കേരളത്തില്‍ പ്രളയദുരന്തമുണ്ടായെങ്കിലും, രാജ്യത്താകെ കാലവര്‍ഷം ഇത്തവണ ദുര്‍ബലമാണ്. ശരാശരിക്കും താഴെ മാത്രമേ മഴ കിട്ടിയിട്ടുള്ളൂ. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ച 'എല്‍നിനോ' പ്രതിഭാസമാണ് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു

El Nino Weather Event
2014 ലെ എല്‍നിനോ പ്രവചനം, ദൃശ്യരൂപത്തില്‍. ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്താണ് എല്‍നിനോ രൂപപ്പെടുന്നത്. ചിത്രം കടപ്പാട്: NASA/JPL.

 

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയാനന്തര ദിനങ്ങളെ നേരിടുകയാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ 19 വരെ കേരളത്തില്‍ സാധാരണ 287 മില്ലീമീറ്റര്‍ മഴ കിട്ടേണ്ടിടത്ത്, ഇത്തവണ 758 മില്ലീമീറ്ററാണ് പെയ്തിറങ്ങിയത്-രണ്ടര മടങ്ങിലേറെ! സംസ്ഥാനത്തെ 44 നദികളും കരകവിഞ്ഞു. ആകെയുള്ള 54 ഡാമുകളില്‍ 34 എണ്ണം ചരിത്രത്തിലാദ്യമായി തുറന്നുവിടേണ്ടി വന്നു.

സുരക്ഷിതമെന്ന് നമ്മള്‍ കരുതിയ എത്രയോ ഇടങ്ങള്‍ നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങി. 483 പേര്‍ മരിച്ചു, 12 ലക്ഷത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്താകെ 3,274 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. റോഡ് മാത്രം പതിനായിരം കിലോമീറ്ററിലേറെ നശിച്ചു, ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. പ്രളയദുരിതത്തില്‍ നിന്ന് കേരളം പൂര്‍ണമായി കരകയറാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 

സംസ്ഥാനം നേരിടുന്ന ഈ പ്രളയദുരന്തത്തിനിടെ അധികം ശ്രദ്ധിക്കപ്പെടാത്ത സംഗതി, ദേശീയതലത്തില്‍ മണ്‍സൂണ്‍ ഇത്തവണ ദുര്‍ബലമായി എന്നതാണ്! ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഭൂരിഭാഗം പ്രദേശത്തും ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ച വരെ പെയ്ത മഴ, ശരാശരിയിലും എട്ടു ശതമാനം കുറവാണെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (IMD) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. സെപ്റ്റംബറിലാണ് മഴ കാര്യമായി കുറഞ്ഞത്; 23 ശതമാനം. 

Kerala Floods 2018
കേരളത്തിലെ പ്രളയദുരന്തം. ചിത്രം: AP

 

കേരളത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ പേമാരിയും ദുരന്തവും, അതേസമയത്ത് രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ മഴക്കുറവ്. ഇന്ത്യയില്‍ കാലവര്‍ഷം ദുര്‍ബലമാകുമ്പോള്‍, വിദഗ്ധര്‍ അതിന് കാരണം ചികഞ്ഞെത്തുന്നത് ഭൂഗോളത്തിന്റെ മറുവശത്ത് ശാന്തസമുദ്രത്തിലാണ്! ശാന്തസമുദ്രത്തില്‍ രൂപംകൊള്ളാന്‍ ആരംഭിച്ചിട്ടുള്ള എല്‍നിനോ (El Nino) എന്ന പ്രതിഭാസമാകണം ഇന്ത്യയില്‍ ഇപ്പോഴത്തെ മഴക്കുറവിന് കാരണമെന്ന് വിദഗ്ധര്‍ കരുതുന്നു. 'ഈ പ്രതിഭാസം പൂര്‍ണതോതില്‍ ആയിട്ടില്ലെങ്കിലും, എല്‍നിനോ രൂപപ്പെടുന്നതിന്റെ പരോക്ഷഫലമാണ് ഇന്ത്യയില്‍ മണ്‍സൂണ്‍ ദുര്‍ബലമായതിന് കാരണം'-കാലാവസ്ഥാ വകുപ്പിലെ വിദഗ്ധന്‍ ഡി.എസ്.പൈ പറയുന്നു. ഇതു ശരിയാണെങ്കില്‍, പ്രളയാനന്തരം കേരളം വരള്‍ച്ചാ സമാനമായ അവസ്ഥയിലേക്ക് വേഗം പരിണമിച്ചതിന് പിന്നിലും എല്‍നിനോയ്ക്ക് പങ്കുണ്ടാകണം. 

ഈ വര്‍ഷം അവസാനത്തോടെ ശക്തമായ എല്‍നിനോയ്ക്ക് 70 ശതമാനം സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥ സംഘടന (WMO) കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവുമൊടുവില്‍ എല്‍നിനോ രൂപപ്പെട്ടത് 2015-2016 ലാണ്. ഇത്തവണ ഒരു എല്‍നിനോ ഉണ്ടാകുമെന്ന്  പ്രതീക്ഷിച്ചില്ല. ആ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് പുതിയ എല്‍നിനോ രൂപപ്പെടുന്നത്. കഴിഞ്ഞ എല്‍നിനോ പോലെ ശക്തമായ ഒന്നാകും ഇത്തവണത്തേതുമെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു.

wild fire El Nino
എല്‍നിനോക്കാലത്ത് ലോകത്ത് പല ഭാഗങ്ങളിലും കാട്ടുതീയും വരള്‍ച്ചയും ദുരിതം വിതയ്ക്കും. ചിത്രം കടപ്പാട്: NASA

 

എല്‍നിനോയുടെ എതിര്‍ പ്രതിഭാസമാണ് 'ലാനിനാ' (La Nina). 2018 തുടക്കത്തില്‍ ദുര്‍ബലമായ ഒരു ലാനിനാ പ്രതിഭാസം ഉണ്ടായിരുന്നു. അതിന്റെ സ്ഥാനത്താണ് ഇപ്പോള്‍ ശക്തമായ എല്‍നിനോ രൂപപ്പെടുന്നതെന്ന് കാലാവസ്ഥാ സംഘടന പറയുന്നു. 'പരമ്പരാഗതമായ എല്‍നിനോ/ലാനിനാ സംവിധാനങ്ങളെയും, അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും കാലാവസ്ഥാ വ്യതിയാനം സ്വാധീനിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍'-ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറല്‍ പട്ടേരി താലസ് അഭിപ്രായപ്പെട്ടു

അടുത്തകാലത്തായി കാലാവസ്ഥാ പ്രവചനങ്ങളില്‍ സ്ഥിരം പരാമര്‍ശിക്കാറുള്ള സംഗതിയാണ് 'എല്‍നിനോ പ്രതിഭാസം' എന്നത്. എന്താണ് എല്‍നിനോ? എന്തുകൊണ്ട്, ഭൂഗോളത്തിന്റെ മറുവശത്ത് ശാന്തസമുദ്രത്തില്‍ രൂപപ്പെടുന്ന ഈ പ്രതിഭാസം നമ്മളെ ബാധിക്കുന്നു? പലര്‍ക്കും സംശയം തോന്നാം. സ്പാനിഷ് ഭാഷയില്‍ 'El Nino' യ്ക്ക് 'ഉണ്ണിയേശു' എന്നാണര്‍ഥം ('el nino' എന്നാല്‍ 'ചെറിയ ആണ്‍കുട്ടി' എന്നും!).

സമുദ്രജലം ചൂടുപിടിപ്പിക്കുന്ന ഈ പ്രതിഭാസം 1600-കളില്‍ തെക്കെ അമേരിക്കയിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം തിരിച്ചറിഞ്ഞത്. ക്രസ്തുമസ്സ് കാലത്ത് തീരത്തുനിന്ന് മത്സ്യങ്ങളെ അകറ്റുന്ന ഈ ചൂടന്‍ പ്രതിഭാസത്തിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പെറുവിലെ മുക്കുവര്‍ 'El Nino' ('ഉണ്ണിയേശു') എന്ന് പേരു നല്‍കി. 

മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ നീളുന്ന ഇടവേളകളില്‍, ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ് എല്‍നിനോ രൂപപ്പെടുക. ഈ പ്രതിഭാസത്തിന്റെ ശരിക്കുള്ള പേര് 'എല്‍നിനോ സതേണ്‍ ഓസിലേഷന്‍' (ENSO) എന്നാണ്. എല്‍നിനോക്കാലത്ത് ശാന്തസമുദ്രത്തില്‍ ഭൂമിയുടെ ചുറ്റളവിന്റെ അഞ്ചിലൊന്ന് വരുന്ന ഭാഗത്ത്, യൂറോപ്പ് ഭൂഖണ്ഡത്തിന്റെ വിസ്തൃതിയില്‍ സമുദ്രോപരിതലം അകാരണമായി ചൂടുപിടിക്കാന്‍ തുടങ്ങും. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന 'വാണിജ്യവാതങ്ങള്‍' (trade winds) നിലയ്ക്കുകയോ ദുര്‍ബലമാവുകയോ ചെയ്യുന്നു. പകരം എതിര്‍ദിശയിലേക്കുള്ള കാറ്റിന്റെ ശക്തി വര്‍ധിക്കും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, കാറ്റിന്റെ തള്ളലില്‍ ചൂടിന്റെ ഒരു പ്രവാഹം പെറുവിന് സമീപത്തേക്കു നീങ്ങും. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും, മത്സ്യങ്ങള്‍ അപ്രത്യക്ഷമാകും. 

El Nino graphics
എല്‍നിനോ രൂപപ്പെടുന്നത് ഇങ്ങനെ. 

 

രൂപപ്പെടുന്നത് ശാന്തസമുദ്രത്തിലാണ് എങ്കിലും, ആഗോളകാലാവസ്ഥയെ ആകെ തകിടം മറിക്കാനുള്ള ശേഷി എല്‍നിനോയ്ക്കുണ്ട്. ലോകമെമ്പാടും അത് കൊടിയ പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കും. സാധാരണഗതിയില്‍ മഴ ലഭിക്കുന്ന രാജ്യങ്ങള്‍ കൊടുംവരള്‍ച്ചയുടെ വറുതിയിലാകും. ചൂടുള്ള കാലാവസ്ഥ അനുഭവിക്കുന്ന മേഖലകള്‍ ശൈത്യത്തിന്റെയും പേമാരിയുടെയും കെടുതി അനുഭവിക്കാന്‍ വിധിക്കപ്പെടും. ഫിലിപ്പീന്‍സും ഇന്‍ഡൊനീഷ്യയും ഉള്‍പ്പെട്ട പെസഫിക്കിന്റെ പടിഞ്ഞാറന്‍ മേഖല ചുഴലിക്കൊടുങ്കാറ്റുകളുടെ (ടൈഫൂണുകള്‍) ദാക്ഷിണ്യത്തിന് വിധിക്കപ്പെടും. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കും, കാട്ടുതീയും വരള്‍ച്ചയും ശക്തിയാര്‍ജിക്കും. 

എല്‍നിനോക്കാലം ഇന്ത്യയ്ക്കും അത്ര നല്ലതല്ല. ഇന്ത്യന്‍ മണ്‍സൂണിന്റെ താളംതെറ്റിക്കാന്‍ ഈ പ്രതിഭാസത്തിന് ശേഷിയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. 2006 ല്‍ പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരോളജി'യിലെ ഡോ.കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നത്, രാജ്യത്ത് കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ കഠിനമായ വരള്‍ച്ചാക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്നാണ് (Science, Oct 6, 2006). ഈ വര്‍ഷം അവസാനം എല്‍നിനോ ശക്തിപ്രാപിക്കുമെന്ന പ്രവചനം നമ്മള്‍ ഇന്ത്യക്കാരെയും ആശങ്കപ്പെടുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. 

എന്തുകൊണ്ട് എല്‍നിനോ രൂപപ്പെടുന്നു? ഇതിന്റെ ഉത്തരം ഇപ്പോഴും ശാസ്ത്രത്തിന്റെ പക്കലില്ല. പക്ഷേ, ഒരുകാര്യം വാസ്തവമാണ്, സമീപകാലത്തായി എല്‍നിനോ പ്രതിഭാസത്തിന്റെ തോതും തീവ്രതയും വര്‍ധിച്ചിരിക്കുന്നു. ആഗോളതാപനത്തിന്റെ തോതു വര്‍ധിച്ചതും കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലാണ്. ഇത് യാദൃശ്ചികമല്ലെന്ന് ചില വിദഗ്ധര്‍ കരുതുന്നു. ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ് ആഗോളതാപനത്തിന്റെ ആക്കം കൂട്ടുന്നത്. ആഗോളതാപനം മൂലം ഭൗമാന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍, ഭൂമി സ്വന്തം നിലയ്ക്ക് അത് പുനക്രമീകരിക്കാന്‍ ശ്രമിക്കും. ഈ പുനക്രമീകരണമാണ് എല്‍നിനോയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് കരുതുന്ന ഗവേഷകരുണ്ട്. ഇത് ശരിയാണെങ്കില്‍, ആഗോളതാപനം നേരിടുക വഴിയേ എല്‍നിനോയുടെ പ്രഹരശേഷി കുറയ്ക്കാന്‍ കഴിയൂ.

Hurricane El Nino
ഫ്‌ളോറന്‍സ് ചുഴലിക്കൊടുങ്കാറ്റിന്റെ ഉപഗ്രഹചിത്രം. എല്‍നിനോയ്‌ക്കൊപ്പം ചുഴലിക്കൊടുങ്കാറ്റുകളും പ്രളയവും തീവ്രമാകും. ചിത്രം കടപ്പാട്: NASA.

 

പെറുവിന്റെ തീരത്തുനിന്ന് ഭൗമശാസ്ത്രജ്ഞര്‍ ശേഖരിച്ച തെളിവുകള്‍ പറയുന്നത് 13,000 വര്‍ഷം മുമ്പും എല്‍നിനോ രൂപപ്പെട്ടിരുന്നു എന്നാണ്. എന്നാല്‍, ഏറ്റവും ശക്തമായ എല്‍നിനോകള്‍ രൂപപ്പെട്ടത് കഴിഞ്ഞ അരനൂറ്റാണ്ടിനിടെയാണ്. ഇരുപതാംനൂറ്റാണ്ടില്‍ 23 തവണ എല്‍നിനോ പ്രത്യക്ഷപ്പെട്ടതില്‍ രണ്ടെണ്ണം 'സൂപ്പര്‍ എല്‍നിനോ' ആയിരുന്നു. 1982-1983 കാലത്തെയും, 1997-1998 ലെയും എല്‍നിനോകളാണ് ലോകമാകെ ദുരിതം വിതച്ച സൂപ്പര്‍ എല്‍നിനോകള്‍. അതു കഴിഞ്ഞാല്‍, സൂപ്പര്‍ എല്‍നിനോ ശക്തിപ്പെട്ടത് 2015-2016 സമയത്താണ്. 1980-കള്‍ മുതലാണ് ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ശക്തമായി അനുഭവപ്പെട്ടു തുടങ്ങിയത് എന്നകാര്യം ഇതിനോട് ചേര്‍ത്ത് വായിക്കാം. 

പരമ്പരാഗതമായ എല്‍നിനോ പ്രതിഭാസത്തെ കാലാവസ്ഥാ വ്യതിയാനം സ്വാധീനിക്കാന്‍ തുടങ്ങിയതായി ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറല്‍ പട്ടേരി താലസ് പറഞ്ഞത് വെറുതയല്ല. 2014 ല്‍ പുറത്തുവന്ന ഒരു പഠനം (Nature Climate Change, Jan 19, 2014) സൂചിപ്പിക്കുന്നത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി എല്‍നിനോ പ്രത്യക്ഷപ്പെടുന്നതിന്റെ തോത് വരുംവര്‍ഷങ്ങളില്‍ ഇരട്ടിയാകും എന്നാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട 20 മാതൃകകള്‍ ഉപയോഗിച്ച് അടുത്ത 100 വര്‍ഷം പ്രത്യക്ഷപ്പെട്ടേക്കാവുന്ന എല്‍നിനോ സാധ്യതകളെ ഗവേഷകര്‍ പരിശോധിച്ചു. 20 വര്‍ഷത്തിലൊരിക്കല്‍ ഒന്ന് എന്ന കണക്കിനാണ് സൂപ്പര്‍ എല്‍നിനോകള്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ഇനിയത് പത്തുവര്‍ഷത്തിലൊരിക്കല്‍ ഒന്ന് എന്ന കണക്കിലാകാമെന്ന് പഠനം മുന്നറിയിപ്പ് നല്‍കി! 

കാലാവസ്ഥയുടെ കാര്യത്തില്‍ കണക്കുകള്‍ തെറ്റുന്ന കാലത്തെയാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത് എന്നുസാരം. അതിനാല്‍, പുതിയ കണക്കുകൂട്ടലുകളോടെയും മുന്നൊരുക്കത്തോടെയും വേണം ഇനി മുന്നോട്ടു നീങ്ങാന്‍! 

അവലംബം -

* 'WMO Update: 70% chance of El Niño by end of 2018'. World Meteorological Organization. Press Release, 10 September 2018. 
* 'Weak Monsoon Phase in India: Indirect impact of an Evolving El Niño?'. By Neha Madaan. The Times of India, September 14, 2018. 
* 'Unraveling the Mystery of Indian Monsoon Failure During El Niño'. K. Krishna Kumar, et al. Science, Oct 6, 2006. 
* 'എല്‍നിനോ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍'. കുറിഞ്ഞി ഓണ്‍ലൈന്‍, സയന്‍സ് ബ്ലോഗ്,  ജനുവരി 26, 2007.
* 'Increasing frequency of extreme El Niño events due to greenhouse warming'. By Wenju Cai, et al. Nature Climate Change, January 19, 2014.  
* El Nino - What is it?- Video. https://www.youtube.com/watch?v=WPA-KpldDVc

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: El Nino, Climate Change, Global Warming, Indian Monsoon, El Niño weather event, El Niño/Southern Oscillation, ENSO