കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, ഓസോണ്‍, നീരാവി മുതലായവയാണ് പ്രകൃതിദത്ത ഹരിതഗൃഹ വാതകങ്ങള്‍. മനുഷ്യനിര്‍മ്മിത ഹരിതഗൃഹ വാതകങ്ങളാണ് കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയവ. മാനുഷിക പ്രവര്‍ത്തനങ്ങള്‍ മൂലം ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷം പെട്ടന്ന് ചൂടാവാന്‍ തുടങ്ങുന്നു. ഇതിനെ ഗ്രീന്‍ ഹൗസ് എഫക്റ്റ് എന്ന് വിളിക്കുന്നു.

പ്രകൃതിദത്ത ഹരിതഗൃഹ വാതകങ്ങള്‍ മൂലം ഭൂമി പതുക്കെയാണ് ചൂടാവുന്നത്. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം മുതലായവ മൂലം കാര്‍ബണ്‍ ഡൈഓക്സൈഡ് അധികമായി അന്തരീക്ഷത്തില്‍ എത്തുന്നു. കന്നുകാലികളുടെ വിസര്‍ജ്യ വസ്തുക്കളില്‍നിന്ന് മീഥേന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ വഴിയും കാട്ടുതീ വഴിയും ഹരിതഗൃഹ വാതകങ്ങള്‍ അധികമായി അന്തരീക്ഷത്തില്‍ എത്തുന്നു.

ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം മൂലം കാര്‍ബണ്‍ ഡൈഓക്സൈഡ് അധികമായി അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ അത് ആഗോളതാപനത്തിന് കാരണമാകുന്നു എന്ന് 1896-ല്‍ സ്വാംതെ അരിയന്യുസ് പ്രവചിച്ചു. മാത്രമല്ല കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് ഇരട്ടിയാകുമ്പോള്‍ അത് ഭൂമിയുടെ താപനില രണ്ട് തൊട്ട് ആറു ഡിഗ്രി സെന്റി ഗ്രേഡ് വരെ ഉയരുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

climate change
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.

ഹരിതഗൃഹ വാതകങ്ങളുടെ ഇപ്പോഴത്തെ ഭൂമിയുടെ അന്തരീക്ഷത്തിലുള്ള അളവ് 470-480 പി.പി.എം. ആണ്. തല്‍ഫലമായി ഭൂമി ഈ നൂറ്റാണ്ടില്‍ 1.4 തൊട്ട് 5.8 ഡിഗ്രി സെന്റി ഗ്രേഡ് വരെ ചൂടാവും. മനുഷ്യാധിപത്യമുള്ള ഈ കാലഘട്ടത്തെ 2002-ല്‍ ഡച്ച് ശാസ്ത്രജ്ഞന്‍ പോള്‍ ക്രൂറ്റ്സണ്‍ വിളിച്ചത് ആന്ത്രോപൊസീന്‍(Anthropo-cene) എന്നാണ്. ഹൊളോസിന്‍ (Holocene- ഇപ്പോള്‍ ഉള്ള ജിയോളജിക്കല്‍ സമയമാണ് ഹൊളോസിന്‍) കാലഘട്ടത്തിന്റെ അനുബന്ധമാണ് ആന്ത്രോപൊസീന്‍.

കാലാവസ്ഥാ വ്യതിയാനവും വന നശീകരണവും

കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന താപനിലയുടേയും ജലക്ഷാമത്തിന്റെയും ഫലമായി ലോകത്താകമാനം 1997-നു ശേഷം ഒരു കോടി ഹെക്ടര്‍ പ്രദേശത്തുള്ള വിവിധ തരത്തിലുള്ള വനങ്ങളിലെ നിരവധി മരങ്ങള്‍ നശിക്കുകയുണ്ടായി. തീവ്രമായ എല്‍ നിനൊ സൃഷ്ടിക്കുന്ന വരള്‍ച്ച മൂലം 1982, 1983, 1997, 1998 കാലഘട്ടങ്ങളില്‍ മലേഷ്യയിലേയും ഇന്തോനേഷ്യയിലെ ബോര്‍ണിയോയിലേയും ട്രോപ്പിക്കല്‍ വനങ്ങള്‍ നശിച്ചു.

തീവ്രമായ വരള്‍ച്ച മൂലം ഇന്ത്യയുടെ വടക്ക് പടിഞ്ഞാറും തെക്ക് പടിഞ്ഞാറുമുള്ള പ്രദേശങ്ങളിലെ ട്രോപ്പിക്കല്‍ വനങ്ങളിലെ മരങ്ങള്‍ നശിച്ചിട്ടുണ്ട്. വരള്‍ച്ച മൂലം മധ്യ-കിഴക്കന്‍ ചൈനയിലെ അഞ്ച് ലക്ഷം ഹെക്ടര്‍ പ്രദേശത്തെ ചൈനീസ് റെഡ് പൈന്‍ മരങ്ങള്‍ (Pinus tabulaeformia) നശിച്ചിട്ടുണ്ട്. കൂടാതെ തെക്ക്-പടിഞ്ഞാറന്‍ ചൈനയിലെ, വലിയൊരു പ്രദേശത്തെ യുന്നാന്‍ പൈന്‍ മരങ്ങളും (Pinus yunnanensis) വരള്‍ച്ച മൂലം നശിച്ചിട്ടുണ്ട്.

റഷ്യന്‍ ഫെഡറല്‍ ഫോറസ്റ്റ് ഏജന്‍സി നടത്തിയ മാപ്പിങ്ങിന്റെ ഫലം സൂചിപ്പിക്കുന്നത്, റഷ്യയിലെ 33.8 കോടി ഹെക്ടര്‍ പ്രദേശത്തെ വനങ്ങള്‍ കുറഞ്ഞ ഭീഷണി നേരിടുന്നവയും 26 കോടി ഹെക്ടര്‍ പ്രദേശത്തെ വനങ്ങള്‍ ഇടത്തരം ഭീഷണി നേരിടുന്നവയും 7.6 കോടി ഹെക്ടര്‍ പ്രദേശങ്ങളിലെ വനങ്ങള്‍ വലിയ ഭീഷണി നേരിടുന്നവയും ആണെന്നാണ്. ആഫ്രിക്ക, ആസ്ട്രേലിയ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ വലിയ പ്രദേശങ്ങളിലെ വനങ്ങള്‍ കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ചിട്ടുണ്ട്.

global warming climate change
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.

മക്ഡൊവല്ലിന്റെയും(2008) മറ്റും അഭിപ്രായത്തില്‍ വരള്‍ച്ച മൂലം വനങ്ങള്‍ നശിക്കുന്നത് മൂന്നു വിധത്തിലാണ്. (1). തീവ്രമായ വരള്‍ച്ച മൂലം ഖരവ്യൂഹ(xylem)ത്തില്‍ സുഷിരങ്ങള്‍ വീഴുന്നതിനാല്‍ സസ്യങ്ങള്‍ നശിക്കുന്നു(ജലത്തെ വഹിച്ചു കൊണ്ടുപോകുന്ന സസ്യങ്ങളിലെ കലകളാണ് xylem). (2). ജലക്ഷാമം മൂലം ചയാപചയ പ്രക്രിയ (Metabolism) കുറയുന്നതിനാല്‍ സസ്യങ്ങളില്‍ കാര്‍ബണ്‍ ക്ഷാമം അനുഭവപ്പെടുകയും സസ്യങ്ങളെ നശിപ്പിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്നത് മൂലം മരങ്ങള്‍ നശിക്കുന്നു. (3). ചൂട് കൂടുമ്പോള്‍ കീടങ്ങളുടെയും ഫംഗസുകളുടെയും എണ്ണം വര്‍ധിക്കുന്നു. ഇവ പ്രധിരോധശേഷി കുറഞ്ഞ മരങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്നു.

സസ്യങ്ങളിലെ ഇലകളിലും തണ്ടിലും ഉള്ള സുഷിരങ്ങള്‍(Stomata) വരള്‍ച്ചയോട് പ്രതികരിക്കുന്നത് രണ്ടു വിധത്തിലാണ്. (1). വരള്‍ച്ചയെ ത്യജിച്ചുകൊണ്ട് (Isohydry). ഒരു പരിധി കഴിയുമ്പോള്‍ ജലം ബാഷ്പമായി പോകുന്നത് തടയുന്നതിന് വേണ്ടി സസ്യങ്ങളിലെ സുഷിരങ്ങള്‍ അടയുന്നതാണ് Isohydry. (2). വരള്‍ച്ചയെ സഹിച്ചുകൊണ്ട് (Anisohydry). ജലം ബാഷ്പമായി പോകുന്നത് തടയാന്‍  വേണ്ടി സസ്യങ്ങളിലെ സുഷിരങ്ങള്‍ വലിയ തോതില്‍ അടയാതിരിക്കുന്നതാണ് Anisohydry. ഇതുമൂലം ജലബാഷ്പീകരണം താരതമ്യേന കൂടിയ നിരക്കില്‍ തുടരുന്നു. Isohydry, xylem-ത്തില്‍ സുഷിരങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. ഇതുമൂലം സുഷിരങ്ങള്‍ അടയുന്നതിനാല്‍ പ്രകാശസംശ്ളേഷണം നടക്കാത്തത് കൊണ്ട് കാര്‍ബണ്‍ ക്ഷാമം ഉണ്ടാകുന്നു.

ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍

വന ആവാസവ്യവസ്ഥകളെല്ലാം മനുഷ്യരുടെ ഉപയോഗത്തിനുവേണ്ടി വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഹരിതഗൃഹ വാതകങ്ങളുടെ കൂടിക്കൊണ്ടിരിക്കുന്ന പ്രസരണം മൂലം ലോക ശരാശരി  താപനില 1970-ന് ശേഷം 0.5 ഡിഗ്രി സെന്റി ഗ്രേഡ് ഉയരുകയും ലോക ജലചക്രത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ഉണ്ടായി. ഏതൊക്കെ രീതിയില്‍ പരിപാലിച്ചാലും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ലോക ശരാശരി താപനില 2-4 ഡിഗ്രി സെന്റി ഗ്രേഡ് വരെ ഉയരുകയും ചില പ്രദേശങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യും. കൂടാതെ ക്ഷാമത്തിന്റെയും ഉഷ്ണതരംഗങ്ങളുടെയും ആവര്‍ത്തനം കൂടുകയും ചെയ്യും.

മരങ്ങള്‍ നശിക്കുന്നത് മൂലം മരങ്ങള്‍വെച്ച് പിടിപ്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. വനനശീകരണം മൂലം താഴെയുള്ള സസ്യലതാദികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു, ഇത് മനുഷ്യനിര്‍മ്മിതമായ പുതിയ ആവാസവ്യവസ്ഥ ഉണ്ടാകാന്‍ കാരണമാകുന്നു. തുടര്‍ന്ന് ഇത് കാട്ടിലെ പ്രധാന ആവാസവ്യവസ്ഥയായി മാറുന്നു. വനനശീകരണം സൗരോര്‍ജ പ്രവാഹം ഭൂമിയില്‍ എത്തുന്നതിന്റെയും അന്തരീക്ഷത്തിലേക്ക് തിരിച്ചു പ്രതിഫലിക്കുന്നതിന്റെയും നിരക്കില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.

ജലാശയങ്ങളില്‍നിന്നുള്ള ബാഷ്പീകരണത്തിന്റെ നിരക്ക് കൂടുകയും ഇലകളില്‍നിന്ന് ജലം ആവിയായി പോകുന്നതിന്റെ നിരക്ക് കുറയുകയും ചെയ്യുന്നതിനാല്‍ ആവാസവ്യവസ്ഥയിലെ ജല ബജറ്റില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ മാറ്റങ്ങള്‍ മനുഷ്യ സമൂഹത്തിനുമേല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. വലിയ തോതിലുള്ള വനനശീകരണം പ്രാദേശിക തലത്തിലും ആഗോള തലത്തിലുമുള്ള കാര്‍ബണ്‍ ബജറ്റില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ സംഭരിക്കപ്പെട്ടിരിക്കുന്നത് വനങ്ങളിലാണ്. വനനശീകരണം സംഭരിക്കപ്പെട്ടിരിക്കുന്ന ഈ വലിയ അളവിലുള്ള കാര്‍ബണിനെ അന്തരീക്ഷത്തിലേക്കുതന്നെ തിരിച്ചയക്കുന്നു. ചുരുക്കത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വനനശീകരണം ആഗോള കാര്‍ബണ്‍ ബജറ്റ് കൂടുന്നതിന് കാരണമാകുന്നു.

താപനിലയില്‍ വ്യത്യാസമുണ്ടാകുമ്പോള്‍ ജീവജാലങ്ങളുടെ പ്രവര്‍ത്തനങ്ങളും ചയാപചയ പ്രക്രിയകളും മാറുന്നു. അതുകൊണ്ടുതന്നെ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന താപവ്യത്യാസം സസ്യങ്ങളുടെയും പരാഗണകാരികളുടേയും കാലിക പ്രക്രിയകളെ ബാധിക്കുന്നു. സസ്യങ്ങളുടെ പുഷ്പിക്കല്‍ സമശീതോഷ്ണ മേഖലയിലെ വസന്ത കാലത്തിന്റെ വരവിനെ കുറിക്കുന്നു. എന്നാല്‍ കഴിഞ്ഞ 20-50 വര്‍ഷക്കാലമായി, താപനിലയിലുള്ള വ്യത്യാസം കാരണം സസ്യങ്ങള്‍ നേരത്തെ പുഷ്പിക്കുന്നു.

Climate Change
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.

പ്രാണികള്‍ മൂലം പരാഗണം നടക്കുന്ന സസ്യങ്ങള്‍, കാറ്റ് മൂലം പരാഗണം നടക്കുന്ന സസ്യങ്ങളേക്കാള്‍ കൂടുതല്‍ ശക്തമായി കാലാവസ്ഥാ വ്യതിയാനത്തോട് പ്രതികരിക്കുന്നു. സസ്യങ്ങളുടെ പുഷ്പിക്കല്‍ താപനില കൂടുന്നതിനോട് പ്രതികരിക്കുന്നത് രേഖീയമായാണ്. സസ്യങ്ങളുടെ പുഷ്പിക്കലിനെ ബാധിക്കുന്ന മറ്റു ഘടകങ്ങള്‍, രാത്രിയുടേയും പകലിന്റെയും നീളം, മഴ, മണ്ണിന്റെ ഈര്‍പ്പം, മഞ്ഞുരുകല്‍ മുതലായവയാണ്. മിക്ക പരാഗണകാരികളും പ്രാണികളാണ്. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം പ്രാണികളുടെ ജീവിതചക്രത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഇത് സസ്യങ്ങളുടെ പുഷ്പിക്കലിനെയും ബാധിക്കുന്നു. യൂറോപ്യന്‍ മേഖലകളില്‍ പൂമ്പാറ്റകളുടെ ആദ്യത്തെ പ്രത്യക്ഷപ്പെടല്‍ താപനിലയുമായി ബന്ധപ്പെട്ട് കിടക്കുന്നു.  ഇത് സസ്യങ്ങളിലെ പരാഗണത്തെയും സ്വാധീനിക്കുന്നു. തേനീച്ചകളുടെ ആദ്യത്തെ പ്രത്യക്ഷപ്പെടലും വസന്തകാലത്തെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

വന സംരക്ഷണത്തിന്റെ ആവശ്യകത

ആഗോളമാറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ പരിസ്ഥിതിയുടെ രണ്ടു പ്രധാനപ്പെട്ട വെല്ലുവിളികളാണ് കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ നഷ്ടവും. ഈ രണ്ടു ഘടകങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം വളരെ  ശക്തമാണെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തെ ഒരു കാരണമായും ജൈവവൈവിധ്യ നഷ്ടത്തെ അതിന്റെ പരിണിതഫലവുമായാണ് കണക്കാക്കുന്നത്.

വനങ്ങള്‍, തീരപ്രദേശങ്ങള്‍, ചതുപ്പുനിലങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ നല്ല രീതിയില്‍ പരിപാലിക്കുക, ജൈവവൈവിധ്യത്തെ സംരക്ഷിക്കുക, അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണിനെ നീക്കം ചെയ്യുക തുടങ്ങിയ പല പ്രയോജനങ്ങളെയും സമൂഹത്തിനു പ്രദാനം ചെയ്യുന്നു. 2021 മുതല്‍ 2030 വരെയുള്ള കാലഘട്ടത്തെ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിന്റെ ദശാബ്ദമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവജാതികളാല്‍ സമ്പുഷ്ടമായ വനങ്ങള്‍, ജീവജാതികള്‍ കുറവുള്ള വനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണിനെ അന്തരീക്ഷത്തില്‍നിന്ന് ആംഗീകരണം ചെയ്യുകയും കൂടുതല്‍ ഉല്‍പ്പാദനം നടത്തുകയും ചെയ്യുന്നു.

ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നത് പ്രത്യേകിച്ചും, മരങ്ങളെ സംരക്ഷിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ കുറക്കാന്‍ വളരെയധികം സഹായകമാണ്. ജൈവവൈവിധ്യത്തിന്റെ നഷ്ടം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെ കൂട്ടുക മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയെ സൃഷ്ടിക്കുകയും ചെയ്യുന്നു.

കാലാവസ്ഥാവ്യതിയാനത്തെ ലഘൂകരിക്കാനുള്ള നടപടികള്‍, ആഗോള വൃക്ഷ വൈവിധ്യത്തിലുണ്ടാകുന്ന നഷ്ടം കുറക്കാന്‍ സഹായിക്കും. വനങ്ങളിലെ ഉല്‍പ്പാദനത്തിലുണ്ടാകുന്ന നഷ്ടം കുറക്കുകയും ചെയ്യുന്നു. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ വനങ്ങളെ അപേക്ഷിച്ച് തണുപ്പുള്ളതും വരണ്ടതുമായ വനങ്ങളില്‍ വൃക്ഷവൈവിധ്യ സംരക്ഷണത്തിന്റെ ഫലമായുണ്ടാകുന്ന ജൈവവൈവിധ്യത്തെ ആശ്രയിച്ചുള്ള ഉല്‍പ്പാദനം കൂടുതലായിരിക്കും.

forest
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി

ആഗോളതാപനം മൂലം ധ്രുവങ്ങളിലേക്ക് ജീവികളുടെ പലായനം സംഭവിക്കുമെന്നതിനാല്‍, തണുത്ത പ്രദേശത്തുള്ള വനങ്ങളില്‍ ഭാവിയിലുണ്ടാകാന്‍ പോകുന്ന ചൂടുള്ള കാലാവസ്ഥയില്‍ ജീവികളുടെ എണ്ണം വര്‍ധിക്കും. എന്നാല്‍ ഒരു പ്രദേശത്തേക്ക് വ്യാപിക്കാനുള്ള ശേഷി വൃക്ഷങ്ങള്‍ക്ക് കുറവായതിനാല്‍, അവിടെ ജീവിക്കുന്ന ജീവികള്‍ക്ക്, മനുഷ്യനിര്‍മ്മിത താപനത്തിന്റെ കാലത്ത് അനുകൂല പരിസ്ഥിതിയെ പിന്തുടരാന്‍ പ്രയാസമായിരിക്കും.

കാലാവസ്ഥാ വ്യതിയാനത്തോട് വിവിധ വനങ്ങള്‍ പ്രതികരിക്കുന്നതു പല തരത്തിലാണെന്നതു പോലെ, ലോകത്തിലെ വിവിധ വനങ്ങളിലെ വൈവിധ്യം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ആഘാതങ്ങളും വ്യത്യസ്തമാണ്. ഉഷ്ണവനങ്ങളില്‍ ഒരു പ്രദേശത്തെ ജൈവവൈവിധ്യത്തെ ആശ്രയിച്ചു നടക്കുന്ന ഉല്‍പ്പാദനത്തിലുണ്ടാകുന്ന നഷ്ടം ചെറുതാണെങ്കിലും ആഗോള ഉല്‍പ്പാദന നഷ്ടത്തിലേക്ക് അവ നല്‍കുന്ന ആകെ സംഭാവന വളരെ വലുതാണ്. ജൈവോര്‍ജ്ജത്തിന്റെ ആവശ്യകത ഏറി വരുന്ന ഈ കാലഘട്ടത്തില്‍ കാലാവസ്ഥ വ്യതിയാനത്തെ ലഘൂകരിക്കുന്നതിനായി പ്രകൃതിയുടെ ഉപഭോഗത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടത്  അത്യാവശ്യമാണ്.

ഹരിതഗൃഹ വാതകങ്ങളുടെ പ്രസരണം കുറയ്ക്കാനുള്ള നടപടികള്‍ മിക്ക വനങ്ങളിലും വൃക്ഷവൈവിധ്യത്തിന് ആക്കം കൂട്ടുന്നു. മൊത്തത്തില്‍ കാലാവസ്ഥ വ്യതിയാനത്തെ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സസ്യ വൈവിധ്യത്തെയും പ്രാഥമിക ഉല്‍പാദനത്തെയും സംരക്ഷിക്കുന്നത് മൂലം  കാര്‍ബണിനെ കരയിലുള്ള   ആവാസവ്യവസ്ഥയില്‍ ഫലപ്രദമായി സംഭരിക്കാന്‍ കഴിയുന്നു

ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള  കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അധികപ്രസരണം മൂലം  ഒരു രാജ്യത്തു സംഭവിച്ചേക്കാം എന്നു പ്രതീക്ഷിക്കുന്ന പ്രാദേശികമായ കേടുപാടുകളെ  കണ്‍ട്രി ലെവല്‍ സോഷ്യല്‍ കോസ്റ്റ് കാര്‍ബണ്‍(CSCC) എന്ന് വിളിക്കുന്നു. CSSC കൂടുതലായ രാജ്യങ്ങളില്‍ സാമ്പത്തികനഷ്ടം ഒഴിവാക്കുന്നതിനുള്ള പ്രോത്സാഹനമാണ് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍. ജൈവവൈവിധ്യത്തെ  ആശ്രയിച്ച് നടക്കുന്ന വാര്‍ഷിക ഉല്‍പ്പാദനത്തെ സംരക്ഷിക്കുക വഴി കാലാവസ്ഥ വ്യതിയാനത്തെ ഗണ്യമായി കുറയ്ക്കാമെന്ന്  പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സസ്യ വൈവിധ്യവും ജന്തു വൈവിധ്യവും സൂഷ്മാണു വൈവിധ്യവുമുള്ള വനങ്ങള്‍ പുനഃസ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് കാലാവസ്ഥയെ സ്ഥിരപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നു ഹരിത ഗൃഹ വാതകങ്ങളുടെ പ്രസരണം കുറയ്ക്കുകയും പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം കൂട്ടുകയും വനങ്ങളെ സംരക്ഷിക്കുകയും ചെയ്താല്‍ കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി തടയാന്‍ സാധിക്കും.

References:

Allen CD, Macalady A K,  Chenchouni H, Bachelet D, McDowell N, Vennetier M, Kitzberger T, Rigling A, Breshears D D, Hogg E H T, Gonzales P, Fensham R, Zhang Z, Castro J, Demidova N, Lim J H, Allard G, Running S W, Semerci A and Cobb N (2009). A global overview of drought and heat-induced tree mortality reveals emerging climate change risks for forests. Forest Ecology and Management.

Mori A S et al (2021). Biodiversity-productivity relationships are key to nature-based climate solutions. Nature Climate Change

Palita S K (2016).  Climate change and its impact on biodiversity. Conference paper

Hegland S J et al (2009). How does climate warming affect plant pollinator interactions. Ecology Letters, 12, 184-195

(ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ബെംഗളൂരു ഓഫിസില്‍ ജിയോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: climate change and global warming