ന്യൂഡല്‍ഹി: തലസ്ഥാനത്തെ മലിനീകരണം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയതായി റിപ്പോര്‍ട്ട്. മലിനീകരണം രൂക്ഷമായതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കടുത്ത പുകമഞ്ഞു മൂലം ചൊവ്വാഴ്ച പുലര്‍ച്ചെ 8.30ന് ഡല്‍ഹിയില്‍ 200 മീറ്ററിനുള്ളില്‍ പോലും കാഴ്ച തടസ്സപ്പെട്ടിരുന്നു. 10 മണിയോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായി. മാലിന്യവും ഈര്‍പ്പവും ചേര്‍ന്ന പുകയ്ക്ക് സമാനമായ അവസ്ഥയാണ് ഡല്‍ഹിയില്‍ പലയിടങ്ങളിലുമുള്ളത്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഐഎംഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കടുത്ത പുകമഞ്ഞു മൂലം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള 20 വിമാനങ്ങള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. പുകമഞ്ഞു മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം നിലയിലേയ്ക്ക് (396) എത്തി. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച നിലവാരമായി കണക്കാക്കുന്നത്. 

അടുത്തിടെ ദീപാവലി ആഘോഷങ്ങളെ തുടര്‍ന്നുള്ള കരിമരുന്നു പ്രയോഗങ്ങളുടെ ഫലമായി ഡല്‍ഹിയിലെ അന്തരീക്ഷ വായുവില്‍ കടുത്ത മലിനീകരണമുണ്ടായിരുന്നു. തുടര്‍ന്നിങ്ങോട്ട് മലിനീകരണ തോത് മോശമായിത്തന്നെ തുടരുകയായിരുന്നു. മഞ്ഞുകാലം ആരംഭിച്ചപ്പോള്‍ത്തന്നെ മലിനീകരണം രൂക്ഷമാകുകയും പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ടാകുകയും ചെയ്തത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  വിദ്യാഭ്യാസ മന്ത്രിക്ക് നിർദേശം നൽകി.