ന്യൂഡല്‍ഹി: കാലവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഒമ്പതുവയസ്സുകാരി ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു. ഉത്തരാഖണ്ഡില്‍നിന്നുള്ള റിധിമ പാണ്ഡെയാണ് ട്രിബ്യൂണലിന് പരാതി നല്‍കിയത്.

റിധിമയുടെ പരാതി സ്വീകരിച്ച ട്രിബ്യൂണല്‍ രണ്ടാഴ്ചയ്ക്കകം പ്രതികരണമാവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രാലയത്തിനും കേന്ദ്രമലിനീകരണനിയന്ത്രണ ബോര്‍ഡിനും നോട്ടീസയച്ചു. ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്.

മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് കാലാവസ്ഥാമാറ്റത്തിന്റെ ദോഷം കൂടുതലനുഭവിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നതും മഞ്ഞുപാളികള്‍ ഉരുകുന്നതും സമുദ്ര നിരപ്പ് ഉയരുന്നതും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതിനുമുന്‍പ് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കണക്കാക്കാന്‍ എല്ലാ അംഗീകൃതസ്ഥാപനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും പരാതിയിലുണ്ട്.