ഗ്ലാസ്‌ഗോ: അന്റാർട്ടിക്കയിലെ ഗെറ്റ്‌സിൽ അതിവേഗം ഉരുകിക്കൊണ്ടിരിക്കുന്ന ഹിമപാളിക്ക് ഇനി പേര് ഗ്ലാസ്‌ഗോ. സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ നഗരത്തിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഞായറാഴ്ച തുടങ്ങിയ ഇരുപത്തിയാറാം കാലാവസ്ഥാസമ്മേളനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ബ്രിട്ടനാണ് ഹിമപാളിക്ക് ഈ പേരിട്ടത്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ബ്രിട്ടീഷ് അന്റാർട്ടിക് ടെറിട്ടറിയിൽപ്പെട്ട (ബി.എ.ടി.) പ്രദേശമാണിത്.

ഗെറ്റ്‌സിലെ ഹിമപാളികളെക്കുറിച്ചുപഠിച്ച ഇംഗ്ലണ്ടിലെ ലീഡ്‌സ് സർവകലാശാല അവ അതിവേഗം ഉരുകിയൊലിക്കുകയാണെന്ന്‌ കണ്ടെത്തി. 1994-2018 കാലത്ത് ശരാശരി 25 ശതമാനം മഞ്ഞുരുകി കടലിൽ ചേർന്നു. 315 ടൺ ഐസാണ് ഇങ്ങനെ ഉരുകിത്തീർന്നത്. ഇതിന്റെ ഫലമായി ആഗോള സമുദ്രജലനിരപ്പ് ഉയർന്നു. ആഗോളതാപനം അതിവേഗം നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിയെ കാത്തിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻകൂടിയാണ് ഈ ഹിമപാളികൾക്ക് ബ്രിട്ടൻ ‘ഗ്ലാസ്‌ഗോ’ എന്നുപേരിട്ടത്.

ബി.ടി.എ.യിലെ മറ്റുഹിമപാളികൾക്ക് റയോ, ക്യോട്ടോ, പാരീസ് എന്നും പേരിടും. ആഗോളതാപനം നിയന്ത്രിക്കുന്നതുസംബന്ധിച്ച പ്രധാന തീരുമാനങ്ങളുണ്ടായ കാലാവസ്ഥാസമ്മേളനങ്ങൾ നടന്ന സ്ഥലങ്ങളാണ് ഇവ.

Content Highlights: Glacier in Antarctica named after Glasgow climate summit