ബ്രസീലിലെ ജൈവ-ധാതു സംരക്ഷിത മേഖലയായ റെന്‍കയ്ക്ക് ഭരണകൂടത്തിന്റെ തിരിച്ചടി.  വ്യവസായങ്ങള്‍ക്ക് ധാതു സമ്പത്ത് കുഴിച്ചെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ആമസോണിലെ പ്രശസ്ത സംരക്ഷിത മേഖലയായ റെന്‍ക ഭീഷണി നേരിടുന്നത്. 

ബ്രസീലിലെ അമൂല്യ ഹരിതവനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് റെന്‍ക. 46,000 ചതുരശ്ര കിലോമീറ്ററാണ് റെന്‍കയുടെ വിസ്തീര്‍ണം. ഡെന്‍മാര്‍ക്കിന്റെ വലിപ്പമുള്ള പ്രദേശമാണിത്. സ്വര്‍ണം, മാംഗനീസ്, ഇരുമ്പ്, ചെമ്പ് തുടങ്ങിയവയുടെ വലിയ നിക്ഷേപമുള്ള മേഖല. 

പുതിയ സര്‍ക്കാര്‍ ഉത്തരവോടെ റെന്‍ക സംരക്ഷിത മേഖലയല്ലാതായിരിക്കുന്നു. അതിനുള്ള ഉത്തരവ് ബ്രസീലിയന്‍ പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ പുറത്തിറക്കി. അതനുസരിച്ച് റെന്‍കയിലെ ധാതുസമ്പത്ത് ചൂഷണം ചെയ്യാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി ലഭിക്കും. ഇനി സ്വര്‍ണ്ണം, ചെമ്പ്, മാംഗനീസ്, ഇരുമ്പ് അയിര് എന്നിവ കുഴിച്ചെടുക്കാന്‍ അവര്‍ക്കു കഴിയും. 

renca
Photo: Fabio Nascimento/Greenpeace

 

ബ്രസീലിന് ഇപ്പോള്‍ സാമ്പത്തിക ഭാരം കൂടുതലായി അനുഭവിക്കേണ്ടി വരുന്നുവെന്നാണ് ബ്രസീല്‍ പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ പറയുന്നത്. അതുകൊണ്ടാണ് വിദേശരാജ്യങ്ങളിലെ കമ്പനികളെ ധാതു സമ്പത്ത് ചൂഷണം ചെയ്യാന്‍ അനുവദിക്കേണ്ടിവരുന്നത്. അതില്‍ നിന്ന് കിട്ടുന്ന വരുമാനം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തുമെന്നാണ് പ്രസിഡന്റിന്റെ നിലപാട്.

ഖനനം കൊണ്ട് എന്താണ് കുഴപ്പം? സാമ്പത്തിക നേട്ടമല്ലേ ബ്രസീലിന് കിട്ടുക? തന്നെ സന്ദര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തകരോട് പ്രസിഡന്റിന്റെ പ്രസിഡന്റിന്റെ ചോദ്യം ഇതാണ്.

റെന്‍കയുടെ ജൈവ വ്യവസ്ഥയെ ഖനനം പ്രതികൂലമായി ബാധിക്കുമെന്നാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന ഭീതി. ഖനനം തുടങ്ങിയാല്‍ വന്യജീവികളെയും വലിയ അപകടത്തിലാക്കും. ഖനനം ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക മൂല്യങ്ങള്‍ കീഴ്മേല്‍ മറിക്കുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു. ബ്രസീലിലെങ്ങും പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.