ട് വ്യവസായത്തിനായി കളിമണ്ണെടുത്ത വയലേലകള്‍ ചിലത് തരിശായും മറ്റുചിലത് വിശാലമായ വെള്ളക്കെട്ടുകളായും ഉപയോഗശൂന്യമായി കിടക്കുന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ഏക്കറുകളാണ് ഇത്തരത്തില്‍ വെറുതെ കിടക്കുന്നത്. വെള്ളക്കെട്ടുകളിലെ വെള്ളം വാര്‍ത്ത് കൃഷി ഇറക്കാനുള്ള ശ്രമങ്ങള്‍ അപ്രായോഗികമാണ്. അതിനാല്‍ ബോട്ടിങ് സവാരിപോലുള്ളവ തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുക, നിശ്ചിത മേഖലകള്‍ ഏറ്റെടുത്ത് മത്സ്യവളര്‍ത്തുകേന്ദ്രമായും നീന്തല്‍ക്കുളമായും മാറ്റുക തുടങ്ങിയ മാര്‍ഗങ്ങളാണ് പ്രശ്‌നപരിഹാരമായി തദ്ദേശസ്ഥാപനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ട് വെയ്ക്കുന്നത്.

ഒരുകാലത്ത് ഫറോക്ക് കേന്ദ്രമായി സജീവമായിരുന്ന ഓട് വ്യവസായത്തെ നിലനിര്‍ത്തിയിരുന്നത് ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നെത്തിയ കളിമണ്ണായിരുന്നു. കൃഷിയെക്കാള്‍ ലാഭകരമാണെന്ന് മനസ്സിലാക്കിയ കര്‍ഷകര്‍ സ്വമേധയാ മണ്ണ് വില്‍ക്കാന്‍ തയ്യാറായി. എന്നാല്‍, മണ്ണെടുത്ത് കുഴികളായി മാറിയ വയലുകള്‍ മറ്റൊരുതരത്തിലും ഉപയോഗിക്കാനാകാത്ത വിധം തരിശുനിലങ്ങളോ, കായലുകള്‍പോലെയുള്ള വെള്ളക്കെട്ടുകളോ ആയി കിടക്കുകയാണ്.

മാവൂര്‍, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഏക്കറുകളോളം പരന്നുകിടക്കുന്ന കായലുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വെള്ളക്കെട്ടുകള്‍ കാണാനാകും. ജില്ലയില്‍തന്നെ ഏറ്റവും മികച്ച രീതിയില്‍ നെല്‍കൃഷി നടന്നിരുന്ന ഒളവണ്ണ പഞ്ചായത്തില്‍ ഇന്ന് വയലേലകള്‍ ഗണ്യമായി കുറഞ്ഞു. ഇവിടെ വെള്ളക്കെട്ടുകള്‍ ഇല്ലെങ്കിലും പല വയലുകളിലും മണ്‍കുഴികളായി കിടക്കുന്നു. ചിലത് ചെമ്മണ്ണിട്ട് നികത്തി തോട്ടങ്ങളാക്കി മാറ്റിയിട്ടിട്ടുണ്ട്.

പെരുമണ്ണയില്‍ പണ്ടാറച്ചാലി, പുറ്റിയാക്കടവ്, വെള്ളായിക്കോട്, പാറമ്മല്‍ തുടങ്ങിയയിടങ്ങളില്‍ കളിമണ്ണെടുത്ത ഏക്കറുകളോളം ഭൂമി തരിശായി കിടക്കുകയാണ്. മഴക്കാലത്ത് ഇവ വെള്ളക്കുഴികളായി മാറും. ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് ഇവിടത്തെ തെക്കേപ്പാടം ചാലിയില്‍ 'നെല്ലും മീനും' എന്ന പേരില്‍ തുടങ്ങിയ പദ്ധതി മാതൃകാപരമാണ്. നെല്ല് നട്ട പാടത്ത്, മഴക്കാലത്ത് വെള്ളം സംഭരിച്ച് മീന്‍കുഞ്ഞുങ്ങളെ ഇറക്കുന്ന രീതിയാണ് അവലംബിക്കുന്നത്. മത്സ്യങ്ങള്‍ക്ക് നല്‍കുന്ന തീറ്റ നെല്ലിന് വളമാകുന്നുവെന്നതും സവിശേഷതയാണ്.

മാവൂര്‍, കണ്ണിപറമ്പ്, തെങ്ങിലക്കടവ്, കല്‍പ്പള്ളി പ്രദേശങ്ങളിലായി 200 ഏക്കറോളം വയലേലയിലാണ് വെള്ളംകെട്ടി നില്‍ക്കുന്നത്. നൂറോളംപേരുടെ ഉടമസ്ഥതയില്‍ ഉള്ളവയാണിത്. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പെട്ടിപ്പറ സംവിധാനത്തിലൂടെ വെള്ളം ഒഴുക്കി കൃഷിയിറക്കിയിരുന്നെങ്കിലും, പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം നിര്‍ത്തേണ്ടി വന്നതായി കുന്ദമംഗലം ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനായിരിക്കെ പദ്ധതിക്ക് നേതൃത്വം നല്‍കിയ സി.പി. ഗോപാലപ്പിള്ള പറഞ്ഞു.
 
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം വരെയുണ്ടായി. നിലവില്‍ കാര്യമായ വയല്‍കൃഷി നടക്കുന്നത് പള്ളിയോള്‍ ഭാഗത്ത് മാത്രമാണ്. വെള്ളക്കെട്ട് ഉള്ളിടത്ത് മാലിന്യങ്ങള്‍ ഇറക്കി, മണ്ണിട്ട് മൂടി പൂന്തോട്ടമാക്കി മാറ്റാമെന്ന ഒരു നിര്‍ദേശം വന്നിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധംമൂലം പിന്തിരിഞ്ഞു. വെള്ളം പൂര്‍ണമായും വറ്റിക്കുകയോ, ഒഴുക്കിവിടുകയോ ചെയ്യുന്നത് പ്രദേശത്ത് വരള്‍ച്ചയ്ക്ക് ഇടയാക്കുമെന്നും ഗോപാലപ്പിള്ള ചൂണ്ടിക്കാട്ടുന്നു. പി.ടി.എ. റഹീം എം.എല്‍.എ.യുടെ ഫണ്ട് ഉപയോഗിച്ച് മാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് താഴെയുള്ള വെള്ളക്കെട്ട് നീന്തല്‍ക്കുളമാക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ ഭാഗമായുള്ള റെഗുലേറ്റര്‍ ശരിയായി പ്രവര്‍ത്തിപ്പിച്ചാല്‍ പ്രദേശത്തെ വെള്ളക്കെട്ട് ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ് ചൂണ്ടിക്കാട്ടുന്നു. പദ്ധതി പൂര്‍ത്തിയാകാത്തതുകാരണവും കൃഷി ഭൂമികളില്‍ ചിലത് വെള്ളത്തിന് അടിയിലാണ്.

മേല്‍മണ്ണ് സൂക്ഷിച്ച് തിരികെയിടണം

കളിമണ്‍ ഖനനം നടത്തുന്നവര്‍, ഏറെ സവിശേഷതകളുള്ള മേല്‍മണ്ണ് മാറ്റിവെക്കണമെന്നാണ് നിയമം. ഖനനം കഴിഞ്ഞ പാടം ചെമ്മണ്ണിട്ട് നികത്തി, മുകളില്‍ മാറ്റിവെച്ച മണ്ണ് നിരത്തി വീണ്ടും പഴയതുപോലെ കൃഷിയിറക്കാന്‍ സഹായിക്കണമെന്നും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍, വളരെ കുറച്ച് സ്ഥാപനങ്ങളേ ഈ നിബന്ധന പാലിക്കുന്നുള്ളൂ.
 
ഈയൊരു രീതി പാലിക്കാന്‍ സ്ഥാപനങ്ങളും ഭൂവുടമകളും തയ്യാറായിരുന്നെങ്കില്‍ നല്ലൊരു ശതമാനം വയലുകളും വീണ്ടെടുക്കാനാകുമായിരുന്നു. നിശ്ചിത അടിയില്‍ ഖനനം നടത്തുന്നതിന് പാരിസ്ഥിതിക അനുമതി വേണ്ടെന്ന പുതിയ നിബന്ധന വീണ്ടും പരിസ്ഥിതി ചൂഷണത്തിന് വഴി തുറന്നേക്കാമെന്ന ആശങ്കയ്ക്കും വഴിവെയ്ക്കുന്നു. ഈ വര്‍ഷം ജില്ലയില്‍ ഒരു സ്ഥാപനത്തിനും ജിയോളജി വകുപ്പ് ഖനന അനുമതി നല്‍കിയിട്ടില്ല.

വിനോദസഞ്ചാര മേഖലയിലെ സാധ്യതകള്‍ തേടാം

ജൈവവൈവിധ്യങ്ങളുടെ സാന്നിധ്യവും വറ്റാത്ത വെള്ളവും അനുയോജ്യമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍, വെള്ളംകെട്ടിയ വയലുകളെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനാകും. മാവൂരിലെ വെള്ളംകെട്ടിയ പ്രദേശത്ത് പെഡല്‍ ബോട്ട് സവാരി തുടങ്ങിയാല്‍ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചെടുക്കാനാവുമെന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഉസ്മാന്‍ ചൂണ്ടിക്കാട്ടുന്നു.

പ്രകൃതിഭംഗിയും ഇരുവശങ്ങളിലും റോഡുകള്‍ ഉള്ളതും നഗരവുമായി എളുപ്പം ബന്ധിപ്പിക്കാനാകുമെന്നതും ടൂറിസംരംഗത്തെ സാധ്യത വര്‍ധിപ്പിക്കുന്നു. ലാഭവിഹിതം ഭൂവുടമകള്‍ക്ക് കൂടി നല്‍കാം.

റഹ്മാന്‍ ബസാറില്‍ ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വി.കെ.സി. മമ്മദ് കോയ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഭൂവുടമകളെ സംരംഭകരാക്കി സ്വകാര്യമേഖലയില്‍ വരുന്ന ടൂറിസം പദ്ധതിയിലൂടെ റഹ്മാന്‍ ബസാറിലെ തണ്ണീര്‍ത്തടത്തില്‍ ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെ രംഗത്തിറക്കും.

ഹൗസ് ബോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ തുടങ്ങും. തണ്ണീര്‍ത്തടത്തിന് ചുറ്റം മതില്‍കെട്ടി, സന്ദര്‍ശകര്‍ക്ക് ഇരിപ്പിടമൊരുക്കും. വലിയതോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി വി.കെ.സി. മമ്മദ് കോയ ചൂണ്ടിക്കാട്ടി. പ്രാരംഭഘട്ടമെന്ന നിലയില്‍ ഭൂവുടമകളുടെ യോഗങ്ങളും ഭൂമി അളന്നു തിട്ടപ്പെടുത്തലും നടക്കുന്നുണ്ട്. കൃഷിയോഗ്യമായ പശിമയുള്ള കളിമണ്ണ് നഷ്ടപ്പെട്ടെങ്കിലും അവശേഷിക്കുന്ന ഇടങ്ങളെ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷ നല്‍കുന്നതാണ് പദ്ധതി.
 
ജൈവ വൈവിധ്യങ്ങളുടെ ആവാസകേന്ദ്രം, വരള്‍ച്ച തടയുന്ന തണ്ണീര്‍ത്തടങ്ങള്‍

ഏക്കറുകളോളമുള്ള വയല്‍ഭൂമി കൃഷിയോഗ്യമല്ലാതായി എന്ന നഷ്ടം ഒഴിച്ചു നിര്‍ത്തിയാല്‍, പരിസരപ്രദേശങ്ങളിലെ വരള്‍ച്ച തടയുന്നതിനും ദേശാടനപ്പക്ഷികള്‍ക്കും കണ്ടലുകള്‍ അടക്കമുള്ള സസ്യവൈവിധ്യങ്ങള്‍ക്കും ആവാസ കേന്ദ്രം ഒരുക്കുന്നതിനും വെള്ളക്കെട്ടുകള്‍ സഹായകമാകുന്നു. കൊളത്തറ റഹ്മാന്‍ ബസാറിലെ തണ്ണീര്‍ത്തടവും മാവൂരിലെ വെള്ളക്കെട്ടും ഉദാഹരണങ്ങളാണ്. റഹ്മാന്‍ ബസാറിലെ മണ്‍കുഴിയെന്ന പേരില്‍ അറിയപ്പെടുന്ന വെള്ളക്കെട്ട് മേഖലയിലെ പ്രധാന ശുദ്ധജല സ്രോതസ്സാണ്. വിവാഹസത്കാരങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് വെള്ളം കൊണ്ടുപോകാറുണ്ട്. ഇവിടെ ധാരാളം കണ്ടലുകളും വളര്‍ന്നിട്ടുണ്ട്.

മാവൂരിലെ വെള്ളക്കെട്ട് പ്രദേശം ദേശാടനക്കിളികളുടെ കേന്ദ്രമാണ്. നീര്‍പക്ഷികളും ജലസസ്യങ്ങളും ധാരാളമായുണ്ട്. പരിസര പ്രദേശങ്ങളില്‍ വേനലില്‍പ്പോലും കിണറുകള്‍ വറ്റുന്നില്ലെന്നതും സവിശേഷതയാണ്. പ്രദേശം സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈയാവശ്യം പഞ്ചായത്ത് അധികൃതര്‍ ജൈവ വൈവിധ്യ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. വെള്ളക്കെട്ടുകളില്‍ മത്സ്യകൃഷി ഇറക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി (ബി.എം.സി.). 
 
ആദ്യപടിയായി പൈപ്പ് ലൈന്‍ റോഡിന്റെ തെക്കു പടിഞ്ഞാറായുള്ള മൂന്ന് ഏക്കറോളം വരുന്ന വെള്ളംകെട്ടിയ പ്രദേശത്താണ് മീന്‍വളര്‍ത്തല്‍ പരീക്ഷിക്കുന്നത്. ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കും. മത്സ്യകൃഷിയില്‍ പ്രാവീണ്യം നേടിയവരെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായം തേടും. വെള്ളക്കെട്ട് മേഖലയുടെയും പരിസരങ്ങളിലെയെും ജൈവ വൈവിധ്യം സംരക്ഷിച്ചുകൊണ്ടും ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയുമായിരിക്കും ഈ സംരംഭമെന്ന് ബി.എം.സി. അധ്യക്ഷ സി. മുനീറത്ത് പറഞ്ഞു.