കാലാവസ്ഥാ വ്യതിയാനത്തിന്റെയും അതിന്റെ പ്രകട ഫലമായ ആഗോള താപനത്തിന്റെയും വ്യാപ്തി, ആഘാത ശേഷി എന്നിവയെ കുറിച്ച് ആഗോള സമൂഹം ഇപ്പോഴും വേണ്ടത്ര ബോധവാന്മാരല്ല. വ്യവസായ വിപ്ലവ പൂര്‍വ കാലഘട്ടത്തെ അപേക്ഷിച്ച് ഒരു ഡിഗ്രി സെന്റിഗ്രേഡോളം ചൂടേറിയ കാലഘട്ടത്തിലാണ് ഇന്ന് ലോകം. താപനത്തിലുണ്ടായ വെറും ഒരു ഡിഗ്രി സെന്റിഗ്രേഡ് വര്‍ദ്ധന പോലും കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
സമുദ്രനിരപ്പുയരല്‍, ഉഷ്ണ-ശീത തരംഗങ്ങള്‍, വരള്‍ച്ച, പ്രളയം, സൂര്യാതപം, സൂര്യാഘാതം, ചുഴലിക്കാറ്റുകള്‍ എന്നിവയുടെ ആവൃത്തിയും തീവ്രതയും ഏറിവരുന്നു. കാട്ടു തീ ഉണ്ടാകാനും പടര്‍ന്ന് പിടിക്കാനുമുള്ള സാഹചര്യങ്ങളും വര്ധിച്ചുവരികതന്നെയാണ്. വ്യവസായ വിപ്ലവപൂര്‍വ കാലഘട്ടത്തെ അപേക്ഷിച്ച്, അന്തരീക്ഷ താപനം രണ്ട് ഡിഗ്രി സെന്റിഗ്രേഡില്‍ കവിയരുത് എന്ന ആഹ്വാനം സ്വീകരിക്കപ്പെട്ടത് ഈ സാഹചര്യത്തിലാണ്. അതില്‍ തന്നെ, ഒരു ഡിഗ്രി സെന്റിഗ്രേഡിന്റെ വര്‍ദ്ധനവ് നിലവില്‍ ആയി കഴിഞ്ഞു. അതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
താപനത്തില്‍ ഇനിയും ഒരു ഡിഗ്രി സെന്റിഗ്രേഡ് വര്‍ധനവ് ഉണ്ടാകുന്ന പക്ഷം ദുരന്തങ്ങളുടെ ആഘാത ശേഷി ഇപ്പോഴുള്ളതിനേക്കാള്‍ തീവ്രമായിരിക്കും എന്നതില്‍ സംശയമില്ല. ഈ പശ്ചാത്തലത്തിലാണ് കഴിയുമെങ്കില്‍ താപന വര്ദ്ധനാ പരിധി രണ്ട് ഡിഗ്രി സെന്റിഗ്രേഡില്‍ താഴെയായി പരിമിതപ്പെടുത്തുവാന്‍ 2015-ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടി ആഹ്വാനം ചെയ്തത്. പക്ഷെ, ആഗോളതാപനം അതിരുകള്‍ ഭേദിക്കുന്ന അവസ്ഥയില്‍ മുന്‍ സൂചിപ്പിച്ചവയല്ലാതെ തീര്‍ത്തും അപരിചിതവും എന്നാല്‍ അത്യന്തം അപകടകരവുമായ മറ്റൊരു ദുരന്ത സാധ്യതയാണ് ലോകം നേരിടേണ്ടി വരുന്നത്. ചൂടേറുന്ന അവസ്ഥയില്‍ 'ഭൂമിയുടെ കുടകള്‍' ആയ മേഘങ്ങളിലെ ജലാംശം നഷ്ടപ്പെട്ട് അവ വിഘടിച്ച് ഇല്ലാതാകുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്കുന്നു.
മേഘങ്ങളുടെ കനത്തിലോ, മേഘകവചിത മേഖലയുടെ വ്യാപ്തിയിലോ ഉണ്ടാവുന്ന സൂക്ഷമ വ്യതിയാനങ്ങള്ക്കുപോലും ഭൂമിയിലേക്ക് പതിക്കുന്ന സൗരവികിരണങ്ങളുടെ അളവില്‍ വലിയ വ്യതിയാനമുളവാക്കാനാവും. വന്‍ തോതിലുള്ള ഹരിതഗൃഹവാതക ഉത്സര്ജ്ജനമാണ് ഭൂമിയെ ചൂടേറ്റുന്നത്. ഒരു കുടക്കീഴിലെന്ന പോലെ ഭൂമിയെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന മേഘങ്ങളെ തന്നെ ഇത് ഇല്ലാതാക്കും എന്ന വെളിപ്പെടുത്തല്‍ പുതിയൊരു ഉല്‍ക്കണ്ഠക്ക് വഴിപാകിയിരിക്കയാണ്.
എന്താണ് മേഘങ്ങള്‍?
അതിസൂക്ഷ്മമായ ജലകണങ്ങള്‍, ഐസ് പരലുകള്‍, അല്ലെങ്കില്‍ രണ്ടും കൂടിയ മിശ്രിതം, സൂക്ഷ്മ മാനത്തിലുള്ള പൊടിപടലങ്ങള്‍ എന്നിവയുടെ ദൃശ്യരൂപത്തിലുള്ള സമുച്ചയമാണ് മേഘങ്ങള്‍. ചുറ്റുമുള്ള വായുവിന്റെ താപനിലയനുസരിച്ചും ഉള്ളിലുള്ള ജലബാഷ്പത്തിന്റെ തോത് അനുസരിച്ചും തിരശ്ചീനമായോ ലംബമായോ മേഘങ്ങള്‍ വളരാറുണ്ട്. ചില മേഘങ്ങള്‍ മഴ നല്‍കുന്നതും മറ്റു ചില മേഘങ്ങള്‍ മഴ നല്കാത്തതുമാണ്. മേഘത്തിന്റെ ചുറ്റുമുള്ള അന്തരീക്ഷത്തിലെ താപനില കൂടുതലാണെങ്കില്‍ മേഘത്തിലെ ജലാംശം ബാഷ്പീകരിക്കപ്പെട്ട് ചിതറിപോകുന്നു; മറിച്ചാണെങ്കില്‍ മേഘം വീണ്ടും മുകളിലോട്ടു വളരുന്നു.
ഭൂമിയിലെ അന്തരീക്ഷതാപം നിയന്ത്രിക്കുന്നതില്‍ മേഘങ്ങള്‍ക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. ഒരു മേഘത്തില്‍ 0.01 മില്ലീമീറ്റര്‍ മുതല്‍ 0.02 മില്ലീമീറ്റര്‍ വരെ വ്യാസമുള്ള കോടിക്കണക്കിനു ജലകണങ്ങള്‍ അഥവാ മേഘകണികകള്‍ കാണപ്പെടുന്നു. ജലബാഷ്പം നിറഞ്ഞ വായു മുകളിലോട്ട് ഉയരുമ്പോഴാണ് മേഘങ്ങള്‍ വികാസം പ്രാപിക്കുന്നത്. വികസനത്തിന്റെ രീതിയനുസരിച്ച് മേഘം ഏതിനത്തില്‍ പെട്ടതായിരിക്കും എന്ന് നിര്‍ണയിക്കാം. ഈര്‍പ്പഭരിതമായ വായുവിന്റെ ശക്തമായ മേല്‍ത്തള്ളല്‍ കുത്തനെ മേലോട്ടുയരുന്ന മേഘ രൂപീകരണത്തിന് ഇടയാക്കുന്നു. എന്നാല്‍, വായുവിന്റെ മേലോട്ടുള്ള മന്ദമായ തള്ളല്‍ പാളീ മേഘരൂപീകരണത്തിനും കാരണമാകുന്നു.
മേഘങ്ങളും താപന സംതുലനവും
മേഘങ്ങള്‍ ഇല്ലാതാവുന്ന അവസ്ഥയെ ഒട്ടും നിസ്സാരവത്കരിച്ച് കാണരുത്. ഭൗമാന്തരീക്ഷത്തിലെ താപനില നിര്‍ണയിക്കുന്നതില്‍ മേഘങ്ങള്‍ക്ക് ദ്വിമുഖമായ പങ്കാണുള്ളത്. ഭൗമാന്തരീക്ഷത്തിലേക്ക് വരുന്ന സൗരവികിരണങ്ങളുടെ ഏറിയ പങ്കും മേഘങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നു. അതിനാല്‍ മേഘങ്ങള്‍ ഉള്ള സാഹചര്യത്തില്‍ കുറഞ്ഞ തോതിലുള്ള സൗരവികിരണങ്ങളേ ഭൂതലത്തില്‍ എത്തിപ്പെടാറുള്ളു. ഈ പ്രക്രിയ ഭൗമാന്തരീക്ഷം പരിധിവിട്ട് ചൂടാവുന്നതിനെ തടയുന്നു. ഇതുവഴി ആഗോളതാപന നിരക്ക് നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.
ചൂടേറിയ അന്തരീക്ഷത്തിന് കൂടുതല്‍ ജലബാഷ്പത്തെ ഉള്‍ക്കൊള്ളാനാവും. ജലബാഷ്പസാന്നിധ്യം മേഘരൂപീകരണത്തിന് അവശ്യ ഘടകമാണ്. ഈ സവിശേഷതമൂലം ചൂടേറുന്ന അവസ്ഥയില്‍ മേഘരൂപീകരണത്തിനുള്ള സാധ്യത സ്വാഭാവികമായും ഏറുന്നു. കൂടാതെ, അന്തരീക്ഷത്തിലേക്ക് എത്തപ്പെടുന്ന സൂക്ഷ്മമായ ധൂളീ പടലങ്ങള്‍, മാലിന്യങ്ങള്‍ എന്നിവക്ക് മേഘ രൂപീകരണത്തിനാവശ്യമായ 'ഘനീഭവന മര്‍മ്മങ്ങള്‍' ആയി വര്‍ത്തിക്കാനാവും. അന്തരീക്ഷത്തില്‍ ഇവയുടെ അധിക സാന്നിധ്യവും മേഘ രൂപീകരണത്തിനുള്ള സാധ്യതയേറ്റുന്നു. ഇപ്രകാരം രൂപം കൊള്ളുന്ന മേഘങ്ങള്‍ മുന്‍ സൂചിപ്പിച്ചതുപോലെ താപന നിരക്ക് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
പകല്‍ സമയത്ത് ആകാശം മേഘാവൃതമാണെങ്കില്‍ ചൂട് കുറവായിരിക്കും. സൂര്യനില്‍ നിന്നുള്ള താപവികിരണങ്ങളെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടത്തി വിടാതെ തിരിച്ച് പ്രതിഫലിപ്പിക്കുന്നതിനാലാണിത്. എന്നാല്‍, മേഘാവൃതമായ രാത്രിയില്‍ ചൂട് കൂടുതലായി അനുഭവപ്പെടാറുണ്ട്. രാത്രിയില്‍ ഭൂമിയില്‍ നിന്ന് പ്രതിഫലിക്കുന്ന തരംഗ ദൈര്‍ഘ്യമേറിയ താപവികിരണങ്ങളെ പുറത്തു കടത്താതെ മേഘങ്ങള്‍ തടയുന്നതിനാല്‍ ആണ് ഇത് സംഭവിക്കുന്നത്. തരംഗദൈര്‍ഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങള്‍ ആഗിരണം ചെയ്യുന്നു. ഇവയില്‍ വളരെ കുറച്ചു വികിരണങ്ങള്‍ മാത്രമേ ബാഹ്യാകാശത്തേക്ക് എത്തപ്പെടുകയുള്ളു. ഈ പ്രക്രിയ നടക്കുമ്പോള്‍ ഭൗമാന്തരീക്ഷം ചൂട് പിടിക്കാന്‍ ആരംഭിക്കുന്നു. ഇത്തരം തരംഗദൈര്‍ഘ്യം കൂടിയ വികിരണങ്ങള്‍ ഭൗമോപരിതലത്തില്‍ നിന്ന് തിരിച്ച് പ്രസരിക്കുന്നത് രാത്രികാലങ്ങളിലാണ്. ഇക്കാരണം കൊണ്ടാണ് മേഘാവൃതമായ രാത്രികളില്‍ ഉഷ്ണമനുഭവപ്പെടുന്നത്.
സമുദ്രങ്ങള്‍ക്കു മുകളിലായി കാണപ്പെടുന്ന മേഘങ്ങള്‍, വന്‍കരകള്‍ക്ക് മുകളിലായി കാണപ്പെടുന്ന മേഘങ്ങളില്‍ നിന്ന് താപന സ്വഭാവത്തിലും മറ്റ് സവിശേഷതകളിലും വ്യത്യസ്തത പുലര്‍ത്തുന്നു. മേഘത്തിനുള്ളില്‍ അനുഭവപ്പെടുന്ന താപനില പൂജ്യം ഡിഗ്രി സെന്റിഗ്രേഡില്‍ കൂടുതല്‍ ആണെങ്കില്‍ അവയെ 'തപ്തമേഘങ്ങള്' എന്ന് വിളിക്കുന്നു. ഇത്തരം മേഘങ്ങളാണ് ഏറ്റവും കൂടുതല്‍ താപവികിരണങ്ങളെ പിടിച്ചു നിര്‍ത്തുന്നത്. തന്മൂലം ഈ മേഘങ്ങളുടെ സാന്നിധ്യം ഭൗമാന്തരീക്ഷത്തില്‍ സംഭവിക്കുന്ന താപസംതുലനത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.
പാളീകൂമ്പാര മേഘങ്ങളും താപസന്തുലനവും
സൗരവികിരണങ്ങളെ ആഗിരണം ചെയ്യുവാനും പ്രതിഫലിപ്പിക്കുവാനുമുള്ള മേഘങ്ങളുടെ ശേഷി അവയുടെ വ്യാപ്തി, തരം എന്നിവക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഭൂമധ്യരേഖാപ്രദേശത്ത് ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം ഒന്നര മുതല്‍ രണ്ടര-മൂന്ന് കിലോമീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്നവയാണ് പാളീകൂമ്പാര മേഘങ്ങള്‍ (സ്ട്രാറ്റോ ക്യൂമുലസ്). ചാര നിറത്തോടും ഇരുണ്ട മുകള്‍ ഭാഗത്തോടും കൂടിയ പാളീകൂമ്പാര മേഘങ്ങള്‍ അന്തരീക്ഷത്തിന്റെ നിമ്നതലങ്ങളില്‍ രൂപം കൊള്ളൂന്നവയാണ്. ഇവ കൂട്ടം കൂട്ടമായോ തരംഗ രൂപത്തിലോ കാണപ്പെടുന്നു.
കൂമ്പാര മേഘങ്ങളുടെ (ക്യുമുലസ്) മുകള്‍ ഭാഗത്തു സ്ഥിരമായി കാറ്റ് വീശുന്നതുമൂലം മുകള്ഭാഗം പരന്ന് പാളീകൂമ്പാര മേഘമായി രൂപാന്തരപ്പെടുന്നു. ഇത്തരം മേഘങ്ങള്‍ ചിലപ്പോള്‍ ശക്തികുറഞ്ഞ മഴയോ ചാറ്റല്‍ മഴയോ നല്‍കാറുണ്ട്. മറ്റു മേഘങ്ങളേക്കാള്‍, ഭൂമിയുടെ അന്തരീക്ഷത്തെ ആവരണം ചെയ്യുന്നത് കൂടുതലായും പാളീകൂമ്പാര മേഘങ്ങളാണ്. തന്മൂലം സൂര്യനില്‍ നിന്ന് ഭൂമിക്കു ലഭിക്കുന്ന ഊര്ജ്ജമാനം നിയന്ത്രിക്കുന്നതില്‍ ഇത്തരം മേഘങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ അഞ്ചിലൊരു ഭാഗത്തെ ഇത്തരം മേഘങ്ങള്‍ ആവരണം ചെയ്തിരിക്കുന്നു; സമുദ്ര മേഖലയുടെ ഉദ്ദേശം 22-23 ശതമാനവും കരഭാഗത്തെ ഉദ്ദേശം 12 -13 ശതമാനവും. ഉപോഷ്ണ മേഖലാ സമുദ്ര പ്രദേശങ്ങളിലാകട്ടെ മേഘാവരണം അമ്പതു ശതമാനത്തോളം വരും.
സൂര്യനില്‍ നിന്നുള്ള വികിരണങ്ങളുടെ 30-60 ശതമാനത്തിലേറെയും ഭൂമിയിലേക്കു കടക്കാന്‍ അനുവദിക്കാതെ പാളീകൂമ്പാര മേഘങ്ങള്‍ ബാഹ്യാകാശത്തേക്ക് പ്രതിഫലിപ്പിക്കുന്നു; അതേസമയം ഭൂമിയില്‍നിന്നുള്ള ദീര്‍ഘതരംഗ വികിരണങ്ങളെ പുറത്തേക്ക് കടന്ന് പോകാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഈ രണ്ട് പ്രക്രിയകള്‍ മുഖേന പാളീ കൂമ്പാരമേഘങ്ങള്‍ മറ്റേതൊരു മേഘവിഭാഗത്തേക്കാളും ഭൂമിയില്‍ ചൂടേറാതെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നു.
ഭൂമിയ്ക്കു മേലുള്ള കുട മാഞ്ഞുപോകുമോ?
മേഘങ്ങളുടെ കനത്തിലോ, മേഘകവചിത മേഖലയുടെ വ്യാപ്തിയിലോ ഉണ്ടാവുന്ന സൂക്ഷമ വ്യതിയാനങ്ങള്ക്കുപോലും ഭൂമിയിലേക്ക് പതിക്കുന്ന സൗരവികിരണങ്ങളുടെ അളവില്‍ വലിയ വ്യതിയാനമുളവാക്കാനാവും. നിലവിലെ സാഹചര്യങ്ങളില്‍ വന്‍ തോതിലുള്ള ഹരിതഗൃഹവാതക ഉത്സര്ജ്ജനമാണ് ഭൂമിയെ ചൂടേറ്റുന്നത്. താപനത്തിലുണ്ടാകുന്ന വര്‍ധന ഒരു കുടക്കീഴിലെന്ന പോലെ ഭൂമിയെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന മേഘങ്ങളെ തന്നെ ഇല്ലാതാക്കും എന്ന വെളിപ്പെടുത്തല്‍ പുതിയൊരു ഉല്‍ക്കണ്ഠക്ക് വഴിപാകിയിരിക്കയാണ്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. തപിയോയും (Tapio Schneider) സഹപ്രവര്‍ത്തകരും ഈ വിഷയം സംബന്ധിച്ചു നടത്തിയ പഠനം അന്താരാഷ്ട്ര ജേര്‍ണലില്‍ (നേച്ചര്‍ ജിയോ സയന്‍സസ്, 2019, pp. 163-167) പ്രസിദ്ധീകരിച്ചു.
ഫോസ്സില്‍ ഇന്ധനങ്ങളുടെ ജ്വലനത്തിലൂടെയാണ് പ്രമുഖ ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഏറിയ പങ്കും അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കപ്പെടുന്നത്. ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയുന്നില്ലെന്നു മാത്രമല്ല, നാള് തോറും ഏറി വരുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. പുതിയ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ ഈ പ്രവണത തീര്‍ച്ചയായും മേഘോന്മൂലനത്തിനായിരിക്കും വഴി തെളിയിക്കുക.

നിലവില്‍ അന്തരീക്ഷ കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രത 410 പി പി എം ആണ്. ഈ അവസ്ഥയില്‍ മേഘരൂപീകരണം തടസ്സമില്ലാതെ നടക്കുന്നു. എന്നാല്‍, പരീക്ഷണ സാഹചര്യങ്ങളില്‍ കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രത 800 പി പി എം ആക്കി ഉയര്‍ത്തി കൊണ്ടുള്ള ഒരു അനുമാനിത പഠനത്തില്‍, ഉഷ്ണമേഖലാ സമുദ്ര ഭാഗങ്ങളിലെ താപനില 3.6 ഡിഗ്രി സെന്റിഗ്രേഡോളം ഉയരാനിടയുള്ളതായി കണ്ടെത്തി. ഇത്രയും ചൂടില്‍ മേഘങ്ങളിലെ ജലമാനത്തില് നേരിയ കുറവ് സംഭവിക്കുമെങ്കിലും മേഘാവൃത മേഖലാ വ്യാപ്തി മാറ്റമില്ലാതെ തുടരുന്നതായും വ്യക്തമായി. എന്നാല്‍, കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രത 1200 പി പി എം ആയി ഉയര്‍ത്തിയപ്പോള്‍ വിസ്തൃതമായ പാളീകൂമ്പാര മേഘങ്ങള്‍ വിഘടിച്ച് തുണ്ടം തുണ്ടമായി ചെറിയ കൂമ്പാര മേഘങ്ങളായി (ക്യൂമുലസ്) മാറുന്ന സാഹചര്യം കാണപ്പെട്ടു.
ഘനീഭവന മര്‍മ്മങ്ങളെ കേന്ദ്രീകരിച്ച് ജലബാഷ്പം ഘനീഭവിക്കുമ്പോഴാണ് മേഘങ്ങള്‍ രൂപീകരിക്കപ്പെടുന്നത്. എന്നാല്‍, ഭൂമിയില്‍ ചൂടേറുന്നതോടെ ഹിമപ്പരലുകള്‍ രൂപീകരിക്കാനാവാത്ത വിധം വായുവിന് ചൂടേറുന്നു. മാത്രമല്ല, നിലവില്‍ രൂപീകരിക്കപ്പെട്ട മേഘങ്ങളിലെ ജലാംശം പോലും ബാഷ്പീകരിക്കപ്പെട്ടുപോകുകയും ചെയ്യുന്നു. തന്മൂലമാണ് പാളീകൂമ്പാര മേഘങ്ങള്‍ വിഘടിക്കപ്പെടുന്നത്. പാളീ കൂമ്പാര മേഘങ്ങള്‍ ചതുരശ്ര മീറ്ററില്‍ ഉദ്ദേശം 110 വാട്ട്സ് സൗരോര്‍ജ്ജം പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ ഇവ വിഘടിച്ചുണ്ടാകുന്ന ചിതറിയ കൂമ്പാര മേഘങ്ങളാകട്ടെ ചതുരശ്ര മീറ്ററില്‍ ഉദ്ദേശം 10 വാട്ട്സ് സൗരോര്‍ജ്ജം മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. മാത്രമല്ല, കനം കുറഞ്ഞ പഞ്ഞിക്കീറുകള്‍ പോലുള്ള കൂമ്പാരമേഘങ്ങള്‍ വളരെ പെട്ടെന്ന് ഇല്ലാതാകുന്നവയാണ്. എന്നാല്‍, പാളീകൂമ്പാര മേഘങ്ങളാകട്ടെ താരതമ്യേന കൂടുതല്‍ സമയം നില നില്ക്കുന്നവയുമാണ്.
മേഘങ്ങള്‍ മാഞ്ഞുപോയാല്‍ എന്തു സംഭവിക്കും?
പാളീ കൂമ്പാര മേഘങ്ങളുടെ അഭാവത്തില്‍ ആഗോള വ്യാപകമായി ഉദ്ദേശം എട്ട് (8°C) ഡിഗ്രി സെന്റിഗ്രേഡും ഉപോഷ്ണ മേഖലയില്‍ പത്ത് ഡിഗ്രി (10°C) സെന്റിഗ്രേഡും ചൂടേറുമെന്നുമാണ് കണ്ടെത്തല്‍. 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇയോസീന്‍ (Eoscene era) യുഗത്തിലാണ് സമാനമായ സാഹചര്യം ഭൂമിയില്‍ ഇതിനുമുന്‍പ് നിലനിന്നിരുന്നത്. ഹിമരഹിതമായ ആര്‍ട്ടിക് മേഖല, ധ്രുവത്തോടടുത്ത പ്രദേശങ്ങളില്‍ പോലും, ഊഷരഭൂമികകളില് മാത്രം വളര്‍ന്നിരുന്ന സസ്യങ്ങളുടെ സാന്നിധ്യം എന്നിവയായിരുന്നു അക്കാലത്തെ സവിശേഷതകളില്‍ ചിലത്. ചെറിയ താപവര്ദ്ധനവിനോട് പോലും സൂക്ഷ്മ സംവേദനത്വം പുലര്‍ത്തുന്ന ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ഇത്രയും ഉയര്‍ന്ന ഊഷ്മാവില്‍ നില നില്‍ക്കാനാവില്ല. മേഘങ്ങളാല്‍ തടയപ്പെട്ട് ഭൂമിയിലേക്ക് പ്രവേശിക്കാനാവാതിരുന്ന സൗരവികിരണങ്ങള്‍ മേഘങ്ങളില്ലാത്ത അവസ്ഥയില്‍ ആഴക്കടലിലേക്ക് വരെ എത്തുകയും ഭൂമിയുടെ താപനത്തിന് ആക്കം കൂട്ടുകയും ചെയ്യും.
കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രത 1200 പിപിഎം ആകുന്ന അവസ്ഥയില്‍ നിരവധി പ്രത്യാഘാതങ്ങളാണ് ഉണ്ടാകാനിടയുള്ളത്. ചൂടേറിയ സമുദ്രങ്ങള്‍, കടലിലെയും കരയിലെയും തനത് ആവാസവ്യവസ്ഥകളുടെ ശിഥിലീകരണം, സമുദ്ര നിരപ്പുയരല്, ഉഷ്ണ തരംഗങ്ങളുടെ അധികസാന്നിധ്യം തുടങ്ങിയവ അവയില്‍ ചിലതുമാത്രം. അന്തരീക്ഷ കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രത 1200 പി പി എം ആകുമ്പോഴാണ് പാളീ കൂമ്പാരമേഘങ്ങളുടെ ശിഥിലീകരണം നടക്കുക.
ഇപ്പോള്‍, കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രത 410 പി പി എം ആണ് അതായത്, വ്യവസായ വിപ്ലവ പൂര്‍വ കാലഘട്ടത്തെ സാന്ദ്രതയെ അപേക്ഷിച്ച് 280 പി പി എം (45 ശതമാനം) കൂടുതല്‍. പ്രതിവര്‍ഷം രണ്ട് മുതല്‍ മൂന്ന് പി പി എം വരെ വര്‍ധിക്കുന്ന പക്ഷം ഏകദേശം 300 വര്‍ഷത്തോളം വേണ്ടിവരും കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രത 1200 പി പി എം എത്താന്‍. എന്നാല്‍, ഫോസ്സില്‍ ഇന്ധന ഉപഭോഗത്തിന്റെ അളവും വേഗതയും കൂടുന്ന പക്ഷം ഇത്രയും വര്‍ഷം പോലും വേണ്ടി വന്നേക്കില്ല, 1200 പി പി എം എന്ന അവസ്ഥ സംജാതമാകുവാന്‍.
കാര്‍ബണ്‍ഡയോക്സൈഡ് ഉത്സര്‍ജ്ജനം കുറക്കേണ്ടതാണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കിലും അതിലേക്കു നയിക്കുന്ന പെരുമാറ്റ ചട്ടങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ പൊതുവെ അലംഭാവമാണ് കാണപ്പെടുന്നത്. ആഗോള തലത്തില്‍ മാത്രമല്ല, പ്രാദേശിക തലത്തില്‍ നിന്നുതന്നെ ഇതിനുവേണ്ടി നടപടി ക്രമങ്ങള്‍ ആരംഭിച്ചേ തീരൂ. ഉത്സര്‍ജ്ജനം കുറക്കുന്നതോടൊപ്പം ശസ്ത്ര സാങ്കേതിക മേഖലകളിലെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് കാര്‍ബണ്‍ ഡയോക്സൈഡ് വിമുക്ത ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയും കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രത അപകടകരമാം വിധം ഉയരുന്നത് തടയാനാകും.
(കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമിയിലെ സയന്റിഫിക് ഓഫീസര്‍ ആണ് ലേഖകന്‍)
Content Highlights: clouds, global warming, Earth, Climate Change, cumulus