ആലപ്പുഴ: ദേശീയപാതയുടെ നവീകരണത്തിന് ഉപയോഗിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു പിന്നില്‍ ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിച്ച് ആഗോളതാപനം കുറയ്ക്കാനുള്ള പാരീസ് ഉടമ്പടി.

പഴയ റോഡിന്റെ ഉപരിതലം സംസ്‌കരിച്ച് പുതിയ റോഡുണ്ടാക്കുന്നതാണ് സാങ്കേതികവിദ്യ. ഇതുമൂലം ടാര്‍മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചുള്ള ദൂഷ്യങ്ങളും അന്തരീക്ഷമലിനീകരണവും കുറയ്ക്കാം. സംസ്ഥാനത്ത് ആദ്യമായി പുറക്കാട് മുതല്‍ പാതിരപ്പള്ളിവരെ 22 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് നിര്‍മിക്കുന്നത്.

കാക്കാഴം മേല്‍പ്പാലത്തില്‍ ചൊവ്വാഴ്ച രാത്രി നവീനരീതിയില്‍ റോഡുനിര്‍മാണം തുടങ്ങി. പദ്ധതിക്കായി 34.5 കോടി രൂപയാണ് ചെലവാകുന്നത്.

കോള്‍ഡ് ഇന്‍പ്ലേസ് റീസൈക്ലിങ് എന്നുവിളിക്കുന്ന സാങ്കേതികവിദ്യയില്‍ റോഡുനിര്‍മാണത്തിന് അധികം സാമഗ്രികള്‍ വേണ്ട. നിലവിലെ റോഡിന്റെ ഉപരിതലം വെട്ടിപ്പൊളിച്ച് കിട്ടുന്ന മെറ്റലും ടാറും ചേര്‍ന്ന മിശ്രിതം പൊടിച്ച് ആവശ്യാനുസരണം ബിറ്റുമിന്‍ ചേര്‍ത്ത് വിരിക്കുകയാണ് ചെയ്യുന്നത്.

മുകളിലെ രണ്ടാംപാളി നിര്‍മിക്കുന്നത് പ്രകൃതിദത്ത റബ്ബര്‍മിശ്രിതം ചേര്‍ത്താണ്. ഇത് റോഡിന് കൂടുതല്‍ ഈടുനല്‍കും. ഈ സാങ്കേതികവിദ്യയില്‍ മെറ്റലിന്റെ ഉപയോഗം വലിയ തോതില്‍ കുറയ്ക്കാം.

ഇക്കാരണത്താല്‍ മെറ്റലിനായി ക്വാറികളെ ആശ്രയിക്കുന്നത് 30 ശതമാനമായി കുറയും. കൂടാതെ, ടാര്‍മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചുള്ള പുകയും പൊടിയും മലിനീകരണവും കുറയ്ക്കാനും സാധിക്കുമെന്ന് ദേശീയപാതവിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.പി.പ്രഭാകരന്‍ വ്യക്തമാക്കി.

രാജ്യത്ത് ദേശീയപാതാ അതോറിറ്റി പി.പി.പി. അടിസ്ഥാനത്തില്‍ നിര്‍മിച്ച ഹൈവേകളിലും എക്‌സ്​പ്രസ് വേകളിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. ആഗോളതാപനം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിലുള്ള റോഡുനിര്‍മാണം വ്യാപകമാകുന്നത്.

കോള്‍ഡ് ഇന്‍പ്ലേസ് റീസൈക്ലിങ്ങിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയില്‍ ജര്‍മനിയില്‍നിന്ന് എത്തിച്ച പ്ലാന്റാണ് ഉപയോഗിക്കുന്നത്. റോഡ് കുത്തിപ്പൊളിക്കല്‍, ബിറ്റുമിന്‍ ചേര്‍ത്ത് പൊടിക്കല്‍, ഗ്രേഡിങ് നടത്തല്‍, ടാര്‍ വിരിക്കല്‍ എന്നിവയ്ക്കായി യന്ത്രങ്ങളുടെ ഒരു ശൃംഖലതന്നെ ഈ പ്ലാന്റിലുണ്ട്.

കാക്കാഴം മേല്‍പ്പാലത്തിനായി ചെറിയ പ്ലാന്റാണ് വന്നിരിക്കുന്നത്. എന്നാല്‍, ഏപ്രില്‍ ആദ്യവാരത്തോടെ വലിയ പ്ലാന്റ് എത്തും. ഇതിനുശേഷമായിരിക്കും റോഡിലെ പണികള്‍ തുടങ്ങുന്നത്.