ടനാപരമായി വ്യത്യസ്ത പ്രകൃതമുള്ളവയാണ് ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍. ഉത്തരധ്രുവം സമുദ്രപ്രകൃതമാണെങ്കില്‍ ദക്ഷിണധ്രുവം ഭൂഖണ്ഡപ്രകൃതത്തോടു കൂടിയതാണ്. എന്നാല്‍, ഭൂമിയുടെ രണ്ട് വിപരീത അഗ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇവയെ  തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു അന്തര്‍ധാര  നിലകൊള്ളുന്നുണ്ട്.  ഭൂമിയിലെ, പരസ്പരം ഏറ്റവും  വിദൂരസ്ഥമായ രണ്ട് മേഖലകളാണ് ആര്‍ട്ടിക്-അന്റാര്‍ട്ടിക്ക പ്രദേശങ്ങള്‍. എന്നാല്‍, ഒരിടത്തെ അന്തരീക്ഷഘടനയിലോ, ഭൂപ്രകൃതിയിലോ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വിപരീത ധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന ഇതരമേഖലയിലെ അന്തരീക്ഷ ഭൂഘടന എന്നിവയെ പരോക്ഷമായി സ്വാധീനിക്കുന്നു. ഉത്തരധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന ആര്‍ട്ടിക്‌മേഖലയിലെ ഹിമാനിക്ഷേപത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, ദക്ഷിണധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ പര്യാപ്തമാണ്. 

40000 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന ഭൂമിശാസ്ത്രപരമായ പ്രകൃതി പ്രതിഭാസങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ആര്‍ട്ടിക് മേഖലയിലെ വന്‍ഹിമപാളികള്‍ എപ്പോഴൊക്കെ ഉരുകി പിന്‍വാങ്ങുന്നുവോ അപ്പോഴെല്ലാം ആഗോളതലത്തില്‍ സമുദ്രനിരപ്പുയരുകയും ഉയര്‍ന്നെത്തുന്ന സമുദ്രജലം ഭൂമിയുടെ ദക്ഷിണധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന ഹിമഭൂഖണ്ഡം (അന്റാര്‍ട്ടിക്ക) വന്‍തോതില്‍ ഉരുകിയൊലിക്കുന്നതിന്  കാരണമാവുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷ പ്രതിഭാസങ്ങള്‍ വഴിയോ സമുദ്രജല പ്രകൃതങ്ങള്‍ വഴിയോ ഭൂമിയുടെ ഇരുപകുതികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരന്തരമായ ഒരു അന്തര്‍ധാര നിലനില്‍ക്കുന്നുണ്ടെന്ന്  ഇവ സൂചന നല്‍കുന്നതായി കമ്പ്യൂട്ടര്‍ സിമുലേഷന്‍ പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. അതായത്, ഒരു പകുതിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മറുപകുതിയിലെ വ്യതിയാനങ്ങള്‍ക്ക് പ്രേരകമാവുന്നു.

ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടേറുന്ന ഇടങ്ങളിലൊന്നാണ് ആര്‍ട്ടിക്‌മേഖല. ഈ മേഖലയില്‍ സംഭവിക്കുന്ന ഏതൊരു വ്യതിയാനവും ഉത്തരാര്‍ദ്ധഗോളത്തെ മൊത്തത്തില്‍ സ്വാധീനിക്കുന്നു.  ഈ മാറ്റങ്ങളുടെ ചുവട് പിടിച്ച് അന്തരീക്ഷം വഴിയോ സമുദ്രം വഴിയോ ഏറ്റവും തെക്കേഅറ്റത്ത് കിടക്കുന്ന അന്റാര്‍ട്ടിക്കയില്‍  മാറ്റങ്ങള്‍ രൂപപ്പെടുന്നു.  ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപയോഗം,  ആഗോളതലത്തില്‍ വനങ്ങള്‍ക്ക് സംഭവിക്കുന്ന ശോഷണം എന്നിവ വഴിയുണ്ടാകുന്ന താപനത്തിനും   ഇരുധ്രുവങ്ങളും വിധേയമാകുന്നു. എന്നാല്‍, പ്രകൃത്യാസംഭവിക്കുന്ന തപാധിക്യം മൂലമല്ലാതെ ഇത്തരത്തിലുണ്ടാവുന്ന മാറ്റങ്ങളെ കാലാവസ്ഥാശാസ്ത്രജ്ഞര്‍ പ്രത്യേകമായാണ് പരിഗണിക്കുന്നത്.  

ധ്രുവങ്ങള്‍ തമ്മില്‍ സ്വാധീനിക്കപ്പെടുന്നതെങ്ങനെ?

ഹിമപാളികള്‍ തുരന്നെടുത്തോ അഗാധസമുദ്രതലങ്ങളില്‍ നിന്ന്  ശേഖരിക്കപ്പെട്ടവയോ  ആയ സാമ്പിളുകളുടെ അപഗ്രഥനപഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് ഇരുധ്രുവങ്ങളും പരോക്ഷമായി പരസ്പരം  സ്വാധീനിക്കപ്പെടുന്നു എന്ന് തന്നെയാണ്.  20000 വര്‍ഷങ്ങള്‍ക്കുമുന്‍പ്, അവസാനത്തെ ഹിമയുഗത്തിന്റെ മൂര്‍ദ്ധന്യകാലഘട്ടത്തില്‍ ആര്‍ട്ടിക് മേഖലയില്‍ കനത്ത തോതില്‍ ഹിമനിക്ഷേപം ഉണ്ടാവുകയും, അതിനെത്തുടര്‍ന്ന് സമുദ്രനിരപ്പ് താഴുകയും ചെയ്തു. 

arctic

സമുദ്രനിരപ്പ് പൊതുവെ താഴ്ന്നതു മൂലം അന്റാര്‍ട്ടിക്ക മേഖലയിലെ മഞ്ഞ് ഉരുകുന്ന പ്രക്രിയ നിലയ്ക്കുകയും ഹിമാനിക്ഷേപത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു. ഹിമയുഗം അവസാനിച്ച്, ചൂടേറി തുടങ്ങിയപ്പോള്‍ ആര്‍ട്ടിക്‌മേഖലയിലെ ഹിമപാളികള്‍ സമുദ്രത്തിലേക്ക് ഉരുകിയൊലിക്കാന്‍ ആരംഭിക്കുകയും തല്‍ഫലമായി സമുദ്രനിരപ്പുയരുകയും ചെയ്തു. സമുദ്രനിരപ്പില്‍ ഉണ്ടായ ഉയര്‍ച്ച മൂലം അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിലെ ഹിമനിക്ഷേപം ഉരുകി പിന്‍വലിയുവാനും കാരണമായി. ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ക്കിടയിലുള്ള സമുദ്രമേഖലയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളും വഴി അവ പരസ്പരം ഇടപെടുന്നുവെന്നാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് പാളികള്‍ ചലനരഹിതമായ വെറും മഞ്ഞ് കൂനകളല്ല. അവ വ്യത്യസ്ത കാലഘട്ടങ്ങളില്‍ രൂപംപ്രാപിച്ചവയും നിരന്തര പരിണാമങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നവയുമാണ്.  ഈ മാറ്റം കൂടുതല്‍ ഹിമനിക്ഷേപങ്ങളിലൂടെയോ, അല്ലെങ്കില്‍ ഹിമഖണ്ഡങ്ങളുടെ ഉരുകി പിന്‍വാങ്ങലിലൂടെയോ ആകാം.  കാലാവസ്ഥ, ചുറ്റുമുള്ള സമുദ്രജലനിരപ്പ് എന്നിവയെ ആശ്രയിച്ചാണ് ഹിമരൂപീകരണവും ഹിമപാളികളുടെ ഉള്‍വലിയലും നടക്കുന്നത്. മഞ്ഞ്‌പൊഴിയുമ്പോള്‍ ഹിമശകലങ്ങള്‍  നിക്ഷേപിക്കപ്പെടുമ്പോഴാണ് കനത്ത ഹിമപാളികള്‍ വലിപ്പം വയ്ക്കുന്നത്.  ഭാരം വര്‍ധിക്കുമ്പോള്‍ ഇവ സ്വയം പൊട്ടിച്ചിതറി ചുറ്റുമുള്ള സമുദ്രജലത്തിലേക്ക് വന്‍ ഹിമഖണ്ഡങ്ങളുടെ രൂപത്തില്‍ നിരങ്ങിയെത്തുന്നു.  ആര്‍ട്ടിക് മേഖലയിലെ ഹിമശോഷണവും അന്റാര്‍ട്ടിക്കമേഖലയിലെ സമുദ്രനിരപ്പിലുണ്ടാവുന്ന  വ്യതിയാനവും പരസ്പര ബന്ധമുണ്ടെന്നുള്ളതിന് തെളിവുകളുണ്ട്.  മാറ്റങ്ങള്‍ക്ക് നിരന്തരം വഴിപ്പെട്ട് കൊണ്ടിരിക്കുന്ന ധ്രുവമേഖലകളിലെ ഹിമനിക്ഷേപങ്ങള്‍ ഭൂമിയുടെ കാലാവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങള്‍ കൂടിയാണ്.  

ഭീഷണിയുയർത്തി ഹിമനഷ്ടം

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആര്‍ട്ടിക്‌മേഖലയിലെ ഗ്രീന്‍ലാന്‍ഡ് ദ്വീപ് നേരിടേണ്ടി വരുന്ന ഹിമനഷ്ടം കഴഞ്ഞ 12000 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കൂടിയതായിരിക്കും.  ഹരിതഗൃഹവാതക പുറംതള്ളല്‍ കുറക്കുവാന്‍ എത്രകടുത്ത നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചാല്‍പോലും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഗ്രീന്‍ലാന്‍ഡിന്  കനത്ത ഹിമാനിനഷ്ടം നേരിടേണ്ടി വരികതന്നെ ചെയ്യും.  ഫോസ്സില്‍ ഇന്ധനഉപയോഗം, സ്വാഭാവിക വനങ്ങളുടെ നശീകരണം എന്നിവ അധികരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത ഹിമനഷ്ടം ചരിത്രത്തിലിന്നേവരെ നേരിടേണ്ടി വന്ന ഏറ്റവും കനത്ത ഹിമശോഷണത്തേക്കാള്‍ നാല് മടങ്ങ് കൂടുതലായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു.  

കഴിഞ്ഞ നൂറ്റാണ്ടുകളിലും വരുംവര്‍ഷങ്ങളിലും ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്നുള്ള ഹിമനഷ്ട സാദ്ധ്യതകള്‍ വിശകലനം  ചെയ്തതിന്‍  പ്രകാരം ആഗോളസമുദ്രനിരപ്പ് ആറ് മീറ്ററോ  അതിലധികമോ ഉയര്‍ത്തുവാന്‍ വേണ്ടത്ര ഹിമനിക്ഷേപം ഗ്രീന്‌ലാന്ഡില്‍  മാത്രം ഉണ്ട്. 12000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ഹിമയുഗത്തിന് ശേഷം ഉണ്ടായ ഹിമനഷ്ടം വച്ച് നോക്കുമ്പോള്‍ കഴിഞ്ഞ 100 വര്‍ഷത്തിനുള്ളിലാണ് ഏറ്റവും കൂടിയ നിരക്കില്‍ ഹിമനഷ്ടം ഉണ്ടായത്- 6000 ബില്യണ്‍ ടണ്‍. 

arctic

പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ നിർ‌ദേശങ്ങള്‍  അനുസരിച്ച് താപവര്‍ദ്ധനവ് 2 ഡിഗ്രി സെന്റിഗ്രേഡില്‍ താഴെയായി  നിര്‍ത്തുവാന്‍ അനുയോജ്യമായ നടപടിക്രമങ്ങള്‍ 195 രാഷ്ട്രങ്ങള്‍ സ്വീകരിച്ചുവെങ്കിലും ഈ നൂറ്റാണ്ടിലെ ആദ്യത്തെ 18 വര്‍ഷങ്ങളില്‍ ഉണ്ടായ ഹിമനഷ്ടം അല്പം കൂടിയതോതില്‍ തന്നെയാണ്. ലോകത്തെ വന്‍രാഷ്ട്രങ്ങള്‍  ഫോസ്സില്‍ ഇന്ധന ഉപഗോഗത്തില്‍ ഇനിയെങ്കിലും കുറവ് വരുത്താത്തപക്ഷം ഈ നൂറ്റണ്ടിന്റെ അവസാനത്തോടെ ഗ്രീന്‌ലാന്ഡില്‍ നിന്നുണ്ടാകുന്ന ഹിമനഷ്ടം 8800 ബില്യണ്‍ ടണ്ണിനും 35900 ബില്യണ്‍ ടണ്ണിനും ഇടയിലായിരിക്കും.  

മനുഷ്യ ഇടപെടലുകളും മഞ്ഞുരുക്കവും

കഴിഞ്ഞ 12000 വര്‍ഷങ്ങള്‍ക്കിടയില്‍ ഭൂമിയിലെ ഹിമപാളികളുടെ തോതിലും കനത്തിലും സ്വാഭാവികവ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.  എന്നാല്‍, ഹിമശോഷണം എത്രയോ മടങ്ങ് പരിപോഷിപ്പിക്കുന്നതരത്തില്‍ മനുഷ്യരുടെ ജീവിതശൈലികള്‍വഴി ഭൂമിയിലെ അന്തരീക്ഷസ്ഥിതി പാടെ മാറിയിരിക്കുന്നു.  എന്നാല്‍, ഹരിതഗൃഹവാതകങ്ങളുടെ ഉത്സര്‍ജന തോതില്‍ ഗണ്യമായ വെട്ടിച്ചുരുക്കല്‍ വരുത്തുവാനുള്ള നടപടികള്‍ അടിയന്തിരമായി കൈകൊള്ളാത്തപക്ഷം കാലാവസ്ഥാസംരക്ഷണം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും വെറും അധരവ്യായാമങ്ങള്‍ മാത്രമായി അധഃപതിക്കുമെന്നതില്‍ സംശയമില്ല. 

ഹരിതഗൃഹവാതക ഉത്സര്‍ജനത്തില്‍ അധിഷ്ഠിതമായ ഊര്‍ജോല്പാദന പ്രക്രിയകള്‍ കുറക്കുന്നപക്ഷം ഗ്രീന്‌ലാന്ഡിലെ ഹിമപാളികള്‍ക്ക് സംഭവിക്കുന്ന ശോഷണം നാമമാത്രമായിരിക്കും. ഗ്രീന്‍ലാന്‍ഡിലെ തല്‍സ്ഥിതി സംബന്ധിച്ച വിലയിരുത്തലുകള്‍ പ്രകാരം, താപനത്തിന് ഏറ്റവും കൂടുതല്‍ അടിപ്പെടുന്ന ഈ പ്രദേശത്ത് മഞ്ഞുരുക്കത്തിന്റെ തോത് വർധനവിനുള്ള പ്രവണതയില്‍ തന്നെയാണ്. ഉരുകല്‍മൂലം നഷ്ടപ്പെടുന്ന ഹിമം വീണ്ടും പുനഃസ്ഥാപിക്കാനാവാത്തതുമാണ്. 

ഭൂമിയിലെ കാലാവസ്ഥയില്‍ സ്വാഭാവിക മാറ്റങ്ങളും  മനുഷ്യപ്രേരിതമാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.  രണ്ടുതരത്തിലുള്ള മാറ്റങ്ങളും വേര്‍തിരിച്ച് പഠന വിധേയമാക്കുകയാണ് ശാസ്ത്രത്തിന്റെ രീതി.  അന്തരീക്ഷതാപവ്യതിയാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഹരിതഗൃഹവാതകങ്ങള്‍ക്ക് അതിനെ എപ്രകാരം സ്വാധീനിക്കാനാവുമെന്ന് വ്യക്തമാണ്.  എന്നാല്‍, ഓരോ കാലഘട്ടങ്ങളിലെയും ഗ്രീന്‍ലാന്‍ഡ് മേഖലയിലെ മഞ്ഞുരുകല്‍ തോത് നല്‍കുന്ന വിവരങ്ങളെ അപേക്ഷിച്ച്, ഇപ്പോള്‍ ലഭിക്കുന്ന മുന്നറിയിപ്പുകള്‍ യഥാര്‍ത്ഥത്തില്‍ കണ്ണ് തുറപ്പിക്കേണ്ടത്  തന്നെയാണ്.  മനുഷ്യപ്രേരിത ഘടകങ്ങള്‍ വഴിയുള്ള താപനം നിയന്ത്രിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയിലേക്ക്  തന്നെയാണ് ഇവ വിരല്‍ചൂണ്ടുന്നത്. ഏറ്റവും വലിയ ഊര്‍ജഉപഭോക്താക്കളായ രാഷ്ട്രങ്ങളാണ് ഇക്കാര്യത്തില്‍ സ്വയം മുന്നോട്ടു വരേണ്ടതുണ്ട്.    

കടല്‍നിരപ്പുയരുന്നു...!

ധ്രുവപ്രദേശങ്ങളില്‍, പ്രത്യേകിച്ച് ദക്ഷിണധ്രുവമേഖലയിലെ വന്‍തോതിലുള്ള മഞ്ഞുരുക്കമാണ് താപനത്തിന്റെ പരോക്ഷമായ ആത്യന്തികഫലം.  താപന  സാഹചര്യങ്ങളില്‍, അന്റാര്‍ട്ടിക്കയിലെ ഹിമശോഷണത്തിന് ഒരു സ്ഥിരസ്വഭാവം കൈവരുന്നു.  താപനില  കേവലം  1.0 ഡിഗ്രി സെന്റിഗ്രേഡ് ഉയര്‍ന്നാല്‍ പോലും അതുവഴിയുണ്ടാകുന്ന മഞ്ഞുരുക്കം  മൂലം കടല്‍ നിരപ്പ് 1.3 മീറ്റര്‍ വരെ  ഉയരാനിടയുണ്ട്.  അന്റാര്‍ട്ടിക്ക മേഖലയില്‍ നിന്നുള്ള മഞ്ഞുരുക്കം മാത്രം മതി സമുദ്രനിരപ്പ് ഇത്രയും ഉയരുവാന്‍. ഭൗമാന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന പ്രതിവര്‍ഷ ശരാശരി വര്‍ധന 2.0 ഡിഗ്രി സെന്റിഗ്രേഡ് ആകുമ്പോള്‍ അന്റാര്‍ട്ടിക്  മേഖലയില്‍  നിന്നുള്ള മഞ്ഞുരുക്കത്തിന്റെ നിരക്കും ഇരട്ടിയാകും. അതായത്, 2.0 ഡിഗ്രി സെന്റിഗ്രേഡ് താപമുയര്‍ന്നാല്‍ തന്നെ അന്റാര്‍ട്ടിക് മേഖലയിലെ മാത്രം മഞ്ഞ് ഉരുകുന്നതുമൂലം ആഗോള സമുദ്രനിരപ്പില്‍ 2.5 മീറ്റര്‍ ഉയര്‍ച്ചയുണ്ടാകാം. 

Hubbard glacier

താപവര്‍ദ്ധനവ് 4.0 ഡിഗ്രി  സെന്റിഗ്രേഡ് ആയാല്‍ 6 .5 മീറ്ററും  6.0 ഡിഗ്രി സെന്റിഗ്രേഡ് ആയാല്‍  12 മീറ്ററും സമുദ്രനിരപ്പുയരാം; വര്‍ധിതതാപം  ദീര്‍ഘകാലം നീണ്ട്  നില്‍ക്കുകയും ചെയ്യാറുണ്ട്. താപനം 6.0 ഡിഗ്രി സെന്റിഗ്രേഡോ അതിലേറെയോ വര്‍ധിക്കുന്ന പക്ഷം സമുദ്രനിരപ്പിലുണ്ടാകുന്ന ഉയര്‍ച്ച ഓരോ ഡിഗ്രി സെന്റിഗ്രേഡ് വര്ധനവിനും  10 മീറ്റര്‍ എന്ന തോതില്‍ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ആഗോളതാപന വര്‍ദ്ധനവ് മൂലം ഉണ്ടാകുന്ന ഹിമശോഷണം  പിന്നീട്  പരിഹരിക്കപ്പെടുന്നതല്ല  എന്നതാണ് എടുത്തുപറയേണ്ട കാര്യം. 

പാരീസ് ഉച്ചകോടിയുടെ ആഹ്വാനപ്രകാരം ആഗോളതാപവര്‍ദ്ധനവ് 2.0 ഡിഗ്രി സെന്റിഗ്രേഡില്‍ താഴെ തന്നെയായി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പോലും ദക്ഷിണ ധ്രുവമേഖലയില്‍ നിന്നുള്ള ഹിമപാളികളുടെ നഷ്ടം പുനഃസ്ഥാപിക്കാനാവില്ല.  താപനം മുഖേന ഒരിക്കല്‍ മഞ്ഞുരുകല്‍  ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നീട് പൂര്‍വ്വാവസ്ഥ കൈവരിക്കുന്നത് അസാധ്യമാണ്.  കഴിഞ്ഞ കോടാനുകോടി വര്‍ഷങ്ങളില്‍ ഭൂമിയിലെ കാലാവസ്ഥ നിരന്തരമാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.  കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങള്‍ ഭൂമിയിലെ ധ്രുവമേഖലയില്‍  സൃഷ്ടിച്ചിട്ടുള്ള മാറ്റങ്ങള്‍ക്ക് ഭൂമിയുടെ ചിത്രം തന്നെ മാറ്റിയെഴുതാനായേക്കും.  അന്റാര്‍ട്ടിക്ക അതിവിസ്തൃതമായ ഒരു ഭൂഖണ്ഡമാണ്.  അമേരിക്കന്‍ ഐക്യനാടുകള്‍, മെക്‌സിക്കോ, ഇന്ത്യ  എന്നീ മൂന്ന് രാഷ്ട്രങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാലുള്ള ഭൂവിസ്തൃതിയാണ് അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന്.  ഈ മേഖല ഉള്‍ക്കൊള്ളുന്ന ഹിമശേഖരം  പൂര്‍ണ്ണമായും ഉരുകി തീര്‍ന്നാല്‍ ആഗോള സമുദ്രനിരപ്പ് 58 മീറ്ററോളം ഉയരും.  

ഭൂമിയുടെ ശുദ്ധജല സംഭരണിക്ക് ഇനിയെന്തു സംഭവിക്കും?

ഭൂമിയിലെ ശുദ്ധജലശേഖരത്തിന്റെ  പകുതിയിലേറെയും സ്ഥിതി ചെയ്യുന്നത് അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിലാണ്.  ഏകദേശം അഞ്ച് കിലോമീറ്ററോളം കനമുള്ള കനത്ത മഞ്ഞ്പാളിയുടെ രൂപത്തിലാണ് ഇവിടെ ജലം സ്ഥിതിചെയ്യുന്നത്.  മനുഷ്യരുടെ പ്രവര്‍ത്തനശൈലിമൂലം ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍  ഏറുകയും, താപനം വര്‍ധിക്കുകയും, അതുവഴി അന്റാര്‍ട്ടിക്കമേഖലയുടെ അന്തരീക്ഷത്തിലും  അതിനുചുറ്റുമുള്ള സമുദ്രമേഖലയിലും  ചൂടേറുകയും ചെയ്യുന്നതിനാല്‍ തല്‍പ്രദേശത്തെ ഹിമാനിക്ഷേപം ഉരുകി ഭൂഖണ്ഡം അസ്ഥിരസ്വഭാവമാര്‍ജിക്കുന്നു.  ഉരുകല്‍പ്രക്രിയ തുടര്‍ന്നാല്‍ ഭൂമിയുടെ 'വെള്ളതൊപ്പി'' (white cap) യും 'വെള്ളത്തൊട്ടി ' (water bucket ) യും ആയ ദക്ഷിണധ്രുവം കനത്ത ഹിമശോഷണത്തിനടിപ്പെടും. 

അന്റാര്‍ട്ടിക്‌മേഖലയുടെ അതിവിസ്തൃതിമൂലം താപവർധനവുണ്ടാകുന്ന സാഹചര്യങ്ങളില്‍ കടല്‍ നിരപ്പുയര്‍ത്തുന്നതില്‍ ഈ മേഖലക്ക് മാത്രം ഗണ്യമായ പങ്ക് വഹിക്കാനാവും.  ഹിമനഷ്ടം എന്നത് ആയിരക്കണക്കിന് വര്ഷം വേണ്ടിവരുന്ന  വളരെ മന്ദഗതിയിലുള്ള ഒരു പ്രക്രിയയാണ്.  എന്നാല്‍, മഞ്ഞുരുകള്‍ മൂലം അന്റാര്‍ട്ടിക്ക ഭൂഖണ്ഡം നിലവില്‍ തന്നെ ഏറെക്കുറെ അസ്ഥിരതയുടെ  വക്കിലെത്തി നില്‍ക്കുകയാണ്.  താപവര്‍ദ്ധനവ് ഇനിയും തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ നിന്നുള്ള മഞ്ഞുരുക്കം നിയന്ത്രണങ്ങള്‍ക്കും അപ്പുറത്താവും. വിരുദ്ധധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്നവയാണെങ്കിലും ഗ്രീന്‍ലാന്‍ഡ് (ഉത്തര ധ്രുവം), അന്റാര്‍ട്ടിക്ക ( ദക്ഷിണ ധ്രുവം)മേഖലകള്‍ക്ക് ഭൂമിയുടെ അന്തരീക്ഷ താപം  നിയന്ത്രിച്ചു നിര്‍ത്തുന്നതിനുള്ള പങ്ക് അതിപ്രധാനമാണ്. 

ഈ മേഖലകളിലെ ഹിമപാളികളുടെ അതിശുഭ്രതമൂലം താപനകാരികളായ സൗരവികിരണങ്ങള്‍   ആഗിരണം ചെയ്യപ്പെടുന്നില്ലെന്ന് മാത്രമല്ല, തിരിച്ച് ബാഹ്യാകാശത്തേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടുന്നതിനാല്‍ താപന സാധ്യത വളരെ കുറയുന്നു.  ഈ അവസ്ഥയില്‍ ഹിമപാളികള്‍  ഉരുകാതെ നിലകൊള്ളുകയും ചെയ്യുന്നു. ഈ മേഖലകളിലെ ഹിമാവരണം നഷ്ടപ്പെട്ട്, ഇരുണ്ടനിറമുള്ള ശിലാഭാഗങ്ങള്‍ അനാവൃതമായാല്‍  അത്, താപന പ്രക്രിയക്ക് വേഗവും ആക്കവും കൂട്ടുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.  അന്റാര്‍ട്ടിക് മേഖലയിലെ ഹിമശോഷണം  ഉയരുന്നതിനെക്കുറിച്ച് വര്ഷങ്ങള്ക്കുമുമ്പുതന്നെ ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഉറഞ്ഞ്  കിടക്കുന്ന സമുദ്രജലം ഉരുകിയാല്‍ അത് ഭൂഖണ്ഡത്തിലെ ഹിമപാളികള്‍ ഉരുകാനിടയാകുന്നു.  ജലസാന്നിധ്യം മൂലം വീണ്ടും മഞ്ഞ് പാളികള്‍ ഉരുകിയൊലിക്കുന്ന പ്രക്രിയ തുടരുകയും ചെയ്യുന്നു;   ഹിമശോഷണ നിരക്ക് ഏറുകയും ചെയ്യുന്നു.  

Totten Glacier

എണ്ണ, കല്‍ക്കരി,  ഇതര ഫോസ്സില്‍ ഇന്ധനങ്ങള്‍ എന്നിവയുടെ ഉപയോഗക്രമമാണ് അന്തരീക്ഷത്തിലെ ഹരിതഗൃഹവാതക സാന്നിധ്യത്തോത് നശ്ചയിക്കുന്നത്;  അതുവഴി അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന്റെ നിലനില്പും.  താപനത്തിന് കടിഞ്ഞാണ്‍ ഇടുന്ന കാര്യം നിശ്ചയിക്കേണ്ടതിന്റെ ഉച്ചഘട്ടമാണ് ഇപ്പോള്‍.  അന്റാര്‍ട്ടിക്ക മേഖലയുടെ വിധി അത്തരമൊരു തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. താപനവര്‍ദ്ധനവ് തുടര്‍ന്നാല്‍ അന്റാര്‍ട്ടിക്കമേഖല ക്രമേണ ഇല്ലാതാവുമെന്ന കാര്യം ഉറപ്പാണ്.  ഇക്കാര്യം നിസ്സാരമായി നീക്കിവക്കാനുള്ളതല്ല. കാരണം അന്റാര്‍ട്ടിക്ക ഉള്‍പ്പെടെയുള്ള ധ്രുവമേഖലകള്‍ ഉരുകി തീരുന്നതോടൊപ്പം സമുദ്രനിരപ്പ് സ്വാഭാവികമായും ഉയരും.  ഒരു പരിധിവിട്ട് കടല്‍ നിരപ്പുയര്‍ന്നാല്‍ താഴ്ന്നപ്രദേശങ്ങള്‍  മാത്രമല്ല ഏറെക്കുറെ ഉയര്‍ന്ന പ്രദേശങ്ങള്‍ വരെ വെള്ളത്തിനടിയിലാകും.   അപ്രകാരം സംഭവിച്ചാല്‍ ഭൂമിയിലെ പ്രധാന തീരദേശ നഗരങ്ങള്‍, ചെറുദ്വീപുകള്‍ എന്നിവ ഭൂപടത്തില്‍ നിന്ന് തന്നെ നാമാവശേഷമാകും. 

താപനകാരികളായ സൗരവികിരണങ്ങളെ  പ്രതിഫലിപ്പിച്ച് ചൂട് പരിധിവിട്ടുയരാതെ നിയന്ത്രിച്ച്,  ഭൂമിയുടെ ശീതളിമ കാത്തുസൂക്ഷിക്കുന്ന ഈ മേഖലകള്‍ ഉരുകിയൊലിച്ചില്ലാതായാല്‍ അവയെ പുനഃസൃഷ്ടിക്കാനാവില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.  വ്യവസായവിപ്ലവപൂര്‍വ്വകാലഘട്ടത്തിലേതിന് സമാനമായി അന്തരീക്ഷതാപം നിയന്ത്രിച്ച്  കൊണ്ട് വരാനായാല്‍ പോലും, ഒരിക്കല്‍ ഉരുകിനഷ്ടപ്പെട്ട ഹിമമേഖലകളെ പുനഃസൃഷ്ടിക്കാനാവില്ല,  എന്നതിതാല്‍, അന്റാര്‍ട്ടിക്ക ഉള്‍പ്പെടെയുള്ള ധ്രുവമേഖലകള്‍ക്ക് ഇതുവരെയുണ്ടായ ഹിമനഷ്ടം  എന്നേക്കുമുള്ള നഷ്ടം തന്നെയാണ്.  പാരീസ് ഉച്ചകോടി നിര്‍ദ്ദേശങ്ങളുടെ പ്രസക്തി ഇപ്പോഴെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്ന ഭൂപ്രദേശങ്ങളുടെ  പട്ടികക്ക് ഇനിയും നീളമേറുക തന്നെ ചെയ്യും. 

അന്റാര്‍ട്ടിക്കമേഖലയുടെ സുരക്ഷ ഉത്തരധ്രുവത്തിന്റെ കൈകളിലാണ്, കാരണം ആര്‍ട്ടിക്‌മേഖല ഉള്‍പ്പെടുന്ന ഉത്തരധ്രുവം  അന്തരീക്ഷ താപവര്ധനവിനോട് അതീവ സംവേദനം പുലര്‍ത്തുന്ന ഒരു മേഖലയാണ്.  താപാധിക്യം മൂലം തല്‍പ്രദേശത്തെ ഹിമപാളികള്‍ ഉരുകിയൊലിച്ചാല്‍,  വിവിധ ഘടകങ്ങളിലൂടെ അതിന്റെ ഭവിഷ്യത്ത് ചെന്നെത്തി നില്‍ക്കുന്നത്  അന്റാര്‍ട്ടിക്ക മേഖലയുടെ ശിഥിലീകരണത്തിലായിരിക്കും. അന്റാര്‍ട്ടിക്ക മേഖലയിലുണ്ടാകുന്ന ശിഥിലീകരണം  ഭൗമാന്തരീക്ഷത്തിന്റെ ശീതളിമ ഇല്ലാതാക്കും. താപമേറുന്ന അന്തരീക്ഷം വീണ്ടും ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കത്തിന് ആക്കമേറ്റുന്നു.

(ലേഖകന്‍ കാലാവസ്ഥാവ്യതിയാന -പരിസ്ഥിതിശാസ്ത്ര കോളേജിലെ സയന്റിഫിക് ഓഫിസറും കാലാവസ്ഥാ കോളമിസ്റ്റുമാണ്)