ന്ത്യയില്‍ ഭൗമോപരിതല ഓസോണിന്റെ അളവ് പ്രതിവര്‍ഷം വര്‍ധിച്ചുവരുന്നതായി പഠനം. ഭൂമിയുടെ ജീവമണ്ഡലത്തിലുള്ള ഓസോണിന്റെ അളവ് കൂടി വരുന്നതായാണ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കി നടന്ന പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് മൂലം അന്തരീക്ഷത്തിലെ ഓക്‌സിജന്റെ ലഭ്യത കുറയുയും ശ്വാസകോശ പ്രശ്‌നങ്ങള്‍ അടക്കം ഗുരുതമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതായും കാര്‍ഷിക വിളകളുടെ ഉത്പാദനത്തെ ബാധിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. ഭൗമോപരിതലത്തില്‍ നിന്ന് 100 മീറ്റര്‍ വരെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ  (Tropospheric Ozone) സാന്നിധ്യമാണ് വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയത്. 

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഭൗതികശാസ്ത്ര അധ്യപകനും അന്തരീഷ ശാസ്ത്ര ഗവേഷകനുമായ ഡോ. നിഷാന്തും സംഘവുമാണ് പഠനം നടത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭൗമോപരിതലത്തിലെ ഓസോണിന്റേയും സ്ട്രാറ്റോസ്ഫറിക് ഓസോണിന്റേയും ദീര്‍ഘകാല വ്യതിയാനങ്ങളെ കുറിച്ചാണ് പഠനം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ കീഴിയുള്ള TOMS/AURA OMI ഉപഗ്രഹത്തില്‍ നിന്നുള്ള അടിസ്ഥാന വിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. പഠന വിശദാംശങ്ങള്‍ അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ജേര്‍ണല്‍ ഓഫ് അറ്റ്‌മോസ്ഫറിക് ആന്‍ഡ് ക്ലൈമറ്റ് സയന്‍സിന്റെ ഫെബ്രുവരി ലക്കത്തില്‍ ഉള്‍പ്പെടുത്തിയുട്ടുണ്ട്. 

കഴിഞ്ഞ 40 വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ഉയര്‍ന്ന തലത്തിലുള്ള ഓസോണിന് (stratospheric ozone) വളരെയധികം കുറവ് സംഭവിച്ചതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ ഓസോണ്‍ വ്യതിയാനങ്ങള്‍ കാണപ്പെട്ടത്. പ്രാദേശികവും ആഗോളവുമായ കാറ്റിന്റെ ദിശമാറ്റവും വേഗതയും ഓസോണിന്റെ വ്യതിയാനത്തെ ബാധിക്കുന്നതായും കണ്ടെത്തി. കൂടാതെ ഇന്ത്യന്‍ ഭൂഖണ്ഢത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഓസോണ്‍ വ്യതിയാനത്തെ ശക്തമായ സ്വാധീനം ചെലുത്തുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

ozone
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ഓസോണിന്റെ അളവിലുണ്ടായിട്ടുള്ള വ്യതിയാനം

സൂര്യനില്‍ നിന്ന് ഭൂമിയില്‍ പതിക്കുന്ന അല്‍ട്രാ വയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തുന്ന ഓസോണ്‍ വാതകം ഭൗമോപരിതലത്തില്‍ വര്‍ധിക്കുന്നതില്‍ അന്തരീക്ഷ മലിനീകരണം വലിയ പങ്കുവഹിക്കുന്നു. ഇതിന്റെ ഫലമായി അന്തരീഷത്തിന്റെ ചൂട് വര്‍ധിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റേയും അറബിക്കടലിന്റേയും സാന്നിധ്യം ഇന്ത്യന്‍ ഭൂഖണ്ഡത്തിലെ അന്തരീക്ഷത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. കടലില്‍ നിന്നുള്ള മലിന വാതകങ്ങള്‍ വന്‍തോതില്‍ അന്തരീക്ഷത്തില്‍ എത്തിച്ചേരുന്നത് ഇവിടെയുള്ള ഭൗമോപരിതല ഓസോണ്‍ വര്‍ധിക്കുന്നതിനും സ്ട്രാറ്റോസ്ഫറിക് ഓസോണ്‍ കുറയുന്നതിനും പ്രധാന കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നു.

അധ്യപകരായ ഡോ. വിജോയ് പി.എസ്., ഡോ. ബാലചന്ദ്രമോഹന്‍, അന്തരീക്ഷ ശാസ്ത്ര ഗവേഷക രശ്മി സി.ടി., എന്നിവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു. മണിപ്പാല്‍ സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം വിസിറ്റിങ് പ്രൊഫസറും പ്രശസ്ത അന്തരീക്ഷ ശാസ്ത്രജ്ഞനുമായ ഡോ. എം.കെ സതീഷ് കുമാറിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലായിരുന്നു ഗവേഷണം.

Content Highlights: Analysis of Tropospheric Ozone over the Indian Region, Air pollution