കാലാവസ്ഥയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും പ്രകൃതിയില്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കിയേക്കാം. കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ക്കൂടുതല്‍ രൂക്ഷമാവുന്ന ഇക്കാലത്ത് ഇത് പ്രകൃതിയില്‍ കൂടുതല്‍ ദൃശ്യമാണ്. സമുദ്രനിരപ്പിലെ നേരിയ വര്‍ധന പോലും ലോകമെമ്പാടും കടല്‍ ജലം കരയിലേക്ക് എത്തുന്നതിന്റെയും കടലാക്രമണത്തിന്റെയും തീവ്രത ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നതാണ് കൂറ്റന്‍ തിരമാലകള്‍ക്കും രൂക്ഷമായ കടല്‍ക്ഷോഭത്തിനും കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോളതാപനത്തിന്റെ ഫലമായി ഹിമപാളികള്‍ ഉരുകുന്നതും കടല്‍ജലം ചൂടാകുന്നതും മൂലം പ്രതിവര്‍ഷം സമുദ്രനിരപ്പ് നാല് മില്ലിമീറ്റര്‍ വീതമാണ് ഉയരുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് വര്‍ഷങ്ങളോളം ഈ പ്രതിഭാസം തുടരും. ഒറ്റനോട്ടത്തില്‍ ചെറിയ തോതിലാണ് സമുദ്രനിരപ്പിലെ വര്‍ധന എന്നു തോന്നാമെങ്കിലും പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സമുദ്രജല നിരപ്പ് ഉയരുന്നത് ശക്തിയേറിയ കാറ്റിനും ഉയര്‍ന്ന ആവൃത്തിയുള്ള തിരമാലകള്‍ക്കും കാരണമാകും. കടലാക്രമണത്തെ ചെറുക്കുന്നതിനുള്ള സാധാരണ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ തികയാതെ വരും. ഭൂമധ്യരേഖയോടടുത്ത പ്രദേശങ്ങളിലായിരിക്കും കടലേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായി അനുഭവപ്പെടുക. ആഫ്രിക്ക, അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍, തെക്ക്-കിഴക്ക് ഏഷ്യ, യൂറോപ്പിന്റെ അറ്റ്ലാന്റിക് തീരം, അമേരിക്കയുടെ കിഴക്കന്‍ തീരം എന്നിവിടങ്ങളിലും ഇതിന്റെ ശക്തമായ പ്രതിഫലനങ്ങളുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. സയന്റിഫിക് റിപ്പോര്‍ട്ട്സ് ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

water

ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഇന്നത്തെ പോക്കനുസരിച്ച് ഏതാണ്ട് ഒരു ദശാബ്ദത്തിനുള്ളില്‍ കടല്‍ക്ഷോഭത്തിന്റെ രൂക്ഷവശങ്ങള്‍ കണ്ടുതുടങ്ങും. ബ്രസീല്‍, ഐവറി കോസ്റ്റ് എന്നിവടങ്ങളിലെ നഗരങ്ങള്‍, പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ പത്തു വര്‍ഷത്തിനിടയില്‍ കടല്‍ ക്ഷോഭത്തിന്റെ രൂക്ഷത ഇരട്ടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമുദ്രനിരപ്പ് ക്രമേണ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനാകാത്തതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഷിക്കാഗോ, ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ ഗവേഷകനായ സീന്‍ വിറ്റോസെക് പറയുന്നു.

ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സമുദ്രജല നിരപ്പ് 5-10 സെ.മീ. ഉയര്‍ന്നാല്‍ത്തന്നെ ലോകത്തെ പല നഗരങ്ങളുടെയും നിലനില്‍പ്പിനെ ബാധിച്ചേക്കാം. ഇന്ത്യയിലെ മുംബൈ, അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ, വിയറ്റ്നാമിലെ ഹോചിമിന്‍, ഐവറി കോസ്റ്റിലെ അബിദ്ജാന്‍ എന്നീ നഗരങ്ങളാണ് ആദ്യഘട്ടത്തില്‍ കടലേറ്റത്തിന്റെ കൈപ്പിടിയിലമരുകയെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.

ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും 30 സെ.മീ മുതല്‍ 100 സെ.മീ വരെ സമുദ്ര ജലനിരപ്പ് വര്‍ധിക്കുമെന്നാണ് ചില പഠനറിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, തീവ്രമായ ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനേക്കാള്‍ വേഗത്തില്‍ സമുദ്രനിരപ്പ് ഉയരുമെന്ന് എറ്റവും പുതിയ പഠനങ്ങള്‍ പറയുന്നു. ഭീഷണമായ സാഹചര്യമാണ് ഇതുമൂലം സംജാതമാകുക.

ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകതന്നെയാണ് ഇത്തരം പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗം. ഒപ്പം, സമുദ്രതീരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആസൂത്രിതമായി നടത്തുകയും കടലാക്രമണത്തിനെതിരായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് മറ്റു പോംവഴികളായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.