവയുടെ ഉത്സര്‍ജന തോത് 2010 ല്‍ ഉണ്ടായിരുന്നതിന്റെ 35 ശതമാനം കണ്ടു കുറക്കേണ്ടതുണ്ട്.  ഇനി, ഫോസില്‍ ഇന്ധനങ്ങള്‍ക്കു പകരമായി ജൈവോര്‍ജ്ജം ഉപയോഗിക്കുകയാണെന്നിരിക്കട്ടെ, അത്തരം സാഹചര്യങ്ങളില്‍ അന്തരീക്ഷത്തില്‍ നൈട്രസ് ഓക്‌സൈഡ് മലിനീകരണം മൂലം താപനം അധികരിക്കുവാനാണ് സാധ്യത.  

പരിഹാരങ്ങളെന്തൊക്കെ?

2022-ഓടെ സൗരോര്‍ജ്ജത്തിന്റെ ഉല്‍പാദനം 100 ഗിഗാവാട്ട് ശേഷി കൈവരിക്കുന്ന പക്ഷം കല്‍ക്കരിയുടെ ഉപയോഗം ഗണ്യമായി കുറയുന്ന അവസ്ഥയുണ്ടാകും. കൂടാതെ ജലസംരക്ഷണം, വനവല്‍ക്കരണം എന്നിവയെ പരിപോഷിപ്പിക്കുന്ന നയരൂപീകരണങ്ങള്‍ വഴി പരിസ്ഥിതിയെ കൂടുതല്‍ പരിരക്ഷിക്കാനാകും. വനമേഖലകള്‍ ബൃഹത്തായ കാര്‍ബണ്‍ ആഗിരണികളാണ്. സൗരോര്‍ജ്ജം, വൈദ്യുതി തുടങ്ങിയ മാലിന്യ നിക്ഷേപം നടത്താത്ത പാരമ്പര്യേതര ഊര്‍ജ്ജ സംവിധാനങ്ങളിലേക്കു ചൂവട് മാറുകയെന്നതാണ് ശാശ്വത പരിഹാരം. 

Global Warming

തണുത്തുറഞ്ഞ ഹിമ-മണല്‍ മിശ്രിതത്തിലെ ഹിമാംശം ഉരുകല്‍, ചതുപ്പു നിലങ്ങളില്‍ നിന്ന് മീഥേന്‍ ബഹിര്‍ഗമനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കാര്‍ബണ്‍ വിമുക്തമാക്കപ്പെടുന്നുണ്ട്. ഇത്തരം ഘടകങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇവ ഉള്‍പ്പെടാത്ത അനുവദനീയ കാര്‍ബണ്‍ നിക്ഷേപപരിധിയുടെ പരിധി പിന്നെയും ചെറുതാക്കേണ്ടിവരും. ഇതിനുവേണ്ടി വന്‍തോതില്‍ മലിനീകരണം നടത്തുന്ന വ്യവസായങ്ങള്‍ക്ക് സമൂലമായ നിയന്ത്രണം വരുത്തേണ്ടതാണ് അതിപ്രധാനം.  2050 ഓടെ ഉപയോഗിക്കുന്ന ആകെ ഊര്‍ജ്ജത്തിന്റെ 70 മുതല്‍ 85 ശതമാനം വരെയും ഫോസ്സില്‍ ഇന്ധനേതര  സ്രോതസ്സുകളായ സൗരോര്‍ജ്ജം, പവനോര്‍ജ്ജം, വൈദ്യുതോര്‍ജ്ജം തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവയായിരിക്കണം. എങ്കില്‍ പോലും, കാര്‍ബണ്‍ഡയോക്‌സൈഡ് ഉത്സര്‍ജ്ജനം സൃഷ്ടിക്കുന്ന   ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗ സാദ്ധ്യത 15-30% തോതില്‍ പിന്നെയും നിലനില്‍ക്കുന്നു.  

1.5° സെന്റിഗ്രേഡ് താപന സാഹചര്യം സൃഷ്ടിക്കുവാന്‍ അധിക തോതില്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ തങ്ങളുടെ കാര്‍ബണ്‍ഡയോക്‌സൈഡ് ഉത്സര്‍ജ്ജനം 2050-മാണ്ടോടെ 2010 ല്‍ ഉണ്ടായിരുന്നതിന്റെ  75  മുതല്‍ 90  ശതമാനം വരെ കുറക്കുവാന്‍ സന്നദ്ധരാകേണ്ടതുണ്ട് ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ കെട്ടിടങ്ങളുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 55 മുതല്‍ 75 ശതമാനം വരെ നിവര്‍ത്തിക്കേണ്ടത് വൈദ്യുതി ഉപയോഗിച്ചാകണം. ഗതാഗത മേഖലയാകട്ടെ, ഊര്‍ജ്ജ ആവശ്യകതയുടെ 35 മുതല്‍ 65 ശതമാനം വരെ ഉത്സര്‍ജ്ജനം കുറഞ്ഞ സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തണം.  ഭൂവിനിയോഗം സംബന്ധിച്ച നിലവിലെ കാഴ്ചപ്പാടുകള്‍ തിരുത്തേണ്ടി വരും.  ജലസ്രോതസ്സുകളുടെ സംരക്ഷണം, വനമേഖലയുടെ സംരക്ഷണവും വ്യാപനവും എന്നിവയിലധിഷ്ഠിതമായ കാഴചപ്പാടുകളായിരിക്കും അഭികാമ്യം. 

1.5° സെന്റിഗ്രേഡോ അതിനുപരിയോ ഉള്ള താപനസാഹചര്യങ്ങളില്‍ ദുരിതങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വഴിപ്പെടുന്നത് ദരിദ്രജന വിഭാഗങ്ങളാണ്. ഉപജീവനത്തിന് വേണ്ടി ചെറിയ തോതിലുള്ള കാര്‍ഷിക വൃത്തികളില്‍ ഏര്‍പ്പെടുന്നവരാണ് ലോകത്തിലെ ദരിദ്രജനവിഭാഗങ്ങളില്‍ ഏറിയപങ്കും.  അന്തരീക്ഷ താപം, മഴ, വരള്‍ച്ചാ വേളകള്‍, എന്നിവയില്‍ കാലാവസ്ഥ വ്യതിയാനം വരുത്തുന്ന പരിണാമങ്ങള്‍ പ്രത്യക്ഷത്തില്‍ ബാധിക്കുന്നതും ഈ ജനവിഭാഗങ്ങളെയാണ്. അതിനാല്‍തന്നെ, ആഗോളതാപനം നിയന്ത്രണാധീനമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സമൂഹത്തിലെ അസമത്വം, ദാരിദ്ര്യം എന്നിവ നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ അനിഷേധ്യ പങ്കുണ്ട്. താപന വ്യതിയാനം 1.5°C വിട്ട് ഉയരുന്നത് നിയന്ത്രിക്കുന്നപക്ഷം 2050 ഓടെ ദശലക്ഷക്കണക്കിനു ജനങ്ങളെ ദാരിദ്യത്തില്‍ നിന്ന് രക്ഷപ്പെടുത്തുവാനുമാവും. 

ആഗോളതാപനം 2.0 ഡിഗ്രി സെന്റിഗ്രേഡ് അഥവാ 1.5ഡിഗ്രി സെന്റിഗ്രേഡ് പരിധി കവിയാതെ നിലനിര്‍ത്തുകയെന്നത് സാങ്കേതികമായി സാധ്യമാണെങ്കില്‍ പോലും ലോക  രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഇതിനുവേണ്ടിയുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണ്. മുന്‍പൊന്നുമില്ലാത്ത തരത്തില്‍ അടിയന്തിര നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതുണ്ട്.  

തങ്ങളുടെ നിലവിലുള്ള 'പ്രഖ്യാപിത ലക്ഷ്യങ്ങള്‍' അടിയന്തിരമായി നടപ്പിലാക്കുകയെന്നതാണ് രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്.  ഒപ്പം, ഈ വിഷയത്തില്‍ ഉദ്ദേശ ഫലപ്രാപ്തി കൈവരിക്കാനുതകുന്ന രീതിയില്‍ രാഷ്ട്രങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ 'ഭേദഗതി വരുത്തിയ പ്രഖ്യാപിത ലക്ഷ്യങ്ങള്‍' 2020 ഓടെ രൂപകല്‍പന ചെയ്യുക.  ഉത്സര്‍ജ്ജന ലഘൂകരണം യഥാര്‍ത്ഥത്തില്‍ ആരംഭിക്കേണ്ടത് വന്‍ രാഷ്ടങ്ങളില്‍ നിന്നോ വമ്പന്‍ വ്യവസായശാലകളില്‍ നിന്നോ അല്ല; മറിച്ച്  ഓരോവ്യക്തിയും അവനവന്റെ പ്രവൃത്തിപഥങ്ങളിലും ഇക്കാര്യം നിഷ്‌കര്‍ഷിക്കേണ്ടതുണ്ട്.  വ്യക്തികളെന്ന നിലയില്‍ നാം അന്തരീക്ഷത്തിലേക്ക് ഉപേക്ഷിക്കുന്ന കാര്‍ബണ്‍ അവശേഷിപ്പുകള്‍ (carbon footprint) പരമാവധി കുറക്കുന്ന തരത്തിലുള്ള ജീവിതചര്യയോടൊപ്പം മലിനീകരണ വിമുക്തിയില്‍ അധിഷ്ഠിതമായ പരിസ്ഥിതി സാക്ഷരതയും നമ്മള്‍ ശീലിക്കണം.  

(കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമിയിലെ  സയന്റിഫിക് ഓഫീസര്‍ ആണ് ലേഖകന്‍.)

Content Highlights: climate change and global warming, paris climate agreement