കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ആദ്യകാല ഗവേഷകരില്‍ ഒരാളും, 'ഗ്ലോബല്‍ വാമിങ്' (ആഗോളതാപനം) എന്ന പ്രയോഗം ആദ്യം നടത്തിയ ഭൗമശാസ്ത്രജ്ഞനുമായ വാലസ് ബ്രോക്കര്‍ (87) അന്തരിച്ചു.

മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിക്ക് സംഭവിക്കുന്ന കാലാവസ്ഥാമാറ്റത്തെ പറ്റി ആദ്യം മുന്നറിയിപ്പ് നല്‍കിയ ഗവേഷകരില്‍ ബ്രക്കറും ഉള്‍പ്പെടുന്നു. യു.എസില്‍ കൊളംബിയ സര്‍വകലാശാലയിലെ എര്‍ത്ത് ആന്‍ഡ് എണ്‍വിരോണ്‍മെന്റല്‍ വകുപ്പില്‍ പ്രൊഫസറായിരുന്നു അദ്ദേഹം.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ സാന്ദ്രത ഏറുന്നതു മൂലം, ഭൗമതാപനില വര്‍ധിക്കുമെന്ന് 1975-ല്‍ 'ക്ലൈമറ്റ് ചേഞ്ച്: ആര്‍ വി ഓണ്‍ ദി ബ്രിങ്ക് ഓഫ് എ പ്രൊനൗണ്‍സ്ഡ് ഗ്ലോബല്‍ വാമിങ്' ('Climatic Change: Are We on the Brink of a Pronounced Global Warming?') എന്ന പ്രബന്ധത്തില്‍ ബ്രോക്കര്‍ വിശദീകരിച്ചു. 'ഗ്ലോബല്‍ വാമിങ്' (Global Warming) എന്ന പ്രയോഗം അങ്ങനെയാണ് ശാസ്ത്രപദങ്ങളുടെ കൂട്ടത്തിലെത്തിയത്.

കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങളുടെ പങ്ക് പഠിക്കുന്നതിനാണ് ബ്രോക്കര്‍ അധികവും പരിശ്രമിച്ചത്. ഭൂമിയുടെ ചരിത്രത്തിലുടനീളം കാലാവസ്ഥയുടെ മാറ്റം പഠിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആഗോളതാപനത്തിന് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ 1970-കളില്‍ തന്നെ അദ്ദേഹം ആവശ്യപ്പെട്ടു. ഭൗമതാപനില ഏതാനും ഡിഗ്രി വര്‍ധിച്ചാല്‍ തന്നെ അതുണ്ടാക്കുന്ന അപകടങ്ങള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

'വെറിപിടിച്ച ഒരു വന്യമൃഗത്തെപ്പോലെയാണ് കാലാവസ്ഥാ സംവിധാനം. നമ്മളതിനെ കമ്പിട്ടു കുത്തി പ്രകോപിപ്പിക്കുന്നു'-ടൈംസിന് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ബ്രോക്കര്‍ പറഞ്ഞു. 

സമുദ്രങ്ങള്‍ക്കടിയിലെ ജലപ്രവാഹങ്ങളെ പരസ്പരം ബന്ധിപ്പിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന് 'കണ്‍വെയര്‍ ബെല്‍റ്റ്' (conveyor belt) ആശയം വികസിപ്പിച്ചത് ബ്രോക്കര്‍ ആണ്. 

1931-ല്‍ ഷിക്കാഗോയില്‍ ജനിച്ച ബ്രോക്കര്‍, കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. ഭൗമശാസ്ത്രത്തില്‍ 1958-ല്‍ അദ്ദേഹം ഡോക്ടറേറ്റ് എടുത്തു. അതിനടുത്ത വര്‍ഷം കൊളംബിയയില്‍ അധ്യാപകനായി പ്രവര്‍ത്തനം ആരംഭിച്ചു. 

യു.എസ്. നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ ബ്രോക്കര്‍ക്ക് ലഭിച്ചു. ഹാര്‍വാഡ്, കേംബ്രിഡ്ജ്, ഓക്‌സ്ഫഡ് ഉള്‍പ്പടെ ഒട്ടേറെ യൂണിവേഴ്‌സിറ്റികള്‍ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

Content Highlights: Wallace Broecker, Climate Scientist, Global Warming, Climate Change