ബ്രസീല്‍: ഗ്ലാസ്‌ഗോയില്‍ നടന്ന കോപ് 26 കാലാവസ്ഥ ഉച്ചകോടിക്ക് മുമ്പുള്ള ആഴ്ചയില്‍ ബ്രസീലും വനനശീകരണം പൂര്‍ണമായി നിര്‍ത്താനും അതിനെതിരെ പൊരുതാനുമുള്ള ആഗോള പ്രതിജ്ഞയില്‍ പങ്കു ചേര്‍ന്നിരുന്നു. മറ്റേത് രാജ്യങ്ങളെക്കാളുപരി ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ട ഒരു രാജ്യമാണ് ബ്രസീല്‍. വടക്കുകിഴക്കന്‍ ബ്രസീലിന്റെ ഭൂരിഭാഗവും ഭൂമിയുടെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്ന ആമസോണ്‍ കാടുകളാല്‍ ചുറ്റപ്പെട്ടതാണെന്നതാണ് കാരണം.

എന്നാല്‍ അടുത്ത കാലത്തായി പ്രദേശത്ത് വനനശീകരണ തോതില്‍ കാര്യമായ വര്‍ധനയുണ്ടായി. വനനശീകരണ തോത് ഉയര്‍ന്നതിന്റെ കാരണക്കാരന്‍ പ്രസിഡന്റ ജൈര്‍ ബൊല്‍സൊണാരോ ആണെന്ന ആരോപണം ശക്തമാണ്. 2018 ല്‍ ബ്രസീല്‍ പ്രസിഡന്റായി ജൈര്‍ സ്ഥാനമേറ്റെടുത്തതോടെ വനനശീകരണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണുണ്ടായത്. 

2018 ല്‍ മാത്രം 10,129 സ്‌ക്വയര്‍ കിലോമീറ്റര്‍ വനപ്രദേശമാണ് നശിപ്പിക്കപ്പെട്ടത്. 2018 നെ അപേക്ഷിച്ചു 2019 ല്‍ ബ്രസീലിയന്‍ ആമസോണിന്റെ വനനശീകരണത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള കാലാവസ്ഥയില്‍ ആമസോണിന്റെ പങ്ക് നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വനനശീകരണം ആമസോണ്‍ കാടുകളുടെ നിലനില്‍പ്പിനെയും ആവാസവ്യവസ്ഥയും ബാധിക്കുമെന്നത് സ്വാഭാവികം. തുടര്‍ച്ചയായുള്ള വനനശീകരണം കാടിന്റെ ജലസംവിധാനങ്ങളെ താറുമാറാക്കും.  

ആമസോണ്‍ കാടുകള്‍ മഴമേഘങ്ങള്‍ രൂപീകൃതമാകുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രകാശസംശ്ലേഷണം (Photosynthesis) വഴി കാട്ടിലെ മരങ്ങള്‍ പുറന്തള്ളുന്ന ഈര്‍പ്പത്തിലൂടെ മേഘങ്ങള്‍ രൂപീകൃതമാകുകയും തുടര്‍ന്ന് മഴയ്ക്ക് കാരണമാകുകയും ചെയ്യുന്നു. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് നടത്തിയ പുതിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണിത്.

വനം ധാരാളമുള്ള മേഖലയിൽ മഴവെള്ളം മരത്തിന്റെ വേരുകളില്‍ ശേഖരിക്കപ്പെടുകയും പുനരുപയോഗിക്കപ്പെടുകയും ചെയ്യും.  പ്രകാശസംശ്ലേഷണത്തിന്റെ സമയത്ത് വെള്ളം ചെടികള്‍ക്ക് മുകളിലെത്തുകയും ഇലകളിലെ സുഷിരങ്ങളിലൂടെ പുറന്തള്ളുന്നു. ഇങ്ങനെ പുറന്തള്ളുന്നതും ജലസ്രോതസ്സുകളിൽ ശേഖരിക്കപ്പെടുന്നതുമായ ജലം ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുന്നു. ഇത്തരത്തിൽ ചെടികളിൽ നിന്നും ജലസ്രോതസ്സുകളിൽ നിന്നും ബാഷ്പീകരിച്ച് ജലം അന്തരീക്ഷത്തിലെത്തുന്നതിനെയാണ് ഇവാപോട്രാന്‍സ്പിറേഷന്‍ (Evapotranspiration) എന്നു പറയുന്നത്. ഇത്തരത്തിൽ കാട്ടിലെ ഓരോ മരവും ഭീമൻ ഫൗണ്ടന് സമാനമായ പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നത്.

ബ്രസീലില്‍ മഴക്കാടുകളുടെ സ്ഥാനം സോയ പാടങ്ങളും മറ്റും കൈയ്യടക്കി കഴിഞ്ഞുവെങ്കിലും ഈ ഭൂപ്രകൃതികളില്‍ മഴക്കാടുകളിലേതിന് സമാനമായ ജലചക്രം(Water Cycle )നടക്കുന്നില്ല. വനനശീകരണം ഉണ്ടാകുന്നതോടെ വെള്ളം വലിയ തോതില്‍ ശേഖരിക്കപ്പെടാനുള്ള സാധ്യത കുറയുന്നു. ഇത് ബാഷ്പീകരണ തോത് കുറയ്ക്കുന്നു. 

ട്രാന്‍സ്പിറേഷനാണ് (Transpiration) മഴയ്ക്ക് കാരണമാകുന്ന മറ്റൊരു പ്രക്രിയ. മരങ്ങളും മറ്റ് ചെടികളും വേരുകളില്‍ നിന്ന് വെള്ളം വലിച്ചെടുത്ത് ഇലകളിലെ സുഷിരങ്ങളിലൂടെ അന്തരീക്ഷത്തിലെത്തിക്കുന്നു. വനനശീകരണം ഉണ്ടാകുന്നതോടെ ഈ പ്രക്രിയ നടക്കാതെ പോവുകയും അത് വരള്‍ച്ചയ്ക്കു കാരണമാവുകയും ചെയ്യുന്നു. ആമസോണിന്റെ 17 ശതമാനവും വനനശീകരണത്തിന് ഇരയായതായി വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് 2019 ല്‍ റിപ്പോര്‍ട്ട് ചെയ്തു. വനനശീകരണം ഈ തോതില്‍ തുടരുകയാണെങ്കില്‍ ആമസോണ്‍ കാടുകളുടെ നിലനില്‍പ്പ് തന്നെ ആശങ്കാജനകമാണ്.