ധ്രുവപ്രദേശങ്ങള്‍ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഹിമാനികള്‍ ഉള്ളത് ഹിമാലയത്തില്‍ ഹിന്ദുക്കുഷ് മേഖലയിലും ടിബറ്റന്‍ പീഠഭൂമിയിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ്. അതുകൊണ്ട് ഈ പ്രദേശത്തെ ഭൂമിയുടെ മൂന്നാം ധ്രുവം എന്നുവിളിക്കുന്നു. ആഗോളതാപനം മൂലം ഈ മേഖലയില്‍നിന്ന് ഹിമാനികള്‍ വളരെ വേഗത്തില്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്.

തന്മൂലം നിലവിലുള്ള ഹിമതടാകങ്ങള്‍ കൂടുതല്‍ വിസ്തൃതമാകുകയും പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആഗോളതാപനത്തിന്റെ നിരക്ക് മൂന്നാം ധ്രുവത്തില്‍ ലോകശരാശരിയേക്കാള്‍ കൂടുതല്‍ ആയതിനാല്‍, ഇവിടെയാണ് ഹിമതടാകങ്ങള്‍ പൊട്ടിത്തകര്‍ന്ന് മിന്നല്‍പ്രളയം(GLOF- ഗ്ലേസിയല്‍ ലെയ്ക്ക് ഔട്‌ബേഴ്‌സ്റ്റ് ഫ്‌ളഡ്) ഉണ്ടാകാനുള്ള അപകടഭീഷണി ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത്.

പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് മൂന്നാം ധ്രുവത്തില്‍ നിലവില്‍ 26,633 ഹിമതടാകങ്ങള്‍ ഉണ്ടെന്നാണ്. അവയുടെ ആകെ വിസ്തീര്‍ണം 1.2 സ്‌ക്വയര്‍ കിലോ മീറ്റര്‍ വരെ ആകാം. മൂന്നാം ധ്രുവത്തില്‍ ഏറ്റവും കൂടുതല്‍ ഹിമതടാകങ്ങള്‍ ഉള്ളത് ഹെങ്ദ്വാന്‍ ഷാന്‍ മേഖലയില്‍ ആണ്. 1990 മുതല്‍ 2015 വരെയുള്ള കാലയളവില്‍ മൂന്നാം ധ്രുവത്തിലെ ഹിമതടാകങ്ങളുടെ വിസ്തീര്‍ണത്തില്‍ 5.9% വര്‍ധന ഉണ്ടായിട്ടുണ്ട്. 1560 മുതല്‍ ഇങ്ങോട്ട് വരെയുള്ള കാലയളവില്‍ മൂന്നാം ധ്രുവത്തിലെ 109 ഹിമതടാകങ്ങളില്‍ നിന്നായി 296 മിന്നല്‍പ്രളയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

1960 മുതല്‍ ഇങ്ങോട്ടുള്ള കാലയളവില്‍ കിഴക്കന്‍ ഹിമാലയത്തിലെ ജിയലോങ് കോ, സിറെന്‍മ കോ മേഖലകള്‍ പല മിന്നല്‍പ്രളയ അപകടങ്ങളുടെയും ഉത്ഭവസ്ഥാനമായിരുന്നു. മൂന്നാം ധ്രുവത്തിലെ മൂന്നിലൊന്ന് ഹിമതടാകങ്ങള്‍ ഉയര്‍ന്നതും വളരെ ഉയര്‍ന്നതുമായ അപകടസാധ്യതയുള്ളവയാണ്. ആറില്‍ ഒരെണ്ണം താഴെയുള്ള ജനസമൂഹത്തിന് വളരെ ഉയര്‍ന്ന അപകടഭീഷണി ഉയര്‍ത്തുന്നവയാണ്. 

പ്രാദേശികമായ അളവുകോല്‍വച്ച് നോക്കുമ്പോള്‍ കിഴക്കന്‍ ഹിമാലയത്തിലാണ് ഏറ്റവും കൂടുതല്‍ മിന്നല്‍പ്രളയ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. നദീതടം മാനദണ്ഡമായി നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മിന്നല്‍പ്രളയം ഉണ്ടായിട്ടുള്ളത് ബ്രഹ്‌മപുത്ര നദീതടത്തിലാണ്. എന്നാല്‍ മിന്നല്‍പ്രളയം  ഉണ്ടാകാനുള്ള അപകടസാധ്യത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് ഗംഗാ നദീതടത്തിലാണ്.

അടുത്ത കാലത്ത് നടന്ന ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത് 2100 ആകുമ്പോഴേക്കും മൂന്നാം ധ്രുവത്തിലെ ഹിമാനികള്‍ പൂര്‍ണമായി അപ്രത്യക്ഷമാകുകയും തത്ഫലമായി 13000-ല്‍ അധികം പുതിയ ഹിമതടാകങ്ങള്‍ രൂപപ്പെടുകയും ചെയ്യുമെന്നാണ്. ഈ പുതിയ ഹിമതടാകങ്ങളുടെ 47% 2050-തോടെയും 86% 2100 ആകുമ്പോഴേക്കും രൂപപ്പെട്ടിരിക്കും. 

ഈ പുതിയ ഹിമതടാകങ്ങള്‍ കൂടുതലായും കാണപ്പെടുന്നത് പാമിര്‍ കാരക്കോരം കുന്‍ലുന്‍- ഷാന്‍ ഹിമാലയ പര്‍വതങ്ങളിലും പടിഞ്ഞാറന്‍ ടിയന്‍ ഷാന്‍ മലനിരകളിലുമായിരിക്കും. ഈ മേഖലകളിലാണ് മൂന്നാം ധ്രുവത്തിലെ ഹിമാനികളുടെ 74% കേന്ദ്രീകരിച്ചിരിക്കുന്നത്.

നദീതടം മാനദണ്ഡമായി നോക്കുമ്പോള്‍ സിന്ധു നദിയുടെയും ടാറിം നദിയുടെയും ഉത്ഭവസ്ഥാനങ്ങളിലായിരിക്കും ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഹിമതടാകങ്ങള്‍ കാണപ്പെടുക. 2050 ആകുമ്പോഴേക്കും ബ്രഹ്‌മപുത്ര, ഗംഗ, യാങ്ട്‌സി നദീതടങ്ങളിലെ ഹിമതടാകങ്ങള്‍ ഏറ്റവും കൂടുതല്‍ വിസ്തൃതി പ്രാപിച്ചിരിക്കും. 

ഭാവിയില്‍ മൂന്നാം ധ്രുവത്തില്‍ മിന്നല്‍പ്രളയ അപകടം ഉണ്ടാകാനുള്ള സാധ്യത ഇപ്പോള്‍ ഉള്ളതിനെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടിയിരിക്കും. ഈ പഠനങ്ങളില്‍ ഒന്നുംതന്നെ ഹിമാലയന്‍ മേഖലകളില്‍ ഭാവിയിലുണ്ടാകാന്‍ പോകുന്ന ജനസംഖ്യാ മാറ്റവും അടിസ്ഥാന സൗകര്യവികസനങ്ങളും കണക്കിലെടുത്തിട്ടില്ല.

മൊത്തത്തില്‍ കാരക്കോറം, പാമിര്‍, പടിഞ്ഞാറന്‍ ഹിമാലയം തുടങ്ങിയ പ്രദേശങ്ങളില്‍ ഭാവിയില്‍ GLOF 
അപകടങ്ങള്‍ വളരെയധികം കൂടും. കിഴക്കന്‍ ഹിമാലയം മിന്നല്‍പ്രളയത്തിന്റെ പ്രധാന ഹോട്‌സ്‌പോട്ട് ആയിരിക്കുന്നത് തുടരും. നദീതടത്തിന്റെ അളവ്കോല്‍ വെച്ച് നോക്കുമ്പോള്‍ ഭാവിയില്‍ മിന്നല്‍പ്രളയ അപകടഭീഷണി ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് സിന്ധു, ഗംഗ, അമു ദാരിയ തുടങ്ങിയ നദീതടങ്ങളിലായിരിക്കും.

ടിബറ്റന്‍ പീഠഭൂമിയിലെ മലനിരകളും ഹിമാലയന്‍ മലനിരകളും 11 രാജ്യങ്ങളിലായാണ് പരന്നുകിടക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയിലുണ്ടാകാന്‍ പോകുന്ന മിന്നല്‍പ്രളയ ദുരന്തങ്ങള്‍ ഈ രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതാണ്.

Reference:

Zheng G, Allen SK, Bao A, Canavas JAB, Huss M, Zhang G, Li J, Yuan Y, Jiang L, Yu T, Chen W, and Stoffel M(2021).
 Increasing risk of glacial lake ourburst Floods from Future Third Pole deglaciation. Nature Climate Change.

(ലേഖകന്‍ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ബെംഗളൂരി ഓഫിസില്‍ ജിയോളജിസ്റ്റാണ്)

Content Highlights: Glacial Lake Outburst Flood and Himalaya