അതിതീവ്ര ചൂട് കാരണം 2018 ല്‍ ആഗോളതലത്തില്‍ 2,96,000 മരണം.

ഇന്ത്യയില്‍മാത്രം 31,000 മരണം

പ്രകൃതിയും ശാസ്ത്രലോകവും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളും നയരൂപവത്കരണ വിദഗ്ധരും കാലാവസ്ഥാ ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും അടങ്ങുന്ന ആഗോളസമൂഹം ബ്രിട്ടനിലെ ഗ്ലാസ്ഗോവില്‍ ഇത്തവണ ഒത്തുചേരുന്നത്. ലോകത്തിന്റെ ഭാവിയില്‍ ആശങ്കയുള്ളവരെല്ലാം ഈ വര്‍ഷം നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. 2021 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ, ഇറ്റലിയുടെകൂടി സഹകരണത്തോടെ, ബ്രിട്ടന്‍ ആതിഥേയത്വം വഹിക്കുന്ന 'cops 26' (കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് 26) പല കാരണങ്ങള്‍കൊണ്ടും സുപ്രധാനമാണ്. ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി IPCC പുറത്തിറക്കിയ ആറാം വിലയിരുത്തല്‍ റിപ്പോര്‍ട്ട് മനുഷ്യഭാവിയെ സംബന്ധിച്ച പല ഗൗരവമായ മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

അലംഭാവം എവിടെയെത്തിക്കും

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതില്‍ ലോകരാഷ്ട്രങ്ങളുടെ അലംഭാവപൂര്‍ണമായ സമീപനം ഗുരുതരമായ സാഹചര്യങ്ങളിലേക്ക് ആഗോളസമൂഹത്തെ എത്തിക്കുമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. പാരീസ് ഉടമ്പടിലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ ലോകം അപകടകരമായ പാതയിലാണ്; അതുകൊണ്ടുതന്നെ അപകടസാധ്യത കൂടിക്കൊണ്ടിരിക്കുന്നു; അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും ദശകങ്ങളില്‍ ആഘാതം വിനാശകരമായിരിക്കും തുടങ്ങിയ മൂന്ന് നിര്‍ണായക കാര്യങ്ങളാണ് ഇതില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

2010-നെ അപേക്ഷിച്ച് 2030-ഓടെ കാര്‍ബണ്‍ പുറന്തള്ളലില്‍ ഒരു ശതമാനം കുറവുസംഭവിക്കുമെന്ന് ദേശീയ നിര്‍ണീത സംഭാവനകള്‍ (നാഷണലി ഡിറ്റെര്‍മിന്‍ഡ് കോണ്‍ട്രിബ്യൂഷന്‍സ് എന്‍.ഡി.സി) സൂചിപ്പിക്കുന്നു.

അതേസമയം കാര്‍ബണ്‍ ഉദ്വമന നിരക്ക് കുറഞ്ഞ സാങ്കേതികവിദ്യകളുടെ വിന്യാസം, നിക്ഷേപം എന്നിവ സംബന്ധിച്ച നിലവിലെ പ്രവണത അതേപടി തുടരുകയാണെങ്കില്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.7 ഡിഗ്രി താപവര്‍ധന സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ താപവ്യതിയാനത്തില്‍ 3.5 ഡിഗ്രി ഉയര്‍ച്ച സംഭവിക്കാനുള്ള സാധ്യത പത്തു ശതമാനം അധികമാണെന്നും വിലയിരുത്തപ്പെടുന്നു. ഈ സാധ്യതകളൊക്കെയും രാഷ്ട്രങ്ങള്‍ സ്വയം പ്രഖ്യാപിച്ച കാര്‍ബണ്‍ കുറയ്ക്കല്‍ നയം അതേപടി പിന്തുടരുന്നെങ്കില്‍ മാത്രമാണ്. അതില്‍ വീഴ്ച വരുത്തിയാലുള്ള പ്രത്യാഘാതങ്ങള്‍ വിവരണാതീതമായിരിക്കും. നിലവില്‍ രാഷ്ട്രങ്ങളുടെ നിര്‍ണീത സംഭാവനകള്‍ സംബന്ധിച്ച ഗതിവിഗതികള്‍ അതേപടി പിന്തുടര്‍ന്നാല്‍ തന്നെയും പാരീസ് ഉടമ്പടി അനുസരിച്ചുള്ള 1.5 ഡിഗ്രി എന്ന ലക്ഷ്യത്തിലെത്താനുള്ള സാധ്യത ഒരുശതമാനം മാത്രമാണ്.

താപവ്യതിയാനത്തിന്റെ ആഘാതങ്ങള്‍

താപവ്യതിയാനത്തിലെ വര്‍ധന 2019-ല്‍ മാത്രം ലോകത്തൊട്ടാകെ 300 ബില്യണ്‍ തൊഴില്‍ മണിക്കൂറുകള്‍ നഷ്ടമാക്കിയെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2000-ത്തിനെക്കാള്‍ 52 ശതമാനം അധികമാണ് തൊഴില്‍മേഖലയില്‍ സംഭവിച്ച ഈ നഷ്ടം. അതിതീവ്ര ചൂട് കാരണമുള്ള മരണം കഴിഞ്ഞ രണ്ട് ദശകത്തില്‍ 54 ശതമാനമായി വര്‍ധിക്കുകയുണ്ടായി. 2018 ല്‍മാത്രം ആഗോളതലത്തില്‍ 2,96,000 മരണമാണ് ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതേവര്‍ഷം ഇന്ത്യയില്‍മാത്രം 31,000 മരണമാണ് ചൂട് തരംഗങ്ങള്‍കാരണം സംഭവിച്ചത്. താപനിലയിലെ വര്‍ധന തുടരുകയാണെങ്കില്‍ 2040 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയില്‍ പാതിയോളം താപതീവ്രതയുടെ ഇരകളായിരിക്കുമെന്നും പ്രതിവര്‍ഷ മരണനിരക്ക് ഒരു കോടിയോളം വരുമെന്നും കണക്കാക്കപ്പെടുന്നു.

ഭക്ഷ്യ-ജല സുരക്ഷ

വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവകാരണം ഈയടുത്തകാലത്തുമാത്രം നഷ്ടമായ കാര്‍ഷികവിളകളുടെ അളവ് 20 മുതല്‍ 50 ശതമാനം വരെയാകാമെന്ന് കണക്കാക്കിയിരിക്കുന്നു. പ്രാദേശികമായുണ്ടാകുന്ന താപവ്യതിയാനങ്ങള്‍ക്കും വെള്ളപ്പൊക്ക തീവ്രതയ്ക്കും അനുസരിച്ച് വിളനാശത്തില്‍ വ്യത്യാസമുണ്ടായിരിക്കും. ഭാവിയിലെ ജനങ്ങളെ അടക്കം തീറ്റിപ്പോറ്റുന്നതിനായി 2050 ആകുമ്പോഴേക്കും ആഗോള ഭക്ഷ്യോത്പാദനത്തില്‍ 50 ശതമാനത്തിലധികം വര്‍ധന വേണ്ടിവരും. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ കാര്‍ഷികോത്പാദനത്തില്‍ 30 ശതമാനം ഇടിവ് സംഭവിക്കും.കലോറി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഭക്ഷ്യവിളകള്‍ നെല്ലും ഗോതമ്പുമാണ്. ആഗോളതലത്തില്‍ കാര്‍ഷികഭൂമിയുടെ 35 ശതമാനവും ഈ രണ്ടുവിളകളും കൃഷി ചെയ്യുന്നതിനാണ് നീക്കിവെച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നെല്ല്, ഗോതമ്പ് വിളകളെ വലിയതോതില്‍ ബാധിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

ഭക്ഷ്യസുരക്ഷയെ എന്നപോലെ ജലസുരക്ഷയുടെ കാര്യത്തിലും വലിയ ആശങ്കകളാണ് നിലനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ കഴിയുന്തോറും വരള്‍ച്ചദിനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. 2040 ആകുമ്പോഴും അതിതീവ്ര വരള്‍ച്ചാ പ്രതിഭാസം ആറുമാസം വരെ നീളും. അതിവൃഷ്ടി, പ്രളയം തുടങ്ങിയ പ്രാകൃതിക സംഭവങ്ങളുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ധനയാണ് 2020 ല്‍മാത്രം സംഭവിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മരണനിരക്കിലും 18 ശതമാനം വര്‍ധനയുണ്ടായി.

പ്രതിജ്ഞകള്‍മാത്രം മതിയാകില്ല

കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാമെന്ന ചിന്തയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തെ സംബന്ധിച്ചുള്ള നെറ്റ് സീറോ പ്രതിജ്ഞകള്‍ പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങള്‍. എന്നാല്‍ ഈ പ്രതിജ്ഞകള്‍ നിറവേറ്റാനാവശ്യമായ നയപരമായ വ്യക്തതയോ അവ നടപ്പാക്കുന്നതിനുള്ള പ്രായോഗിക കര്‍മപദ്ധതികളോ ഒന്നുംതന്നെ രാഷ്ട്രങ്ങളുടെ മുന്നിലില്ല എന്നത് ആഗോള കാര്‍ബണ്‍ ബജറ്റും ലക്ഷ്യങ്ങളും തമ്മിലുള്ള വിടവ് ഓരോ വര്‍ഷവും വര്‍ധിക്കുന്നതിന് ഇടനല്‍കുന്നു. വര്‍ധിച്ചുവരുന്ന ഈയൊരു വിടവ്, ആരോഗ്യ പ്രശ്‌നം, ഭക്ഷ്യ-ജല സുരക്ഷ ഇവയൊക്കെച്ചേര്‍ന്ന് ഉടലെടുക്കുന്ന ഉത്പാദനഷ്ടം, സാമ്പത്തിക തകര്‍ച്ച എന്നിവയിലേക്ക് ആഗോളസമൂഹത്തെ കൊണ്ടുചെന്നെത്തിക്കും. കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാന്‍ നയപരമായ തീരുമാനങ്ങളും പ്രായോഗിക കര്‍മപദ്ധതികളുമാണ് ആവിഷ്‌കരിക്കേണ്ടത്. രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ അതിലേക്ക് നയിക്കുന്നതിന് ശക്തമായ ജനകീയ സമ്മര്‍ദങ്ങള്‍ ഉയരേണ്ടതും അത്യാവശ്യമാണ്.

(സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് നാഷണല്‍ വര്‍ക്കിങ് കമ്മിറ്റിയംഗമാണ് ലേഖകന്‍)