ജനീവ: ആഗോള താപനം അപകടകരമായ നിലയിലേക്കെത്തിയെന്ന് സൂചന നല്‍കി പഠന റിപ്പോർട്ട്. ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പിന് ഭീഷണിയുയർത്തുന്ന വിധത്തിലേക്ക് ഭൂമിയുടെ അന്തരീക്ഷ താപനില വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) പഠന റിപ്പോർട്ടില്‍ പറയുന്നു. വര്‍ധിക്കുന്ന അന്തരീക്ഷ താപനില ഇന്ത്യയിലെ മണ്‍സൂണിനെയും ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ആഗോള താപനില വർധനവ് 2100-ഓടുകൂടി രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഐ.പി.സി.സി റിപ്പോർട്ട് മുന്നറിയിപ്പ്  നല്‍കുന്നു. 1850 മുതല്‍ 1900 വരെയുള്ള വ്യവസായ പൂർവ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താപനിലയില്‍ വലിയ വർധനയാണ് 2011-2020 കാലയളവില്‍ ഉണ്ടായിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ വലിയ തോതിലുള്ള കുറവുണ്ടായില്ലെങ്കില്‍ സ്ഥിതി ഇനിയും രൂക്ഷമാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

റിപ്പോര്‍ട്ട് പ്രകാരം 2040-ഓടെ അന്തരീക്ഷ താപനിലയിലെ വർധന 1.5 ഡിഗ്രി സെല്‍ഷ്യസായേക്കും. ആഗോളതാപനിലയുടെ വർധന രണ്ട് ഡിഗ്രി സെല്‍ഷ്യസ് മറികടക്കുന്നത് ഭൂമിയില്‍ മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും അപരിഹാര്യവുമായ മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഹരിതഗൃഹ വാതക ഉദ്‌വമനത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ടായാല്‍ പോലും താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കടന്ന് 1.6 ഡിഗ്രി സെൽഷ്യസ് എത്താനാണ് സാധ്യതയെന്നും റിപ്പോർട്ട് പറയുന്നു.

വില്ലന്‍ ആഗോളതാപനം

ഐ.പി.സി.സിയുടെ ആറാം അവലോകനറിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗത്തില്‍ (എ.ആര്‍.6) ഭൂമിയുടെ കാലാവസ്ഥയുടെ അവലോകനവും ഭൂമിയിലും ജീവജാലങ്ങള്‍ക്കും അത് മൂലമുണ്ടായ മാറ്റങ്ങളും പഠന വിധേയമാക്കിയിട്ടുണ്ട്.ആഗോളതാപനിലയുടെ യഥാര്‍ഥ സ്ഥിതി ചൂണ്ടിക്കാട്ടുന്നതാണ് ഐ.പി.സി.സിയുടെ പഠനറിപ്പോര്‍ട്ട്. 

ആഗോളതാപനത്തിന്റെ കാരണങ്ങളില്‍ പ്രധാനം മനുഷ്യ ഇടപെടലുകള്‍ തന്നെയാണെന്നാണ് ഐ.പി.സി.സിയുടെ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 66 രാജ്യങ്ങളില്‍ നിന്നുള്ള 234 ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ ക്രോഡീകരിച്ചാണ് 42 പേജുള്ള പഠനറിപ്പോര്‍ട്ട് ഐ.പി.സി.സി തയ്യാറാക്കിയിരിക്കുന്നത്.

ആഗോളതാപനത്തെ ചെറുക്കുക മാത്രമാണ് ഭൂമിയുടെ അന്തരീക്ഷ സംതുലനത്തെ നിലനിർത്താനുള്ള ഏക മാർഗം എന്നാണ് റിപ്പോർട്ട് പറയുന്നത്. മനുഷ്യ ഇടപെടലുകളാണ് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും മൂലകാരണം. നഗരങ്ങളും മറ്റും ആഗോളതാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടുകളായാണ് പ്രവര്‍ത്തിക്കുന്നതെന്നും പഠനം പറയുന്നു.

ഇന്ത്യന്‍ സമുദ്രത്തില്‍ താപനില ഉയരും

ഇന്ത്യയുടെ കാലാവസ്ഥയിലും വരുംകാലത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. വരുന്ന പതിറ്റാണ്ടുകളില്‍ രാജ്യത്ത് ചൂടിന്റെ രൂക്ഷത വര്‍ധിച്ചുവരികയും ശൈത്യത്തിന്റെ രൂക്ഷത കുറഞ്ഞുവരികയും ചെയ്യും. ഉഷ്ണതരംഗത്തിന്റെ തോത് വര്‍ധിക്കുമെന്നും വരള്‍ച്ച, കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങള്‍ ഏറുമെന്നും പഠനം പറയുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ തെക്ക്, തെക്കുകിഴക്ക് ഏഷ്യന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മനുഷ്യ ഇടപെടലുകള്‍ മൂലം അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനയും വായുവിലെ മാലിന്യത്തിന്റെ അളവ് വര്‍ധിച്ചതുമാണ് ഇതിന് കാരണം. വരും നാളുകളിലും ഇത് തുടരുമെന്നും കാര്‍ഷിക-പാരിസ്ഥിതിക രംഗത്ത് വരള്‍ച്ച രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം പറയുന്നു.

അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ സമുദ്ര മേഖലയില്‍ ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ് താപനില വര്‍ധിക്കുന്നത്. സമുദ്രജലവിതാനവും ഇതിനനുസരിച്ച് വര്‍ധിക്കുമെന്നാണ് ഇത് നല്‍കുന്ന സൂചന. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ തീരങ്ങളില്‍ കടലേറ്റം രൂക്ഷമാണ്. ഇത് ഇനിയും തുടരുമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ കടലാക്രമണം തുടര്‍ച്ചയായി സംഭവിക്കുമെന്നുമാണ് പഠനം പറയുന്നത്.

Content Highlights: global temperature to rise 2 degree celesius by 2100; warning by ipcc