ലോസ് ആഞ്ചലീസ്: കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. വന്‍തോതിലുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കോടി രൂപ (21,000 കോടി ഡോളര്‍) യുടെ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. 

കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്ന രാജ്യം അമേരിക്കയാണ്. മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയും. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതില്‍ ഏറ്റവും മുന്നിലുള്ള ചൈന ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അന്തരീക്ഷ താപനില വര്‍ധിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയ്ക്കുന്നതായി പഠനസംഘത്തില്‍പ്പെട്ട കാതറിന്‍ റിക്കി പറയുന്നു.

അന്തരീക്ഷത്തില്‍ അധികരിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മൂലം ഉണ്ടാകുന്ന സാമൂഹ്യ, സാമ്പത്തിക നഷ്ടം (എസ്.എസ്.സി) മുന്‍നിര്‍ത്തിയാണ് പഠനം നടന്നത്. ഇതു പ്രകാരമാണ് ഇന്ത്യയുടെ പ്രതിവര്‍ഷ സാമ്പത്തിക നഷ്ടം 21,000 കോടി ഡോളര്‍ ആയി കണക്കാക്കിയിരിക്കുന്നത്. അമേരിക്കയ്ക്ക് ഇത് 25,000 കോടി ഡോളറാണ്. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാര്‍ഷിക വരുമാനം, രോഗങ്ങള്‍, അന്തരീക്ഷ താപനില മൂലം തൊഴിലാളികളുടെ ഉല്‍പാദന ക്ഷമതയിലുണ്ടാവുന്ന ഇടിവ്, തുടര്‍ച്ചയായ വെള്ളപ്പൊക്കം അടക്കമുള്ള കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പഠനത്തിലെ കണക്കുകള്‍. ഇരുനൂറോളം രാജ്യങ്ങളെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്.

Content Highlights: Carbon Dioxide Emission, climate change, social cost of carbon, pollution, global warming