California FIreകാലിഫോര്‍ണിയയില്‍ 1000 വര്‍ഷങ്ങളില്‍ ആദ്യമായാണ് ഇത്രയും കടുത്ത ഉഷ്ണതരംഗത്തെ നേരിടുന്നത്. 

ഴിഞ്ഞ ജൂണില്‍ അമേരിക്കയിലെ ഏഴു തെക്ക്പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനിലയായിരുന്നു. കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയില്‍ അന്ന് താപനില 53°C കടന്നു. രണ്ടാഴ്ച്ചക്കുള്ളില്‍ പതിവില്ലാത്തരീതിയില്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ സ്റ്റേറ്റുകളിലും കാനഡയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെട്ടു. 1000 വര്‍ഷങ്ങളില്‍ ആദ്യമായാണ് ഈ പ്രദേശങ്ങള്‍ ഇത്രയും കടുത്ത ഉഷ്ണതരംഗത്തെ നേരിടുന്നത്. ജൂണില്‍ തന്നെ റഷ്യന്‍ തലസ്ഥാന നഗരിയായ മോസ്‌കോയില്‍ താപനില 35 ഡിഗ്രി കഴിഞ്ഞു. ആഗസ്റ്റിലും സെപ്തംബറിലുമായി തെക്കന്‍ യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം മൂലമുള്ള കാട്ടുതീ ബാധിച്ചത് ഗ്രീസിലും ഇറ്റലിയിലും ഫ്രാന്‍സിലും തുര്‍ക്കിയിലുമായി 4.6ലക്ഷം ഹെക്റ്റര്‍ ഭൂമിയെ ആണ്. ഇതേ ഉഷ്ണതരംഗം യുറോപ്പില്‍ മാത്രമല്ല അള്‍ജീരിയയിലും ജറുസലേമിലും ലെബനോണിലും കാട്ടുതീകള്‍ക്കിടയാക്കി. 

global warmingഈ വര്‍ഷം കാലിഫോര്‍ണിയായില്‍ ഉണ്ടായ കാട്ടുതീ ചാമ്പലാക്കിയത് നാല് ലക്ഷം ഹെക്റ്റര്‍ ഭൂമിയാണ്. 1200 കെട്ടിടങ്ങള്‍ കത്തി നശിച്ചു.

അമേരിക്കയുടെ പശ്ചിമതീരങ്ങളില്‍ വേനല്‍ക്കാലത്തെ കാട്ടുതീ ഇപ്പോള്‍ ഒരു വാര്‍ഷിക സംഭവമാണ്. ഈ വര്‍ഷം കാലിഫോര്‍ണിയായില്‍ ഉണ്ടായ കാട്ടുതീ ചാമ്പലാക്കിയത് നാല് ലക്ഷം ഹെക്റ്റര്‍ ഭൂമിയാണ്. 1200 കെട്ടിടങ്ങള്‍ കത്തി നശിച്ചു. ഒറിഗോണ്‍ സ്റ്റേറ്റില്‍ ആളിപടര്‍ന്ന മറ്റൊരു കാട്ടുതീ 364000 ഹെക്റ്റര്‍ വ്യാപിക്കുകയും നിരവധി കെട്ടിടങ്ങളെയും വാഹനങ്ങളെയും നശിപ്പിക്കുകയും ചെയ്തു. ഈ കാട്ടുതീകളില്‍ നിന്നുണ്ടായ പുകപടലങ്ങളുടെ സാനിധ്യം ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറം വന്‍കരയുടെ കിഴക്കന്‍ തീരത്തെ പട്ടണങ്ങളായ ന്യൂയോര്‍ക്കിലും ബോസ്റ്റണിലും വരെയറിഞ്ഞു.ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചത് മുന്നൂറിലേറെ ആള്‍ക്കാരായിരുന്നു. രണ്ട് ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. കനത്ത നാശനഷ്ടങ്ങളുണ്ടായി. ഒരു മണിക്കൂറില്‍ 200 മില്ലീമീറ്ററിലേറെ മഴയാണ് ഹെനാനില്‍ പെയ്തത്. ന്യൂയോര്‍ക്കില്‍ ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും കാലാവസ്ഥാ മാറ്റത്തിന്റെ ശക്തി വിളിച്ചോതുന്നതാണ്. 

california fire
കാലിഫോർണിയയിൽ ഉണ്ടായ കാട്ടുതീ | AP

            ഈ വര്‍ഷം ഇന്ത്യയും കണ്ടു ധാരാളം കാലാവസ്ഥാ ദുരന്തങ്ങള്‍. ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ ചമോലി മേഖലയിലുണ്ടായ ഹിമാനി സ്ഫോടനം ഉണ്ടാക്കിയ കുത്തൊഴുക്കില്‍ 200 -ലധികം പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. ഒരു ജലവൈദ്യുത നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചു. മെയ് മാസം അഭൂതപൂര്‍വമായ ശക്തിയോടെ മുംബൈയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഒരു എണ്ണപ്പാടത്തിലെ നിരവധി ജോലിക്കാരടക്കം 155 പേര്‍ മരിച്ചു. ഒറീസയിലും ബംഗാളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ യാസ് ചുഴലിക്കാറ്റിനെ നേരിടാന്‍ ഒന്നര ദശലക്ഷം ആള്‍ക്കാരെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. ജൂലൈയില്‍ പേമാരിയും ഉരുള്‍പൊട്ടലും കാരണം മഹാരാഷ്ട്രയില്‍ 75 പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു.

drought1982- 83 ന് ശേഷം ഉണ്ടായ 2016 ലെ വരള്‍ച്ച രൂക്ഷമായിരുന്നു, തവളകളും മണ്ണിരകളും കൂട്ടത്തോടെ ചത്തു

 

മലയോര കൃഷിക്ക് ഭീഷണിയേറുന്നു

       

cardomom
തട്ട മറിഞ്ഞ ഏലച്ചെടി | Mathrubhumi

കേരളം കാലാവസ്ഥ പ്രതിസന്ധി നേരിടാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. 2010 ല്‍ പാലക്കാട് ജില്ലയില്‍ ആദ്യമായി സൂര്യാതപം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് മുന്‍പൊക്കെ നമ്മള്‍ സൂര്യാതപം അയല്‍സംസ്ഥാനങ്ങളില്‍ നടക്കുന്നതിനെ പറ്റി വാര്‍ത്തകള്‍ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളു. അടുത്ത വര്‍ഷം പാലക്കാടും തൃശൂരും സൂര്യാതപം റിപ്പോര്‍ട്ട് ചെയ്തതിനു പുറമെ സൂര്യാഘാതവും റിപ്പോര്‍ട്ട് ചെയ്തു. 2016 ലാണ് മലയാളികള്‍ സൂര്യാഘാതത്തിന്റെയും ആദ്യമായി ഉഷ്ണതരംഗത്തിന്റെയും ചൂട് അറിഞ്ഞത്. ആ വര്‍ഷമാണ് കേരളം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചൂട് അനുഭവിച്ചത്. 1982- 83 ന് ശേഷം ഉണ്ടായ 2016 ലെ വരള്‍ച്ച രൂക്ഷമായിരുന്നു, തവളകളും മണ്ണിരകളും കൂട്ടത്തോടെ ചത്തു.  2017ലും 2018ലും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടി വന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കാലാവസ്ഥാ വ്യതിയാനം മൂലം കേരളം അനുഭവിക്കുന്നത്, പ്രത്യേകിച്ച് കാര്‍ഷിക രംഗത്ത്. തനത് കൃഷികളായ ഏലം, കുരുമുളക്, കൊക്കോ, കാപ്പി എന്നിവയെല്ലാം നിലവിലെ കാലാവസ്ഥയില്‍ നിലനില്‍ക്കുന്നവയാണ്. താപനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ വിളകളെ ബാധിക്കും. മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച്  വിളകള്‍ക്കും മാറേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഭാവിയില്‍ ഈ വിളകളുടെയൊക്കെ ഉത്പാദനം, നിലനില്‍പ്പ് എന്നിവ അപകടത്തിലാവും. ഇത് കൂടാതെ പശ്ചിമഘട്ടത്തില്‍ നമ്മുടേത് മാത്രമായ ചില സസ്യങ്ങള്‍ ഉണ്ട്. സുഗന്ധ ദ്രവ്യങ്ങള്‍ ഇതിനു ഉദാഹരണമാണ്. ഇവയുടെ നിലനില്‍പ്പും ആശങ്കയിലാകും. കേരളത്തില്‍ മഴ പെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം വെള്ളം അറബിക്കടലില്‍ എത്തേണ്ടതാണ്. ഇതെല്ലാം നമുക്ക് മുന്നിലുള്ള പ്രധാനചോദ്യങ്ങളാണ്. 1975 ന് ശേഷം കേരളത്തിലും പൊതുവേ ഇന്ത്യയിലും ഉണ്ടായ വനനശീകരണവും ഭൂവിനിയോഗത്തിലെ മാറ്റവും ആണ് ഇതിന് കാരണം. 600 മില്ലിമീറ്റര്‍ മഴ ദിവസം പെയ്താലും കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്ന കേരളത്തിന് ഇപ്പോള്‍ 200 മി.മീ മഴ പെയ്താല്‍ തന്നെ നോക്കി നില്‍ക്കേണ്ട അവസ്ഥയായി. ഭൂവിനിയോഗത്തിലെ മാറ്റം നമ്മളെ ബാധിച്ചിട്ടുണ്ട്. നമ്മുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുണ്ടായത് 2018ലാണ്- 4726 എണ്ണം. യുണൈറ്റഡ് നേഷന്‍സിന് വേണ്ടി നടത്തിയ പഠനത്തില്‍ കണ്ട ചില കാര്യങ്ങളുണ്ട്. 20 വര്‍ഷം എടുത്തുനോക്കുമ്പോള്‍ ഭൂവിനിയോഗത്തില്‍ മാറ്റം നടന്ന സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടല്‍ കൂടുതലും നടന്നത് . ഇതില്‍ ഏകദേശം 800 ഉരുള്‍ പൊട്ടലുകള്‍ വനത്തിലാണ് സംഭവിച്ചത് . ഇതേ സമയം തന്നെ, കേരളത്തില്‍ നടക്കുന്ന അനിയന്ത്രിതമായ ക്വാറിയിങ്ങും  അശാസ്ത്രീയമായ നിര്‍മ്മാണവും കൃഷി രീതികളുമെല്ലാം തിരിച്ചടിക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രളയത്തില്‍ നിന്ന് ഒരുപരിധിവരെ പിടിച്ചുനിര്‍ത്താവുന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. മനിലയിലെ ലോക നെല്ല് ഗവേഷണകേന്ദ്രത്തിന്റെ പഠനങ്ങള്‍ താപനിലയിലെ വ്യത്യാസം നെല്‍കൃഷിയെ സാരമായി ബാധിക്കും എന്ന് പറയുന്നുണ്ടെങ്കിലും, കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. കൃഷിയിടങ്ങളുടെ വിസ്തൃതി കുറയുന്നുണ്ടെങ്കിലും ഉത്പാദനക്ഷമത കൂടുന്നതായി കാണാന്‍ കഴിയും. അതുകൊണ്ട് നമ്മുടെ നെല്ല് ഉത്പാദനത്തെ ബാധിക്കുന്നത് കാലാവസ്ഥ വ്യതിയാനം ആണോ അതോ മറ്റ് ഘടകങ്ങള്‍ ആണോ എന്ന് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. കേരളത്തെ സംബന്ധിച്ച് ഒന്നാം വിള കൃഷിയില്‍ പലപ്പോഴും ജലം അധികമാകുന്നതാണ് കൂടുതല്‍ പ്രശ്നമുണ്ടാകുന്നത്. രണ്ടാം വിള കൃഷിയില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം ആണ് പ്രശ്നം.

110 ഇനങ്ങളില്‍പ്പെട്ട പക്ഷികളില്‍ 58% ത്തിലും താപനിലയില്‍ വന്ന മാറ്റത്തിനനുസരിച്ച് കൊക്കിന്റെ വലിപ്പത്തിനു വ്യത്യാസം വന്നിരുന്നു. 

bird
ഫോട്ടോ : വി. എസ് ഷൈൻ

മനുഷ്യര്‍ മാത്രമല്ല ജന്തുജാലങ്ങളുടെ നിലനില്‍പ്പും അപകടത്തില്‍

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ജീവികളുടെ വംശനാശത്തിനും പരിണാമത്തിനും കാരണമാകാം. കാട്ടുതീ, കൊടുങ്കാറ്റ,് അഗ്നിപര്‍വ്വതസ്ഫോടനം തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ വിവിധ ജീവജാലങ്ങളുടെ രൂപഘടനയില്‍ വ്യത്യാസം വരുന്നു. പക്ഷികളുടെ കൊക്കുകളും സസ്തനികളുടെ ചെവികളും പോലുള്ള അവയവങ്ങള്‍ ശരീരത്തിലെ അധിക ചൂട് നിയന്ത്രിക്കാന്‍ സഹായിക്കാറുണ്ട്. ചൂട് കാലാവസ്ഥയില്‍ ജീവിക്കുന്ന മൃഗങ്ങളില്‍ ഇത്തരം അവയങ്ങളുടെ വലുപ്പം താരതമ്യേന കൂടുതലാണ്. ശരീരത്തിന്റെ ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും തമ്മിലുള്ള അനുപാതം തണുത്ത കാലാവസ്ഥയിലെ ജീവജാലങ്ങളില്‍ കുറവും ചൂട് കാലാവസ്ഥയിലെ ജീവികളില്‍ കൂടുതലും ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലാവസ്ഥയിലെ താപനില കൂടുന്നതിനനുസരിച്ചു ഇത്തരം അവയവങ്ങളുടെ വലിപ്പവും വര്‍ധിക്കുന്നുണ്ട്. 30 തരം ജീവജാലങ്ങളില്‍ ഈയിടെ നടത്തിയ പഠനങ്ങള്‍ ഇത് ശരിയാണെന്നു തെളിയിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തോടുള്ള പ്രതികരണമായി കൊക്കിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതായി കാണിക്കുന്ന ഒരു സ്പീഷീസാണ് റെഡ് റമ്പ്ഡ് പാരറ്റ്(red-rumped parrot). പക്ഷികളുടെ കാര്യമെടുക്കുകയാണെങ്കില്‍, പഠനവിധേയമാക്കിയ 110 ഇനങ്ങളില്‍പ്പെട്ട പക്ഷികളില്‍ 58% ത്തിലും താപനിലയില്‍ വന്ന മാറ്റത്തിനനുസരിച്ച് കൊക്കിന്റെ വലിപ്പത്തിനു വ്യത്യാസം വന്നിരുന്നു. സസ്തനികളിലാവട്ടെ, കാലാവസ്ഥാ വ്യതിയാനം മൊത്തത്തിലുള്ള ശരീരവലുപ്പത്തില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം ചെവി, വാല്‍, കാല്‍, ചിറക് എന്നിവയുടെ വലുപ്പത്തിലും വര്‍ധനവ് ഉണ്ടാക്കുന്നു. പക്ഷികള്‍, ചെറിയ ഇനം സസ്തനികള്‍ തുടങ്ങിയവയിലാണ് ഇത്തരം മാറ്റങ്ങള്‍ കാണപ്പെട്ടിട്ടുള്ളത്.

Arabian Sea
Photo : AP

കാലാവസ്ഥാ വ്യതയാനം കൂടുതലും ബാധിക്കുക ഏഷ്യന്‍ രാജ്യങ്ങളെ

1950 ന് ശേഷം കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് ശക്തിയേറുകയാണ്. മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ ഉണ്ടായ മാറ്റമാണ് കാലാവസ്ഥ വ്യതിയാനത്തിന് പ്രധാനകാരണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ലോകജനത തയ്യാറെടുക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെയും ലോക കാലാവസ്ഥ സംഘടനയുടെയും സംയുക്ത സംരംഭമായ ഐ പി സി സി അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്തിലെ 85 ശതമാനം  ശതമാനം ആളുകളെയും കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷങ്ങള്‍ ബാധിച്ചു തുടങ്ങിയെന്ന പഠന റിപ്പോര്‍ട്ട് (ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ റിപ്പോര്‍ട്ട് )അടുത്തിടെയാണ് പുറത്തു വന്നത്. 1951 നും 2018 നും ഇടയില്‍ പ്രസിദ്ധീകരിച്ച കാലാവസ്ഥാപഠനങ്ങളാണ് ഇതിനായി ഐ പി സി സി വിശകലനം ചെയ്തത്.

arabian sea rain30 വര്‍ഷത്തിനകം 300 മീറ്ററിലധികം തീരപ്രദേശം നഷ്ടമാകാന്‍ സാധ്യത.

                    ഭൂമധ്യരേഖയ്ക്ക് അടുത്തു കിടക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിളാകും കാലാവസ്ഥാ വ്യതയാനത്തിന്റെ ക്ലേശങ്ങള്‍ കൂടുതലും ഉണ്ടാവുക. വെള്ളപ്പൊക്കം, ജലക്ഷാമം, പേമാരി, കൊടുംവരള്‍ച്ച, ചൂടുകാറ്റ് പലായനം തുടങ്ങി വിവിധ പ്രശ്നങ്ങള്‍ ബാധിക്കുക കേരളത്തിലേതു പോലുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയാകും. ഒന്നില്‍ കൂടുതല്‍ തീവ്രകാലാവസ്ഥകള്‍ ഒന്നിച്ചുണ്ടാകുന്ന സ്ഥിതിവിശേഷവും കൂടി വരികയാണ്. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ആഗോള ശരാശരി താപനില വ്യവസായവിപ്ലവത്തിന് മുന്‍പുള്ള താപനിലയില്‍ നിന്നും 1.5  ന് അപ്പുറത്തേക്ക് ഉയര്‍ന്നേക്കാമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. വരും ദശകങ്ങളില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളുന്നതില്‍ ഗണ്യമായ കുറവ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ താപനില 2 ന് അപ്പുറം കടന്നേക്കാം. അത്യന്തം ആശങ്കാജനകമായ സ്ഥിതി വിശേഷമാണിത്. ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ച, കാട്ടുതീ, കൊടുങ്കാറ്റ്, പേമാരി, വെള്ളപ്പൊക്കം എന്നിങ്ങനെയുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ മനുഷ്യന്റെ മൊത്തത്തിലുള്ള നിലനില്പ്പിനെ ബാധിച്ചേക്കുമെന്ന് സാരം. കാര്‍ബണ്‍ ഡയോക്സൈഡ് , മീഥേന്‍ നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ  അളവ് കുത്തനെ കൂടുന്നത് അന്തരീക്ഷത്തിന്റെ ശരാശരി താപനില ഉയരാന്‍ ഇടയാക്കുന്നുവെന്നത് ഇന്ന് എല്ലാവരും അംഗീകരിച്ച ശാസ്ത്രവസ്തുതയാണ്. അന്തരീക്ഷത്തിന്റെ ശരാശരി താപനിലയില്‍ ഇങ്ങനെ ഒരു പരിധിയില്‍ കവിഞ്ഞുണ്ടാകുന്ന വര്‍ദ്ധനവ് കാലാവസ്ഥയിലും അതുവഴി ആവാസവ്യവസ്ഥകളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്.

Seaഓരോ മില്ലിമീറ്റര്‍ കടല്‍നിരപ്പ് ഉയര്‍ന്നാല്‍ ഏകദേശം ഒന്നര മീറ്റര്‍ കടല്‍തീരം നഷ്ടമാകും.

ലോകമെമ്പാടും അതിവര്‍ഷങ്ങള്‍, വരള്‍ച്ചകള്‍, ചുഴലിക്കാറ്റുകള്‍, ഉഷ്ണതരംഗങ്ങള്‍ തുടങ്ങിയ കടുത്ത കാലാവസ്ഥാനുഭവങ്ങളുടെ തീവ്രതയും ആവൃത്തിയും കൂടിവരുന്നതിന് മനുഷ്യ ഇടപെടലുകളുടെ സ്വാധീനം വ്യകാതമാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള താപനത്തിന്റെ ഭാഗമായി സമുദ്രത്തിന്റെ ചൂട് വര്‍ധിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ലോകമെമ്പാടും പണ്ട് പ്രതിവര്‍ഷം 1.5 മിമി നിരക്കിലാണ് കടല്‍നിരപ്പ് ഉയര്‍ന്നിരുന്നത്. പിന്നീട് അത് മൂന്ന് മുതല്‍ നാല്  മില്ലിമീറ്റര്‍ വരെയായി. കാരണം അത്രത്തോളം വേഗത്തിലാണ് ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുന്നത്. ഓരോ മില്ലിമീറ്റര്‍ കടല്‍നിരപ്പ് ഉയര്‍ന്നാല്‍ ഏകദേശം ഒന്നര മീറ്റര്‍ കടല്‍ത്തീരം നഷ്ടമാകും. 30 വര്‍ഷത്തിനകം 300 മീറ്ററിലധികം തീരപ്രദേശങ്ങള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്. അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനംമൂലം കടലില്‍ അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദ്ദവും അതുണ്ടാക്കുന്ന ചുഴലി കൊടുങ്കാറ്റും പേമാരിയും വലിയ ഭീഷണിയാകും.

arctic ice
ആഗോളതാപനത്തെ തുടർന്ന് മഞ്ഞുപാളികൾ തകർന്ന നിലയിൽ | AP

ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്

ഭൂമിയില്‍ മനുഷ്യന്റെ പ്രവൃത്തികള്‍ കാരണം ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ മൂലം 1850-1900 കാലത്തെ അപേക്ഷിച്ച് ശരാശരി ആഗോള താപനിലയിലുണ്ടായ വര്‍ദ്ധനവ് ഏകദേശം 1.1°C ആണ് എന്നാണ് ഐപിസിസി പറയുന്നത്. ഭൂമിയില്‍ മനുഷ്യന്റെ പ്രവ്ൃത്തികള്‍ കാരണം ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ ആണ് ഈ പ്രതിസന്ധി രൂക്ഷമാക്കുന്നത്. അടുത്ത 20 വര്‍ഷങ്ങളില്‍ ആഗോള താപനില 1.5ത്ഥഇ ല്‍ കൂടുതല്‍ ഉയര്‍ന്നേക്കാം. അതേസമയം ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കാനുള്ള സത്വര നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ താപനിലയിലെ വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിലെന്നല്ല 2 ഡിഗ്രി സെല്‍ഷ്യസിനകത്ത് പിടിച്ചു നിര്‍ത്തുന്നത് പോലും അസാധ്യമാകും.കഴിഞ്ഞ രണ്ടു ദശലക്ഷം വര്‍ഷങ്ങളില്‍ അന്തരീക്ഷത്തില്‍ മീഥൈന്‍, നൈട്രജന്‍ ഡൈ ഓക്സൈഡ് എന്നിവയുടെ സാന്ദ്രത ഏറ്റവും കൂടിയിരുന്നത് 2019 ല്‍ ആയിരുന്നു.  കഴിഞ്ഞ 800,000 വര്‍ഷങ്ങള്‍ക്കിടയില്‍ മീഥൈന്‍, നൈഡ്രജന്‍ ഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ സാന്ദ്രത ഏറ്റവും കൂടിയതും ആ വര്‍ഷമായിരുന്നു. ആഗോളതാപനം ആര്‍ട്ടിക് സമുദ്രത്തിലെ ഹിമപ്രദേശത്തിന്റെ വിസ്തൃതി കുറയാനും ആഗോളതലത്തില്‍ സമുദ്രനിരപ്പ് ഉയര്‍ത്താനും ഇടയാക്കുന്നുണ്ട്. 1850 തൊട്ടിങ്ങോട്ട് നോക്കിയാല്‍ കഴിഞ്ഞ ദശകത്തിലാണ് ആര്‍ട്ടിക് സമുദ്രത്തിലെ ഹിമപാളികള്‍ ഏറ്റവും ചുരുങ്ങിയത്. കഴിഞ്ഞ 3000 വര്‍ഷങ്ങളില്‍ സമുദ്രനിരപ്പ് ഏറ്റവും ഉയര്‍ന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ഈ റിപ്പോര്‍ട്ടിലെ ഏറ്റവും ആശങ്കാജനകമായ നിഗമനങ്ങളിലൊന്നാണിത്. അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ (NOAA) പറയുന്നത് 2020 താപനില ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വര്‍ഷമായിരുന്നു എന്നാണ്. ഏറ്റവും ചൂട് അനുഭവപ്പെട്ടത് അതിന് നാല് വര്‍ഷം മുന്‍പ് 2016 ല്‍ ആയിരുന്നു. ഉഷ്ണമേഖലാ പസഫിക്കില്‍ 'ലാ നിന' (സാധാരണനിലയില്‍ ആഗോളതാപനിലയില്‍ കുറവുണ്ടാക്കുന്ന ഒരു സ്വാഭാവിക പ്രകൃതി പ്രതിഭാസമാണ് 'ലാ നിന')യുടെ സാന്നിധ്യമുണ്ടായിട്ടും ഏറ്റവും ചൂട് കൂടിയ വര്‍ഷങ്ങളിലൊന്നായി 2020 മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവലംബം: 
Shape-shifting: changing animal morphologies as a response to climatic warming: Trends in Ecology & Evolution (cell.com)

https://luca.co.in/ipcc-warnings-part-1/

https://climate.nasa.gov/effects/