ലോകത്തിലെ 85 ശതമാനം ആളുകളെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ബാധിച്ചു തുടങ്ങിയെന്ന് പഠനം. പതിനായിരക്കണക്കിന് ശസ്ത്രീയപഠനങ്ങള്‍ വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടാണ് ആശങ്ക പങ്കുവെക്കുന്നത്. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റേതാണ് പഠനം

1951നും 2018നും ഇടയില്‍ പ്രസിദ്ധീകരിച്ച ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന പഠനങ്ങള്‍ വിശകലനം ചെയ്താണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. "കാലാവസ്ഥാ വ്യതിയാനം എല്ലാ ഭൂഖണ്ഡങ്ങളെയും എല്ലാ സംവിധാനങ്ങളെയും ബാധിക്കുന്നു എന്നതിന് ഞങ്ങള്‍ക്ക് ധാരാളം തെളിവുകള്‍ ഉണ്ട്", പഠന രചയിതാവായ മാക്‌സ് കല്ലഗന്‍  AFP യോട് പറഞ്ഞു.

ശലഭങ്ങളുടെ ദേശാടനത്തിന് സംഭവിച്ച തടസ്സങ്ങള്‍ തൊട്ട് സൂര്യാതപമേറ്റുള്ള മനുഷ്യമരണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വരെ വിശകലന വിധേയമാക്കി. ആഗോളതാപനവും ക്രമമില്ലാത്ത മഴയും കാലം തെറ്റിയുള്ള മഴയും മഴയില്ലായ്മയുമെല്ലാം ലോകജനസംഖ്യയുടെ 85 ശതമാനം മനുഷ്യരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചതായി പഠനം പറയുന്നു. 

സമ്പന്ന രാജ്യങ്ങളില്‍ നിരവധി കാലാവസ്ഥാ പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഏറ്റവും അധികം കാലാവസഥാ ഭീഷണി നേരിടുന്ന ദരിദ്രരാജ്യങ്ങളില്‍ വലിയ രീതിയിലുള്ള കാലാവസ്ഥ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

നിലവില്‍ ആഫ്രിക്കയില്‍ വലിയ രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അതൊന്നും വലിയ രീതിയില്‍ ചര്‍ച്ചയാവുന്നില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ കുറവുള്ള ബ്ലൈന്‍ഡ് സ്‌പോട്ടുകളാണ് ഇവയില്‍ പലതും. 

1951നും 1990നുമിടയില്‍ 1500 പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെങ്കില്‍ അതിനു ശഷം 75000ത്തിലധികം പഠനങ്ങള്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രസിദ്ദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ പഠനങ്ങള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള പഠനമാണ് തങ്ങള്‍ നടത്തിയതെന്ന് കലഗന്‍ പറയുന്നു. ഇവയില്‍ പലതും കാലാവസ്ഥ വ്യതിയാനം മനുഷ്യനിര്‍മ്മിതമാണെന്ന വാദത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

content highlights: Climate change may already affect 85 percent of humanity